Image

അയാൾ (കവിത: അശോക് കുമാർ. കെ)

Published on 13 August, 2026
അയാൾ (കവിത: അശോക് കുമാർ. കെ)

അയാളുടെ ഓരോ ചെയ്തിയിലും
താനൊരു പുരോഗമനേച്ഛു വെന്ന്
തെളിയിച്ചു കൊണ്ടിരുന്നു.

ആരാധനാലയങ്ങൾ
ഭൗതികയുല്ലാസ കേന്ദ്രങ്ങൾ മാത്രമെന്ന്
ഉദ്ഘോഷിച്ചു കൊണ്ടിരുന്നു.

മതങ്ങൾ, 
ചിന്തയുടെ മതിലുകെട്ടാനുള്ള
ഇഷ്ടികകളെന്ന്
ഉദ്ബോധിപ്പിച്ചു കൊണ്ടിരുന്നു.

രാഹുർ കേതു ദശകൾ
കാലദോഷഭേദങ്ങൾ
നക്ഷത്ര ഫലങ്ങൾ
ദോഷ ചൊവ്വകൾ
എല്ലാം
പുറം ലോകമറിയാത്ത
തുരുത്തിൽ
കെട്ടിയിടാനുള്ള
ചങ്ങല കണ്ണികളെന്നയാൾ
കൈചൂണ്ടി പറഞ്ഞു കൊണ്ടിരുന്നു.

പെട്ടെന്നൊരുന്നാൾ
ഹൃദയം മുടങ്ങിയതിനാൽ 
അയാൾ മരണപ്പെട്ടു.

കുളിപ്പിച്ചു കിടത്തിയപ്പോഴാണ്
ഭാര്യ ഉറക്കെപ്പറഞ്ഞത്  :

മരണാനന്തര
കർമ്മവിദ്യകളെല്ലാം
മതാചാരപ്രകാരം
അദ്ദേഹത്തിനർപ്പിക്കണം.

അന്ത്യാഭിലാഷത്തിലതൊന്ന്
മുഖ്യമെന്ന് അദ്ദേഹം
പറയുമായിരുന്നു....

Read More: https://www.emalayalee.com/writer/262


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക