Image

മെസ്സി ഡീലില്‍ 'അമീറ'യുടെ ഡ്രിബ്ലിങ്; സെല്‍ഫ് ഗോളില്‍ കുടുങ്ങിയ രാഷ്ട്രീയം, ഓഫ് സൈഡായി ലക്ഷങ്ങള്‍ (എ.എസ് ശ്രീകുമാര്‍)

Published on 12 August, 2026
മെസ്സി ഡീലില്‍ 'അമീറ'യുടെ ഡ്രിബ്ലിങ്; സെല്‍ഫ് ഗോളില്‍ കുടുങ്ങിയ രാഷ്ട്രീയം, ഓഫ് സൈഡായി ലക്ഷങ്ങള്‍ (എ.എസ് ശ്രീകുമാര്‍)

കേരളം കാത്തിരുന്നത് മെസ്സിയുടെ ഇടതുകാല്‍ മായാജാലത്തിനായിരുന്നു. പകരം കിട്ടിയത് ഫയലുകളുടെ ഡ്രിബ്ലിങ്ങും ഇ-മെയിലുകളുടെ പാസിംഗും വിദേശയാത്രയുടെ ബില്ലും 'അമീറ' എന്ന പേരിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ പെനാല്‍റ്റി ഷൂട്ടൗട്ടും. അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ലയണല്‍ മെസ്സിയും കേരളത്തിലെത്തുമെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ മലയാളിയുടെ സ്വപ്നം വലുതായിരുന്നു. ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയുടെ നീല-വെള്ള ജേഴ്സി കേരളത്തിലെ സ്റ്റേഡിയങ്ങളില്‍ നിറയും, മെസ്സിയുടെ കാലില്‍ നിന്ന് പന്ത് പായും, കേരളത്തിന്റെ ഫുട്‌ബോള്‍ ഭ്രാന്തിന് ലോകത്തിന്റെ ശ്രദ്ധ ലഭിക്കും  പ്രതീക്ഷകള്‍ക്ക് പരിധിയുണ്ടായിരുന്നില്ല.

പക്ഷേ ഇപ്പോള്‍ മെസ്സിയുടെ വരവിനെക്കാള്‍ വലിയ വാര്‍ത്തയായി മാറിയിരിക്കുന്നത് ആ പദ്ധതിയുടെ പിന്നാമ്പുറ ഇടപാടുകളാണ്. ആരാണ് പദ്ധതിക്ക് പിന്നില്‍? ആരാണ് തീരുമാനമെടുത്തത്..? ആരൊക്കെയാണ് ഔദ്യോഗികമായി ഇടപെട്ടത്..? ആരൊക്കെയാണ് അനൗദ്യോഗികമായി ഇടപെട്ടത്..? എന്തിനാണ് വിദേശയാത്ര..? അതിന് ചെലവായത് ആരുടെ പണം..? 'അമീറ' ആരാണ്..? സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ കമ്പനിക്ക് നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചോ..? ചോദ്യങ്ങള്‍ വളരുകയാണ്. മറുപടികള്‍ക്കാകട്ടെ ഒച്ചിന്റെ വേഗതയും.

ഇപ്പോള്‍ മെസ്സിയെക്കാള്‍ വലിയ കഥാപാത്രമായി 'അമീറ' മാറിയിരിക്കുന്നു. ഈ വിവാദത്തിലെ ഏറ്റവും കൗതുകകരമായ പേര്  'അമീറ'യാണ്. കായികമന്ത്രി ഒ.ജെ ജനീഷിന്റെ ആരോപണപ്രകാരം, മുന്‍ കായികമന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസിനുവേണ്ടി ഇ-മെയില്‍ ഇടപാടുകള്‍ നടത്തുകയും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ആശയവിനിമയം നടത്തുകയും ചെയ്ത വ്യക്തിയാണ് അമീറ ഐഷാ ബീഗം. പൊന്നാനി എം.ഇ.എസ് കോളജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ അമീറയ്ക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍ ഔദ്യോഗിക ചുമതലയുണ്ടായിരുന്നില്ലെന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

ഇവിടെയാണ് രാഷ്ട്രീയ പരിഹാസത്തിന് പോലും ഒരു പരിധി വരുന്നത്. ഒരു അന്താരാഷ്ട്ര ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കുന്ന സര്‍ക്കാര്‍തല പദ്ധതിയില്‍ ഔദ്യോഗിക പദവിയില്ലാത്ത ഒരാള്‍ എങ്ങനെ നിര്‍ണായക ആശയവിനിമയത്തിന്റെ ഭാഗമായിത്തീര്‍ന്നു..? അമീറയുടെ വിശദീകരണം പ്രകാരം, മുന്‍മന്ത്രിയെ പരിചയപ്പെട്ടത് ഭര്‍ത്താവിന്റെ സുഹൃത്ത് വഴിയാണ്. പ്രതിഫലം വാങ്ങാതെയാണ് സഹായിച്ചതെന്നും അവര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. അതോടെ അടുത്ത ചോദ്യം സ്വാഭാവികമായി ഉയരുന്നു: പ്രതിഫലം വാങ്ങാതെയുള്ള ഈ സേവനത്തിന് പിന്നിലെ ബന്ധം എന്തായിരുന്നു..?

അത് വ്യക്തിപരമായ സൗഹൃദമോ..? സാമൂഹിക ബന്ധമോ..? വിദഗ്ധ സഹായമോ..? അല്ലെങ്കില്‍ സര്‍ക്കാര്‍ പദ്ധതിയിലെ അനൗദ്യോഗിക ഇടപെടലോ..? ഇവയില്‍ ഏതെങ്കിലും ഒന്നിനെ തെളിവില്ലാതെ സത്യമായി പ്രഖ്യാപിക്കുന്നത് ശരിയല്ല. പക്ഷേ ഇതെല്ലാം വ്യക്തമാക്കേണ്ടത് അന്വേഷണത്തിന്റെ ഉത്തരവാദിത്തമാണ്. കാരണം സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരു ചെറിയ ഇ-മെയില്‍ പോലും ചിലപ്പോള്‍ വലിയൊരു ഫയലിന്റെ വാതില്‍ തുറക്കും. വിവാദത്തിലെ മറ്റൊരു പ്രധാന സംഖ്യയാണ് 14 ലക്ഷം രൂപ. മെസ്സി പദ്ധതിയുടെ ഭാഗമായി മുന്‍മന്ത്രി വിദേശയാത്ര നടത്തിയെന്നും അതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഏകദേശം 14 ലക്ഷം രൂപ ചെലവായെന്നും ഇപ്പോഴത്തെ കായികമന്ത്രി ആരോപിക്കുന്നു.

ഇവിടെയാണ് സാധാരണക്കാരന്റെ കണക്കുകൂട്ടല്‍ തുടങ്ങുന്നത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഔദ്യോഗിക ആവശ്യത്തിനായി വിദേശയാത്ര നടത്തുന്നു. സര്‍ക്കാര്‍ പണം ചെലവഴിക്കുന്നു. യാത്രയുടെ ലക്ഷ്യം സര്‍ക്കാര്‍ പദ്ധതിയുമായി ബന്ധപ്പെട്ടതാണ്. പദ്ധതി പിന്നീട് നടപ്പായില്ലെങ്കില്‍, യാത്രയുടെ ഔദ്യോഗിക ആവശ്യകത എന്തായിരുന്നു എന്ന് ചോദിക്കുന്നത് സ്വാഭാവികം. അതിന് മറുപടി നല്‍കേണ്ടത് രാഷ്ട്രീയ മുദ്രാവാക്യങ്ങളിലൂടെയല്ല; രേഖകളിലൂടെയാണ്. യാത്രയ്ക്ക് അനുമതി നല്‍കിയതാര്..? ഏത് ഫയലിലാണ് അനുമതി..? യാത്രയുടെ ഔദ്യോഗിക ലക്ഷ്യം എന്തായിരുന്നു..? ആരെയൊക്കെയാണ് കണ്ടത്..? എന്ത് കരാറിനുവേണ്ടിയായിരുന്നു ചര്‍ച്ച..? യാത്രയ്ക്കുശേഷം എന്ത് നടപടികളുണ്ടായി..? ചെലവിന്റെ വൗച്ചറുകള്‍ എന്താണ് പറയുന്നത്..?

ഇവയ്ക്ക് കൃത്യമായ ഉത്തരമുണ്ടെങ്കില്‍ 14 ലക്ഷം എന്ന സംഖ്യ ഒരു രാഷ്ട്രീയ ബോംബായി തുടരില്ല. അത് ഒരു ഔദ്യോഗിക ചെലവായി തെളിയുകയോ, അല്ലെങ്കില്‍ ഉത്തരവാദിത്തം നിശ്ചയിക്കേണ്ട വിഷയമായി മാറുകയോ ചെയ്യും. പക്ഷേ രേഖകള്‍ പുറത്തുവരാതെ ഓരോ പക്ഷവും സ്വന്തം കണക്കുമായി മുന്നോട്ട് പോയാല്‍ ജനങ്ങളുടെ മനസ്സില്‍ സ്വാഭാവികമായും സംശയം തുടരും. സര്‍ക്കാര്‍ പറയുന്നു നഷ്ടമില്ലെന്ന്; റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി പറയുന്നു നഷ്ടം തങ്ങള്‍ക്കെന്ന്. വിവാദം കൂടുതല്‍ സങ്കീര്‍ണമാകുന്നത് ഇവിടെ നിന്നാണ്.

വി അബ്ദുറഹിമാന്‍ പറയുന്നത് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നാണ്. എന്നാല്‍ ഇപ്പോഴത്തെ കായികമന്ത്രി പറയുന്നത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ വ്യക്തിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള ഇടപെടലാണ് നടന്നതെന്നാണ്. ഇതിനിടെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ പുറത്തുവിട്ട വിശദീകരണം മറ്റൊരു ചിത്രം വരയ്ക്കുന്നു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയും തമ്മില്‍ 2024-ല്‍ കരാര്‍ ഉണ്ടായിരുന്നുവെന്നും, കായിക വകുപ്പിന്റെ അനുമതിയോടെയാണ് കരാര്‍ നടന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു. അര്‍ജന്റീനയും മെസ്സിയും കേരളത്തില്‍ രണ്ട് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നതടക്കമുള്ള വ്യവസ്ഥകള്‍ കരാറിലുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സര്‍ക്കാരിന്റെയോ ജനങ്ങളുടെയോ പണം നഷ്ടമായിട്ടില്ലെന്നും മറിച്ച് ഏകദേശം 126 കോടി രൂപയുടെ സാമ്പത്തിക നഷ്ടം റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കാണ് ഉണ്ടായതെന്നും ആന്റോ അഗസ്റ്റിന്‍ പറയുന്നു. പണമിടപാട് നിയമപരമായ രീതിയില്‍ നടത്തിയെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതിയോടെയും എസ്.ബി.ഐ വഴിയുമാണ് പണം കൈമാറിയതെന്നും അദ്ദേഹം അവകാശപ്പെടുന്നു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എ.എഫ്.എ) പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് പണം ലഭിച്ചതായി മുഖ്യമന്ത്രിക്ക് കത്ത് ലഭിച്ചതിന്റെ രേഖകളും ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇവിടെ കഥ വീണ്ടും ഫുട്‌ബോള്‍ മൈതാനത്ത് നിന്ന് അക്കൗണ്ട്‌സ് വിഭാഗത്തിലേക്ക് മാറുന്നു.

126 കോടി നഷ്ടമെന്ന് ഒരു പക്ഷം. 14 ലക്ഷം സര്‍ക്കാര്‍ ചെലവെന്ന് മറ്റൊരു പക്ഷം. സര്‍ക്കാരിന് നഷ്ടമില്ലെന്ന് മറ്റൊരു വാദം. ഇതെല്ലാം കൂട്ടിയാല്‍ മലയാളിക്ക് ഒരു കാര്യം മാത്രം ഉറപ്പാകുന്നു: മെസ്സിയുടെ വരവിനേക്കാള്‍ വലിയ സാമ്പത്തിക മത്സരം കേരളത്തില്‍ നടന്നിട്ടുണ്ട്..! കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളാണ് പുതിയ രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് പ്രധാന ആധാരം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സ്വകാര്യ കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തരത്തിലായിരുന്നു പദ്ധതിയുടെ ഘടനയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിരീക്ഷണമെന്നാണ് പറയപ്പെടുന്നത്.

വെറും 20 ദിവസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കമ്പനിക്ക് പദ്ധതിയുടെ സ്‌പോണ്‍സര്‍ഷിപ്പ് ലഭിച്ചുവെന്ന ആരോപണവും ഉയരുന്നു. കമ്പനിയുടെ പശ്ചാത്തലത്തെക്കുറിച്ച് ആവശ്യമായ പരിശോധന നടന്നില്ലെന്നും മന്ത്രിയുടെ ഓഫീസിലേക്ക് ലഭിച്ച പ്രൊപ്പോസലില്‍ പോലും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ആരോപണമുണ്ട്. ഇത് ശരിയാണെങ്കില്‍ ചോദ്യം വളരെ ലളിതമാണ്: സര്‍ക്കാര്‍ ഒരു ചായക്കട തുടങ്ങാന്‍ പോലും രേഖകള്‍ ചോദിക്കുന്ന നാട്ടില്‍, ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയെ കൊണ്ടുവരുന്ന പദ്ധതിക്ക് ഒരു കമ്പനി തിരഞ്ഞെടുക്കുമ്പോള്‍ പശ്ചാത്തല പരിശോധന എവിടെ പോയി? ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തു. ഇരുപത് ദിവസം കഴിഞ്ഞു. അത് വലിയൊരു അന്താരാഷ്ട്ര പദ്ധതിയുടെ ഭാഗമാകുന്നു. ഇത് നിയമവിരുദ്ധമാണെന്ന് അതുകൊണ്ട് മാത്രം പറയാനാകില്ല. പക്ഷേ ഇത്തരം വേഗതയ്ക്ക് പിന്നിലെ നടപടിക്രമങ്ങള്‍ എന്തായിരുന്നു എന്നത് പരിശോധിക്കേണ്ടത് നിര്‍ബന്ധമാണ്.

ഇപ്പോള്‍ വിവാദത്തിന്റെ രാഷ്ട്രീയ പരിധി മുന്‍മന്ത്രിയില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനിലേക്കും നീളുകയാണ്. ''പിണറായിക്ക് അറിയാമായിരുന്നോ?''  മുന്‍ മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നോ ഇല്ലയോ എന്നത് രേഖകളും ഔദ്യോഗിക നടപടിക്രമങ്ങളും പരിശോധിച്ചാണ് കണ്ടെത്തേണ്ടത്. പക്ഷേ, കേരളം ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന സംസ്ഥാനമാണ്. മെസ്സി എന്ന പേര് ഇവിടെ ഒരു കളിക്കാരന്റെ പേര് മാത്രമല്ല; ഒരു വികാരമാണ്. അതുകൊണ്ടുതന്നെ മെസ്സിയുടെ പേരിലുള്ള ഏത് പദ്ധതിയും ജനങ്ങളുടെ ആവേശം ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള അവസരമായി മാറാന്‍ പാടില്ല.

ഫുട്‌ബോള്‍ താരത്തെ കൊണ്ടുവരുന്നത് സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാകാം. സ്വകാര്യ കമ്പനിക്ക് ബിസിനസ് അവസരമാകാം. സ്‌പോണ്‍സര്‍മാര്‍ക്ക് വിപണന അവസരമാകാം. ആരാധകര്‍ക്ക് സ്വപ്നമാകാം. ഇവിടെ ഫയലുകള്‍ ഇത്രയും കാലം കറങ്ങിയിട്ടും ഒരു മറുപടി പോലും ഗോള്‍പോസ്റ്റില്‍ കയറാത്തതാണ് യഥാര്‍ത്ഥ ദുരന്തം. അതിനാല്‍ ഇനി വേണ്ടത് മറ്റൊരു പ്രഖ്യാപനമല്ല  അവസാന വിസില്‍ മുഴങ്ങുംവരെ സത്യത്തിന്റെ കളി കളിക്കുന്ന സുതാര്യമായ അന്വേഷണം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക