
യേശുക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിന്റെ രണ്ടായിരാം ആണ്ട് വാർഷികം 2030-ൽ ആഘോഷിക്കുന്നതിനായി ജോർദാൻ സർക്കാർ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. ജോർദാനിലെ അൽ-മഗ്താസിൽ നടന്ന യേശുവിന്റെ മാമോദീസയുടെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് പ്രധാനമന്ത്രി ജാഫർ ഹസ്സന്റെ നേതൃത്വത്തിലുള്ള ദേശീയ സമിതിയാണ് ഇതിനായുള്ള പദ്ധതികൾക്ക് രൂപം നൽകുന്നത്.
ജോർദാൻ നദിയിൽ വച്ച് സ്നാപക യോഹന്നാനിൽ നിന്നും യേശു മാമോദീസ സ്വീകരിച്ചിട്ട് രണ്ടായിരം വർഷങ്ങൾ പൂർത്തിയാകുന്ന, 2030 മാണ്ടിൽ, വിപുലമായ തീർത്ഥാടന പരിപാടികൾക്ക് വിവിധ പദ്ധതികൾക്ക് രൂപം നൽകിക്കൊണ്ട്, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച ദേശീയ സമിതിയുടെ ആദ്യ യോഗം പ്രധാനമന്ത്രി ജാഫർ ഹസ്സന്റെ അധ്യക്ഷതയിൽ കഴിഞ്ഞ തിങ്കളാഴ്ച ചേർന്നു.
ക്രൈസ്തവ സഭാ നേതാക്കളുടെ കൗൺസിൽ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും ആഘോഷങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ ഒരുക്കുന്നതിനും യോഗം തീരുമാനിച്ചു. സമാധാനം, സ്നേഹം, സഹവർത്തിത്വം എന്നിവയുടെ ആഗോള കേന്ദ്രമായി ജോർദാനെ അടയാളപ്പെടുത്തുന്നതിനൊപ്പം, ലോകമെമ്പാടുമുള്ള ക്രൈസ്തവ തീർത്ഥാടകരുടെ പ്രധാന ലക്ഷ്യസ്ഥാനമായി രാജ്യത്തെ മാറ്റുകയാണ് ഈ ഉദ്യമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി ജ്ഞാനസ്നാനം നടന്ന സ്ഥലത്തിന് സമീപം വൻതോതിലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തീർത്ഥാടകർക്കായി ഒരു സംയോജിത ഗ്രാമം, യേശുക്രിസ്തുവിന്റെ സ്നാനത്തെക്കുറിച്ചുള്ള പ്രത്യേക മ്യൂസിയം, പരിസ്ഥിതി സൗഹൃദമായ ഹരിത ഇടനാഴികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്താൻ വിവിധ മന്ത്രാലയങ്ങളുടെ ഏകോപനവും ഉറപ്പാക്കിയിട്ടുണ്ട്.
രാഷ്ട്രത്തെ വിവിധ വകുപ്പുകളിലെ മന്ത്രിമാരെ കൂടാതെ ഗ്രീക്ക് ഓർത്തഡോക്സ്, കത്തോലിക്കാ, ആംഗ്ലിക്കൻ, ലൂഥറൻ സഭകളിലെ പ്രമുഖ മതനേതാക്കളും ഈ ദേശീയ സമിതിയിൽ അംഗങ്ങളാണ്