Image

കുരങ്ങുമായി റീല്‍ ചെയ്തു, ചിയാന്‍ വിക്രം വിവാദത്തില്‍; അന്വേഷണവുമായി വനം വകുപ്പ്

Published on 12 August, 2026
കുരങ്ങുമായി റീല്‍ ചെയ്തു, ചിയാന്‍ വിക്രം വിവാദത്തില്‍; അന്വേഷണവുമായി വനം വകുപ്പ്


 

കുരങ്ങുമായി റീല്‍ ചെയ്ത് നടന്‍ ചിയാന്‍ വിക്രം വിവാദത്തില്‍. വംശനാശഭീഷണി നേരിടുന്ന കുരങ്ങുമായിട്ടായിരുന്നു താരത്തിന്റെ റീല്‍. എന്നാല്‍ ഇത് വിവാദമായതോടെ നടന്‍ റീല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും ഡിലിറ്റ് ചെയ്തു.

ലാര്‍ ഗിബ്ബണ്‍ എന്ന വംശനാശഭീഷണി നേരിടുന്ന കുരങ്ങുമായാണ് വിക്രം റീല്‍ എടുത്തത്. ദേശീയ വന്യജീവി സംരക്ഷണ നിയമപ്രകാരവും വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെയും മൃഗങ്ങളുടെയും സംരക്ഷണത്തിനായുള്ള സൈറ്റ്‌സ് (CITES) ന് കീഴിലും സംരക്ഷിക്കുന്ന കുരങ്ങുമായുള്ള വീഡിയോയാണ് വിക്രത്തെ വിവാദത്തിലാക്കിയത്.

വിക്രമിന്റെ മകളുടെ ഭര്‍ത്താവിന്റെ അച്ഛനും ബിസിനസുകാരനുമായ സി.കെ രംഗനാഥന് വംശനാശം നേരിടുന്ന അപൂര്‍വ ജീവികളുടെ വ്യാപാരവുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ക്കിടയിലാണ് ഇത്തരം ജീവിയുമൊത്തുള്ള വിക്രമിന്റെ വീഡിയോ.

വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വ്യാപാരവുമായി ബന്ധപ്പെട്ടും ഇവയെ കൈവശം വച്ചതിന്റെ പേരിലും രംഗനാഥനെതിരെ തമിഴ്‌നാട് വനംവകുപ്പ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. വിക്രമിന്റെ വീഡിയോയില്‍ ഉള്ള കുരങ്ങിനെ രംഗനാഥന്‍ മണിപ്പൂരില്‍ നിന്നും വാങ്ങിയതാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള കണ്‍വെന്‍ഷന്‍ (CITES) അനുബന്ധം I-ല്‍ ലാര്‍ ഗിബ്ബണുകള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ആവശ്യമായ CITES ഇറക്കുമതി, കയറ്റുമതി അനുമതികള്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (DGFT) ഡോക്യുമെന്റേഷന്‍, അത് ഇറക്കുമതി ചെയ്യുന്ന സംസ്ഥാനത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി എന്നിവയില്ലാതെ സ്വന്തമാക്കാന്‍ കഴിയില്ല.

കുരങ്ങ് ചെന്നൈയിലെത്തിയത് ഏത് സാഹചര്യത്തിലാണെന്നും വിദേശ ഇനങ്ങളെ കൈവശം വയ്ക്കുന്നതിനും കൈമാറുന്നതിനും നിയന്ത്രിക്കുന്ന എല്ലാ നിയമപരമായ ആവശ്യകതകളും പാലിച്ചിട്ടുണ്ടോ എന്നും വകുപ്പ് പരിശോധിച്ചുവരികയാണെന്ന് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ രാകേഷ് കുമാര്‍ ദോഗ്ര പറഞ്ഞു.

മണിപ്പൂരില്‍ നിന്നും ചെന്നൈയിലെത്തിയ കുരങ്ങിനെ ദത്തെടുക്കലിന്റെ ഭാഗമായാണ് കൈമാറ്റം ചെയ്തതെന്നാണ് രേഖകള്‍ ഉള്ളത്. എന്നാല്‍ ഇതിന് ഇപ്പോഴും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭിച്ചിട്ടില്ലെന്നിരിക്കെയാണ് വിവാദം ഉണ്ടായിരിക്കുന്നത്.

തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നും കുരങ്ങിനെ കടത്തിയതാകാമെന്നും വനം വകുപ്പ് സംശയിക്കുന്നുണ്ട്. നിലവില്‍ കുരങ്ങ് എങ്ങനെ ഇന്ത്യയിലെത്തിയെന്നതിന്റെ രേഖകള്‍ പരിശോധിച്ചുവരികയാണെന്നും കുരങ്ങ് എവിടെ നിന്നും വന്നു എന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്. വിക്രമിന്റെ വിഡിയോയിലുള്ള ലാര്‍ ഗിബ്ബണ്‍ പൂര്‍ണ വളര്‍ച്ചെയത്തിയാതാണെന്നും എത്ര കാലമായി ഈ കുരങ്ങിനെ പിടികൂടിയി തടവിലാക്കിയിട്ടെന്ന് വന്യജീവി സംരക്ഷണപ്രവര്‍ത്തകര്‍ ആശങ്കയറിയിക്കുന്നുണ്ട്.

മലേഷ്യ, ഇന്തോനീഷ്യ, തായ്‌ലന്‍ഡ്, മ്യാന്‍മര്‍,ലാവോസ് എന്നീ രാജ്യങ്ങളിലാണ് ഗിബ്ബണുകള്‍ ഉള്ളത്. ഉയര്‍ന്ന മരങ്ങളുള്ള കാടുകളിലാണ് സാധാരണയായി ലാര്‍ ഗിബ്ബണ്‍ കുരങ്ങുകള്‍ അതിജീവിക്കുന്നത്. ഇന്ത്യയില്‍ ഈ ഗിബ്ബണ്‍ വളരുന്നില്ല. ഇവയെ മെരുക്കി വളര്‍ത്താന്‍ കഴിയില്ലെന്നും കൂട്ടിലിട്ടു വളര്‍ത്തുന്നതും ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ നിന്നും മാറ്റിനിര്‍ത്തുന്നതും കുറ്റകരമാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക