Image

'അമേരിക്കയുടെ സുവർണ യുഗം' ഇതാ എത്തി (ഏബ്രഹാം തോമസ്)

Published on 13 August, 2026
'അമേരിക്കയുടെ സുവർണ യുഗം' ഇതാ എത്തി (ഏബ്രഹാം തോമസ്)

വാഷിംഗ്ടൺ : യു എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഭരണ കാലം വ്യത്യസ്ത രീതിയിൽ വിശേഷിപ്പിക്കപ്പെടാറുണ്ട് . പ്രധാനമായും തങ്ങളുടെ രാഷ്ട്രീയ ചായ്‌വിനനുസരിച്ചായിരിക്കും ഈ തരം തിരിവ്. ഡെമോക്രറ്റിക് പാർട്ടിയുടെ സ്വാധീനം, മാധ്യമങ്ങൾ ഇവക്കു എത്രത്തോളം വഴങ്ങുന്നു , വർഷങ്ങളായി ഓരോരുത്തരും മനസ്സിൽ രൂപപ്പെടുത്തിയ മാറ്റമില്ലാത്ത അഭിപ്രായം എന്നിവ രണ്ടു ധ്രുവങ്ങളായി മാറി നിൽക്കുവാൻ പലരെയും പ്രേരിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ചു അവർ ചൂടേറിയ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നു.

യു എസ് പ്രസിഡണ്ട് തന്റെ രണ്ടാം ഊഴത്തിനു വേണ്ടി മത്സരിക്കുമ്പോൾ ഉയർത്തിയ പ്രധാന മുദ്രാവാക്യം 'മേക് അമേരിക്ക ഗ്രേറ്റ് എഗൈൻ' (MAGA) -അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്നായിരുന്നു. അധികാരത്തിൽ എത്തിയതിനു ശേഷം 'ദി ഗോൾഡൻ ഏജ് ഈസ് ഹിയർ' എന്നൊരു മുദ്രാവാക്യം ട്രംപ് മുന്പോട്ട് വച്ചു. അമേരിക്കയുടെ ഗോൾഡൻ ഏജ് പുതുക്കിയ ശക്തിയുടെയും, ആത്മ വിശ്വാസത്തിന്റെയും വിശ്വാസത്തിന്റെയും അവസരങ്ങളുടെയും കാലമായിരിക്കും എന്ന് ട്രംപ് പറഞ്ഞു.

ന്യൂസ്‌മാക്സ് ടോഡ് സ്റ്റർനെസിന്റെ പുതിയ പുസ്തകം, 'ദി ഗോൾഡൻ ഏജ് ഈസ് ഹിയർ - ഹൌ ട്രംപ് സേവ്ഡ് അമേരിക്ക ആൻഡ് വൈ ദി ബെസ്ററ് ഡേയ്സ് മേ സ്റ്റിൽ ലൈ എ ഹെഡ്' പുറത്തു കൊണ്ട് വന്നു. ഗ്രൻഥ കർത്താവിനെ പ്രസാധകർ വിശേഷിപ്പിക്കുന്നത് വിശ്വാസത്തിന്റെയും പരമ്പരാഗതമായ അമേരിക്കൻ മൂല്യങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും നിർഭയനായ പടയാളി എന്നാണ്. ദശകങ്ങളായി പത്ര മാധ്യമങ്ങളിലൂടെ ഫീച്ചറുകളും ദേശ സ്നേഹികളായ അമേരിക്കൻ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്ന പത്ര ലേഖകനായും സ്റ്റാർനെസ് അറിയപ്പെടുന്നു . 29 ഡോളർ 99 സെന്റ്സ് നൽകി ന്യൂസ് മാക്സിന്റെ വാർഷിക വരിസംഖ്യ എടുക്കുന്നവർക്ക് പുസ്തകം സൗജന്യമായി ലഭിക്കും.
'ഹൌ ട്രംപ് സേവ്ഡ് അമേരിക്ക' എന്ന അദ്ധ്യായത്തിൽ വായനക്കാർക്കു ഈ പ്രസ്ഥാനം എങ്ങനെയാണു ദേശീയ കൺവെൻഷന് പുതിയ ചർച്ചാ വിഷയം നൽകിയതെന്നും രാജ്യത്തിൻറെ ഭാവിയെ കുറിച്ച് ഒരു പുതിയ ഡിബേറ്റിനു തുടക്കം കുറിച്ചതെന്നും പറയുന്നു. നീണ്ട വർഷങ്ങളിലെ തന്റെ പത്ര പ്രവർത്തന പരിചയത്തിൽ ഒരു യാഥാസ്ഥിതികന്റെ കാഴ്ചപ്പാടായിരുന്നു സ്റ്റാറൻസിന്. അമേരിക്കയുടെ ഭാവിയെ കുറിച്ച് ശക്‌തമായ പ്രതീക്ഷ നൽകുന്ന കാഴ്ചപ്പാടാണ് സ്റ്റർനെസിന്റെത്.

ചരിത്രപരമായ ഒരു ദിശാസന്ധിയിലാണ് അമേരിക്ക ഇപ്പോൾ ഉള്ളതെന്നാണ് സ്റ്റാർനെസിന്റെ അഭിപ്രായം. ഇപ്പോൾ നാം എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ കുട്ടികളെയും പേരക്കുട്ടികളെയും ബാധിക്കും എന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ അമേരിക്കയിൽ ആരംഭിക്കുന്ന ഡിബേറ്റ് രാഷ്ട്രീയം മാത്രം ആയിരിക്കില്ല. സ്വന്തം അസ്തിത്വത്തിന്റെയും മൂല്യങ്ങളുടെയും വിശ്വാസ സംസ്കാരങ്ങളുടെയും, ഭാവിയും രാഷ്ട്രം സ്വീകരിക്കേണ്ട ദിശാബോധത്തെ കുറിച്ചും ആയിരിക്കും ഈ ഡിബേറ്റ്.

'ദി ഗോൾഡൻ ഏജ്' പ്രത്യാശയുടെ ഒരു കിരണം ജനങ്ങൾ തിരഞ്ഞെടുത്ത മൂല്യങ്ങൾ സംരക്ഷിക്കുന്ന ഏറ്റുമുട്ടലിൽ വീശുകയാണ് ചെയ്യുക. ദേശസ്നേഹികളായ അമേരിക്കകാർക്കു തുടർന്ന് വരുന്ന അവരുടെ സമരത്തിനു ശക്തമായ പിന്തുണ താൻ എഴുതികൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിന് നല്കാൻ കഴിയുമെന്നും സ്റ്റാർനെസ് പറഞ്ഞു.

ഇതിനിടയിൽ പുറത്തു വന്ന ഏറ്റവും പുതിയ സർവേയിൽ ട്രംപിന്റെ ജനസമ്മിതി വീണ്ടും കുറഞ്ഞതായി കണ്ടെത്തി. ഇപ്പോൾ അമേരിക്കക്കാരിൽ മൂന്നിൽ ഒരാൾക്ക് മാത്രമേ ട്രംപ് ചെയ്യുന്ന ജോലിയിൽ തൃപ്തി ഉള്ളൂ എന്നാണ് സർവേ ഫലം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക