
അമേരിക്കൻ മലയാളി എഴുത്തുകാരനായിരിക്കുമ്പോഴും പേരിൽ മാത്രമല്ല, വേരിലും മനസ്സിലും പുന്നയൂർക്കുളം എന്ന ഗ്രാമം ആഴത്തിൽ പതിഞ്ഞു കിടക്കുകയാണ്. നാടിൻ്റെ തണലോർമ്മകൾ ഗൃഹാതുരത്വത്തോടെ നെഞ്ചിലേറ്റുന്ന എഴുത്തുകാരനാണ്. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി കൃതികൾ ഇദ്ദേഹത്തിന്റേതായിട്ടുണ്ടെങ്കിലും 'പറക്കുംപക്ഷിയെ പ്രണയിക്കുന്നവർ' എന്നത് അബ്‌ദുൾ പുന്നയൂർക്കുളത്തിൻ്റെ ആദ്യ നോവലാണ്.
അതിരുകൾക്കപ്പുറത്തേക്ക് അക്ഷരങ്ങളുടെ വെളിച്ചം പകർന്നു കൊടുക്കുന്ന സഞ്ചരിക്കുന്ന ലൈബ്രറിയാണ് അബ്‌ദുൾ പുന്നയൂർക്കുളം. അമേരിക്കൻ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങൾ നിറച്ച പെട്ടികളുമായി പോയി സമ്മേളനവേദികളിൽ പുസ്തകങ്ങൾ നിരത്തിവെച്ച് പ്രദർശിപ്പിച്ച് അതിന് കാവലിരിക്കുന്ന അബ്ദുലിനെ എല്ലാവരും ‘സഞ്ചരിക്കുന്ന ലൈബ്രറി’ എന്ന ഓമനപ്പേരിൽ വിളിക്കുന്നു.
18 ആം വയസ്സിൽ കുന്നത്തൂരിലെ ബി.എസ്.എസ് വായനശാലയിലെ ഡിറ്റക്ടീവ് നോവലുകളിൽ തുടങ്ങിയതാണ് അക്ഷരങ്ങളോടുള്ള പ്രണയം. 1978 ൽ കേരളശബ്ദത്തിലും ജനയുഗത്തിലും സഞ്ചാര സാഹിത്യക്കുറിപ്പ് എഴുതിയാണ് സാഹിത്യജീവിതത്തിന് തുടക്കം കുറിച്ചത്. ജോലി തേടി ഗൾഫിലേക്കും അവിടെനിന്ന് അമേരിക്കയിലേക്കുമുള്ള നീണ്ട യാത്രകൾക്കൊപ്പം അദ്ദേഹത്തിന്റെ തൂലികയും ചലിച്ചുകൊണ്ടേയിരുന്നു. ഇരുപതിലധികം രാജ്യങ്ങളിൽ സഞ്ചരിച്ച അനുഭവസമ്പത്ത് രചനകളെ സമ്പന്നമാക്കി. ഇദ്ദേഹത്തിൻ്റെ ജീവിതം തന്നെ ഒരു വലിയ പുസ്തകമാണ്.
തൻ്റെ ഒരു സുഹൃത്തിൻ്റെ വേർപാട് മനസ്സിനെ അലട്ടുമ്പോഴാണ്, സുഹൃത്തിനു നേരെ അയാളുടെ നല്ലപാതിയെറിഞ്ഞ അധിക്ഷേപങ്ങൾ അറിയാൻ ഇടയായത് "എൻ്റെ നായ ചത്താൽ ഞാൻ മോങ്ങും....". "നിങ്ങൾ ചത്തിട്ടുവേണം എനിക്ക് കുറച്ചുകാലം കൂടി ജീവിക്കാൻ..." തൂടങ്ങിയ ആക്രോശങ്ങൾ കാതിൽ പതിച്ചപ്പോഴുണ്ടായ ഷോക്കാണ് ഈ നോവൽ പിറവിക്ക് പ്രചോദനം.

മെൻ്റെൽ ഹെൽത്ത് വർക്കർ, സബ്സ്റ്റൻസ് അബ്യൂസ് കൗൺസിലർ, ക്ളിനിക്കൽ തെറാപ്പിസ്റ്റ് എന്നീ നിലകളിൽ അമേരിക്കയിൽ കാൽനൂറ്റാണ്ട് ജോലി ചെയ്തു. ഈ പരിചയത്തിലൂടെ അമേരിക്കൻ കുടുംബജീവിതത്തിലെ താളപ്പിഴകൾ മനസ്സിലാക്കുവാനും അതിലെ ചില ദുരനുഭവങ്ങൾ അടുത്തറിയുവാനും എഴുത്തുകാരന് അവസരമുണ്ടായി. ഈ അനുഭവജ്ഞാനം നോവലിൽ കൂട്ടിയിണക്കിയത് നോവലിൻ്റെ മൂല്യമുയർത്തി.
നോവലിലെ സംഭവങ്ങൾ പ്രധാനമായും അരങ്ങേറുന്നത് അമേരിക്കയിലെ ന്യൂയോർക്കിലാണ്. നായകകഥാപാത്രമായ ഷാഫിയുടെയും കുടുംബത്തിൻ്റെയും ജീവിതമാണ്. ഷാഫി, സ്വപ്രയത്നം കൊണ്ട് അന്യദേശത്ത് ജീവിതം കരുപിടിപ്പിക്കാൻ നന്നായി ശ്രമിക്കുന്ന മലയാളി യുവാവാണ്. ഷാഫിയുടെ ജീവിതവും മനസ്സുമൊക്കെ ഈഴകീറി അറുപത്തിയൊന്ന് അദ്ധ്യായങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നു.
ഷാഫിയുടെ പ്രണയിനിയും പിന്നെ ആദ്യഭാര്യയുമായ സിന്ധ്യ സുന്ദരിയും മികച്ച ശമ്പളമുള്ള ജോലിക്കാരിയും കുലീന കുടുബത്തിൽ പിറന്നവളുമായിരുന്നു. അവളുടെ മാതാപിതാക്കൾ ഐറിഷ് വംശജരായിരുന്നു. രണ്ടു മതത്തിൽ പെട്ടവരായിരുന്നെങ്കിലും അവരുടെ വിവാഹത്തിനെയോ ജീവിതത്തെയോ അതൊട്ടും ബാധിച്ചില്ല. എല്ലാ മതങ്ങളും സമാധാനമാണ് കാംക്ഷിക്കുന്നതെന്നും, നല്ല വ്യക്തിബന്ധങ്ങളാണ് ശ്രേഷ്ഠമെന്നും, ആചാരാനുഷ്ഠാനങ്ങൾക്കപ്പുറം മതങ്ങളിൽ നിന്നുള്ള ഉത്കൃഷ്ടമായ പാഠങ്ങളാണ് ശീലിക്കേണ്ടതെന്നുമുള്ള നല്ലപാഠം അവർ മാതാപിതാക്കളിൽ നിന്നും പഠിച്ചിരുന്നു
പാശ്ചാത്യ സംസ്‌കാരത്തിൽ വളരുന്ന സ്ത്രീകൾ വിശ്വസ്തരാകില്ലെന്നും അവരുമായുള്ള ദാമ്പത്യം നീണ്ടു നിൽക്കാൻ സാധ്യതയില്ലെന്നുമുള്ള കഥാനായകൻ്റെ അബോധമനസ്സിലെ വിശ്വാസം കാരണമാണ്, അവനെ മനസ്സുതുറന്ന് സ്നേഹിച്ച അവൻ്റെ ആദ്യഭാര്യ സിന്ധ്യയെ പിരിയാൻ കാരണമാകുന്നത്. അതിരുകളില്ലാതെ, മുൻവിധിയില്ലാതെ ഷാഫിയെ സ്നേഹിച്ചതു പോലെ അവളേയും തിരിച്ചു സ്നേഹിച്ചിരുന്നെങ്കിൽ ആ ബന്ധം പിരിയേണ്ടി വരില്ലായിരുന്നു എന്ന് വൈകി തിരിച്ചറിയുന്നുണ്ട്. ഷാഫിയുടെ വാർധക്യത്തിൽ താൻ തിരിച്ചറിയാതെ പോയ അവളുടെ പ്രണയത്തെ ഓർത്ത് പശ്ചാത്തപിക്കുകയും സർഗ്ഗാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. കഥാനായകൻ എഴുതുന്ന നഷ്ടപ്രണയത്തിൻ്റെ മാധുര്യം തുളുമ്പുന്ന കവിതകൾ ഇംഗ്ളിഷിലും മലയാളത്തിലും നോവലിൻ്റെ ഭാഗമായി വായിക്കാനാവും.
പിന്നീട് സാബി എന്നു വിളിക്കുന്ന സാബിറ എന്ന പൊന്നാനിക്കാരി സുന്ദരിയെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് കൊണ്ടു വന്നു. അവർക്ക് പിറന്ന ഏകമകനാണ് മുസ്തഫ. ആത് മൈക്യത്തിന് സൗന്ദര്യവുമായി യാതൊരു ബന്ധവും ഇല്ലെന്നും സൗന്ദര്യത്തിനപ്പുറം മറ്റെന്തൊക്കയോ നിത്യജീവിതത്തിന് ആവശ്യമാണെന്നും ഷാഫി ആ ബന്ധത്തിൽ നിന്നും തിരിച്ചറിഞ്ഞു. സാബിയുമായി പൊരുത്തമില്ലായ്മ അധികരിച്ചതോടെ മിക്കവാറും എല്ലാമാസവും ഫാമിലി കൗൺസിലറെ കാണുമായിരുന്നു. അത് അവരുടെ ജീവിതത്തിന് മാറ്റമൊന്നും ഉണ്ടാക്കിയില്ലെങ്കിലും ദാമ്പത്യജീവിതവും കുടുംബജീവിതവും മെച്ചപ്പെടുത്തുവാനുള്ള കൗൺസിലറുടെ പ്രായോഗിക നിർദ്ദേശങ്ങൾ വായനക്കാരക്ക് വളരെ പ്രയോജനകരമാണ്.
സാബിയുടെ കരുതൽ കുറയുന്നത് ഉള്ളിൽ തട്ടുമ്പോൾ സിന്ധ്യയുടെ പ്രസന്നമായ മുഖം മുന്നിൽ തെളിഞ്ഞുവരും. ഷാഫിക്ക് ആദ്യഭാര്യ സിന്ധ്യയെ മറക്കാൻ സാധിക്കുന്നില്ലെന്നു മാത്രമല്ല രണ്ടു ജീവിതവും തമ്മിൽ താരതമ്യപ്പെടുത്തുന്നതും കൂടുതൽ കുഴപ്പത്തിലേക്ക് നയിച്ചു.
രോഗം, വേദന, ഉത്കണ്ഠയും, നഴ്സിങ്ങ് ഹോമിലെ ഏകാന്തജീവിതം തുടങ്ങിയ ഇന്ത്യനമേരിക്കൻ വാർധക്യ ചിത്രങ്ങൾ ഇതിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. നേഴ്സിങ്ങ് ഹോമിൽ അനുഭവിക്കുന്ന ആധിയും വ്യഥയും വിവരിക്കുന്നുണ്ട്. ധൃതിപിടിച്ചുള്ള വിവാഹത്തെയും വിവാഹമോചനത്തെയും, കുട്ടികളെ അമിതമായി ലാളിച്ചു അവരുടെ ഭാവി വഷളാക്കുന്നതിനെപ്പറ്റിയും പരാമർശിക്കുന്നു. 'പറക്കും പക്ഷിയെ പ്രണയിക്കുന്നവർ' എന്ന ശീർഷകം അർത്ഥമാക്കുന്നത് കൈയിലിരിക്കുന്ന പക്ഷിയെ വിട്ടു പറക്കുന്ന പക്ഷിയെ പിടിക്കുന്നു എന്ന ആപ്തവാക്യമാണ്.
സുന്ദരമായ പ്രണയം, ഉത്തരവാദിത്വം നിറഞ്ഞ ദാമ്പത്യം, അസംതൃപ്തമായ വാർദ്ധക്യം, പുതു തലമുറയുടെ ജീവിത വീക്ഷണം ഇവയൊക്കെയാണ് ഈ നോവലിലെ പ്രതിപാദ്യവിഷയങ്ങൾ. ഭാരതീയ സദാചാര സങ്കല്പങ്ങളെയും കുടുംബബന്ധങ്ങളെയും പാശ്ചാത്യ പശ്ചാത്തലത്തിൽ പുനർവിചിന്തനത്തിനു വിധേയമാക്കാൻ പ്രേരിപ്പിക്കുന്നതാണ് ഈ നോവലിൻ്റെ സാമൂഹ്യപ്രസക്തി.
കുടുംബജീവിതത്തെപ്പറ്റി മലയാളിയുടെ സങ്കല്പങ്ങൾ മാറ്റിവരയ്ക്കുന്നതിൽ പ്രവാസം വഹിച്ച പങ്കിനെക്കുറിച്ച് ഈ നോവൽ പ്രസക്തമായി പറയുന്നുണ്ടെന്ന് എം.എൻ. കാരശ്ശേരിയും, മലയാള നോവലുകൾ പ്രമേയങ്ങളിലും ആഖ്യാനത്തിലും ഗ്ലോബലായി മാറുന്ന ഇക്കാലത്ത്, ഇത് മലയാള സാഹിത്യത്തിന് അഭിമാനിക്കാവുന്ന രചനയാണെന്ന് ടി.ഡി. രാമകൃഷ്ണനും അഭിപ്രായപ്പെടുന്നു.
നോവലിലെ കഥാപാത്രത്തിന്റെ ‘മുതുക്കൻ’ എന്ന മുനയുള്ള വാക്ക് ഷാഫിയുടെ ഹൃദയത്തിനേല്പിച്ച ക്ഷതം ആവിഷ്കരിക്കാൻ കഥാകൃത്ത് ഗദ്യകവിതയുടെ മുത്തുമണികൾ നിരത്തുന്നതായി ഡോ. എം.വി. പിള്ള ചൂണ്ടിക്കാണിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ കവിതകൾക്കും കഥകൾക്കും ശേഷം നോവൽ. ഇത് വ്യത്യസ്തമായ അനുഭവത്തിലേക്ക് വായനക്കാരെ നയിക്കുന്നതായി ടി. മോഹൻ ബാബു പറഞ്ഞിരിക്കുന്നു. ജീവിതത്തിലെ വിവിധാനുഭവങ്ങളിൽനിന്നുണ്ടാകുന്ന മാനസിക ഭാവങ്ങളെ ഈ നോവലിൽ വിദഗ്ധമായി വിശകലനം ചെയ്തു ചിത്രീകരിച്ചിരിക്കുന്നു എന്ന് ഡോ. സോമരാജൻ പറഞ്ഞിരിക്കുന്നു.
ഡോ. ഖദീജാ മുംതാസ് ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. നല്ല പാരായണക്ഷമതയുള്ള, ഒരു രാജ്യാന്തര പ്രണയത്തിന്റെ ഊഷ്മളത അനുഭവിപ്പിക്കുന്ന ഈ നോവൽ എച്ച് & സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 324 പേജുകളുള്ള ഈ പുസ്ത്കത്തിൻ്റെ വില 480 രൂപയാണ്.

അബ്‌ദുൾ പുന്നയൂർക്കുളം
പുന്നയൂർക്കുളം പത്തായപ്പറമ്പിൽ മൊയ്‌തുണ്ണി ഹാജിയുടെയും നരിയപുരം ഐശുമ്മ ഹജുമ്മയുടെയും മകൻ. വന്നേരി ഹൈസ്‌കൂൾ, മേരിഗ്രോവ് കാത്തലിക് കോളജ് (BSW), വെയിൻ സ്റ്റേറ്റ് യൂനിവേഴ്‌സിറ്റി (MSW) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1980 മുതൽ അമേരിക്കയിൽ.
2015 ൽ ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചെങ്കിലും ഇന്നും അക്ഷരങ്ങളുടെ ലോകത്ത് നാട്ടിലും അമേരിക്കയിലുമായി സാഹിത്യ പ്രവർത്തനങ്ങളിൽ സജീവമാണ്. പുന്നയൂർക്കുളം സാഹിത്യ സമിതി സ്ഥാപകനും ആദ്യകാല പ്രസിഡന്റുമാണ്. വർഷത്തിൽ പകുതിയും പുന്നയൂർക്കുളത്ത് ചെലവഴിക്കുന്ന അദ്ദേഹം അമേരിക്കയിലെ ലാന, മിലൻ, ഫൊക്കാന തുടങ്ങിയ സംഘടനകളിൽ സ്ഥിരം സാന്നിധ്യമാണ്. രക്ഷിതാക്കളിൽ വായനാശീലം വളർത്താൻ സ്‌കൂളുകളിൽ ‘അമ്മവായന’ പദ്ധതിക്കും അബ്ദുൽ തുടക്കം കുറിച്ചു. നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മീൻകാരൻ ബാപ്പ (കവിത), സ്നേഹസൂചി (കവിത), എളാപ്പ (കഥ), ബക്കറ്റ് ഓഫ് ഇമോഷൻസ് (കവിത), കാച്ചിങ് ദ ഡ്രീം (കഥ). പറക്കും പക്ഷിയെ പ്രണയിക്കുന്നവർ (നോവൽ) തുടങ്ങിയവ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു.
ഭാര്യ :- റഹ്മത്ത്, മക്കൾ :- മൻസൂർ, മുർഷിദ്, മൊയ്തീൻ
email :- abdulpunnayurkulam65@gmail.com