
വെട്ടിക്കൽ : മുളന്തുരുത്തി വെട്ടിക്കൽ ദയറായിലെ സെന്റ് ഗ്രീഗോറിയോസ് നഗറിൽ ഓഗസ്റ്റ് 27ന് സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന് ഒരുക്കങ്ങൾ തുടങ്ങി. പ്രധാന വേദിയുടെ പന്തൽ കാൽനാട്ട് കർമ്മം മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിച്ചു. വെട്ടിക്കൽ ദയറാ അങ്കണത്തിൽ നടന്ന ചടങ്ങിൽ മെത്രാപ്പോലീത്താമാരായ ഡോ.യാക്കോബ് മാർ ഐറേനിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറിമാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വൈദികർ, വിവിധ കമ്മിറ്റികളുടെ പ്രതിനിധികൾ, വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു. സഭയ്ക്ക് പുതുതായി നാല് മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് മലങ്കര നസ്രാണി പള്ളിയോഗം പരിശുദ്ധ പരുമല തിരുമേനിയുടെ ജൻമനാടായ മുളന്തുരുത്തിയിൽ സമ്മേളിക്കുന്നത്. ലോകമെമ്പാടുമുള്ള പള്ളികളെ പ്രതിനിധീകരിച്ച് നാലായിരത്തോളം അംഗങ്ങൾ അസോസിയേഷൻ യോഗത്തിൽ പങ്കെടുക്കും.
ചിത്രം : മുളന്തുരുത്തി വെട്ടിക്കൽ ദയറായിലെ സെന്റ് ഗ്രീഗോറിയോസ് നഗറിൽ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ പ്രധാനവേദിയുടെ പന്തൽകാൽനാട്ട് കർമ്മം മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിക്കുന്നു. ഡോ.യാക്കോബ് മാർ ഐറേനിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, അഡ്വ.ബിജു ഉമ്മൻ, റോണി വർഗീസ് ഏബ്രഹാം, ഡോ.തോമസ് വർഗീസ് അമയിൽ തുടങ്ങിയവർ സമീപം.