Image

കഴിഞ്ഞ ഒന്‍പതു വര്‍ഷം എന്റെ പേരില്‍ ആ നല്ല മനുഷ്യനെയും ബലിയാടാക്കി: ദിലീപ്

Published on 12 August, 2026
 കഴിഞ്ഞ ഒന്‍പതു വര്‍ഷം എന്റെ പേരില്‍ ആ നല്ല മനുഷ്യനെയും ബലിയാടാക്കി: ദിലീപ്

 

ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചതില്‍ ഡോ. സി.എം. ഹൈദരാലിക്ക് ആശംസകളുമായി നടന്‍ ദിലീപ്.

കേസിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്താനുള്ള ചില പോലീസുകാരുടെ ശ്രമങ്ങള്‍ക്കിടയില്‍ ഡോക്ടറെയും വേട്ടയാടുകയായിരുന്നുവെന്നും ഒടുവില്‍ സത്യം ജയിച്ചതുപോലെയാണ് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആശുപത്രി ഡോക്ടറുടെ കൈകളില്‍ തിരികെയെത്തിയതെന്നും ദിലീപ് പറഞ്ഞു.

ആലുവയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ച അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയുടെയും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെയും ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കവെയാണ് താനും ഡോക്ടറും നേരിട്ട പ്രയാസങ്ങളെക്കുറിച്ച് ദിലീപ് പറഞ്ഞത്.

''ഒരേ കാലഘട്ടത്തിലാണ് ഞാനും ഡോക്ടറും ജീവിതത്തില്‍ ഓരോ പ്രയാസകരമായ ഘട്ടങ്ങളിലൂടെയും കടന്നുപോയ്‌ക്കൊണ്ടിരുന്നത്. എന്റെ വിഷയങ്ങളില്‍ എന്നെ ഒറ്റപ്പെടുത്തി ഒരു ദ്വീപിലെന്നപോലെ ആക്കാനും, എനിക്ക് ഒരാളുടെ പിന്തുണയോ സഹായമോ ഇല്ലാതിരിക്കാനും വേണ്ടി കുറച്ച് പൊലീസുകാര്‍ ചേര്‍ന്ന് പല കാര്യങ്ങളും ചെയ്ത് കൂട്ടിയപ്പോള്‍, പാവം ഡോക്ടറെയും പിടിച്ച് ബലിയാടാക്കുകയും വളരെ മോശമായി ചിത്രീകരിക്കുകയും ചെയ്തു.

എന്റെ ചെറുപ്പകാലം മുതല്‍, അതായത് ഓര്‍മവച്ച കാലം തൊട്ട്, ഏകദേശം 50 വര്‍ഷത്തിലേറെയായുള്ള പരിചയമുണ്ട് ഡോക്ടറുമായി.  ഞാന്‍ കണ്ടിട്ടുള്ള ഡോക്ടര്‍ എന്ന് പറയുന്നത് സി.എം. ഹൈദരാലി ഡോക്ടറാണ്. ഇവിടെയിരിക്കുന്ന കുറേപേര്‍ക്കൊക്കെ അറിയാം, അന്ന് ചെറിയൊരു വീട്ടിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ക്ലിനിക്.

അതിനുശേഷം ഡോക്ടറുടെ കഠിനപ്രയത്‌നം കൊണ്ടാണ് ആലുവക്കാര്‍ക്ക് നല്ലൊരു ആശുപത്രി ലഭിക്കുന്നത്.  ഞാനൊക്കെ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട്; പുറത്തുള്ള ആശുപത്രികളില്‍ 1000 രൂപയാകുമെങ്കില്‍, ഹൈദരാലി ഡോക്ടറുടെ അടുത്ത് വന്നാല്‍ 90 രൂപയ്‌ക്കോ നൂറ്റിചില്ലാനം രൂപയ്‌ക്കോ മരുന്ന് വാങ്ങിച്ച് പെട്ടെന്ന് സുഖപ്പെടും. എല്ലാവരെയും പെട്ടെന്ന് സൗഖ്യമാക്കുന്ന അത്രയും കൈപ്പുണ്യമുള്ള ഡോക്ടറാണ് സി.എം. ഹൈദരാലി എന്ന് ആലുവക്കാര്‍ക്ക് മുഴുവന്‍ അറിയാം. ഡോക്ടറെയൊന്ന് കാണണമെങ്കില്‍ അത്രയും തിരക്കായിരുന്നു ആ ആശുപത്രിയില്‍.  

നമ്മളെല്ലാവരും പറഞ്ഞതുപോലെ തന്നെ, അദ്ദേഹത്തിന് ചെറിയൊരു സമയദോഷം സംഭവിച്ചു. അതിന്റെയിടയിലാണ് ഒന്‍പത് വര്‍ഷക്കാലം ഈ ആശുപത്രി അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് വിട്ടുപോവുകയും പിന്നീട് കേസും കൂട്ടവുമൊക്കെയായി തിരികെ ലഭിക്കുകയും ചെയ്തത്.

അദ്ദേഹം കഷ്ടപ്പെട്ടുണ്ടാക്കിയെടുത്ത, അദ്ദേഹത്തിന്റെ വിയര്‍പ്പിന്റെയും പ്രയത്‌നത്തിന്റെയും ഫലമാണ് ഈ ആശുപത്രി. മാത്രമല്ല, ആലുവക്കാര്‍ക്കും സമീപപ്രദേശത്തുള്ളവര്‍ക്കുമൊക്കെ വലിയൊരു ആശ്വാസകേന്ദ്രമായിരുന്നു അന്‍വര്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍.

നേരത്തെ പറഞ്ഞതുപോലെ, ഒരേ കാലഘട്ടത്തിലാണ് ഞാനും ഡോക്ടറും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോയത്. എന്നെ സഹായിക്കുന്നതില്‍ നിന്ന് ആളുകളെ തടയാന്‍ പൊലീസുകാര്‍ നോക്കിയപ്പോള്‍, പാവം ഡോക്ടറെയും ഇതിലേക്ക് വലിച്ചിഴച്ചു.

എനിക്കതില്‍ വലിയ സങ്കടമുണ്ടായിരുന്നു. കാരണം, എന്റെ പേരില്‍ ആ നല്ല മനുഷ്യന്‍ എത്രത്തോളം ബലിയാടായി! വെറുതെ വായില്‍ തോന്നിയത് ആരോപിക്കുക, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക... നമുക്കൊന്നും പറയാനും പറ്റില്ല. കൈയും കാലും കെട്ടിയിട്ടിട്ട് അടിക്കുക എന്ന് പറയുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലം.

ഈ കാലയളവില്‍ ഡോക്ടര്‍ എന്നെ വിളിച്ച് ഇടയ്ക്കിടെ ചോദിക്കും, 'ദിലീപിന്റെ കേസ് എന്തായി' എന്ന്. അടുത്ത ആഴ്ചത്തേക്ക് മാറ്റിവെച്ചു എന്ന് ഞാന്‍ പറയുമ്പോള്‍, 'ദൈവമേ, അപ്പോള്‍ എന്റെ കേസും മാറ്റുമോ' എന്ന് ഡോക്ടര്‍ വിഷമത്തോടെ ചോദിക്കും.

ഓരോ തവണ ചോദിക്കുമ്പോഴും ഞാന്‍ പറയും, 'ചിലപ്പോള്‍ അടുത്ത ആഴ്ചത്തേക്ക് മാറ്റാന്‍ സാധ്യതയുണ്ട്' എന്ന്. കോടതി നടപടികളില്‍ എന്റെയും ഡോക്ടറുടെയും കാര്യങ്ങള്‍ ഒരേപോലെയാണ് പൊയ്‌ക്കൊണ്ടിരുന്നത്. വിഷമങ്ങള്‍ വന്നപ്പോള്‍ ഡോക്ടര്‍ക്ക് ഹാര്‍ട്ട് സര്‍ജറിയായി, ആശുപത്രിയിലായി. വര്‍ഷങ്ങളോളം കീഴ്‌കോടതിയിലും മേല്‍കോടതിയിലുമൊക്കെയായി കേസ് നീണ്ടുപോയി. അതോടൊപ്പം തന്നെ എന്റെ കേസും മുന്നോട്ട് പോയിക്കൊണ്ടിരുന്നു.

ഒടുവില്‍ സത്യം ജയിച്ചു എന്ന് പറയുന്നതുപോലെ, ഡോക്ടര്‍ക്ക് അദ്ദേഹത്തിന്റെ ആശുപത്രി തിരികെ ലഭിച്ചു. കേസ് നീണ്ടുപോയപ്പോള്‍, മനസ്സ് മടുത്ത് അദ്ദേഹം ഇത് ഉപേക്ഷിച്ചു കളയുമോ എന്ന് എനിക്ക് ഭയമുണ്ടായിരുന്നു.

ആലുവയില്‍ ഒരുപാട് ചാരിറ്റി ചെയ്യുന്ന ആളുകളുണ്ട്. അതില്‍ എടുത്തുപറയേണ്ട ഒരാളാണ് ഡോക്ടര്‍ സി.എം. ഹൈദരാലി. 2009-ല്‍ എന്റെ അച്ഛന്റെ പേരില്‍ ഒരു ട്രസ്റ്റ് തുടങ്ങാനുള്ള പ്രധാന കാരണം അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി തന്നെയാണ്. നാട്ടിലും തൊട്ടടുത്ത പ്രദേശങ്ങളിലുമൊക്കെയായി ഡോക്ടറുടെ നേതൃത്വത്തില്‍ കൂട്ടായ്മകള്‍ ഉണ്ടാക്കുകയും ഒരുപാട് പേര്‍ക്ക് വീടുകള്‍ വെച്ചുകൊടുക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ഡോക്ടറും, ഡോക്ടര്‍ ടോണി ഫെര്‍ണാണ്ടസും, റെഡ് ക്രോസും, സെന്റ് സേവ്യേഴ്‌സ് കോളജുമൊക്കെ ചേര്‍ന്ന് 90 ഓളം വീടുകള്‍ വച്ചുനല്‍കി. എന്റേതായ ഒരു വിഹിതം നല്‍കി ഞാനും അതിന്റെ ഭാഗമായി.

പിന്നീട് ട്രസ്റ്റിന്റെ പേരില്‍ 1000 വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന പദ്ധതിക്ക് ചുക്കാന്‍ പിടിച്ചതും എല്ലാ സഹായങ്ങളും ചെയ്തുതന്നതും റെഡ് ക്രോസും ഡോക്ടര്‍ സി.എം. ഹൈദരാലിയുമായിരുന്നു. ജി.പി. ചാരിറ്റബിള്‍ ട്രസ്റ്റ് അതിനെ പിന്തുണച്ചുപോന്നു. ആ പദ്ധതിയിലൂടെ 11 വീടുകള്‍ പൂര്‍ത്തിയാക്കിയ സമയത്താണ് എനിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. നമ്മള്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്താല്‍, ഉടനെ അത് 'മറ്റയാള്‍ക്ക് കാശ് കൊടുത്തതാണ്' എന്ന് പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥരായ പൊലീസുകാര്‍ കുറ്റപ്പെടുത്താന്‍ തുടങ്ങി. അതോടുകൂടി ആ ട്രസ്റ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന ഒരുപാട് കുട്ടികളുടെ പഠനച്ചെലവുകള്‍ നമ്മള്‍ ഏറ്റെടുത്തിരുന്നു. ആര്‍.സി.സി., മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ എന്നിവയുമായി സഹകരിച്ച് ഒരുപാട് നിര്‍ദ്ധന രോഗികളുടെ ബില്ലുകള്‍ സെറ്റില്‍ ചെയ്തിരുന്നു. എന്നാല്‍ ആ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെല്ലാം താല്‍ക്കാലികമായി ഫ്രീസ് ചെയ്യേണ്ടിവന്നു.

ഇത്രയും പ്രശ്‌നങ്ങള്‍ക്കിടയിലും, ആശുപത്രി അടഞ്ഞുകിടന്നപ്പോഴും, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വഴി ഒരു രൂപ പോലും വാങ്ങാതെ ഡോക്ടര്‍ ഒരുപാട് പേരെ ശുശ്രൂഷിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ ആ നന്മയാണ് ഇന്ന് നമുക്ക് ഏറ്റവും സന്തോഷമുള്ള ഒരു ദിവസം സമ്മാനിച്ചത്. കാരണം, അദ്ദേഹത്തിന്റെ സ്ഥാപനം വീണ്ടും സജീവമാകുകയാണ്.

മുമ്പ് അദ്ദേഹത്തോടൊപ്പം കൈപ്പുണ്യമുള്ള മികച്ചൊരു കൂട്ടം ഡോക്ടര്‍മാരുണ്ടായിരുന്നു. ആശുപത്രി അടച്ചപ്പോള്‍ അവരൊക്കെ മറ്റ് ഹോസ്പിറ്റലുകളിലേക്ക് മാറി.

എങ്കിലും അവരില്‍ ചിലര്‍ എന്നോട് പറഞ്ഞിരുന്നു, 'എന്നെങ്കിലും ഹൈദരാലി ഡോക്ടര്‍ ആ ഹോസ്പിറ്റല്‍ വീണ്ടും തുറക്കുകയാണെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും തിരിച്ചുവരും' എന്ന്. എന്തായാലും ആലുവക്കാര്‍ക്കും സമീപവാസികള്‍ക്കും അദ്ദേഹത്തിന്റെ സേവനം വീണ്ടും ലഭ്യമാകാന്‍ പോകുന്നു. അദ്ദേഹത്തിന് ദീര്‍ഘായുസും ആയുരാരോഗ്യ സൗഭാഗ്യങ്ങളും നേരുന്നു.''- ദിലീപിന്റെ വാക്കുകള്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക