Image

ഫ്ലോറിഡയിൽ ഇന്ത്യൻ വിദ്യാർത്ഥിക്കെതിരെ വാഹന നരഹത്യാ കേസ്

: പ്രസാദ് തീയാടിക്കൽ Published on 12 August, 2026
ഫ്ലോറിഡയിൽ ഇന്ത്യൻ വിദ്യാർത്ഥിക്കെതിരെ വാഹന നരഹത്യാ കേസ്

ഫ്ലോറിഡ:  അമിത വേഗത മൂലം ഉണ്ടായ വാഹനാപകടത്തിൽ 81 വയസ്സുകാരൻ മരിച്ച സംഭവത്തിൽ ഇന്ത്യൻ വിദ്യാർത്ഥി  ആകാശ് ദാസിനെതിരെ വാഹന നരഹത്യ (Vehicular Homicide) കുറ്റം ചുമത്തി.

ജൂലൈയിൽ നടന്ന അപകടത്തെക്കുറിച്ചുള്ള പോലീസ് അറസ്റ്റ് റിപ്പോർട്ട് അടുത്തിടെയാണ് പുറത്തുവിട്ടത്. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, നാല് വാഹനങ്ങൾ ഉൾപ്പെട്ട അപകടത്തിൽ ആകാശ് ദാസ് ഓടിച്ചിരുന്ന കാഡിലാക് എസ്‌യുവി മണിക്കൂറിൽ ഏകദേശം 100 മൈൽ വേഗത്തിൽ (ഏകദേശം 161 കിലോമീറ്റർ) സഞ്ചരിക്കുകയായിരുന്നു. അപകടം നടന്ന റോഡിലെ അനുവദനീയമായ പരമാവധി വേഗപരിധി 45 മൈൽ മാത്രമായിരുന്നു.

വാഹനത്തിന്റെ എയർബാഗ് കൺട്രോൾ മോഡ്യൂളിൽ നിന്ന് ശേഖരിച്ച സാങ്കേതിക വിവരങ്ങൾ പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ, പൊതുജനങ്ങളുടെ സുരക്ഷയെ പൂർണമായും അവഗണിച്ചുള്ള അപകടകരമായ ഡ്രൈവിങാണ് ദാസ് നടത്തിയതെന്ന് വിലയിരുത്തി. സാക്ഷികൾ ദാസിന്റെ വാഹനം "വെടിയുണ്ട പോലെ പാഞ്ഞുപോയി" എന്നാണ് പോലീസിനോട് മൊഴി നൽകിയിരിക്കുന്നത്.

അതിവേഗത്തിൽ എത്തിയ കാഡിലാക്, ഗാരി നീൽ ഫീൽഡ്സ് (81) ഓടിച്ചിരുന്ന ഔഡിയിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ ഓഡി മുന്നിൽ സ്റ്റോപ്പ് സൈനിൽ നിർത്തിയിരുന്ന നിസാൻ എസ്‌യുവിയിൽ ഇടിക്കുകയും, തുടർന്ന് ആ വാഹനം മറ്റൊരു വോൾവോയിലും ഇടിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഗാരി നീൽ ഫീൽഡ്സിനെ Palm Beach Gardens Medical Center ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങി. ആകാശ് ദാസിനും നിസാൻ വാഹനത്തിന്റെ ഡ്രൈവർക്കും നിസാര പരിക്കുകളേറ്റപ്പോൾ വോൾവോ ഡ്രൈവർക്ക് പരിക്കില്ല.

ആഗസ്റ്റ് 6-ന് കോടതിയിൽ ഹാജരാക്കിയ ആകാശ് ദാസിന് ജഡ്ജി ഡൊണാൾഡ് ഹാഫെലെ 1,25,000 ഡോളർ ജാമ്യം അനുവദിച്ചു. ജാമ്യത്തിൽ പുറത്തിറങ്ങിയാൽ വീട്ടുതടങ്കലിൽ കഴിയണം എന്ന വ്യവസ്ഥയും കോടതി മുന്നോട്ടുവച്ചു.

ദാസിന്റെ അഭിഭാഷകൻ ആഡം ഫർക്കാസ്, തന്റെ കക്ഷിക്ക് മുൻപ് യാതൊരു ക്രിമിനൽ കേസുകളുമില്ലെന്നും, കൊളംബിയ സർവകലാശാലയിൽ മാസ്റ്റേഴ്സ് പഠിക്കുന്നതിനിടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംബന്ധിച്ച ഇന്റേൺഷിപ്പിനായാണ് സൗത്ത് ഫ്ലോറിഡയിൽ എത്തിയിരുന്നതെന്നും കോടതിയെ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക