Image

ഗ്രാമീണ ദൃശ്യങ്ങളുടെ മാന്ത്രികത - മുരളി നാഗപ്പുഴ (ചിത്രകല: ദുർഗ മനോജ്)

Published on 12 August, 2026
ഗ്രാമീണ ദൃശ്യങ്ങളുടെ മാന്ത്രികത - മുരളി നാഗപ്പുഴ (ചിത്രകല: ദുർഗ മനോജ്)

നാട്ടുവഴികളുടെ ഗ്രാമീണ ദൃശ്യങ്ങൾ അതിൻ്റെ പച്ചപ്പോടുകൂടി പകർത്തിക്കൊണ്ടാണ് മുരളി നാഗപ്പുഴ, മലയാളികളുടെ മാത്രമല്ല ലോകത്തെമ്പാടുമുള്ള ചിത്രകലാസ്വാദകരുടെ പ്രിയങ്കരനായ ചിത്രകാരനായി മാറുന്നത്. ഒരു സാധാരണ നാട്ടിൻപുറത്തുകാരൻ ലോകമറിയുന്ന ചിത്രകാരനായതു ഒരു സുപ്രഭാതത്തിൽ ഭാഗ്യകടാക്ഷം കൊണ്ടു സംഭവിച്ചതല്ല, മറിച്ച് ശില്പിയായ അച്ഛൻ്റെ പാതയിൽ ഉരുകിയ ലോഹക്കൂട്ട്, കരുവിലേക്കൊഴുകുമ്പോൾ എന്ന പോലെ, ജീവിതത്തിൻ്റെ മൂശയിൽ ഉരുകി ഉയിർത്തെഴുന്നേറ്റപ്പോൾ രൂപപ്പെട്ടതാണ്. ഒരു വെങ്കല ശില്പിയുടെ ആലയിൽ കൊളുത്തിയ തീ, വീടിൻ്റെ മുകൾത്തട്ടോളം ഉയർന്നിട്ടും അയാളുടെ വീടിനെ നക്കിത്തോർത്താതെ അടങ്ങുന്നത് ശില്പ സൃഷ്ടി ഒരു കലയാണ് എന്നതിനാലാകും എന്നു സ്വന്തം ജീവിതത്തെ മുൻനിർത്തിയാണ് ചിത്രകാരൻ പറയുന്നത്. കലയുടെ അഗ്നി, സ്വയം ശുദ്ധീകരിക്കുന്നുവെന്ന് അദ്ദേഹം കണ്ടെത്തുന്നു. ഉരുകിത്തിളച്ച ലോഹക്കൂട്ട് കരുവിലേക്കൊഴുകുന്ന അത്രയും ഉള്ളുരുക്കത്തോടെയാണ് മുരളി നാഗപ്പുഴ എന്ന ചിത്രകാരൻ രൂപപ്പെട്ടത്. പഠിച്ചത്, തൊടുപുഴ ന്യൂമാൻ കോളേജിൽ നിന്നും ബി എസ് സി ബോട്ടണി. അത് ഒന്നാം ക്ലാസിൽ പാസ്സായി. പ്രീഡിഗ്രിക്കാലം മുതൽ സയൻസ് ബാച്ച് കുട്ടികളുടെ പ്രിയപ്പെട്ട റെക്കാർഡ് ബുക്ക് വരപ്പുകാരൻ എന്നതിനപ്പുറം ബിരുദം നേടുംവരെയും ചിത്രരചനയാണ് ഭാവിയിൽ തന്നെ നയിക്കേണ്ടത് എന്നൊരു ചിന്ത ആ യുവാവിൽ രൂപം കൊണ്ടിരുന്നില്ല. എന്നാൽ വ്യക്തമായും എന്തെന്നറിയാത്ത ഒരു ചോദന മനസ്സിനെ അസ്വസ്ഥപ്പെടുത്തുകയും ചെയ്തിരുന്നു.

കൃഷ്ണൻ എന്ന വെങ്കല ശില്പിയുടേയും ഭാര്യ കാർത്യായനിയുടേയും ഒമ്പതു മക്കളിൽ ഒരാളായി മുരളി വളർന്നു. നാഗപ്പുഴ ഗവൺമെൻ്റ് എൽ. പി സ്ക്കൂളിൽ തൊട്ടടുത്ത് ഇരുന്നിരുന്ന മാത്യുവാണ് ചിത്രകലയിൽ മുരളി ആദ്യം അത്ഭുതത്തോടെ നോക്കിനിന്ന പ്രതിഭ. ഉച്ചക്കു കിട്ടുന്ന ഗോതമ്പ് ഉപ്പുമാവിനു വേണ്ടി മാത്രം സ്ക്കൂളിൽ വന്നിരുന്ന മാത്യുവിൻ്റെ സ്ലേറ്റിൽ പകർത്തിയെഴുത്തുകൾക്കു പകരം നിറഞ്ഞിരുന്ന കല്യാണ വീടുകളുടേയും സദ്യയുടേയും ചിത്രങ്ങൾ പിൽക്കാലത്ത് കുട്ടികൾക്കു വേണ്ടി ദേശാഭിമാനിയുടെ, തത്തമ്മ എന്ന ബാല വാരികയിൽ എഴുതുമ്പോഴും വരയ്ക്കുമ്പോഴും മുരളി നാഗപ്പുഴയെ സ്വാധീനിച്ചിരിക്കണം. ബിരുദശേഷമാണ്, നാടുവിടുക എന്ന ചിന്ത അക്കാലത്തെ ഒരു നാട്ടുനടപ്പു പോലെ അയാളിൽ ദൃഢമാകുന്നത്. അങ്ങനെ, അച്ഛൻ നൽകിയ മുന്നൂറു രൂപയുമായി മദിരാശിയിലേക്കു തൊഴിൽ തേടി യാത്ര. അക്കാലത്ത് റെയിൽവേ കൂടുതൽ ജനകീയമായിരുന്നു എന്നു പറയണം, കാരണം ടിക്കറ്റില്ലാത്ത യാത്രക്കാരെ തേടിപ്പിടിക്കുന്ന ടി ടി ആർ എന്ന വിഭാഗക്കാർ വളരെക്കുറവായിരുന്നു അന്ന്. കള്ളവണ്ടി കയറി മദിരാശിയിലെത്തിയ അനേകർക്കൊപ്പം മുരളിയും ആ മഹാനഗരത്തിൻ്റെ ഒരു പൊത്തിൽ ചെന്നിടഞ്ഞു. അവിടെ സമാനഹൃദയരായ പലർക്കൊപ്പം ജീവിതം മുന്നോട്ട്. പല വേഷങ്ങൾ കെട്ടിയാടണം ഒരു ജീവിതം തീർക്കാൻ എന്നത് മുരളി നാഗപ്പുഴ എന്ന ചിത്രകാരൻ്റെ ജീവിതത്തെ സംബന്ധിച്ച് അക്ഷരാർത്ഥത്തിൽ സത്യമായി. കെട്ടിടനിർമാണ സൈറ്റിൽ മണ്ണു ചുമന്നും, ലാട വൈദ്യനായും, സുവിശേഷം പറയുമ്പോൾ ഹല്ലേലുയ പറഞ്ഞും കുറേ നാളുകൾ കടന്നു പോയി. ഇതിനിടയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ മെഡിക്കൽ റെപ്പ് ആയി ജോലി കിട്ടി. അങ്ങനെ മദിരാശിയോടു സലാം പറഞ്ഞ് പുതിയ ജോലിസ്ഥലമായ കണ്ണൂരേക്ക്. പക്ഷേ, മദിരാശിയിലെ ചോള മണ്ഡലത്തിലെ സന്ദർശനം വഴി ലഭിച്ച ചില ചിത്രക്കാഴ്ചകൾ, കലയുടെ വളക്കൂറുള്ള മനസ്സിൽ ചിത്രകലയുടെ വിത്തു വിതച്ചിരുന്നു.


സ്വസ്ഥമായൊരു ജോലി കിട്ടിയതോടെ ആദ്യം പൊടി തട്ടിയെടുത്തത് ചിത്രകലാ മോഹം തന്നെ. ചോളമണ്ഡലത്തിൽക്കണ്ട കാഴ്ചകളാണ് ആദ്യം ചിത്രങ്ങളായത്. ഒരു ഫൈൻ ആർട്സ് വിദ്യാർത്ഥിയെപ്പോലെ പാശ്ചാത്യ ചിത്രകലയുടെ സ്വാധീനമുള്ള കുറേയേറെ ചിത്രങ്ങൾ പിറന്നു വീണു. ചോളമണ്ഡലക്കാഴ്ചകളുടെ സ്വാധീനത്തിൽ നിലകൊണ്ടിരുന്ന ആ കാലത്താണ് സി. പി. എം നു വേണ്ടി പോസ്റ്ററുകളും ബാനറുകളും ഡിസൈൻ ചെയ്യുന്നതും, അന്നത്തെ എസ്എഫ്ഐ നേതാവായ ജെയിംസ് മാത്യുവിൻ്റെ നിർദ്ദേശപ്രകാരം കോളേജിൽ പോസ്റ്ററുകളുടെ ഒരു എക്സിബിഷൻ നടത്തുന്നതും. തുടർന്നാണ് പാർട്ടി മെമ്പർഷിപ്പ് എടുത്ത് ദേശാഭിമാനിയിൽ കുട്ടികളുടെ മാസികയായ തത്തമ്മയുടെ ചുമതല ഏറ്റെടുക്കുന്നത്. കുട്ടികൾക്കു വേണ്ടി എഴുതുകയും വരയ്ക്കുകയും ചെയ്യുമ്പോഴും അബ്സ്ട്രാക്റ്റ് പെയിൻ്റിങ്ങ് ലഹരിയായി കൂടെ നിന്നു.
കാര്യങ്ങൾക്കു മാറ്റമുണ്ടായത് പെട്ടെന്നാണ്. ഒരിക്കൽ നിക്കരാഗ്വയിൽ പോയി മടങ്ങി വന്ന ജെയിംസ് മാത്യു, തനിക്കു സമ്മാനമായിക്കിട്ടിയ കുറേ പെയിൻ്റിങ്ങുകൾ ചിത്രകാരനു നൽകി. അതിലെ ഒരു ചിത്രമാണ് ഇന്നു നാമറിയുന്ന മുരളി നാഗപ്പുഴയാക്കി മാറ്റിയത് എന്നു പറയാം. ചിത്രകലയുടെ സാങ്കേതികതകൾ പഠിച്ചവർ വരച്ചതായിരുന്നില്ല ആ ചിത്രങ്ങൾ. സാധാരണക്കാരായ ഗ്രാമീണർ വരച്ച തനിനാടൻ കാഴ്ചകളായിരുന്നു അതിൽ. അതിലെ ഇലകളും മരങ്ങളും മുരളിയിലെ ചിത്രകാരനെ പ്രചോദിപ്പിച്ചു. അതു വഴിത്തിരിവായി. ഈ സമയത്ത് തിരുനെല്ലിയിലേക്ക് സുഹൃത്ത് ഹരികൃഷ്ണനൊപ്പം ഒരു യാത്ര പോയി. ആ യാത്രയിൽക്കണ്ട വയനാടൻ കാഴ്ചകൾ എന്തുകൊണ്ട് നിക്കരാഗ്വൻ മാതൃകയിൽ പകർത്തിക്കൂട എന്നായി ചിന്ത. അത് അബ്സ്ട്രാറ്റുകളിൽ നിന്നും വഴിമാറി ഒരു പുത്തൻ ചിത്രാനുഭവത്തിലേക്കു കാഴ്ചക്കാരെ നയിക്കുന്ന ഒന്നായി മാറി.
പറയുന്ന പോലെ എളുപ്പമായിരുന്നില്ല ആ വര. പക്ഷേ, ഒരുനാൾ വരകൾക്കു കീഴടങ്ങാതെ വയ്യെന്നായി. വരകൾ വഴങ്ങി, നിറങ്ങളും.  

അവിടം മുതൽ ഇന്നത്തെ, നാഗപ്പുഴ ചിത്രങ്ങളുടെ പിറവിയായി. ആ തിരുനെല്ലിക്കാഴ്ചകളുടെ ചിത്രപരമ്പരയുടെ എക്സിബിഷൻ ടി. പത്മനാഭൻ ഉത്ഘാടനം ചെയ്തു. ആ വേദിയിൽ സന്നിഹിതനായിരുന്ന എം. എൻ വിജയൻ ആ പ്രദർശനോത്ഘാടനവേളയെ കൂടുതൽ ധന്യമാക്കി. തിരുനെല്ലി പരമ്പര വരയ്ക്കുന്നതിനിടയിൽ കലയും പ്രകൃതിയും, തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ സാധിക്കുന്ന ഒരു സംഭവം നടന്നു. ആ പരമ്പരയിലെ ഒരു ചിത്രത്തിൽ ഒരു ബുൾബുൾ പക്ഷിയെ വരയ്ക്കണം. എന്നാൽ ആ പക്ഷിയുടെ ചിത്രം ചിത്രകാരൻ്റെ കൈയിലില്ല താനും. ഈ സമയം ഒരു ബുൾബുൾ പക്ഷി അവിടെ ആ വീട്ടിലേക്കു കടന്നു വന്നു. ദിവസങ്ങൾക്കുള്ളിൽ അത് അവിടൊരു ചെടിച്ചട്ടിയിൽ കൂടുംകൂട്ടി മുട്ടകളുമിട്ടു. മുട്ടയ്ക്ക് അടയിരിക്കുന്നതും മുട്ട വിരിയുന്നതും കുഞ്ഞുങ്ങൾക്കു കുഞ്ഞിച്ചിറകു മുളയ്ക്കുന്നതുമെല്ലാം ചിത്രകാരൻ്റെ കൺമുന്നിൽ സംഭവിച്ചു. ഇതിനിടയിൽ ഒരു ദിവസം കുഞ്ഞുങ്ങളെ അടുത്തു കാണാൻ കൂടു കൂട്ടിയ ചില്ലയുടെ ഇലകൾ ഒന്നു വെട്ടിയൊതുക്കിയത് അബദ്ധമായി. കിളി പരിഭ്രമിച്ച് പറക്കാറായ മക്കളേയും കൂട്ടി അവിടെ നിന്നും പറന്നു പോയി. കുറച്ചു ദിവസത്തിനു ശേഷം മക്കളുമൊത്ത് അമ്മക്കിളി ഒരിക്കൽക്കൂടി വന്ന് ചിത്രകാരനെ കണ്ടശേഷം പിന്നീട് ആ വഴി അവ ചെന്നിട്ടില്ല. മനുഷ്യരെയല്ല, മനുഷ്യരിലെ കലയെ പ്രകൃതി അംഗീകരിക്കുന്നു എന്നതിൻ്റെ തെളിവായി ഇതിനെ കണക്കാക്കാം.
തിരുനെല്ലി പരമ്പരയ്ക്കു ശേഷം, തൻ്റെ വഴി ചിത്രരചനയുടേതു തന്നെയെന്ന് അദ്ദേഹം ഉറപ്പിച്ചു.
തുടർന്ന് നാട്ടുവഴിയുടെ, മണ്ണിൻ്റെ, പുല്ലിൻ്റെ, പൂവിൻ്റെ, ചിത്രങ്ങൾ ധാരാളം ആ ബ്രഷിൽ നിന്നും വിടർന്നുയർന്നു. അവ കണ്ടു നിൽക്കുന്ന ഏതൊരാളിലും ഉള്ളിൽ ഉറങ്ങിക്കിടന്ന കുട്ടി ഉണർന്നെണീറ്റു. കൗതുകമേറെയുള്ള കുട്ടിയുടെ കണ്ണുകളോടെ മാത്രമേ ആ ചിത്രങ്ങളെ കണ്ടു തീർക്കാനാകൂ. ഓരോ ചിത്രവും പലതരം ഇലകൾ കൊണ്ട്, മരങ്ങൾ കൊണ്ട്, പൂവുകളും പുല്ലും കൊണ്ട് കഥ പറയുന്നു.
ബഷീർ ചിത്രങ്ങളിൽ, ചാരുകസേരയിലെ ബഷീറിനൊപ്പം പാത്തുമ്മയുടെ ആടും, ബാല്യകാല സഖിയിലെ നായികാനായകന്മാരും, നമ്മളോടു സംവദിക്കുന്നത് കൃത്യമല്ലേ?
അതിലേറെ ഭംഗിയായി എങ്ങനെയാണ് എഴുത്തിൻ്റെ സുൽത്താനെ വരയ്ക്കേണ്ടത്?
ഇന്നീ കലാകാരൻ്റെ ചിത്രങ്ങൾ ഏഴു കടലും താണ്ടി സഞ്ചരിക്കുന്നത് ഒരു അക്കാദമിക പരിവേഷവും ഇല്ലാതെയാണ്. എല്ലാ ജോലികളിൽ നിന്നും ഇറങ്ങി നിന്ന് മുഴുവൻ സമയ ചിത്രകാരനാകുക എന്ന വലിയ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ച ചാരിതാർത്ഥ്യത്തിലാണീ ചിത്രകാരൻ. നമുക്ക് അക്കാദമിഷ്യന്മാരും, മാധ്യമ പ്രവർത്തകരും, ഉദ്യോഗസ്ഥരുമായ എഴുത്തുകാരുണ്ട്. റിട്ടയർ ചെയ്ത് പെൻഷൻ ഉറപ്പാക്കിയ ശേഷം എഴുത്തിനെ പുണർന്നവരുമുണ്ട്, എന്നാൽ ഞാനൊരു മുഴുവൻ സമയ എഴുത്തുകാരനാണെന്നു പറയുന്ന എത്ര എഴുത്തുകാരുണ്ട്? കൃത്യമായ പെൻഷൻ/ ശമ്പളത്തിൻ്റെ പതുപതുപ്പിൽ സുഖം പറ്റിയിരുന്ന് എഴുതുന്ന പോലെ ആയാസരഹിതമല്ല ജീവിതത്തിൻ്റെ അനിശ്ചിതത്വങ്ങൾ നെഞ്ചിലേറ്റി അക്ഷരത്തീയിൽ ജീവിതമുരുക്കുന്നത്. അതു തന്നെയാണ് ചിത്രകാരന്മാരുടെ കാര്യത്തിലും. അത്രത്തോളമെത്താൻ കെല്പുള്ളവർ എത്ര പേരുണ്ട്? എത്ര പേർക്കതിനു ധൈര്യമുണ്ട് എന്നതാണ് ചോദ്യം. ആ ചോദ്യത്തിന് മുരളി നാഗപ്പുഴ ഉത്തരം നൽകുന്നു സ്വന്തം ജീവിതം കൊണ്ട്. അദ്ദേഹം നിത്യവും കുളിച്ച് വൃത്തിയായി തൻ്റെ സ്റ്റുഡിയോയിൽ കയറുന്നു. വൈകുന്നേരം വരെ ചിത്രരചനയിൽ ഏർപ്പെടുന്നു. വലിയ കാൻവാസുകളിലെ ചിത്രങ്ങൾ പതിനഞ്ച് ഇരുപതു ദിവസം കൊണ്ടു പൂർത്തിയാക്കുന്നു, അവ വിവിധ എക്സിബിഷനുകളിലും, രാജ്യന്തര ലേല ഏജെൻസികൾക്കും പ്രദർശനങ്ങൾക്കു നൽകുന്നു. അവ വിൽക്കപ്പെടുന്നു. ഇതൊരു ചിത്രകാരൻ്റെ വളർച്ചയുടെ കഥയാണ്.

കണ്ണൂരുകാരിയായ ഭാര്യ രാധികയും രണ്ടു പെൺമക്കളും അടങ്ങുന്ന
കുടുംബത്തിൽ ഒരു കാലത്തു കലാകാരന്മാർക്കു വിധിച്ച നീണ്ട താടി, മുടി, ജുബ്ബാവേഷവിധാനങ്ങളോ, ലഹരിയുടെ ഭ്രാന്തോ ഇല്ലാതെ ഒരു സാധാരണക്കാരനായി മുരളി നാഗപ്പുഴ എന്ന ഇന്നു ചിത്രകലാലോകം ഉറ്റുനോക്കുന്ന ചിത്രകാരൻ ജീവിക്കുന്നു, നാട്യപ്രധാനമായ ലോകത്ത് നാട്യങ്ങളേതുമില്ലാതെ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക