Image

ഒരു ഡി. ബി. കോളേജ് ഓർമ്മ : പി.സീമ

Published on 12 August, 2026
ഒരു ഡി. ബി. കോളേജ് ഓർമ്മ : പി.സീമ

അന്ന് Zoology പ്രാക്റ്റിക്കൽ എക്സാം ആയിരുന്നു..ലാബിൽ മുഴുവൻ നനവും ഒരു ചാക്കും കണ്ടപ്പോഴേ തീരുമാനിച്ചു മിക്കവാറും തവളയെ തന്നെ പ്രാക്ടിക്കലിന് കിട്ടുമായിരിക്കുമെന്ന്. രാവിലെ കയറിയ ബാച്ചിന് പാറ്റയുടെ Mouth പാർട്സ് ആണ് കിട്ടിയത്. ഏറ്റവും എളുപ്പമുള്ളത്. അല്പം ടെൻഷൻ എന്നും കൂട്ടിനുള്ള ഞാൻ തവളയെ മലർത്തി വെച്ച് കീറുവാൻ തുടങ്ങി. ഏറ്റവും ബുദ്ധിമുട്ടാണ് തവളയുടെ Sciatic plexes and nerves display ചെയ്യാൻ. അത് തന്നെ കിട്ടുകയും ചെയ്തു ഏറെക്കഴിയും മുൻപ് തന്നെ ഒരു കൂർത്ത ഉപകരണം കൊണ്ട് തവളയുടെ ഹൃദയം പൊട്ടി. രക്തം പുറത്തു വന്നതോടെ Nerves ലേക്കുള്ള display പാതിയും പരാജയപ്പെട്ടു. ആ നിരാശയുമായി നടന്ന ദിവസമാണ് പരീക്ഷ കഴിഞ്ഞാൽ HNL സന്ദർശിക്കുവാൻ അദ്ദേഹം ഞങ്ങളെ ക്ഷണിച്ചത്. അന്ന് HPC ആയിരുന്നു.

വീട്ടിൽ അല്പം നിയന്ത്രണം കൂടുതലാ യിരുന്നതിനാൽ ടൂറുകൾ മറ്റു വിനോദങ്ങൾ എന്നിവയ്ക്കൊക്കെ വിലക്കുണ്ടായിരുന്നു. അത്തരം ഒരു നിസ്സഹായതയിലാണ് ഞാൻ എന്ന് ബോധ്യപ്പെടുത്താൻ ഒരു കത്തെഴുതാനേ കഴിഞ്ഞുള്ളു.

അതിനുള്ള മറുപടി എന്റെ പ്രിയകൂട്ടുകാരി വഴി വീട്ടിലെത്തി. അതിലെ "നിന്റെ ദുഃഖം ഞാൻ മാറ്റാം "എന്ന വരി ഹൃദയത്തിൽ തൊട്ടു. അന്ന് ഞങ്ങൾ രണ്ടു കൂട്ടുകാരികളും കൂടി റോഡിലൂടെ വളരെ ദൂരം ഓരോന്ന് പറഞ്ഞും ആലോചിച്ചും അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഇങ്ങനെ കിഴക്കോട്ടും പടിഞ്ഞാറോ ട്ടും നടക്കാൻ വട്ടുണ്ടോ പെൺപിള്ളേരെ എന്നാരോ ചോദിക്കുകയും ചെയ്തു . ആ രാത്രി നിദ്രാദേവി എന്നെ പൂർണ്ണമായും ഉപേക്ഷിച്ചു.

"നിനക്കെന്താ ഇന്ന് ഉറക്കം ഇല്ലാത്തെ "എന്ന അമ്മച്ചോദ്യത്തിൽ ഭയന്ന് ഞാൻ കണ്ണുകൾ ഇറുകെ അടച്ചു കിടന്നു. പ്രണയിക്കാൻ പോകേണമോ എന്ന് മൗനമായി ചോദിച്ചപ്പോൾ ജാലകത്തിനുമപ്പുറം നിലാവ് വെള്ളപ്പുടവ ചുറ്റി ഒന്നും പറയാതെ നിന്നു.

പുലരാറായപ്പോൾ ഒന്ന് ഉറങ്ങിയു ണർന്നു. രണ്ടു മൂന്ന് ദിവസം കഴിഞ്ഞു ഞങ്ങൾക്കെല്ലാവർക്കും ഒരു HPC സന്ദർശനം സാധ്യമായി. സന്ദർശനത്തെക്കാൾ പ്രാധാന്യം ദർ ശനത്തിനായിരുന്നല്ലോ. തടിക്കഷണങ്ങൾ പേപ്പർ ആയി മാറുന്ന പ്രക്രിയയിലേക്കു നീങ്ങി പോകുന്നത് കണ്ടു.

പിന്നീട് പരീക്ഷാഫലത്തിനായുള്ള കാത്തിരിപ്പായിരുന്നു. എട്ടാം ക്ലാസ്സിൽ എത്തിയതോടെ വീട്ടിൽ നിന്നു മാറാതെ പൂർണ്ണമായും അമ്മയുടെ നിഴലായി നടന്ന ഞാൻ ആ വർഷം അമ്മവീട്ടിൽ അവധിക്കാലം ചിലവഴിക്കാൻ പോയി. വിവാഹപ്രായമെത്തിയ കുഞ്ഞമ്മ എങ്ങനെയോ എന്റെ മനസ്സ് കണ്ടെത്തി

"നന്നായി പഠിക്കുന്ന കുട്ടിയല്ലേ സീമ. ഇതൊക്കെ ഈ പ്രായത്തിലെ ഓരോ തോന്നലുകളാ.. പഠിത്തം വിട്ടു കളയരുത്. നന്നായി പഠിച്ചു ഒരു ജോലി ഒക്കെ നേടിയതിനു ശേഷം ഒരു ഉദ്യോഗസ്ഥനെ വിവാഹം ചെയ്തു രണ്ടു പേരും കൂടി കാറിൽ ഒരുമിച്ച് ജോലിക്ക് പോകണം"

കുഞ്ഞമ്മയുടെ സ്നേഹാർദ്രവും പ്രയോജനപ്രദവുമായ ഉപദേശം ഇടം ചെവി കേട്ട് വലം ചെവിയിലൂടെ പുറത്തു പോയി.

അവിടുത്തെ സമ്പുഷ്ടഭക്ഷണം കൊണ്ടോ, പതിനേഴിന്റെ പടി കയറുന്നതു കൊണ്ടോ മെലിഞ്ഞിരുന്ന ഞാൻ തുടുത്തു കൊഴുത്തു. എനിക്ക് പോലും അപരിചിതയായ ഒരു പെൺകുട്ടി തുടുത്ത കവിൾ ചുവന്നു കണ്ണാടിയിൽ നിന്ന് എന്നെ നോക്കി ചിരിച്ചു. അന്നെടുത്ത പാസ്പോർട്ട്‌ സൈസ് ഫോട്ടോയിലെ പെൺകുട്ടിയെ പിന്നെ ഇന്നേവരെ കണ്ടിട്ടില്ല.

എന്റെ രൂപമാറ്റം കാണെക്കാണെ വളരുന്ന പെൺകുട്ടി എന്നൊരു തോന്നൽ കൂടി അദ്ദേഹത്തിന്റെ മനസ്സിൽ ജനിപ്പിച്ചു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ പോലെയാണ് എന്റെ ആരോഗ്യസ്ഥിതി എന്ന് ആൾക്കറിയില്ലല്ലോ.

അമ്മ വീട്ടിൽ നിന്ന സമയത്തു റിസൾട്ട്‌ വന്നു. പ്രതീക്ഷിച്ചതിനേക്കാൾ വളരെ യേറെ മാർക്കോടെ ഞാൻ ഡി. ബി കോളേജിൽ സെക്കന്റ്‌ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരിയായി.

വെറും ഒരു സാധാരണ സർക്കാർ ജീവനക്കാരനായിരുന്ന അച്ഛന്റെ മനസ്സിൽ പുതിയ ഒരു ആകാശഗോപുരം പണിയാൻ ഇതൊക്കെ ധാരാളം മതിയായിരുന്നു. ഒരു പ്രണയത്തിന്റെ ചിത്രജാലകം മകൾക്കുള്ളിൽ തുറന്നടയുന്നതറിയാതെ Bsc. അഗ്രിക്കൾച്ചർ കോഴ്‌സിന് ചേരാൻ ആപ്ലിക്കേഷൻ അയച്ച് ഞങ്ങൾ കാത്തിരുന്നു.

"അഗ്രിക്കൾച്ചർ പാസ്സായി പിറ്റേന്ന് ജോലിക്ക് കയറാനല്ലേ.. നിനക്ക് ജോലി ഒന്നും വേണ്ട അല്ലാതെ തന്നെ കഴിയാനുള്ള ശമ്പളം എനിക്കുണ്ടല്ലോ "അദ്ദേഹം കത്തിൽ എഴുതി. എവിടെങ്കിലും ഒരു സാധാരണ ജോലി നോക്കി, എത്ര മേൽ ലളിതമായി ജീവിയ്ക്കാമോ അത്ര സന്തോഷം മാത്രം മതിയായിരുന്ന എനിക്ക് ജോലി വേണ്ടെന്നു വെക്കാൻ ഒരു പുനർവിചിന്തനം ആവശ്യമില്ലാ യിരുന്നു. അതോടെ M. A Phd മോഹങ്ങൾ തീർത്തും ഉപേക്ഷിച്ചു. (എങ്കിലും രണ്ട് ആൺകുട്ടികളെയും ഇരുവശത്തും ഇരുത്തി കൃത്യമായി പഠിപ്പിച്ചു.അവർ തീരത്ത് അണഞ്ഞു എന്ന് പറയാം )

ജീവിതകാലമത്രയും അദ്ദേഹത്തിന്റെ വെളുത്ത ചിരിയുടെ പ്രകാശത്തിലും, നിഴലിലും ഒതുങ്ങുക. അതിനപ്പുറം എന്റെ ചെറിയ കഴിവുകളെക്കുറിച്ചോ, നേടാമായിരുന്നവയെക്കുറിച്ചോ ഞാൻ അന്ന് ചിന്തിച്ചതേയില്ല. മറ്റൊരു ജീവിതാകാശം, സ്വപ്‌നങ്ങൾ, ഒന്നും ഞാൻ ആഗ്രഹിച്ചില്ല. വീട്, ഭർത്താവ് കുട്ടികൾ എന്നിവർക്ക് ചുറ്റിനും മാത്രമായിരുന്നു എന്റെ ഭ്രമണപഥം. ( അക്കാലത്തു പല സ്ത്രീകളും അങ്ങനെ തന്നെയായിരുന്നു. ഇന്ന് കാലം മാറി.)

ചില തീരുമാനങ്ങൾ അങ്ങനെയാണ്. ഒരു നിമിഷം മതി വാനോളം ഉയരാനും, ഭൂമിയോളം താഴാനുമുള്ള തീരുമാനങ്ങൾ എടുക്കാൻ.. ഒന്ന് കണ്ണു ചിമ്മുന്ന നേരം മതി ഒരു മിന്നല്പിണരിന് തെളിഞ്ഞു മായാൻ. . താളം തെറ്റുന്ന ഹൃദയമിടിപ്പുകൾക്കും സിരാപടലങ്ങളിലെ രക്തപ്രവാഹത്തിന്റെ ഏറ്റക്കുറച്ചിലുകൾക്കും ഒരാളെ ഒരു ഏകാന്തനക്ഷത്രമാക്കാൻ. അയാൾ പടിയിറങ്ങിപ്പോയ വീടിനെ പല ദേശങ്ങളായി വിഭജിക്കാൻ.

                P SEEMA

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക