Image

മുടന്ത്‌ ( കവിത : താഹാ ജമാൽ )

Published on 12 August, 2026
മുടന്ത്‌ ( കവിത :  താഹാ ജമാൽ )

മുടന്തില്ലെങ്കിലും

മുടന്തഭിനയിക്കുന്നവർക്കിടയിൽ

ഞാനും മുടന്തനായി.

മുടന്തിനെയും പകർച്ചവ്യാധിയുടെ

പട്ടികയിൽ പെടുത്തി.

കാലംകനലു തിന്നു പൊള്ളി.

നാരായവേരുകളും പിഴുതെടുത്ത്

ജീവിതം മുടന്തായി.

ഛായം പൂശപ്പെട്ട മുഖം

മഴയത്ത് ഒഴുകിപ്പോയി

നാക്കിനു വിക്കും

കഴുത്തിന് തെയ്മാനവും വന്ന്

പല മേഖലയിലേക്കും മുടന്ത് പടർന്നു.

എഴുന്നേറ്റു നടക്കുന്നവരുടെ എണ്ണം

ദിനംപ്രതി കുറഞ്ഞു വന്നു

മുടന്തന്മാരുടെ നാട്ടിൽ

എഴുന്നേറ്റു നില്ക്കുന്നവൻ

മുടന്തനായി ചിത്രീകരിക്കപ്പെട്ട

ദിനങ്ങളിലൂടെ ഒരു തീവണ്ടി

കല്ക്കരി തിന്നു മടുക്കുന്നു.

പാടത്ത് കൊത്തു പിടിയ്ക്കുന്ന

പക്ഷികൾ

കുഴഞ്ഞു വീണ് മുടന്തിയോടുന്നു.

ഭൂമിയുടെ അച്ചുതണ്ടിന്

മുടന്തന്മാരുടെ ചരിവ് കാരണം

ബാലൻസ് നഷ്ടപ്പെടുന്നു.

ഒടുവിൽ ഭൂമിയും മുടന്തുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക