Image

സംഘടന ചില ‘ഇത്തിൾക്കണ്ണികളുടെ’ പിടിയിൽ, കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം..; എൻഎസ്എസ് നേതൃത്വത്തിനെതിരെ ഗണേഷ് കുമാർ

Published on 11 August, 2026
സംഘടന ചില ‘ഇത്തിൾക്കണ്ണികളുടെ’ പിടിയിൽ, കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം..;   എൻഎസ്എസ് നേതൃത്വത്തിനെതിരെ ഗണേഷ് കുമാർ

തിരുവനന്തപുരം: കേരളാ നായർ സർവീസ് സൊസൈറ്റി (എൻഎസ്എസ്) നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി കെ.ബി. ഗണേഷ് കുമാർ. എൻഎസ്എസ്സിൽ ഇന്ന് ഒട്ടും ജനാധിപത്യമില്ലെന്ന് ആരോപിച്ച അദ്ദേഹം, സംഘടന ചില ‘ഇത്തിൾക്കണ്ണികളുടെ’ പിടിയിലാണെന്നും തുറന്നടിച്ചു. തിരുവനന്തപുരം സ്റ്റാച്യുവിലെ മന്നം ക്ലബ്ബിൽ സംഘടിപ്പിച്ച ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് ഗണേഷ് കുമാർ ഇക്കാര്യങ്ങൾ പറഞ്ഞത്. എൻഎസ്എസ് കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റപ്പെട്ടതിന് ശേഷം ഗണേഷ് കുമാർ മുൻപും സംഘടനയ്‌ക്കെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഇത്രയും കടുത്ത ഭാഷയിലുള്ള കടന്നാക്രമണം ഇതാദ്യമായാണ്.

‘ഒരു പദവിയിൽ ഇരിക്കുമ്പോൾ അതനുസരിച്ച് ചിന്തിക്കണം. മന്നത്ത് ആചാര്യനിരുന്ന കസേരയിൽ ഇരിക്കുമ്പോൾ അതിനെ കുറിച്ച് ചിന്തിക്കണം. ആരിരുന്ന കസേരയാണെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം എന്ന് തോന്നിക്കുന്ന തരത്തിൽ പെരുമാറരുത്. ശുനകനാണെന്നുള്ള ഓർമയില്ലെങ്കിലും കനകസിംഹാസനത്തിലാണ് ഇരിക്കുന്നതെന്ന ഓർമ എല്ലാവർക്കും നല്ലതാണ്.’ -കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പരോക്ഷമായി ലക്ഷ്യമിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

‘എൻഎസ്എസ് എന്തുകൊണ്ട് മെഡിക്കൽ കോളേജ് തുടങ്ങിയില്ല? മെഡിക്കൽ കോളേജിലെ തൂപ്പുജോലിക്ക് കേറാൻ പോലും യോഗ്യതയുള്ളവർ ഈ വ്യക്തിയുടെ കുടുംബത്തിൽ ഇല്ലാത്തതുകൊണ്ടാണത്. അല്ലാതെ എൻഎസ്എസ്സിന് പണമില്ലാത്തതുകൊണ്ടല്ല. ഒരു ഐടി പാർക്ക് തുടങ്ങി സമുദായത്തിലെ യുവതീയുവാക്കൾക്ക് ജോലി കൊടുക്കാൻ എൻഎസ്എസ് ശ്രമിച്ചില്ല. പകരം ചായക്കട തുടങ്ങിക്കോളാനാണ് പറഞ്ഞത്. തിരുവനന്തപുരത്തെ പ്രമുഖ നായർ നേതാക്കന്മാരൊക്കെ ഇപ്പോൾ ചായക്കട നടത്തുകയാണ്.’ ഗണേഷ് കുമാർ തുറന്നടിച്ചു.

മന്നത്ത് ആചാര്യനും ശബരിമല അയ്യപ്പനും വേണ്ടി സമരം ചെയ്യുന്നത് അഭിമാനമാണ്. എന്നാൽ ഇത്തരം ഇത്തിൾക്കണ്ണികൾക്കുവേണ്ടി നായർ സമുദായാംഗങ്ങൾ തെരുവിലിറങ്ങുന്നത് ഈ സമുദായത്തിനും അതിന്റെ മന്നത്ത് ആചാര്യനും സഹിക്കാൻ കഴിയാത്ത കാര്യമാണ്. എൻഎസ്എസ്സിൽ നടക്കുന്ന ഏറ്റവും വലിയ അഴിമതി സ്വജനപക്ഷപാതമാണ്. ഒരാൾ തന്റെ കുടുംബത്തിൽ നിന്ന് മാത്രം 43 പേരെ ജോലിക്ക് വെച്ചു -ഗണേഷ് കുമാർ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക