
ന്യൂഡൽഹി: എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉത്തരാഖണ്ഡിൽ അധിക്ഷേപിക്കപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി നാളെ രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാൻ കോൺഗ്രസ് ആഹ്വാനം ചെയ്തതായി എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. നാളെ വൈകീട്ട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ അദ്ദേഹം അറിയിച്ചു.
ഹാൽദ്വാനിയിലെ വേദിയിൽ താൻ സംസാരിച്ചതിന് പിന്നാലെ പ്രദേശം ശുദ്ധീകരിച്ച നടപടി തനിക്കെതിരെയുള്ള വംശീയ അധിക്ഷേപമാണെന്ന് ഖാർഗെ രാജ്യസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. താൻ ദളിതനായതുകൊണ്ടാണ് ഇത്തരമൊരു വിവേചനം നേരിടേണ്ടി വന്നതെന്നും രാജ്യത്ത് തൊട്ടുകൂടായ്മ ഇപ്പോഴും നിലനിൽക്കുന്നു എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം ആഞ്ഞടിച്ചു. കഴിഞ്ഞ ശനിയാഴ്ച ഖാർഗെയുടെ പ്രസംഗം നടന്ന രാംലീല മൈതാനം 'ശ്രീറാം സേന ധർമ്മാർത്ഥ് സേവാ ന്യാസ്' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ശുദ്ധീകരിച്ചത്. സംഭവത്തെ കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയും രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണനും ശക്തമായി അപലപിക്കുകയും വിഷയം അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്.സി.ആർ.എ) ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെ.പി.സി) നടപടികളോട് പ്രതിപക്ഷം പൂർണ്ണമായി സഹകരിക്കുമെന്ന് കെ.സി. വേണുഗോപാൽ അറിയിച്ചു. ബില്ലിലെ തങ്ങളുടെ ശക്തമായ എതിർപ്പുകളും പ്രതിഷേധങ്ങളും ജെ.പി.സിക്ക് മുൻപാകെ നേരിട്ട് അറിയിക്കുമെന്നും എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.