Image

'സുദേവ് ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഒരിക്കലും നടക്കില്ലായിരുന്നു'; ടോക്സിക് ട്രെയിലര്‍ ലോഞ്ചില്‍ യാഷ്

Published on 13 August, 2026
 'സുദേവ് ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഒരിക്കലും നടക്കില്ലായിരുന്നു'; ടോക്സിക് ട്രെയിലര്‍ ലോഞ്ചില്‍ യാഷ്

 

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ടോക്സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ്' ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ മലയാളി താരം സുദേവ് നായരെ പ്രശംസിച്ച് നടനും ചിത്രത്തിന്റെ സഹനിര്‍മാതാവുമായ യാഷ്. സുദേവിന്റെ ആത്മാര്‍ത്ഥമായ ഇടപെടലും പിന്തുണയും സിനിമയുടെ യാത്രയില്‍ നിര്‍ണായകമായിരുന്നുവെന്ന് യാഷ് പറഞ്ഞു. ട്രെയിലര്‍ ലോഞ്ച് ഓഗസ്റ്റ് 8ന് ബെംഗളൂരുവിലാണ് നടന്നത്.

കന്നഡയില്‍ 'ആസ്ഥാന കലാവിദ' (ആസ്ഥാന കലാകാരന്‍) എന്ന് വിളിക്കുന്ന, എന്തിനും കൂടെനില്‍ക്കുന്ന ഒരാളായിരുന്നു സുദേവ്. ചിത്രത്തിന്റെ നിര്‍മ്മാണത്തിന്റെ തുടക്കകാലം മുതല്‍ സുദേവ് ഒപ്പമുണ്ടായിരുന്നുവെന്നും യാഷ് ഓര്‍മിച്ചു. ''നിര്‍മ്മാണത്തിന് അപ്രതീക്ഷിതമായി തടസ്സങ്ങള്‍ നേരിടുമ്പോഴെല്ലാം ടോക്സിക്കിനെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ആദ്യഘട്ടങ്ങളില്‍ ഒരാളായിരുന്നു സുദേവ്,'' എന്നും യാഷ് കൂട്ടിച്ചേര്‍ത്തു.

'ടോക്സിക്' ഒരു സിനിമ മാത്രമല്ലെന്നും, നിരവധി പ്രതിസന്ധികള്‍ മറികടന്ന് പൂര്‍ത്തിയാക്കിയ വലിയൊരു യാത്രയാണെന്നും യാഷ് നേരത്തെ ട്രെയിലര്‍ ലോഞ്ചില്‍ വ്യക്തമാക്കിയിരുന്നു. സിനിമയുടെ നിര്‍മ്മാണത്തെ യുദ്ധത്തിന് പോകുന്നതുമായി താരതമ്യം ചെയ്ത യാഷ്, നിര്‍മ്മാതാവ് വെങ്കട് കെ. നാരായണയുടെ പിന്തുണയും പ്രത്യേകം എടുത്തുപറഞ്ഞിരുന്നു.

ചിത്രത്തില്‍ യാഷിനൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തെക്കുറിച്ച് സുദേവും സംസാരിച്ചിരുന്നു. യാഷ് ഒരു വലിയ മാസ് താരമെന്നതിനപ്പുറം വളരെ മികച്ച നടനാണെന്നും, താരപരിവേഷവും അഭിനയവും ഒരുപോലെ കൈകാര്യം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയെന്നും സുദേവ് നേരത്തെ വ്യക്തമാക്കിയിരുന്നു.

യാഷിന്റെ സിനിമയോടുള്ള സമീപനവും സുദേവ് എടുത്തുപറഞ്ഞിരുന്നു. പ്രേക്ഷകരോടുള്ള വലിയ ഉത്തരവാദിത്വത്തോടെയാണ് യാഷ് സിനിമയെ കാണുന്നതെന്നും, നിര്‍മ്മാതാവ് എന്ന നിലയില്‍ നിരവധി കാര്യങ്ങള്‍ ഒരേസമയം കൈകാര്യം ചെയ്യുമ്പോഴും സിനിമയുടെ നിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാത്ത വ്യക്തിയാണ് യാഷെന്നും സുദേവ് പറഞ്ഞിരുന്നു.

''വലിയ മാസ് താരമായിരിക്കുമ്പോഴും ആ പള്‍സ് കൃത്യമായി മനസ്സിലാക്കുന്ന മികച്ച നടനാണ് യാഷ്'' എന്ന സുദേവിന്റെ വിലയിരുത്തല്‍, ഇരുവരും തമ്മിലുള്ള പ്രൊഫഷണല്‍ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. യാഷും സംവിധായിക ഗീതു മോഹന്‍ദാസും പരസ്പരം അഭിപ്രായങ്ങള്‍ സ്വീകരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും താരം പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക