
ഫോമായുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ അഭിമുഖം
അമേരിക്കൻ മലയാളി സമൂഹത്തിലെ ഏറ്റവും സജീവവും സ്വാധീനമുള്ള അംബ്രല്ല സംഘടനയായ ഫോമായുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പോൾ പി. ജോസ്, വിജയത്തെ ഒരു പദവിയുടെ നേട്ടമായി മാത്രമല്ല, വലിയൊരു ഉത്തരവാദിത്വത്തിന്റെ തുടക്കമായാണ് കാണുന്നത്. വർഷങ്ങളായുള്ള സംഘടനാ പ്രവർത്തന പരിചയവും, ഫോമായുടെ മുൻ ഭരണസമിതിയിൽ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ച അനുഭവവും, വിവിധ മലയാളി സംഘടനകളിലെ നേതൃത്വപാടവവും അദ്ദേഹത്തിന്റെ പുതിയ ദൗത്യത്തിന് കരുത്തേകുന്നു.
തിരഞ്ഞെടുപ്പിന് മുമ്പ് ‘വോയിസ് ഓഫ് ഫോമാ’ മുന്നോട്ടുവച്ച പ്രധാന ആശയമായിരുന്നു സാധാരണക്കാരുടെ ശബ്ദമായി സംഘടനയെ മാറ്റുക എന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ, തന്നെ പിന്തുണച്ചവരെയും പിന്തുണയ്ക്കാത്തവരെയും ഒരുപോലെ ചേർത്തുനിർത്തി ഫോമായെ കൂടുതൽ ജനകീയവും സുതാര്യവും പ്രവർത്തനക്ഷമവുമായ സംഘടനയാക്കി മാറ്റണമെന്നാണ് പോൾ പി. ജോസിന്റെ നിലപാട്. പ്രാദേശിക സംഘടനകൾ, റീജിയണുകൾ, ദേശീയ നേതൃത്വം എന്നിവയ്ക്കിടയിൽ ശക്തമായ ആശയവിനിമയവും ഏകോപനവും ഉറപ്പാക്കുന്നതിനൊപ്പം, യുവാക്കളെയും വനിതകളെയും കൂടുതൽ സജീവമായി സംഘടനയുടെ ഭാഗമാക്കാനും അദ്ദേഹം ലക്ഷ്യമിടുന്നു.
ഫോമാ 20-ാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ 20 കുടുംബങ്ങൾക്ക് 20 വീടുകൾ എന്ന ഭവനപദ്ധതി ഉൾപ്പെടെയുള്ള ജനകീയ പദ്ധതികൾ, സ്കോളർഷിപ്പുകൾ, ആരോഗ്യ–സാമൂഹിക ഇടപെടലുകൾ എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകാനാണ് പുതിയ നേതൃത്വത്തിന്റെ തീരുമാനം. തിരഞ്ഞെടുപ്പിന്റെ ആവേശം പിന്നിട്ട് സംഘടനയെ മുന്നോട്ടുകൊണ്ടുപോകുമ്പോൾ നേരിടുന്ന വെല്ലുവിളികളും, അധികാര കൈമാറ്റത്തിനായുള്ള ഒരുക്കങ്ങളും, ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖയും പോൾ പി. ജോസ് ഈ അഭിമുഖത്തിൽ പങ്കുവയ്ക്കുന്നു.
ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ചുവെന്നറിഞ്ഞപ്പോൾ മനസ്സിൽ ആദ്യം വന്ന വികാരം എന്തായിരുന്നു?
ഈ സ്ഥാനത്തേക്ക് എന്നെ എത്തിച്ചതിന് ആദ്യം ദൈവത്തോടും പിന്നീട് ഫോമായിലെ എല്ലാ അംഗങ്ങളോടും നന്ദി പറയുകയാണ്. ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷവും അതോടൊപ്പം വലിയ ഉത്തരവാദിത്വവും നൽകുന്ന വിജയമാണ്. ഏറ്റവും പ്രധാനമായി തോന്നിയത് ഫോമാ സാധാരണക്കാരുടെ കൈകളിലേക്ക് കൂടുതൽ എത്തിപ്പെട്ടു എന്നതാണ്.
തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് പാനലുകളുണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്ലാവരെയും ഒന്നിപ്പിച്ച് ഫോമായെ ഒരൊറ്റ സംഘടനയായി മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തന്നെ എന്റെ മനസ്സിൽ ആദ്യം വന്ന ചിന്തയും അതുതന്നെയായിരുന്നു.
ഇത് സാധാരണക്കാരുടെ കൈകളിലേക്ക് എത്തിയ ഫോമായാണ്. അതിനെ കൂടുതൽ ശക്തമായി ഉയർത്തിക്കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നമ്മുടെ പാനലിലെ ആറുപേരും വിവിധ സംഘടനകളിൽ പ്രസിഡന്റുമാരായി പ്രവർത്തിച്ചിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ പ്രതീക്ഷകളും ഏറെയാണ്. കൂടുതൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസമുണ്ട്.
താങ്കളുടെ പാനലിന്റെ ഏറ്റവും വലിയ പ്രത്യേകതയായി താങ്കൾ കാണുന്നത് എന്താണ്?
ഞങ്ങളുടെ പാനലിന്റെ ഏറ്റവും വലിയ പ്രത്യേകത പ്രവർത്തനപരിചയമാണ്. ഞാനും, പ്രസിഡന്റ് ബിജു തോണിക്കടവിൽ, ട്രഷറർ പ്രദീപ് നായർ, വൈസ് പ്രസിഡന്റ് സാമുവേൽ മത്തായി, ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു പിള്ള, ജോയിന്റ് ട്രഷറർ ജോൺസൺ കണ്ണൂക്കാടൻ—ആറുപേരും വിവിധ സംഘടനകളിൽ നേതൃത്വപരമായ ചുമതലകൾ വഹിച്ചിട്ടുള്ളവരാണ്.
പ്രസിഡന്റായും ജനറൽ സെക്രട്ടറിയായും ട്രഷററായും മത്സരിച്ച ഞങ്ങൾ മൂന്നുപേർക്കും ഫോമായുടെ എക്സിക്യൂട്ടീവിൽ പ്രവർത്തിച്ച മുൻപരിചയമുണ്ട്. മറ്റ് അംഗങ്ങളും ഫോമായുടെ വിവിധ ദേശീയ കമ്മിറ്റികളിൽ പ്രവർത്തിച്ചവരാണ്. അതുകൊണ്ടുതന്നെ ആറുപേരും സംഘടനാ പ്രവർത്തനത്തിന്റെ പാരമ്പര്യവും അനുഭവസമ്പത്തും ഉള്ളവരായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഞങ്ങൾ വിജയിക്കുമെന്ന കാര്യത്തിൽ നേരത്തെ തന്നെ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു.

ഫോമായുടെ ഭരണസംവിധാനവും പ്രവർത്തനരീതികളും താങ്കൾക്ക് പുതുമയുള്ളതല്ല. ആ അനുഭവം പുതിയ ചുമതലയിൽ എത്രത്തോളം സഹായകരമാകും?
തീർച്ചയായും വലിയ സഹായമാണ്. ഫോമായുടെ ഭരണസംവിധാനം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നതിൽ ഒരു പുതുമുഖത്തിന്റെ അനുഭവമല്ല ഞങ്ങൾക്കുള്ളത്. ഫോമായുടെ ഓരോ സ്പന്ദനവും അടുത്തറിഞ്ഞതിനുശേഷമാണ് സ്ഥാനാർത്ഥിത്വത്തിലേക്ക് വന്നത്.
വിവിധ തലങ്ങളിലുള്ള അംഗങ്ങളുമായി നേരിട്ട് ഇടപഴകുകയും അവരുടെ അഭിപ്രായങ്ങളും വികാരങ്ങളും മനസ്സിലാക്കുകയും ചെയ്ത ശേഷമാണ് ഞങ്ങൾ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ട് ഫോമായുടെ ആവശ്യങ്ങൾ എന്തൊക്കെയാണ്, അംഗങ്ങൾ എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്.
‘വോയിസ് ഓഫ് ഫോമാ’ എന്ന പാനലിന്റെ പ്രധാന ആശയം ശബ്ദമില്ലാത്തവർക്ക് ശബ്ദം നൽകുക എന്നതായിരുന്നു. സാധാരണക്കാരുടെ പ്രതിനിധികളാണ് നേതൃത്വത്തിലെത്തിയതെന്ന താങ്കളുടെ വിലയിരുത്തലുമുണ്ട്. ഇത് പ്രാവർത്തികമാക്കാൻ എന്തൊക്കെ പദ്ധതികളാണ് മുന്നിലുള്ളത്?
ഒട്ടേറെ ബൃഹത്തായ പദ്ധതികളുമായാണ് ഞങ്ങൾ മുന്നോട്ടുവന്നത്. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഞങ്ങളുടെ മാനിഫെസ്റ്റോയിൽ പത്ത് പ്രധാന പോയിന്റുകൾ ഉൾപ്പെടുത്തിയിരുന്നു.
ഫോമാ പരമ്പരാഗതമായി നടത്തിവരുന്ന പരിപാടികൾക്കും പദ്ധതികൾക്കും തുടർച്ചയുണ്ടാകും. സ്കോളർഷിപ്പുകൾ, നഴ്സിംഗ് വിദ്യാർഥികൾക്ക് സഹായം, നാട്ടിൽ അർഹരായവർക്ക് വീടുകൾ നിർമിച്ചുനൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ തുടരും.
അതോടൊപ്പം ഏറ്റവും പ്രധാനപ്പെട്ടത് സാധാരണ ജനങ്ങളിലേക്ക് നേരിട്ട് എത്തുക എന്നതാണ്. അവർക്ക് അടിയന്തരമായി എന്ത് സഹായമാണ് ആവശ്യമെന്ന് മനസ്സിലാക്കി അതിനനുസരിച്ച് ഇടപെടാനാണ് ഞങ്ങളുടെ തീരുമാനം. ജനങ്ങളുടെ യഥാർഥ ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന സമീപനം ഉണ്ടാകില്ല.
ഫോമാ 20-ാം വർഷത്തിലേക്ക് കടക്കുകയാണ്. ഈ പ്രത്യേക ഘട്ടത്തിൽ ഭവനപദ്ധതിക്ക് എന്തെങ്കിലും പ്രത്യേക ലക്ഷ്യം മുന്നോട്ടുവച്ചിട്ടുണ്ടോ?
ഉണ്ട്. ഫോമാ 20-ാം വർഷത്തിലേക്ക് കടക്കുകയാണ്. അതിന്റെ ഭാഗമായി 20 കുടുംബങ്ങൾക്ക് 20 വീടുകൾ നിർമിച്ചുനൽകുക എന്നത് ഞങ്ങളുടെ മാനിഫെസ്റ്റോയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു.
അതിൽ കൂടുതൽ വേഗത്തിൽ പ്രവർത്തിക്കാൻ കഴിയുമെങ്കിൽ, അടുത്ത കേരള കൺവൻഷനോട് അനുബന്ധിച്ച് തന്നെ പത്ത് വീടുകളുടെ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറാൻ കഴിയുമോ എന്നതും ഞങ്ങൾ ആലോചിക്കുന്നുണ്ട്. അതിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകും.
പുതിയ ഭരണസമിതി ഔദ്യോഗികമായി ചുമതലയേൽക്കുന്നത് എപ്പോഴായിരിക്കും?
തിരഞ്ഞെടുപ്പ് ഫലം വന്നത് അടുത്തിടെയാണ്. നമ്മുടെ ബൈലോ അനുസരിച്ച് ഒക്ടോബർ അവസാന വാരത്തിന് മുമ്പായി അധികാര കൈമാറ്റം നടക്കേണ്ടതുണ്ട്. നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒക്ടോബർ 17-ന് ഷിക്കാഗോയിൽ വച്ച് അധികാര കൈമാറ്റം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. എന്നാൽ അതിന്റെ അന്തിമ പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോൾ അത് ആസൂത്രണ ഘട്ടത്തിലാണ്.
അമേരിക്കയിലെ വിവിധ മലയാളി സംഘടനകളെ കൂടുതൽ ഫലപ്രദമായി ഫോമായുമായി ബന്ധിപ്പിക്കാൻ എന്ത് സമീപനമാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്?
അതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ജനറൽ സെക്രട്ടറി എന്ന നിലയിൽ ലോക്കൽ അസോസിയേഷനുകളും ഫോമയുടെ റീജിയനുകളും ദേശീയ നേതൃത്വവും തമ്മിൽ ശക്തമായ ഒരു ബന്ധം ഉണ്ടാക്കേണ്ടത് വളരെ പ്രധാനമാണ്.
ലോക്കൽ അസോസിയേഷനുകൾ, റീജിയണൽ നേതൃത്വങ്ങൾ, നാഷണൽ എക്സിക്യൂട്ടീവ് എന്നിവ തമ്മിൽ കൂടുതൽ മികച്ച ഏകോപനം ഉണ്ടാകണം. ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഒരു ബന്ധവും ആശയവിനിമയ സംവിധാനവും സൃഷ്ടിക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
റീജിയണൽ വൈസ് പ്രസിഡന്റുമാരുമായും നാഷണൽ കമ്മിറ്റി അംഗങ്ങളുമായും എങ്ങനെയായിരിക്കും പുതിയ നേതൃത്വം സഹകരിക്കുക?
ഫോമയുടെ പ്രവർത്തനത്തിൽ റീജിയണൽ വൈസ് പ്രസിഡന്റുമാരുടെയും നാഷണൽ കമ്മിറ്റി അംഗങ്ങളുടെയും പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. അവർ ഓരോ റീജിയനിലെയും അംഗസംഘടനകളുമായി നേരിട്ട് ബന്ധപ്പെടുന്നവരാണ്. അതുകൊണ്ട് അവരുടെ അനുഭവവും അഭിപ്രായവും തീരുമാനമെടുക്കുന്ന പ്രക്രിയയിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്.
ജനറൽ സെക്രട്ടറി എന്ന നിലയിൽ റീജിയണൽ വൈസ് പ്രസിഡന്റുമാരുമായും നാഷണൽ കമ്മിറ്റി അംഗങ്ങളുമായും വളരെ അടുത്ത് സഹകരിച്ച് പ്രവർത്തിക്കാനാണ് എന്റെ താൽപര്യം. ഓരോ റീജിയനിലും ഉയർന്നുവരുന്ന പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കുകയും അവ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്യും.
അതുപോലെ നാഷണൽ കമ്മിറ്റി അംഗങ്ങളെ കേവലം ഒരു കമ്മിറ്റിയുടെ ഭാഗമായല്ല, ഫോമയുടെ പ്രവർത്തനങ്ങളുടെ സജീവ പങ്കാളികളായാണ് കാണുന്നത്. എല്ലാവരുടെയും അനുഭവവും കഴിവും പ്രയോജനപ്പെടുത്തി കൂട്ടായ തീരുമാനങ്ങളിലൂടെയാണ് മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നത്.
ഒരു തീരുമാനം എടുത്തിട്ട് പിന്നീട് അത് എല്ലാവരെയും അറിയിക്കുന്ന രീതിക്ക് പകരം, തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ദേശീയ കമ്മിറ്റിയുമായി ആലോചിക്കുകയും ആവശ്യമായിടത്ത് റീജിയണൽ വൈസ് പ്രസിഡന്റുമാരുമായും ലോക്കൽ അസോസിയേഷനുകളുമായും ചർച്ച ചെയ്യുകയും ചെയ്യും.
തീരുമാനങ്ങൾ കൂടുതൽ താഴെത്തട്ടിൽ നിന്നുള്ള അഭിപ്രായങ്ങൾ കൂടി പരിഗണിച്ചായിരിക്കും ഉണ്ടാകുക എന്നാണോ?
തീർച്ചയായും. ഫോമാ എന്നത് ഒരു എക്സിക്യൂട്ടീവിന്റെ മാത്രം സംഘടനയല്ല. അത് എല്ലാ അംഗസംഘടനകളുടെയും സംഘടനയാണ്. അതുകൊണ്ട് തീരുമാനങ്ങൾ എടുക്കുമ്പോൾ എല്ലാവരുടെയും അഭിപ്രായം പരിഗണിക്കണം.
പലപ്പോഴും ഒരു തീരുമാനത്തെക്കുറിച്ച് ചില സംഘടനകൾ മാധ്യമങ്ങളിലൂടെയാണ് ആദ്യം അറിയുന്നത് എന്ന സാഹചര്യം ഉണ്ടാകാറുണ്ട്. “ഞങ്ങൾ ഇത് അറിഞ്ഞില്ലല്ലോ” എന്ന് ഒരു സംഘടനയ്ക്കും പറയേണ്ടിവരാത്ത രീതിയിലുള്ള ആശയവിനിമയമാണ് ഞങ്ങൾ ഉറപ്പാക്കാൻ ആഗ്രഹിക്കുന്നത്.
ആദ്യം ദേശീയ കമ്മിറ്റിയെ അറിയിക്കുകയും ബന്ധപ്പെട്ട റീജിയണൽ നേതൃത്വവുമായും അംഗസംഘടനകളുമായും ആലോചിക്കുകയും ചെയ്തശേഷം മാത്രമേ ഒരു വിഷയത്തെ പൊതുസമൂഹത്തിലേക്ക് എത്തിക്കുകയുള്ളൂ. പത്രങ്ങളിലൂടെ ഒരു തീരുമാനം അറിയുന്നതിന് മുമ്പ് അത് ബന്ധപ്പെട്ട സംഘടനകൾക്ക് അറിയാൻ കഴിയണം. ഇതുവഴി ഫോമയുടെ വിവിധ തലങ്ങൾ തമ്മിലുള്ള വിശ്വാസവും ഏകോപനവും കൂടുതൽ ശക്തമാക്കാൻ കഴിയും.
തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി എന്തായിരിക്കും?
ഏറ്റവും വലിയ ഉത്തരവാദിത്വം എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുക എന്നതാണ്. തിരഞ്ഞെടുപ്പ് ഒരു ഘട്ടം മാത്രമാണ്. ഇനി ഫോമായെ കൂടുതൽ ശക്തവും ജനകീയവുമായ സംഘടനയാക്കി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം.
ഞങ്ങളുടെ പാനലിന് ലഭിച്ച പിന്തുണ വലിയ ഉത്തരവാദിത്വമാണ്. ഞങ്ങളെ പിന്തുണച്ചവരുടെയും പിന്തുണയ്ക്കാതിരുന്നവരുടെയും പ്രതീക്ഷകൾ ഒരുപോലെ മാനിച്ചുകൊണ്ട് മുന്നോട്ടുപോകും. തിരഞ്ഞെടുപ്പ് കഴിഞ്ഞു; ഇനി എല്ലാവരും ഒരുമിച്ചുള്ള ഫോമയാണ്.
സാധാരണക്കാരുടെ പ്രശ്നങ്ങൾ കേൾക്കുകയും അവരുടെ ആവശ്യങ്ങളിൽ ഇടപെടുകയും, യുവാക്കളെയും വനിതകളെയും കൂടുതൽ ശക്തമായി സംഘടനയിലേക്ക് കൊണ്ടുവരികയും, അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സംഘടനകളെ കൂടുതൽ അടുത്ത ബന്ധത്തിൽ കൊണ്ടുവരികയും ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ.
ഫോമായെ കൂടുതൽ ജനകീയവും സുതാര്യവും പ്രവർത്തനക്ഷമവുമായ സംഘടനയായി മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി പ്രസിഡന്റ് ബിജു തോണിക്കടവിൽ, ട്രഷറർ പ്രദീപ് നായർ, വൈസ് പ്രസിഡന്റ് സാമുവേൽ മത്തായി, ജോയിന്റ് സെക്രട്ടറി ഡോ. മഞ്ജു പിള്ള, ജോയിന്റ് ട്രഷറർ ജോൺസൺ കണ്ണൂക്കാടൻ, ദേശീയ കമ്മിറ്റി അംഗങ്ങൾ, റീജിയണൽ വൈസ് പ്രസിഡന്റുമാർ, അംഗസംഘടനകൾ എന്നിവരുമായി ചേർന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കും.
ഫോമായുടെ നേതൃത്വത്തെ കുറച്ചുപേരുടെ മാത്രം നേതൃത്വമാക്കാതെ എല്ലാവരുടെയും പങ്കാളിത്തമുള്ള ഒരു കൂട്ടായ നേതൃത്വമാക്കി മാറ്റാനാണ് ഞങ്ങളുടെ ശ്രമം. എല്ലാവരുടെയും ശബ്ദം കേൾക്കുന്ന, എല്ലാവരെയും ചേർത്തുനിർത്തുന്ന, പ്രവർത്തനത്തിലൂടെ വിശ്വാസം നേടിയെടുക്കുന്ന ഒരു ഫോമയാണ് ഞങ്ങളുടെ സ്വപ്നം.