
കർക്കടക വാവിന് പടിഞ്ഞാറേ മുറിയിൽ ആയിരുന്നു "ദാഹം" വെച്ചിരുന്നത്. കരിക്ക്, ഓട്ടട, തുടങ്ങി കാർന്നോന്മാർക്ക് ഇഷ്ടപ്പെട്ട കുറെ വിഭവങ്ങൾ നിരത്തി വെച്ച് മുറി വാതിൽ ചാരി വീട്ടിലുള്ളവർ പുറത്തേക്കു പോരും.
അന്നും മഴയായിരുന്നു. വീടിനു വലതു ഭാഗത്തു തട്ടുകളായി തിരിച്ച പറമ്പിനു മപ്പുറം റോഡിലൂടെ ഒരു ടെമ്പോ വാൻ കടന്ന് പോയി.
"ആ ടെമ്പോ വാനിൽ ആണോ കരിക്ക് കുടിക്കാൻ കാർന്നോന്മാർ വരിക. " ചോദ്യം അഞ്ചു വയസ്സുകാരനായിരുന്ന എന്റെ മൂത്ത മോന്റേതായിരുന്നു. അതൊരു വിശ്വാസവും സങ്കൽപവുമാണെന്ന് തിരിച്ചറിയാനുള്ള പ്രായം അന്ന് അവനില്ലായിരുന്നു. എല്ലാവർക്കും പൊട്ടിച്ചിരിക്കാൻ ഒരു തമാശ എങ്കിലും ആരും ഏറെ ചിരിച്ചില്ല. എന്നോ മൺ മറഞ്ഞ പ്രിയപ്പെട്ടവരുടെ ആത്മാവുകൾക്കായുള്ള കാത്തിരിപ്പാണല്ലോ.
അകത്തെ മുറിയിൽ അച്ഛൻ ഒരു ചെറിയ കുപ്പിയിൽ ബ്രാണ്ടിയും വെക്കാറുണ്ട്. ടേപ്പ് റെക്കോർഡറിൽ കഥകളി പദങ്ങളും. അതു അച്ഛച്ചനു വേണ്ടിയായിരുന്നു. പുരാണ കഥകളിൽ ഏറെ ജ്ഞാനമുണ്ടായിരുന്ന ആൾ. ധാരാളം കഥകൾ പറഞ്ഞു തരുമായിരുന്ന ആൾ..
ഓരോ വാവിനും ശിവരാത്രിക്കും അവരൊക്കെ ആത്മാവുകളായി വരുന്നുണ്ടാകുമോ? മരിച്ചു മണ്ണടിഞ്ഞവരിൽ ഒരാളെങ്കിലും തിരികെ വന്നിരുന്നു എങ്കിലെന്ന് വെറുതെ ആഗ്രഹിക്കാറുണ്ട്. ജീവിച്ചിരിക്കുന്നവർക്ക് അങ്ങനെ ആഗ്രഹിക്കാൻ മാത്രമല്ലേ പറ്റു. മര ണാനന്തരം ഒരു ജീവിതം ഉണ്ടൊ? ചില ചോദ്യങ്ങൾ അങ്ങനെയാണ്.. ഭൂമിയിൽ ജീവിച്ചിരിക്കുന്നവർക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യം.. AI പോലും തോറ്റു പോകുന്ന ഒരു ചോദ്യം ഒരാൾ എന്ന് മരിക്കും എന്നതാണല്ലോ. ജനനത്തീയതി പോലെ മരണവും പ്രവചിക്കാൻ കഴിഞ്ഞാൽ മനുഷ്യന്റെ ജീവിതം എങ്ങനെയാകുമായിരുന്നു?
ആത്മാവുകൾക്ക് മോക്ഷം ലഭിക്കാൻ പ്രാർഥിക്കാം..ഓരോ ബലിച്ചോറു രുളകളും അവർക്കായി സമർപ്പിക്കാം. ഏവർക്കും കർക്കടക വാവ് ആശംസകൾ.!