Image

എഫ്‌സിആർഎ: യുഎസ് കോൺഗ്രസ് അംഗത്തിന്റെ വിമർശനത്തിന് പിന്നിൽ ‘ഇവാഞ്ചലിക്കൽ ലോബി’യെന്ന് ലൊംബാർഡി

Published on 12 August, 2026
എഫ്‌സിആർഎ: യുഎസ് കോൺഗ്രസ് അംഗത്തിന്റെ വിമർശനത്തിന് പിന്നിൽ ‘ഇവാഞ്ചലിക്കൽ ലോബി’യെന്ന് ലൊംബാർഡി

 ഇറ്റലി: ഇന്ത്യയുടെ വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎയെ (FCRA) വിമർശിച്ച യുഎസ് കോൺഗ്രസ് അംഗത്തിന്റെ പ്രസ്താവനയെ ‘രാഷ്ട്രീയ പ്രസ്താവന’യെന്ന് വിശേഷിപ്പിച്ച് ഇന്ത്യ-ഇറ്റലി ബന്ധങ്ങളിലെ മുതിർന്ന അനലിസ്റ്റും ഉപദേഷ്ടാവുമായ കാർലോ ലൊംബാർഡി. അമേരിക്കയിലെ ‘ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ലോബി’യുടെ സ്വാധീനമാണ് ഇത്തരം പ്രതികരണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

എഫ്‌സിആർഎ ഭേദഗതികളെ വിമർശിച്ച യുഎസ് കോൺഗ്രസ് അംഗം റൈലി മൂറിന് വിദേശരാജ്യങ്ങളിലെ ക്രിസ്ത്യാനികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലപാടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ലൊംബാർഡി, ഇത്തരം പ്രതികരണങ്ങൾ അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയ താൽപര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടു.

അതേസമയം, യുഎസ് വിദേശസഹായ സംവിധാനത്തെയും എൻജിഒകളുടെ പ്രവർത്തനങ്ങളെയും കുറിച്ചും ലൊംബാർഡി വിമർശനം ഉന്നയിച്ചു. യുഎസ്എഐഡി (USAID) പിരിച്ചുവിട്ടതും എൻജിഒകൾക്ക് പൊതുപണം ഉപയോഗിച്ചുള്ള ധനസഹായം നൽകുന്നതിനെതിരായ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ പരാമർശങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ചില എൻജിഒകൾ ആതിഥേയ സർക്കാരുകളുമായി ഏകോപനമില്ലാതെ പ്രവർത്തിക്കുകയും രാഷ്ട്രീയ ഇടപെടലുകൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, എഫ്‌സിആർഎ സംബന്ധിച്ച വിദേശ വിമർശനങ്ങൾക്ക് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം നേരത്തെ മറുപടി നൽകിയിരുന്നു. ഓഗസ്റ്റ് 7ന് നടത്തിയ വാർത്താസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ, ഇന്ത്യയുടെ നിയമനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർലമെന്റിന്റെ ആഭ്യന്തര അധികാരപരിധിയിൽ വരുന്നതാണെന്ന് വ്യക്തമാക്കി.

വിദേശ ഫണ്ടുകളും സാമ്പത്തിക ഇടപാടുകളും നിയന്ത്രിക്കുന്നത് ഇന്ത്യയിൽ മാത്രം നടക്കുന്ന കാര്യമല്ലെന്നും യുഎസ് ഉൾപ്പെടെ നിരവധി രാജ്യങ്ങൾ വിദേശ ധനസഹായത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്നും ജയ്‌സ്വാൾ ചൂണ്ടിക്കാട്ടി.

എഫ്‌സിആർഎ ഭേദഗതി ബില്ലിനെതിരെ യുഎസ് കോൺഗ്രസ് അംഗം റൈലി മൂർ രംഗത്തെത്തിയതിനെ തുടർന്നാണ് വിവാദം ശക്തമായത്. നിർദിഷ്ട ഭേദഗതികൾ മതസ്ഥാപനങ്ങളെയും ചാരിറ്റി സംഘടനകളെയും ബാധിക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ ചരിത്രപരമായ വേരുകൾ സെന്റ് തോമസ് അപ്പസ്തോലന്റെ മലബാർ തീരത്തെ വരവിലേക്ക് ചൂണ്ടിക്കാട്ടിയ മൂർ, നിർദിഷ്ട നിയമഭേദഗതിയെ ‘ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം’ എന്നും വിശേഷിപ്പിച്ചിരുന്നു.

2026ലെ നിർദിഷ്ട എഫ്‌സിആർഎ ഭേദഗതി ബില്ലിൽ, ഒരു സ്ഥാപനത്തിന്റെ എഫ്‌സിആർഎ രജിസ്ട്രേഷൻ റദ്ദാക്കുകയോ സ്ഥാപനം രജിസ്ട്രേഷൻ സ്വമേധയാ സറണ്ടർ ചെയ്യുകയോ പുതുക്കാത്തതിനെ തുടർന്ന് രജിസ്ട്രേഷൻ കാലഹരണപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിൽ വിദേശ സംഭാവനകളും അതുപയോഗിച്ച് സ്വന്തമാക്കിയ സ്വത്തുക്കളും കൈകാര്യം ചെയ്യുന്നതിനായി ‘ഡിസിഗ്നേറ്റഡ് അതോറിറ്റി’ രൂപീകരിക്കാനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക