
കേരളത്തിലെ ഏറ്റവും അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിൽ സർഗ്ഗാത്മക ജീവിതം അവകാശപ്പെടാവുന്ന എഴുത്തുകാരനാണ് സി.അച്യുതമേനോൻ. പി.കൃഷ്ണപിള്ള, ഇ.എം.എസ്.നമ്പൂതിരിപ്പാട് എന്നിവർ ലേഖനങ്ങളല്ലാതെ കവിത ചെറുകഥ, നാടകം തുടങ്ങിയ സർഗ്ഗരചനകളിൽ ഏർപ്പെട്ടിട്ടില്ല. എൻ.സി.ശേഖറും എ.കെ.ഗോപാലനും എം.എൻ.ഗോവിന്ദൻ നായരും ആത്മകഥ എഴുതിയിട്ടുണ്ടെങ്കിലും അവരും സർഗ്ഗരചനകളിൽ വ്യാപരിച്ചിട്ടില്ല. ഇ.കെ.നായനാർ കവിതയെഴുതിയിട്ടുണ്ടെങ്കിലും പെട്ടെന്നുതന്നെ സലാം പറഞ്ഞു. ''കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റുകാര''നായി പലരും കരുതുന്ന കെ.ദാമോദരൻ കവിതയും ചെറുകഥയും എഴുതിയിട്ടുണ്ട്. ദാമോദരന്റെ ചെറുകഥകൾ കണ്ണുനീർ എന്ന പേരിൽ സമാഹരിക്കപ്പെടുകയുമുണ്ടായി. പൊന്നാനി കർഷകസമ്മേളനത്തിന് ആളെക്കൂട്ടാനായി, ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ നിർബന്ധത്താൽ എഴുതിയ പാട്ടബാക്കി എന്ന നാടകം മലയാളത്തിലെ മികച്ച രാഷ്ട്രീയനാടകമായി നാടകമർമ്മജ്ഞനായ സി.ജെ.തോമസ് വിശേഷിപ്പിച്ചിട്ടുണ്ട്. രക്തപാനം എന്ന മറ്റൊരു നാടകം കൂടി ദാമോദരൻ എഴുതി. അതു പക്ഷേ പാട്ടബാക്കിയെപ്പോലെ വിജയം കണ്ടില്ല.

ഫോട്ടോ: പുനലൂർ രാജൻ
'എന്റെ സാഹിത്യജീവിതം' എന്ന പേരിൽ അച്യുതമേനോൻ ഒരു സ്മൃതിലേഖനം എഴുതിയിട്ടുണ്ട്. (സി.അച്യുതമേനോൻ സമ്പൂർണ്ണകൃതികൾ, വാല്യം 7, പ്രഭാത് ബുക്ക് ഹൗസ്, 2004) സാഹിത്യത്തോടുള്ള സ്വന്തം കാഴ്ചപ്പാട് വ്യക്തമാക്കുന്ന ഒരു ലേഖനമാണത്. ''സ്വന്തവും സ്വായത്തവുമായ അനുഭൂതികളെ താലോചിക്കുകയാണ് എനിക്കിഷ്ടം. ആത്മാർത്ഥതയിൽ നിന്നൂറിവരുന്നതായിരിക്കണമത്. സർഗ്ഗാത്മകതയുടെ വേരുകൾ പ്രപഞ്ചമാകെ പടർന്നേ മതിയാവൂ.''
തുടർന്ന് അച്യുതമേനോൻ സ്വന്തം നിലപാട് വാക്കുകൾ കൂട്ടിക്കുഴക്കാതെ പറയുന്നു: ''വിമർശകരുടെ തോളിൽക്കൂടി നീങ്ങുന്ന എടുപ്പുകുതിരകൾ ധാരാളമുള്ള ഈ നാട്ടിൽ ദുർബലമാണെങ്കിൽപോലും സ്വന്തം കാലിൽ മുന്നേറാൻ ആഗ്രഹിക്കുന്ന ഒരു പഴയ പടക്കുതിരയാണു ഞാൻ. സിംഹാസനങ്ങളിലേക്കല്ല എന്റെ ദൃഷ്ടി. നിരന്തരമായ ജീവിതസമരമാണ് എന്റെ മേച്ചിൽസ്ഥലം. പിറകേ വരുന്നവരോട് എനിക്കു പറയാനുള്ളത് ഇതാണ്. വെച്ചുകെട്ടിയ വേഷങ്ങൾ അടർന്നുപോകും. തന്റേതായി വല്ലതുമുണ്ടോ, അതു നിലനിൽക്കും. അതേ വിലയിരുത്തപ്പെടൂ, ഇന്നല്ലെങ്കിൽ നാളെ.''

ഫോട്ടോ: പുനലൂർ രാജൻ
വിദ്യാഭ്യാസകാലത്ത്, സാഹിത്യത്തിനു വളരെ മുൻതൂക്കമുണ്ടായിരുന്ന പാഠഭാഗങ്ങൾ വായിച്ചാണ് അച്യുതമേനോന് സാഹിത്യത്തോട് അഭിനിവേശമുണ്ടാകുന്നത്. നിയമബിരുദമെടുത്ത് പ്രാക്ടീസ് ചെയ്യുന്ന കാലത്താണ് എന്തെങ്കിലും ചില സാഹിത്യപരിശ്രമങ്ങൾ നടത്തിയാലെന്താ എന്നു ചിന്തിക്കുന്നത്. ചെറുകഥയായിരുന്നു അന്ന് ഏറ്റവും പുഷ്‌കലമായ സാഹിത്യശാഖ. പി.കേശവദേവും തകഴി ശിവശങ്കരപ്പിള്ളയും എസ്.കെ.പൊറ്റെക്കാട്ടുമൊക്കെ കഥാരംഗം കീഴടക്കിത്തുടങ്ങുന്നു. അങ്ങനെ 'അടുക്കളക്കാരിയുടെ അഭിമാനം' എന്ന പേരിൽ ഒരു കഥയെഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ചു. അതു പ്രസിദ്ധീകരിച്ചുവന്നു (1937).
കഥയുടെ പ്രമേയം, ചുരുക്കിപ്പറഞ്ഞാൽ ഇങ്ങനെയാണ്: സമ്പന്നകുടുംബത്തിൽ വീട്ടുവേലയ്ക്കു നിൽക്കുന്ന കണ്ടാൽ കൊള്ളാവുന്ന ഒരു പെൺകുട്ടി. യജമാനത്തിയുടെ മകൻ അവളിൽ അനുരക്തൻ. അവർ തമ്മിൽ ലൈംഗികബന്ധവും ഉണ്ടാകുന്നു. അവൾ ഗർഭിണിയാവുന്നു. യുവാവ് അപ്പോഴേക്കും പഠിക്കാൻ മദ്രാസിലേക്ക് പോയിക്കഴിഞ്ഞിരുന്നു. താൻ ഗർഭിണിയാണെന്ന് അവൾ കത്തെഴുതി അറിയിച്ചെങ്കിലും അയാൾ ഗൗനിച്ചില്ല. ആ വീട്ടിൽ നിന്നു പുറത്തായ പെൺകുട്ടി, നാട്ടിലെത്തി, ചായക്കട നടത്തിയിരുന്ന ഒരാളെ അഭയം പ്രാപിച്ചു. അയാൾ അവളെ ഭാര്യയായി സ്വീകരിക്കുകയും അവൾ പ്രസവിച്ച കുഞ്ഞിനെ സ്വന്തം കുഞ്ഞിനെപ്പോലെ വളർത്തുകയും ചെയ്തു. അങ്ങനെയിരിക്കെ യുവാവ് നാട്ടിൽ തിരിച്ചെത്തി. പശ്ചാത്താപഭരിതനായി അയാൾ വേലക്കാരിപ്പെണ്ണിനെ അന്വേഷിച്ചു. താൻ സ്വീകരിക്കാൻ തയ്യാറാണെന്ന് അവളോടു പറഞ്ഞു. എന്നാൽ, അവളാകട്ടെ താൻ ചായക്കടക്കാരന്റെ വിശ്വസ്തയായ ഭാര്യയാണെന്നും ഈ ജീവിതത്തിൽ സംതൃപ്തയാണെന്നും പറഞ്ഞ് പഴയ കാമുകനെ പറഞ്ഞുവിട്ടു. വിദ്യാവിഹീനയും നിരാലംബയുമായ വീട്ടുവേലക്കാരിയായിരുന്നുവെങ്കിലും അവളിലെ മനുഷ്യത്വവും അഭിമാനബോധവുമാണ് ഈ കഥ കൊണ്ടാടുന്നത്. കഥാനായികയെ ആത്മഹത്യയിലേക്കു നയിച്ചാലോ എന്ന് കഥാകൃത്ത് ഒരുവേള ആലോചിച്ചതാണ്. പക്ഷേ തന്റെ കലാബോധവും സാമൂഹികബോധവുമാണ് മറ്റൊരു രീതിയിലുള്ള കഥാന്ത്യത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് കഥാകൃത്ത് എഴുതുന്നു.

ഫോട്ടോ: പുനലൂർ രാജൻ
പിന്നെയും അച്യുതമേനോൻ കഥയെഴുത്തു തുടർന്നു. 'ബാലപ്രണയം' എന്ന കഥ ടാഗോറിന്റെ ഒരു കഥയുടെ സ്വാധീനത്താൽ എഴുതിയതാണ്. മൂന്നാമത്തെ കഥ, 'ജൂനിയർ വക്കീൽ' ജോസഫ് മുണ്ടശ്ശേരിയുടെ പത്രാധിപത്യത്തിൽ തൃശ്ശൂരിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന മംഗളോദയത്തിലാണ് അച്ചടിച്ചുവന്നത്. ഈ കഥകളെല്ലാം 1940-നുമുമ്പ്, അതായത് കഥാകൃത്തിനു മുപ്പതു വയസ്സാകുന്നതിനു മുമ്പ്, പ്രസിദ്ധീകരിച്ചതാണ്. ''ഇതേ കാലത്തുതന്നെയാണല്ലോ നമ്മുടെ മലയാളത്തിലെ പഴയ തലമുറയിലെ ഏറ്റവും പ്രഗല്ഭമായ ചെറുകഥാകാരന്മാർ ധാരാളം എഴുതിത്തുടങ്ങിയത്. അവരുടെ കഥകൾ വായിച്ചപ്പോൾ, ആ നിലവാരത്തിൽ ഒരു ചെറുകഥാകാരനാവാൻ എനിക്ക് ഒരിക്കലും സാധിക്കുകയില്ലെന്ന ചിന്ത എന്നെ പിടികൂടി. അങ്ങനെയാണെങ്കിൽ പിന്നെ എന്റെ കഥയെഴുത്തിൽ 'ഒരു കഥ'യുമില്ലെന്നു എനിക്കു തോന്നി. അതോടുകൂടി കഥയെഴുത്തും നിർത്തി.''
തുടർന്ന്, കെ.ദാമോദരനെപ്പോലെ, അച്യുതമേനോൻ നാടകത്തിൽ കൈവച്ചു. സാഹിത്യകാരനാകണമെന്ന ആഗ്രഹം കൊണ്ടല്ല, സാമൂഹിക മാറ്റത്തിനായുള്ള പ്രചാരണാത്മകമായ താല്പര്യം കൊണ്ടാണ് നാടകമെഴുതിയത്. സേവനത്തിന്റെ പേരിൽ എന്നായിരുന്നു നാടകത്തിന്റെ പേര്. രണ്ടാമത്തെ നാടകമായ വിശപ്പിന്റെ വിളിയാകട്ടെ, രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത് നാട്ടിലുണ്ടായ കൊടിയ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയതാണ്. ജി.ശങ്കരക്കുറുപ്പ് ഈ നാടകത്തിന് ഒരു അവതാരിക എഴുതി നൽകി. ആനുകാലിക പ്രസിദ്ധീകരണങ്ങൾക്കൊന്നും കൊടുക്കാതെ സ്വന്തമായി അച്ചടിച്ചു പ്രസിദ്ധീകരിക്കുകയാണുണ്ടായത്. ഈ നാടകം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിലും, പിന്നീട് ബോംബെയിലും അരങ്ങേറി. പൊതുവേ നല്ല അഭിപ്രായമാണു കിട്ടിയത്.

ഫോട്ടോ: പുനലൂർ രാജൻ
അപ്പോഴേക്കും അച്യുതമേനോൻ മുഴുവൻ സമയ രാഷ്ട്രീയക്കാരനായി മാറിയിരുന്നു. ''പിന്നീട് ''സർഗ്ഗാത്മക'' സാഹിത്യത്തിൽ ഞാൻ ഒരിക്കലും കൈവച്ചില്ല. പരിഭാഷകളായി എച്ച്.ജി.വെൽസിന്റെ ലോകചരിത്രസംഗ്രഹവും ഗോർഡൻ ചൈൽഡിന്റെ മനുഷ്യൻ സ്വയം നിർമ്മിക്കുന്നു എന്നീ പുസ്തകങ്ങളും സ്വതന്ത്രകൃതികളായി സോവിയറ്റ് നാടും കിസാൻ പാഠപുസ്തകവും മറ്റും എഴുതിയിട്ടുണ്ടെങ്കിലും അതൊന്നും ശുദ്ധസാഹിത്യത്തിൽ ഉൾപ്പെടുകയില്ലല്ലോ. പിന്നീട് സാഹിത്യസംബന്ധമായി നിരൂപണങ്ങളോ ആസ്വാദനങ്ങളോ മാത്രമേ എഴുതിയിട്ടുള്ളൂ,'' അച്യുതമേനോൻ എഴുതുന്നു.