
തുടക്കം സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച വിസ്മയ മോഹന്‍ലാലിനെ അഭിനന്ദിച്ച് നടി ലിസി പ്രിയദര്‍ശന്‍. വിസ്മയയുടെ പൊതുയിടങ്ങളില്‍ സംസാരിക്കുമ്പോഴുള്ള പേടിയെ കളിയാക്കിവര്‍ക്കുള്ള മറുപടിയാണ് താരം നല്‍കിയിരിക്കുന്നതെന്നാണ് ലിസി പറഞ്ഞത്.
മോഹന്‍ലാലില്‍ നിന്ന് പകര്‍ന്നു കിട്ടിയ അഭിനയപാടവം വിസ്മയ വെള്ളിത്തിരയില്‍ കൃത്യമായി അടയാളപ്പെടുത്തിയെന്നും അമ്മയില്‍ നിന്ന് പകര്‍ന്നു കിട്ടിയ ലളിതവും വിനയപൂര്‍വവുമായ പെരുമാറ്റം എപ്പോഴും കാത്തുസൂക്ഷിക്കണമെന്നും അവര്‍ ആശംസിച്ചു.
'എന്റെ പ്രിയപ്പെട്ട വിസ്മയ... നിന്റെ അരങ്ങേറ്റ ചിത്രമായ 'തുടക്കത്തിലെ' കാഴ്ചകള്‍ എന്നെ അദ്ഭുതപ്പെടുത്തി! സ്‌ക്രീനില്‍ നീ കാഴ്ചവച്ച മിന്നുന്ന പ്രകടനം കണ്ടപ്പോള്‍ അഭിമാനം കൊണ്ട് എന്റെ മനസ് നിറഞ്ഞു. സ്‌കൂള്‍ കാലഘട്ടം മുതല്‍ക്കേ വേദികളില്‍ നിന്റെ ഉള്ളിലെ കലാകാരി തിളങ്ങിനിന്നിരുന്നു.
നമ്മുടെ രാജ്യം കണ്ട എക്കാലത്തെയും മഹാനായ നടന്മാരില്‍ ഒരാളായ അച്ഛനില്‍ നിന്ന് നിനക്ക് ലഭിച്ച ആ അഭിനയ പ്രതിഭ, ഇന്ന് വെള്ളിത്തിരയില്‍ പൂര്‍ണതയോടെ പ്രകാശിക്കുന്നത് കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നു. 'പുലിക്ക് ജനിച്ചത് പൂച്ചയാവില്ലല്ലോ!'
നിന്റെ രൂപത്തെയും ഭാവങ്ങളെയുമൊക്കെച്ചൊല്ലി ചില മുഖമില്ലാത്ത മനുഷ്യര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചപ്പോള്‍, വാക്കുകള്‍ കൊണ്ടല്ല, മറിച്ച് വാതായനങ്ങളെല്ലാം അടപ്പിക്കുന്ന തരത്തിലുള്ള അസാധ്യ അഭിനയം കൊണ്ട് നീ മറുപടി നല്‍കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. നീ അത് തെളിയിച്ചു കാട്ടി!
ചിത്രത്തിലെ നിന്റെ ആക്ഷന്‍ രംഗങ്ങള്‍ ശരിക്കും വേറെത്തന്നെ ലെവലാണ്! നിന്റെ ഫ്‌ലെക്‌സിബിലിറ്റിയും സ്‌ക്രീന്‍ പ്രസന്‍സും അതിശയകരമാണ്. ഒരു നായിക എങ്ങനെയാവണം എന്നതിനെക്കുറിച്ചുള്ള പരമ്പരാഗതമായ എല്ലാ വാര്‍പ്പുമാതൃകകളെയും നീ തിരുത്തിക്കുറിച്ചു. പ്രായമല്ല, മറിച്ച് പ്രതിഭയും വ്യക്തിത്വവും സമര്‍പ്പണവുമാണ് പ്രധാനം എന്ന് നിന്റെ മുപ്പതുകളില്‍ നീ ലോകത്തിന് കാണിച്ചുകൊടുത്തു.
പൊതുവേദികളില്‍ കാണാറുള്ള ആ പരിഭ്രമവും നിഷ്‌കളങ്കതയും ആവേശവുമാണ് നിന്നെ എല്ലാവരുടെയും പ്രിയങ്കരിയാക്കുന്നത്. ആ നിഷ്‌കളങ്കത എന്നും നിന്റെ കൂടെയുണ്ടാവട്ടെ.
അമ്മയില്‍ നിന്ന് പകര്‍ന്നു കിട്ടിയ ആ ലാളിത്യവും വിനയവും ദയയും എന്നും കാത്തുസൂക്ഷിക്കുക. പ്രിയപ്പെട്ട വിസ്മയ, ഇത് മനോഹരമായ ഒരു തുടക്കം മാത്രമാണ്, ഏറ്റവും മികച്ച നേട്ടങ്ങള്‍ ഇനി നിന്നെ തേടിയെത്താനിരിക്കുന്നതേയുള്ളൂ! ഒരുപാട് നല്ല കഥാപാത്രങ്ങളും സിനിമകളും നിനക്കുണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.
ആഷിഷ് ജോ ആന്റണി, ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സര്‍പ്രൈസ് നീയായിരുന്നു! അത്രയധികം ആകര്‍ഷകമായ സ്‌ക്രീന്‍ പ്രസന്‍സോടെയാണ് നീ അഭിനയിച്ചു തകര്‍ത്തത്. വാക്കുകളേക്കാള്‍ നിന്റെ പ്രകടനക്ഷമമായ ആ വലിയ കണ്ണുകള്‍ ഒരുപാട് കാര്യങ്ങള്‍ സംവദിക്കുന്നുണ്ടായിരുന്നു.
വരുംകാലത്ത് ആന്റണി പെരുമ്പാവൂര്‍ എന്ന വിജയിച്ച നിര്‍മാതാവിനേക്കാള്‍, 'ആഷിഷ് ജോയുടെ അച്ഛന്‍' എന്ന വിലാസത്തില്‍ അദ്ദേഹം അഭിമാനത്തോടെ അറിയപ്പെടും എന്ന് എനിക്ക് ഉറപ്പാണ്!
ഇത്രയും മികച്ചൊരു ത്രില്ലര്‍ ചിത്രം സമ്മാനിച്ചതിന് സംവിധായകന്‍ ജൂഡ് ആന്റണിക്കും ചിത്രത്തിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍!' ലിസി ലക്ഷ്മി കുറിച്ചു.
ലിസിയുടെ കുറിപ്പിന് താഴെ നന്ദി അറിയിച്ചുകൊണ്ട് വിസ്മയ കമന്റ് ചെയ്തു. 'താങ്ക് യു സോ മച്ച് ലിസി ആന്റി, ഈ അഭിപ്രായം ഏറെ വിലപ്പെട്ടതാണ്.' എന്നായിരുന്നു വിസ്മയയുടെ പ്രതികരണം.