
മുൻ അന്താരാഷ്ട്ര ബാസ്കറ്റ്ബോള്‍ താരവും പ്രശസ്ത പരിശീലകനുമായ കെ.വി. അലക്സാണ്ടര്‍ അന്തരിച്ചു. ഇന്ന് രാവിലെ പുഷ്പഗിരി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 84 വയസായിരുന്നു
കായിക ലോകത്ത് 'അലക്സ് സർ' എന്ന് ആദരവോടെ വിളിക്കപ്പെട്ടിരുന്ന കെ.വി. അലക്സാണ്ടർ ഇന്ത്യൻ വ്യോമസേനയിലെ 13 വർഷത്തെ സേവനത്തിന് ശേഷമാണ് പൂർണസമയ കായിക പരിശീലകനായി മാറിയത്.
എഴുപതുകളിലും എണ്‍പതുകളിലും വ്യോമസേനാ ബാസ്കറ്റ്ബോള്‍ ടീമിനെ ദേശീയ-സർവീസ് ചാമ്പ്യൻഷിപ്പുകളില്‍ കിരീടവിജയങ്ങളിലേക്ക് നയിച്ച അദ്ദേഹം കായികരംഗത്തെ മികച്ച പ്ലേമേക്കർമാരില്‍ ഒരാളായാണ് അറിയപ്പെട്ടിരുന്നത്.
അദ്ദേഹത്തിന്റെ കായികക്ഷമതാ പദ്ധതികള്‍ പിന്നീട് സൈനിക സ്പോർട്സ് ക്യാമ്പുകളുടെ ഔദ്യോഗിക പരിശീലന അടിത്തറയായി മാറി.
വ്യോമസേനയില്‍ നിന്ന് വിരമിച്ച ശേഷം കേരള സ്റ്റേറ്റ് സ്പോർട്സ് കൗണ്‍സിലില്‍ ചേർന്ന അദ്ദേഹം മികച്ച ഒരു തന്ത്രജ്ഞനായി കായിക ചരിത്രത്തില്‍ ഇടംനേടി. എറണാകുളം സെന്റ് തെരേസാസ് കോളേജ് (എംജി സർവകലാശാല ചാമ്പ്യൻഷിപ്പ് വിജയികള്‍), ചങ്ങനാശേരി അസംപ്ഷൻ കോളജ് എന്നിവടങ്ങളിലെ അദ്ദേഹത്തിന്റെ പരിശീലന കാലയളവ് വനിതാ കോളജ് ബാസ്കറ്റ്ബോള്‍ രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കി.
1984-ല്‍ കട്ടക്കില്‍ നടന്ന സീനിയർ നാഷണല്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യൻഷിപ്പില്‍ കേരള സീനിയർ വനിതാ ടീമിന് ചരിത്രത്തിലാദ്യമായി ദേശീയ കിരീടം നേടിക്കൊടുത്തത് അലക്സാണ്ടറുടെ പരിശീലന മികവിലായിരുന്നു.
പ്രസന്ന ജയശങ്കർ, രാജി തമ്പി തുടങ്ങിയ ഒട്ടെറെ പ്രശസ്ത അന്താരാഷ്ട്ര താരങ്ങളെ വാർത്തെടുത്തത് ഇദ്ദേഹമാണ്. കൂടാതെ കേരള പോലീസ് ടീമിന് ആദ്യ ഫെഡറേഷൻ കപ്പ് നേടിക്കൊടുക്കാനും, ഇന്ത്യൻ ജൂനിയർ ടീമിനെ ജപ്പാൻ പര്യടനത്തില്‍ പരിശീലിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.
ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷവും കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി പുഷ്പഗിരി മെഡിക്കല്‍ കോളജ് ടീമിനെയും തിരുവല്ല വൈഎംസിഎ സമ്മർ ക്യാമ്പുകളെയും അദ്ദേഹം സജീവമായി നയിച്ചു.
ഭാര്യ: അമ്മിണി. മക്കള്‍: ആശ, അഞ്ചു.കല്ലൂപ്പാറ കൊച്ചുപാറയ്ക്കല്‍ കുടുംബാംഗമാണ്