
മനുഷ്യന്റെ ഒടുങ്ങാത്ത ആർത്തികളെയും കാപട്യങ്ങളെയും ആടുകൾ നോക്കിക്കാണുന്ന ഒരു സിനിമാറ്റിക് വിസ്മയമാണ് ഈ ചിതം 'ഷീപ്പ് ഡിറ്റക്ടീവ്സ്' വെറുമൊരു അന്വേഷണ കഥയല്ല. മനുഷ്യനിലെ മൃഗവും മൃഗങ്ങളിലെ മനുഷ്യത്വവും തമ്മിലുള്ള ഒരു മുഖാമുഖമാണ്
നമ്മൾക്ക് വലിയൊരു അഹങ്കാരമുണ്ട്; ബുദ്ധിയും വികാരങ്ങളും യുക്തിചിന്തയും നമ്മുടെ മാത്രം കുത്തകയാണെന്ന്. എന്നാൽ 'ഷീപ്പ് ഡിറ്റക്ടീവ്സ്' എന്ന ചലച്ചിത്രം കണ്ടിറങ്ങുമ്പോൾ ആ അഹങ്കാരത്തിന്റെ മുന മൂന്നായിയൊടിയും. ഇതൊരു സാധാരണ കൊലപാതക കഥയോ കുറ്റാന്വേഷണ ത്രില്ലറോ അല്ല, മറിച്ച് മനുഷ്യന്റെ ഒടുങ്ങാത്ത ആർത്തികളെയും കാപട്യങ്ങളെയും ആടുകൾ നോക്കിക്കാണുന്ന ഒരു സിനിമാറ്റിക് വിസ്മയമാണ്. സാഹിത്യത്തിനും വായനയ്ക്കും ആയി ഒരു ചലച്ചിത്രം നൽകുന്ന ഏറ്റവും മനോഹരമായ ട്രിബ്യൂട്ട് കൂടിയാണിത്.
വില്യം വേഡ്സ്‌വർത്തിന്റെ കവിതകളെ അനുസ്മരിപ്പിക്കുന്ന ശാന്തസുന്ദരമായ ഇംഗ്ലീഷ് പുൽമേടുകളിലേക്കാണ് സംവിധായകൻ ക്യാമറ തിരിക്കുന്നത്. ആട്ടിൻകുട്ടികളുടെ കുസൃതികളും, അവയുടെ കുഞ്ഞി പിണക്കങ്ങളും, ഇടയനായ ജോർജ്ജ് ഹാർഡിയുടെ കഥപറച്ചിലുമൊക്കെയായി പുൽമേട്ടിലെ സ്വർഗ്ഗരാജ്യം ആദ്യ മിനിറ്റുകളിൽ തന്നെ സംവിധായകൻ വരച്ചിടുന്നു. എന്നാൽ ആ ശാന്തതയെ ഭജ്ഞിച്ചു കൊണ്ട് പുൽമേട്ടിലെ കാരവാന് മുന്നിൽ ജോർജ്ജിന്റെ ചേതനയറ്റ ശരീരം കിടക്കുന്നു. അത് കാണുമ്പോൾ നാം ഒരു കാര്യം തിരിച്ചറിയുന്നു; പ്രകൃതി എത്ര ശാന്തമാണെങ്കിലും മനുഷ്യൻ എവിടെയുണ്ടോ അവിടെ ചോരയുണ്ടാകുമെന്ന്.
യജമാനന്റെ മൃതദേഹത്തിന് മുന്നിൽ വിലപിക്കുന്ന ആട്ടിൻകൂട്ടമാണ് പിന്നീട് ഈ ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
മൃഗങ്ങൾക്ക് ബുദ്ധിയോ വികാരങ്ങളോ ഇല്ലെന്ന നമ്മുടെ പൊതുബോധത്തെ ലില്ലി എന്ന പെണ്ണാട് ഇവിടെ നിഷ്കരുണം പൊളിച്ചെഴുതുന്നുണ്ട്. മനുഷ്യനായ പോലീസുകാരൻ ഇരുട്ടിൽ തപ്പുമ്പോൾ, ജോർജ്ജ് വായിച്ചുകേൾപ്പിച്ച കുറ്റാന്വേഷണ നോവലുകളുടെ യുക്തിയിൽ ലില്ലി കേസ് അന്വേഷിക്കാൻ ഇറങ്ങുകയാണ്. അഗതാ ക്രിസ്റ്റിയെയും കോനൻ ഡോയലിനെയും കേട്ടുപഠിച്ച ആടിന്റെ ബുദ്ധിശക്തിക്കുമുന്നിൽ നിയമപാലകൻ വെറും കോമാളിയാകുന്നത് നോക്കുക. ജോർജ്ജിന്റെ ചുണ്ടിലെ സയനൈഡിന്റെ ഗന്ധം തിരിച്ചറിയുന്ന ലില്ലി, വെറുമൊരു മൃഗമല്ല, മറിച്ച് മനുഷ്യന്റെ കുറ്റകൃത്യങ്ങളെ കയ്യോടെ പിടികൂടുന്ന പ്രകൃതിയുടെ പ്രതീകമാണ്.
പോലീസിനെ സഹായിക്കാൻ ആടുകൾ ഒരു വള കണ്ടെത്തി കൊടുക്കുന്നുണ്ട്. എന്നാൽ ബുദ്ധിശൂന്യരായ നിയമപാലകനു മുന്നിൽ നിരപരാധിയായ റെബേക്ക അറസ്റ്റിലാകുമ്പോൾ, ലില്ലി അനുഭവിക്കുന്ന വലിയൊരു നിസ്സഹായതയുണ്ട്. മനുഷ്യന് ഭാഷയുണ്ട്, പക്ഷേ സത്യം പറയാൻ അവനത് ഉപയോഗിക്കില്ല. ആടിന് സത്യമറിയാം, പക്ഷേ പറയാൻ മനുഷ്യന്റെ ഭാഷ അറിയത്തില്ല. ഈയൊരു ട്രാജഡിയെ സിനിമ വളരെ അർത്ഥവത്തായി കാണിച്ചുതരുന്നുണ്ട് . ഒടുവിൽ വിന്റർ ലാംബ് എന്ന കുഞ്ഞാടിനെ ജയിലിലേക്ക് ഒളിച്ചുകടത്തി, കുളമ്പുകൾ കൊണ്ട് സന്ദേശം വരച്ചുവെച്ച് പോലീസുകാരനായ ടിമ്മിന്റെ ചിന്തകളെ മാറ്റുമ്പോൾ, ലില്ലിയും കൂട്ടുകാരി മോപ്പിളും സാക്ഷാൽ ഷെർലക് ഹോംസിനെയും വാട്സനെയും പോലും അസൂയപ്പെടുത്തുകയാണ് .

അറവുശാലയിലെ രംഗങ്ങൾ വെറുമൊരു സർവൈവൽ ത്രില്ലർ മാത്രമല്ല, അത് അധികാരവും നിസ്സഹായതയും തമ്മിലുള്ള പോരാട്ടം കൂടിയാണ്. കാവൽ നായ്ക്കളുടെ രൂപത്തിൽ വരുന്ന മരണത്തിൽ നിന്ന് കൂട്ടുകാരെ രക്ഷിക്കാൻ സെബാസ്റ്റ്യൻ എന്ന ആട് നടത്തുന്ന പോരാട്ടവും അവന്റെ മരണവും സ്വാർത്ഥത മുഖമുദ്രയാക്കിയ മനുഷ്യരെ ലജ്ജിപ്പിക്കുന്ന ഒരു പാഠമാണ്. പ്രിയപ്പെട്ടവന്റെ വിയോഗം കണ്ട് തളരുന്ന ലില്ലിയെ നയിക്കുന്നത് ചോരയ്ക്ക് പകരം ചോര എന്ന മനുഷ്യന്റെ പ്രാകൃത നീതിയല്ല, മറിച്ച് യഥാർത്ഥ പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്ന ഉയർന്ന നീതിബോധമാണ്.
ഒരാൾ കൊല്ലപ്പെട്ടാൽ ആർക്കാണോ നേട്ടം ഉണ്ടാകുന്നത് ആ വ്യക്തി ആയിരിക്കും യഥാർത്ഥ കുറ്റവാളിയെന്ന് ലില്ലി പോലീസിനെ പഠിപ്പിക്കുന്നു. മരിച്ച ജോർജ്ജിന്റെ മകൻ പീറ്റർ തന്നെയാണ് സ്വത്തിന് വേണ്ടി വിൽപ്പത്രം തിരുത്തിയതും അച്ഛനെ കൊന്നതും അർദ്ധ സഹോദരിയെ ചതിച്ചതും എന്ന സത്യം തെളിയുമ്പോൾ, മനുഷ്യന്റെ ഒടുങ്ങാത്ത ആർത്തിയുടെ ഏറ്റവും വലിയ ഉദാഹരണമായി ഈ കൊലപാതകം മാറുന്നു.
കള്ളി വെളിച്ചത്തായതോടെ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്ന പീറ്ററിനെ റോണി, റെഗ്ഗി എന്നീ ഇരട്ടക്കൊമ്പന്മാർ തടഞ്ഞുനിർത്തി കാർ തകർക്കുന്ന രംഗം, പ്രകൃതി മനുഷ്യന് നൽകുന്ന ഏറ്റവും വലിയ തിരിച്ചടിയാണ്. ഒരു ബ്ലോക്ക് ബസ്റ്റർ സിനിമയുടെ മുഴുവൻ ആവേശവും നൽകുന്ന ആടുകളുടെ പ്രതികാരത്തിന്റെ പൂർത്തീകരണമായി ആ രംഗം മാറുന്നു.
സിനിമ അവസാനിക്കുന്നത് അനാഥനായ കുഞ്ഞാടിനെ ലില്ലി ദത്തെടുക്കുമ്പോഴാണ്. അവന് അവൾ 'ജോർജ്ജ്' എന്ന് പേരിടുമ്പോൾ ഓർമ്മകൾ സൂക്ഷിക്കുന്നതിനെ സൂചിപ്പിക്കുന്നു.സൂര്യാസ്തമയത്തില്‍ സെബാസ്റ്റ്യനെപ്പോലൊരു മേഘം ലില്ലി നോക്കിക്കാണുന്ന ആ അന്തിമ ദൃശ്യത്തിൽ, മരിച്ചുപോയവർ എവിടെയോ നമ്മളെ കാവൽ നിൽക്കുന്നുണ്ടെന്ന വലിയൊരു പ്രത്യാശ സിനിമ പകരുന്നു.
'ഷീപ്പ് ഡിറ്റക്ടീവ്സ്' വെറുമൊരു അന്വേഷണ കഥയല്ല. മനുഷ്യനിലെ മൃഗവും മൃഗങ്ങളിലെ മനുഷ്യത്വവും തമ്മിലുള്ള ഒരു മുഖാമുഖമാണ്. ലോകത്തിലെ ഏറ്റവും വലിയ ആയുധം അറിവാണെന്നും, അത് മൃഗങ്ങൾ സ്വായത്തമാക്കിയാൽ ഇവിടെ മനുഷ്യൻ്റെ പൊയ്മുഖങ്ങൾ അഴിഞ്ഞു വീഴുമെന്ന് സിനിമ താക്കീത് നൽകുന്നു. പടിഞ്ഞാറൻ വാർപ്പുമാതൃകകളെ പൊളിച്ചെഴുതിയ ഈ ആട് ഇതിഹാസം എക്കാലത്തും പ്രേക്ഷക മനസ്സിൽ മായാതെ നിൽക്കും.
ലിയോണി സ്വാനിന്റെ 'ത്രീ ബാഗ്സ് ഫുൾ' (2005) എന്ന പ്രശസ്ത നോവലിനെ അടിസ്ഥാനമാക്കി
അമേരിക്കൻ ആനിമേറ്ററായ കൈൽ ബാൽഡ സംവിധാനം
ചെയ്ത ചലച്ചിത്രമാണ് ഷീപ്പ് ഡിറ്റക്ടീവ്സ്' (The Sheep Detectives). കുടുംബ പ്രേക്ഷകർക്ക് വേണ്ടി കഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ക്രെയ്ഗ് മാസിൻ തിരക്കഥ രചിച്ചത് .
ഇടയനായി ഹ്യൂ ജാക്ക്മാൻവേഷമിടുന്നു. നിക്കോളാസ് ബ്രോൺ, നിക്കോളാസ് ഗാലിറ്റ്സിൻ, മോളി ഗോർഡൻ, ഹോങ് ചൗ, എമ്മ തോംസൺ. തുടങ്ങിയവരും അഭിനയിക്കുന്നു.
ആടുകൾക്ക് ശബ്ദം നൽകിയിരിക്കുന്നത് പ്രശസ്ത താരങ്ങളായ ജൂലിയ ലൂയിസ്-ഡ്രെഫസ്, ബ്രയാൻ ക്രാൻസ്റ്റൺ, ക്രിസ് ഒഡൗഡ്, റെജീന ഹാൾ, പാട്രിക് സ്റ്റുവർട്ട്, ബെല്ല റാംസെ, ബ്രെറ്റ് ഗോൾഡ്‌സ്റ്റൈൻ എന്നിവരാണു്.