Image

കാകദൃഷ്ടി ( കവിത : സിംപിൾ ചന്ദ്രൻ )

Published on 12 August, 2026
കാകദൃഷ്ടി ( കവിത :   സിംപിൾ ചന്ദ്രൻ )

കാ കാ എന്നൊരൊച്ചയെ

കരച്ചിലെന്ന്

എങ്ങനെയാണ് വിധിച്ചത്?

അതോ നിങ്ങളുടെ വിധികളാണോ

ഭൂമിയിലെ സത്യങ്ങൾ?

നിങ്ങളുടെ വിധികൾ

നിങ്ങളുടെ മാത്രം സത്യങ്ങളല്ലേ?

നിങ്ങൾ കരുതുമ്പോലെ

ആരുടെയും കനിവിനായി

ഞാനൊരിക്കലും കരഞ്ഞില്ല.

എന്തിനു കരയണം

നിറത്തെ ചൊല്ലിയോ?

അതു നിങ്ങളുടെ വിഷയമാണ്.

മതത്തെച്ചൊല്ലി?

അതും നിങ്ങളുടെ വിഷയം.

സ്വരത്തെച്ചൊല്ലി ?

അതു നിങ്ങൾക്കു മാത്രമല്ലേ പരുക്കൻ?

സ്വാതന്ത്ര്യത്തെച്ചൊല്ലി?

എന്റെ സ്വാതന്ത്ര്യം എന്റെ കയ്യിലത്രേ.

ആഹാരകാര്യം?

ഇല്ല, അന്നന്നു കിട്ടുന്നതെന്തോ

ഞാൻ തൃപ്തനാണ്.

'നാളെ ' എന്ന കരച്ചിൽ നിങ്ങളുടേത്.

നിങ്ങൾ വലിച്ചെറിയുന്നിടത്തെല്ലാം

കാത്തുനിന്നു കരയുന്നവനെന്ന്

തെറ്റിദ്ധരിക്കരുത്.

വലിച്ചെറിയുന്നതെല്ലാം

എനിക്കു ഭക്ഷണമാക്കാം

പക്ഷേ നാളെയെന്നൊന്ന്

ചിന്തിക്കേണ്ടിയിരുന്നത്

പാഴാക്കുന്ന നിങ്ങളാണല്ലോ

എന്നൊരു ചിരിയായിരുന്നത്.

ഇനി പാർപ്പിടപ്രശ്നം?

എനിക്കത്

ഏതാനും ചുള്ളിക്കമ്പുകളിൽ

ഒതുങ്ങുന്ന സ്വപ്നം!

ഒരായുസ്സു പാഴാക്കുന്നവർ നിങ്ങളല്ലേ?

കാറ്റും മഴയും കെടുതികളും

ജീവിതത്തിന്റെ ഭാഗമെന്ന്

എനിക്കറിയാത്തതല്ലല്ലോ!

കടം, നിരാശ, ആത്മഹത്യ

ഇത്യാദികളൊന്നും എനിക്കുള്ളതല്ല,

ബുദ്ധിയ്ക്കും ആർത്തിയ്ക്കുമൊപ്പം നിങ്ങൾക്കു മാത്രം അവകാശപ്പെട്ടത്.

ഒടുക്കം ആ ഒരുരുളയെപ്പറ്റി..

ആത്മാവിനു മോക്ഷം നല്കാൻ

നിങ്ങളുരുട്ടി ഇലയിൽ വയ്ക്കുന്നത്!

എനിക്കത് ഭക്ഷണം മാത്രം.

ഞാൻ കൊത്തിത്തിന്നു പോകുമ്പോൾ,

നിങ്ങളുടെ കണ്ണിലെ സംതൃപ്തിയുടെ

നീർത്തിളക്കം കാണുമ്പോൾ,

നിങ്ങൾ കാണാത്തൊരു ചിരിയുണ്ടെനിക്ക്...

ആ ആത്മാവിനു ശരീരമുണ്ടായിരുന്നപ്പോൾ

ഇങ്ങനൊന്നു കൺനിറയ്ക്കാൻ

അടുത്തു നിന്നിട്ടുണ്ടോയെന്ന്,

നിങ്ങൾക്കിതുവരെ

മനസ്സിലാകാത്ത ഒരു ചിരി!

ഉടലില്ലാത്തതു കൊണ്ടാവാം

അതാ ആത്മാവിനറിയാം!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക