Image

ചുനക്കര രാമൻകുട്ടി - ഓർമ്മ : ആർ. ഗോപാലകൃഷ്ണൻ

Published on 12 August, 2026
ചുനക്കര രാമൻകുട്ടി - ഓർമ്മ : ആർ. ഗോപാലകൃഷ്ണൻ

"ശ്യാമ മേഘമേ നീ..."..... ഈ വരികളുടെ സൃഷ്‌ടാവ് ഓർമയായിട്ട് അഞ്ചു വർഷമായി... ഗായകനായി പേരെടുക്കാൻ ആഗ്രഹിച്ച് ഒടുവിൽ ഗാനങ്ങളുടെ സൃഷ്ടാവായി പരിണമിക്കുന്നതായിരുന്നു, ചുനക്കര രാമൻകുട്ടി എന്ന ഗാനരചയാതാവിൻ്റെ കലാ ജീവിതം.

ഓർമ്മയിൽ നിന്നു മായാത്ത ഒരു ഗാനം:

"ശ്യാമ മേഘമേ നീ..." ('അധിപൻ'‍- 1989/ സംഗീതം- ശ്യം)

കവിയും നാടക - സിനിമാ ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി, ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് ജനപ്രീയനും പ്രശസ്തനുമാകുന്നത്. പിന്നീട്, വിവിധ നാടക സമിതികള്‍ക്കായി നൂറിലേറെ ഗാനങ്ങള്‍ എഴുതി. തുടർന്ന്, സിനിമക്ക് വേണ്ടിയും... രാമൻകുട്ടി എഴുതിയ സിനിമാഗാനങ്ങളും ഏറെ ശ്രദ്ധ ശ്രദ്ധിക്കപ്പെട്ടിരുന്നു.

"ശ്യാമ മേഘമേ'ക്കു പുറമെ, "സിന്ധൂര തിലകവുമായി..." ('കുയിലിനെ തേടി'); "ഹൃദയവനിയിലെ ഗായികയോ..." (കോട്ടയം കുഞ്ഞച്ചൻ); "ദേവദാരു പൂത്തു എൻ മനസിൻ താഴ്‌വരയിൽ..." ('എങ്ങനെ നീ മറക്കും'); "നീ അറിഞ്ഞോ മേലേ മാനത്ത്..." ('കണ്ടു കണ്ടറിഞ്ഞു') തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചു; ഈ പാട്ടുകളെല്ലാം മലയാളിയുടെ ചുണ്ടിൽ എപ്പോഴും തങ്ങിനിൽക്കുന്നവയാണ്.

‘ദേവദാരു പൂത്തു നിൻമനസിൻ താഴ് വരയിൽ’ എന്ന ഗാനം അത്രയധികം സ്‌നേഹിച്ചിരുന്നത് കൊണ്ടാവണം, ചുനക്കര രാമൻകുട്ടിതന്നെ ഫോൺ 'റിംഗ് ടോൺ'-ആയും അത് തിരഞ്ഞെടുക്കാൻ കാരണമായത്.

1936 ജനുവരി 19-ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കര ചുനക്കര കരിമുളയ്ക്കൽ കാര്യാട്ടിൽ കിഴക്കതിൽ വീട്ടിൽ കൃഷ്ണന്റെയും നാരായണിയുടെയും മകനായാണ് ജനിച്ചത്. പന്തളം എൻ.എസ്.എസ്. കോളേജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. തുടർന്ന് സംസ്ഥാനവ്യവസായ വകുപ്പിൽ ഉദ്യോഗസ്ഥനായി.

ചെറുപ്പത്തിലേ പാടുവാൻ താല്പര്യമായിരുന്നു; ഒപ്പം കവിത എഴുതുവാനും തുടങ്ങിയിരുന്നു; പലതും ആനുകാലികങ്ങളിൽ വരുകയും ചെയ്തു. പിന്നീട് ആകാശവാണിയിൽ പാട്ടെഴുതാനുള്ള അവസരങ്ങൾ ലഭിച്ചു. ആകാശവാണിയിലെ 'റേഡിയോ അമ്മാവൻ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന പി. ഗംഗാധരൻ നായരുമായുള്ള പരിചയമാണ് ആകാശവാണിയിലേക്ക് ചുനക്കരയെ എത്തിച്ചത്. ആകാശവാണിക്കായി രചിച്ച ലളിതഗാനങ്ങൾക്ക് ആരാധകർ ഏറെ ആയായിരുന്നു. (പിന്നീട്, ആകാശവാണി ക്കുവേണ്ടി നാടകങ്ങള്‍ എഴുതുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.)

ദേവരാജൻ മാഷും ചുനക്കരയുടെ സഹോദരനുമായുള്ള കൂട്ടുകെട്ട് ചുനക്കര രാമൻകുട്ടിയെ നാടകവേദിലേക്ക് അടുപ്പിച്ചു. പിന്നീട് നാടകവേദികളിൽ സജീവമായി. സംഗീതത്തോടുള്ള അഭിനിവേശം നാടക വേദിയിലെ പാട്ടുകാരനായി ചുനക്കരയെ മാറ്റി. ദേവരാജൻ മാഷുമായുള്ള സൗഹൃദം സിനിമയിലേക്കു വന്നശേഷവും തുടർന്നു. കൊല്ലം അസീസി, മലങ്കര തിയേറ്റേഴ്‌സ്, കേരളാ തിയേറ്റേഴ്‌സ്, നാഷണൽ തിയേറ്റേഴ്‌സ്, കൊല്ലം ഗായത്രി എന്നീ നാടക ട്രൂപ്പുകൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ രചിച്ചു. ’മലയാള വേദി’ എന്ന പേരിൽ സ്വന്തമായി നാടക സമിതിയും അദ്ദേഹം തുടങ്ങി. എന്നാൽ കുറച്ച് വർഷങ്ങൾ മാത്രമെ ഇത് പ്രവർത്തിച്ചുള്ളൂ.

1978-ൽ പുറത്തിറങ്ങിയ ’ആശ്രമം’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യഗാനം രചിച്ചത്. ("അപ്സരകന്യക..." എന്ന ഗാനം.) പി. ജി. വിശ്വംഭരൻ്റെ ചിത്രമായ ‘ഒരു തിര പിന്നെയും തിര’ എന്ന ചിത്രത്തിലെ രണ്ടു ഗാനങ്ങൾ അദ്ദേഹത്തെ പ്രശസ്തനാക്കി. "ദേവി നിൻ രൂപം ശിശിരമാസക്കുളിർ രാവിൽ..." വിശേഷിച്ചും. സംഗീത സംവിധായകൻ ശ്യാമുമായി ചേർന്നുള്ള കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ഗാനങ്ങൾ രചിച്ചിരുന്നു. 1984-ൽ, ഒറ്റവർഷം തന്നെ, വിവിധ സിനിമകൾക്കായി മുപ്പതിലേറെ പാട്ടുകളാണ് എഴുതിയത്.

2015-ൽ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുശ്രേഷ്ഠാ പുരസ്‌കാരം ലഭിച്ചിരുന്നു.

ഭാര്യയുടെ മരണവും ബൈപ്പാസ് സർജറിയും കഴിഞ്ഞതോടെ ചലച്ചിത്ര ഗാനരചനയിൽ നിന്നു വിട്ടുനിന്ന ചുനക്കരയെ കവിതാ രചനയിലേക്കു വഴിതിരിച്ചുവിട്ടതും ദേവരാജൻ മാഷായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

'എന്റെ ഭാരതം', 'ബാപ്പുജി കരയുന്നു', 'മഹാഗണി', 'അഗ്നിസന്ധ്യ', 'സ്നേഹാടനക്കിളികൾ' എന്നിവയാണ് ചുനക്കര രാമൻകുട്ടിയുടെ കവിതാസമാഹാരങ്ങൾ.

75 സിനിമകളിലായി ഇരുന്നൂറിലേറെ പാട്ടുകൾക്ക് വരികളെഴുതിയ ഗാനരചയിതാവിനെയാണ് മലയാള സിനിമയ്‌ക്ക് 2020 ഓഗസ്റ്റ് 12-ന് നഷ്‌ടമായത്...

സ്മരണാഞ്ജലികൾ ..!

തിരുവനന്തപുരത്തെ തിരുമല രേണുകാ നിവാസിലായിരുന്നു താമസം. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രേണുക, രാധിക, രാഗിണി .

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക