
അമേരിക്കന്‍ മലയാളി എഴുത്തുകാരനായിരിക്കുമ്പോഴും പേരില്‍ മാത്രമല്ല, വേരിലും മനസ്സിലും പുന്നയൂര്‍ക്കുളം എന്ന ഗ്രാമം ആഴത്തില്‍ പതിഞ്ഞു കിടക്കുകയാണ്. നാടിന്റെ തണലോര്‍മ്മകള്‍ ഗൃഹാതുരത്വത്തോടെ നെഞ്ചിലേറ്റുന്ന എഴുത്തുകാരനാണ്. മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി കൃതികള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ടെങ്കിലും 'പറക്കുംപക്ഷിയെ പ്രണയിക്കുന്നവര്‍' എന്നത് അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ ആദ്യ നോവലാണ്.
അതിരുകള്‍ക്കപ്പുറത്തേക്ക് അക്ഷരങ്ങളുടെ വെളിച്ചം പകര്‍ന്നു കൊടുക്കുന്ന സഞ്ചരിക്കുന്ന ലൈബ്രറിയാണ് അബ്ദുള്‍ പുന്നയൂര്‍ക്കുളം. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങള്‍ നിറച്ച പെട്ടികളുമായി പോയി സമ്മേളനവേദികളില്‍ പുസ്തകങ്ങള്‍ നിരത്തിവെച്ച് പ്രദര്‍ശിപ്പിച്ച് അതിന് കാവലിരിക്കുന്ന അബ്ദുലിനെ എല്ലാവരും 'സഞ്ചരിക്കുന്ന ലൈബ്രറി' എന്ന ഓമനപ്പേരില്‍ വിളിക്കുന്നു.
18 ആം വയസ്സില്‍ കുന്നത്തൂരിലെ ബി.എസ്.എസ് വായനശാലയിലെ ഡിറ്റക്ടീവ് നോവലുകളില്‍ തുടങ്ങിയതാണ് അക്ഷരങ്ങളോടുള്ള പ്രണയം. 1978 ല്‍ കേരളശബ്ദത്തിലും ജനയുഗത്തിലും സഞ്ചാര സാഹിത്യക്കുറിപ്പ് എഴുതിയാണ് സാഹിത്യജീവിതത്തിന് തുടക്കം കുറിച്ചത്. ജോലി തേടി ഗള്‍ഫിലേക്കും അവിടെനിന്ന് അമേരിക്കയിലേക്കുമുള്ള നീണ്ട യാത്രകള്‍ക്കൊപ്പം അദ്ദേഹത്തിന്റെ തൂലികയും ചലിച്ചുകൊണ്ടേയിരുന്നു. ഇരുപതിലധികം രാജ്യങ്ങളില്‍ സഞ്ചരിച്ച അനുഭവസമ്പത്ത് രചനകളെ സമ്പന്നമാക്കി. ഇദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു വലിയ പുസ്തകമാണ്.
തന്റെ ഒരു സുഹൃത്തിന്റെ വേര്‍പാട് മനസ്സിനെ അലട്ടുമ്പോഴാണ്, സുഹൃത്തിനു നേരെ അയാളുടെ നല്ലപാതിയെറിഞ്ഞ അധിക്ഷേപങ്ങള്‍ അറിയാന്‍ ഇടയായത് 'എന്റെ നായ ചത്താല്‍ ഞാന്‍ മോങ്ങും....'. 'നിങ്ങള്‍ ചത്തിട്ടുവേണം എനിക്ക് കുറച്ചുകാലം കൂടി ജീവിക്കാന്‍...' തൂടങ്ങിയ ആക്രോശങ്ങള്‍ കാതില്‍ പതിച്ചപ്പോഴുണ്ടായ ഷോക്കാണ് ഈ നോവല്‍ പിറവിക്ക് പ്രചോദനം.
മെന്റെല്‍ ഹെല്‍ത്ത് വര്‍ക്കര്‍, സബ്സ്റ്റന്‍സ് അബ്യൂസ് കൗണ്‍സിലര്‍, ക്‌ളിനിക്കല്‍ തെറാപ്പിസ്റ്റ് എന്നീ നിലകളില്‍ അമേരിക്കയില്‍ കാല്‍നൂറ്റാണ്ട് ജോലി ചെയ്തു. ഈ പരിചയത്തിലൂടെ അമേരിക്കന്‍ കുടുംബജീവിതത്തിലെ താളപ്പിഴകള്‍ മനസ്സിലാക്കുവാനും അതിലെ ചില ദുരനുഭവങ്ങള്‍ അടുത്തറിയുവാനും എഴുത്തുകാരന് അവസരമുണ്ടായി. ഈ അനുഭവജ്ഞാനം നോവലില്‍ കൂട്ടിയിണക്കിയത് നോവലിന്റെ മൂല്യമുയര്‍ത്തി.
നോവലിലെ സംഭവങ്ങള്‍ പ്രധാനമായും അരങ്ങേറുന്നത് അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ്. നായകകഥാപാത്രമായ ഷാഫിയുടെയും കുടുംബത്തിന്റെയും ജീവിതമാണ്. ഷാഫി, സ്വപ്രയത്‌നം കൊണ്ട് അന്യദേശത്ത് ജീവിതം കരുപിടിപ്പിക്കാന്‍ നന്നായി ശ്രമിക്കുന്ന മലയാളി യുവാവാണ്. ഷാഫിയുടെ ജീവിതവും മനസ്സുമൊക്കെ ഈഴകീറി അറുപത്തിയൊന്ന് അദ്ധ്യായങ്ങളിലായി അവതരിപ്പിച്ചിരിക്കുന്നു.
ഷാഫിയുടെ പ്രണയിനിയും പിന്നെ ആദ്യഭാര്യയുമായ സിന്ധ്യ സുന്ദരിയും മികച്ച ശമ്പളമുള്ള ജോലിക്കാരിയും കുലീന കുടുബത്തില്‍ പിറന്നവളുമായിരുന്നു. അവളുടെ മാതാപിതാക്കള്‍ ഐറിഷ് വംശജരായിരുന്നു. രണ്ടു മതത്തില്‍ പെട്ടവരായിരുന്നെങ്കിലും അവരുടെ വിവാഹത്തിനെയോ ജീവിതത്തെയോ അതൊട്ടും ബാധിച്ചില്ല. എല്ലാ മതങ്ങളും സമാധാനമാണ് കാംക്ഷിക്കുന്നതെന്നും, നല്ല വ്യക്തിബന്ധങ്ങളാണ് ശ്രേഷ്ഠമെന്നും, ആചാരാനുഷ്ഠാനങ്ങള്‍ക്കപ്പുറം മതങ്ങളില്‍ നിന്നുള്ള ഉത്കൃഷ്ടമായ പാഠങ്ങളാണ് ശീലിക്കേണ്ടതെന്നുമുള്ള നല്ലപാഠം അവര്‍ മാതാപിതാക്കളില്‍ നിന്നും പഠിച്ചിരുന്നു.
പാശ്ചാത്യ സംസ്‌കാരത്തില്‍ വളരുന്ന സ്ത്രീകള്‍ വിശ്വസ്തരാകില്ലെന്നും അവരുമായുള്ള ദാമ്പത്യം നീണ്ടു നില്‍ക്കാന്‍ സാധ്യതയില്ലെന്നുമുള്ള കഥാനായകന്റെ അബോധമനസ്സിലെ വിശ്വാസം കാരണമാണ്, അവനെ മനസ്സുതുറന്ന് സ്‌നേഹിച്ച അവന്റെ ആദ്യഭാര്യ സിന്ധ്യയെ പിരിയാന്‍ കാരണമാകുന്നത്. അതിരുകളില്ലാതെ, മുന്‍വിധിയില്ലാതെ ഷാഫിയെ സ്‌നേഹിച്ചതു പോലെ അവളേയും തിരിച്ചു സ്‌നേഹിച്ചിരുന്നെങ്കില്‍ ആ ബന്ധം പിരിയേണ്ടി വരില്ലായിരുന്നു എന്ന് വൈകി തിരിച്ചറിയുന്നുണ്ട്. ഷാഫിയുടെ വാര്‍ധക്യത്തില്‍ താന്‍ തിരിച്ചറിയാതെ പോയ അവളുടെ പ്രണയത്തെ ഓര്‍ത്ത് പശ്ചാത്തപിക്കുകയും സര്‍ഗ്ഗാത്മകമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. കഥാനായകന്‍ എഴുതുന്ന നഷ്ടപ്രണയത്തിന്റെ മാധുര്യം തുളുമ്പുന്ന കവിതകള്‍ ഇംഗ്‌ളിഷിലും മലയാളത്തിലും നോവലിന്റെ ഭാഗമായി വായിക്കാനാവും.
പിന്നീട് സാബി എന്നു വിളിക്കുന്ന സാബിറ എന്ന പൊന്നാനിക്കാരി സുന്ദരിയെ വിവാഹം ചെയ്ത് അമേരിക്കയിലേക്ക് കൊണ്ടു വന്നു. അവര്‍ക്ക് പിറന്ന ഏകമകനാണ് മുസ്തഫ. ആത് മൈക്യത്തിന് സൗന്ദര്യവുമായി യാതൊരു ബന്ധവും ഇല്ലെന്നും സൗന്ദര്യത്തിനപ്പുറം മറ്റെന്തൊക്കയോ നിത്യജീവിതത്തിന് ആവശ്യമാണെന്നും ഷാഫി ആ ബന്ധത്തില്‍ നിന്നും തിരിച്ചറിഞ്ഞു. സാബിയുമായി പൊരുത്തമില്ലായ്മ അധികരിച്ചതോടെ മിക്കവാറും എല്ലാമാസവും ഫാമിലി കൗണ്‍സിലറെ കാണുമായിരുന്നു. അത് അവരുടെ ജീവിതത്തിന് മാറ്റമൊന്നും ഉണ്ടാക്കിയില്ലെങ്കിലും ദാമ്പത്യജീവിതവും കുടുംബജീവിതവും മെച്ചപ്പെടുത്തുവാനുള്ള കൗണ്‍സിലറുടെ പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ വായനക്കാരക്ക് വളരെ പ്രയോജനകരമാണ്.

സാബിയുടെ കരുതല്‍ കുറയുന്നത് ഉള്ളില്‍ തട്ടുമ്പോള്‍ സിന്ധ്യയുടെ പ്രസന്നമായ മുഖം മുന്നില്‍ തെളിഞ്ഞുവരും. ഷാഫിക്ക് ആദ്യഭാര്യ സിന്ധ്യയെ മറക്കാന്‍ സാധിക്കുന്നില്ലെന്നു മാത്രമല്ല രണ്ടു ജീവിതവും തമ്മില്‍ താരതമ്യപ്പെടുത്തുന്നതും കൂടുതല്‍ കുഴപ്പത്തിലേക്ക് നയിച്ചു.
രോഗം, വേദന, ഉത്കണ്ഠയും, നഴ്‌സിങ്ങ് ഹോമിലെ ഏകാന്തജീവിതം തുടങ്ങിയ ഇന്ത്യനമേരിക്കന്‍ വാര്‍ധക്യ ചിത്രങ്ങള്‍ ഇതില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. നേഴ്‌സിങ്ങ് ഹോമില്‍ അനുഭവിക്കുന്ന ആധിയും വ്യഥയും വിവരിക്കുന്നുണ്ട്. ധൃതിപിടിച്ചുള്ള വിവാഹത്തെയും വിവാഹമോചനത്തെയും, കുട്ടികളെ അമിതമായി ലാളിച്ചു അവരുടെ ഭാവി വഷളാക്കുന്നതിനെപ്പറ്റിയും പരാമര്‍ശിക്കുന്നു. 'പറക്കും പക്ഷിയെ പ്രണയിക്കുന്നവര്‍' എന്ന ശീര്‍ഷകം അര്‍ത്ഥമാക്കുന്നത് കൈയിലിരിക്കുന്ന പക്ഷിയെ വിട്ടു പറക്കുന്ന പക്ഷിയെ പിടിക്കുന്നു എന്ന ആപ്തവാക്യമാണ്.
സുന്ദരമായ പ്രണയം, ഉത്തരവാദിത്വം നിറഞ്ഞ ദാമ്പത്യം, അസംതൃപ്തമായ വാര്‍ദ്ധക്യം, പുതു തലമുറയുടെ ജീവിത വീക്ഷണം ഇവയൊക്കെയാണ് ഈ നോവലിലെ പ്രതിപാദ്യവിഷയങ്ങള്‍. ഭാരതീയ സദാചാര സങ്കല്പങ്ങളെയും കുടുംബബന്ധങ്ങളെയും പാശ്ചാത്യ പശ്ചാത്തലത്തില്‍ പുനര്‍വിചിന്തനത്തിനു വിധേയമാക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ നോവലിന്റെ സാമൂഹ്യപ്രസക്തി.
കുടുംബജീവിതത്തെപ്പറ്റി മലയാളിയുടെ സങ്കല്പങ്ങള്‍ മാറ്റിവരയ്ക്കുന്നതില്‍ പ്രവാസം വഹിച്ച പങ്കിനെക്കുറിച്ച് ഈ നോവല്‍ പ്രസക്തമായി പറയുന്നുണ്ടെന്ന് എം.എന്‍. കാരശ്ശേരിയും, മലയാള നോവലുകള്‍ പ്രമേയങ്ങളിലും ആഖ്യാനത്തിലും ഗ്ലോബലായി മാറുന്ന ഇക്കാലത്ത്, ഇത് മലയാള സാഹിത്യത്തിന് അഭിമാനിക്കാവുന്ന രചനയാണെന്ന് ടി.ഡി. രാമകൃഷ്ണനും അഭിപ്രായപ്പെടുന്നു.

ബാജി ഓടംവേലി
നോവലിലെ കഥാപാത്രത്തിന്റെ 'മുതുക്കന്‍' എന്ന മുനയുള്ള വാക്ക് ഷാഫിയുടെ ഹൃദയത്തിനേല്പിച്ച ക്ഷതം ആവിഷ്‌കരിക്കാന്‍ കഥാകൃത്ത് ഗദ്യകവിതയുടെ മുത്തുമണികള്‍ നിരത്തുന്നതായി ഡോ. എം.വി. പിള്ള ചൂണ്ടിക്കാണിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ കവിതകള്‍ക്കും കഥകള്‍ക്കും ശേഷം നോവല്‍. ഇത് വ്യത്യസ്തമായ അനുഭവത്തിലേക്ക് വായനക്കാരെ നയിക്കുന്നതായി ടി. മോഹന്‍ ബാബു പറഞ്ഞിരിക്കുന്നു. ജീവിതത്തിലെ വിവിധാനുഭവങ്ങളില്‍നിന്നുണ്ടാകുന്ന മാനസിക ഭാവങ്ങളെ ഈ നോവലില്‍ വിദഗ്ധമായി വിശകലനം ചെയ്തു ചിത്രീകരിച്ചിരിക്കുന്നു എന്ന് ഡോ. സോമരാജന്‍ പറഞ്ഞിരിക്കുന്നു.
ഡോ. ഖദീജാ മുംതാസ് ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. നല്ല പാരായണക്ഷമതയുള്ള, ഒരു രാജ്യാന്തര പ്രണയത്തിന്റെ ഊഷ്മളത അനുഭവിപ്പിക്കുന്ന ഈ നോവല്‍ എച്ച് & സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 324 പേജുകളുള്ള ഈ പുസ്ത്കത്തിന്റെ വില 480 രൂപയാണ്.

അബ്ദുള്‍ പുന്നയൂര്‍ക്കുളം
പുന്നയൂര്‍ക്കുളം പത്തായപ്പറമ്പില്‍ മൊയ്തുണ്ണി ഹാജിയുടെയും നരിയപുരം ഐശുമ്മ ഹജുമ്മയുടെയും മകന്‍. വന്നേരി ഹൈസ്‌കൂള്‍, മേരിഗ്രോവ് കാത്തലിക് കോളജ് (BSW), വെയിന്‍ സ്റ്റേറ്റ് യൂനിവേഴ്സിറ്റി (MSW) എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1980 മുതല്‍ അമേരിക്കയില്‍.
2015 ല്‍ ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചെങ്കിലും ഇന്നും അക്ഷരങ്ങളുടെ ലോകത്ത് നാട്ടിലും അമേരിക്കയിലുമായി സാഹിത്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. പുന്നയൂര്‍ക്കുളം സാഹിത്യ സമിതി സ്ഥാപകനും ആദ്യകാല പ്രസിഡന്റുമാണ്. വര്‍ഷത്തില്‍ പകുതിയും പുന്നയൂര്‍ക്കുളത്ത് ചെലവഴിക്കുന്ന അദ്ദേഹം അമേരിക്കയിലെ ലാന, മിലന്‍, ഫൊക്കാന തുടങ്ങിയ സംഘടനകളില്‍ സ്ഥിരം സാന്നിധ്യമാണ്. രക്ഷിതാക്കളില്‍ വായനാശീലം വളര്‍ത്താന്‍ സ്‌കൂളുകളില്‍ 'അമ്മവായന' പദ്ധതിക്കും അബ്ദുല്‍ തുടക്കം കുറിച്ചു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മീന്‍കാരന്‍ ബാപ്പ (കവിത), സ്‌നേഹസൂചി (കവിത), എളാപ്പ (കഥ), ബക്കറ്റ് ഓഫ് ഇമോഷന്‍സ് (കവിത), കാച്ചിങ് ദ ഡ്രീം (കഥ). പറക്കും പക്ഷിയെ പ്രണയിക്കുന്നവര്‍ (നോവല്‍) തുടങ്ങിയവ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു.
ഭാര്യ :- റഹ്‌മത്ത്, മക്കള്‍ :- മന്‍സൂര്‍, മുര്‍ഷിദ്, മൊയ്തീന്‍.
email :- abdulpunnayurkulam65@gmail.com