
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനവും ക്രിമിനല്‍ പ്രവര്‍ത്തനവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ പലപ്പോഴും മങ്ങിയിട്ടുണ്ടെങ്കിലും, ഇന്ന് ഉയരുന്ന ചില സംഭവങ്ങള്‍ ജനാധിപത്യ സമൂഹത്തെ കൂടുതല്‍ ഗൗരവമായി ആശങ്കപ്പെടുത്തേണ്ടതാണ്. അര്‍ജുന്‍ ആയങ്കിക്കെതിരായ തുടര്‍ച്ചയായ കേസുകളും, പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചുവെന്ന ആരോപണങ്ങളും, സ്വര്‍ണക്കടത്ത്-കൊട്ടേഷന്‍ ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളും ഒപ്പം ഉയരുന്ന രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും ഇതില്‍ പ്രധാനപ്പെട്ടതാണ്.
അര്‍ജുന്‍ ആയങ്കിക്കെതിരെ വിവിധ കേസുകള്‍ നിലവിലുണ്ടെന്നത് അന്വേഷണ ഏജന്‍സികളുടെയും കോടതികളുടെയും നടപടികളിലൂടെ പുറത്തുവന്ന കാര്യമാണ്. പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലാവുകയും തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്ത സാഹചര്യവും ഇപ്പോഴുണ്ട്. എന്നാല്‍ ഈ നിയമനടപടികളേക്കാള്‍ വലിയ ഒരു ചോദ്യം കേരള സമൂഹം ചോദിക്കേണ്ടിവരുന്നു. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരും സ്വാധീനവും ഉപയോഗിച്ച് വളര്‍ന്നുവന്നതായി ആരോപിക്കപ്പെടുന്ന ഒരാള്‍ പിന്നീട് ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുമ്പോള്‍, ആ രാഷ്ട്രീയ പ്രസ്ഥാനം എത്രത്തോളം ഉത്തരവാദിത്തം ഏറ്റെടുക്കണം..?
അത് അര്‍ജുന്‍ ആയങ്കിയെ മാത്രം സംബന്ധിക്കുന്ന ചോദ്യമല്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ സാമൂഹിക ഉത്തരവാദിത്തത്തെ സംബന്ധിക്കുന്ന ചോദ്യമാണ്. അഴീക്കോട് സ്വദേശിയായ അര്‍ജുന്‍ ആയങ്കി രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയാണ് പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ടതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട് സോഷ്യല്‍ മീഡിയയിലെ ശക്തമായ രാഷ്ട്രീയ ഇടപെടലുകളിലൂടെയും അനുയായിവൃന്ദത്തിലൂടെയും ശ്രദ്ധ നേടിയ അദ്ദേഹം, പിന്നീട് സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട വ്യക്തിയായി വാര്‍ത്തകളില്‍ നിറഞ്ഞു.
ഇവിടെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ വ്യക്തിപരമായ വീഴ്ച മാത്രമാണോ കാണേണ്ടത്..? അല്ല. രാഷ്ട്രീയത്തിന്റെ പേരില്‍ ലഭിച്ച സാമൂഹിക സ്വീകാര്യത ഒരു വ്യക്തിക്ക് നിയമത്തിനും പൊലീസിനും മുകളിലുള്ള ഒരു ധാര്‍ഷ്ട്യം നല്‍കുന്നുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്. ഒരു സാധാരണ പൗരന്‍ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയാല്‍ നിയമം അതിന്റെ വഴിക്ക് പോകും. എന്നാല്‍ രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരാള്‍ സോഷ്യല്‍ മീഡിയയിലൂടെ പൊലീസിനെ വെല്ലുവിളിക്കുകയും അന്വേഷണത്തെ പരിഹസിക്കുകയും ചെയ്യുന്നുവെന്ന ആരോപണം ഉയര്‍ന്നാല്‍, അതിനെ വെറും വ്യക്തിപരമായ അഹങ്കാരമായി തള്ളിക്കളയാനാവില്ല.
അത്തരം പെരുമാറ്റത്തിന് പിന്നില്‍ രാഷ്ട്രീയ സംരക്ഷണമുണ്ടോ, മുന്‍കാല രാഷ്ട്രീയ ബന്ധങ്ങളുടെ സ്വാധീനമുണ്ടോ, അതോ സോഷ്യല്‍ മീഡിയയില്‍ രൂപപ്പെട്ട ഒരു അനൗപചാരിക 'ഫാന്‍ ക്ലബ്' സംസ്‌കാരമാണോ എന്നത് അന്വേഷിക്കപ്പെടണം. ''പാര്‍ട്ടിയുമായി ബന്ധമില്ല'...'' എന്ന ഒഴുക്കന്‍മട്ടിലുള്ള മറുപടി മാത്രം മതിയോ എന #്‌ന ചോദ്യവും പ്രസക്തമാണ്. അര്‍ജുന്‍ ആയങ്കിയുടെ ക്രിമിനല്‍ പശ്ചാത്തലം പുറത്തുവന്നതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐയില്‍ നിന്ന് പുറത്താക്കിയത്രേ. സി.പി.എം നേതൃത്വവും ഇത്തരത്തിലുള്ള ക്രിമിനല്‍ സംഘങ്ങളുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. അത് സ്വാഗതാര്‍ഹമാണ്. പക്ഷേ അതോടൊപ്പം ചില അസ്വസ്ഥമാക്കുന്ന ചോദ്യങ്ങള്‍ കൂടി ഉയരുന്നു. ഒരാളെ പുറത്താക്കുന്നത് മാത്രം മതിയോ..?
ഒരു വ്യക്തി പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ള കാലഘട്ടത്തില്‍ നേടിയെടുത്ത രാഷ്ട്രീയ സ്വാധീനം എങ്ങനെ ഉപയോഗിച്ചു..? ആരൊക്കെയാണ് അയാളെ രാഷ്ട്രീയമായി പ്രോത്സാഹിപ്പിച്ചത്..? സോഷ്യല്‍ മീഡിയയില്‍ അയാള്‍ക്കായി സംഘടിതമായി രംഗത്തിറങ്ങിയവര്‍ ആരാണ്..? ക്രിമിനല്‍ പശ്ചാത്തലം പുറത്തുവന്ന ശേഷവും അയാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയമോ സാമൂഹികമോ സംരക്ഷണം ലഭിച്ചോ..? ഇത്തരം ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിക്കണം. കാരണം ഒരു പാര്‍ട്ടി ഒരു വ്യക്തിയെ പുറത്താക്കിയെന്ന് പറയുന്നതുകൊണ്ട് മാത്രം ആ വ്യക്തിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ-സാമൂഹിക ബന്ധങ്ങളുടെ ചരിത്രം മായുന്നില്ല.
ഏറ്റവും അപകടകരമായ പ്രവണത ഗുണ്ടായിസത്തെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ വേഷം ധരിപ്പിക്കുന്നതാണ്. ഇന്നലെ വരെ സൈബര്‍ പോരാളി. ഇന്ന് ക്രിമിനല്‍ കേസ് പ്രതി. നാളെ 'രാഷ്ട്രീയ ഇര' എന്ന പേര് ചാര്‍ത്തിക്കിട്ടുകയും ചെയ്തു. ഇത്തരത്തിലുള്ള പരിവര്‍ത്തനങ്ങള്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം അത്യന്തം അപകടകരമാണ്. നിയമത്തെ ചോദ്യം ചെയ്യുന്നതും പൊലീസിനെ വെല്ലുവിളിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ ഭീഷണി മുഴക്കുന്നതും രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടാല്‍, അത് ജനാധിപത്യത്തിന്റെ അടിസ്ഥാന ധാരണകളെ തന്നെ തകര്‍ക്കും.
രാഷ്ട്രീയ വിമര്‍ശനം ജനാധിപത്യത്തിന്റെ അവകാശമാണ്. പക്ഷേ ഭീഷണി രാഷ്ട്രീയമല്ല. ഗുണ്ടായിസം രാഷ്ട്രീയമല്ല. നിയമത്തെ വെല്ലുവിളിക്കുന്നത് രാഷ്ട്രീയ ധൈര്യവുമല്ല. സി.പി.എം. പോലൊരു വലിയ രാഷ്ട്രീയ പ്രസ്ഥാനം ഈ വിഷയത്തെ കേവലം ''അയാള്‍ ഇപ്പോള്‍ പാര്‍ട്ടിയിലില്ല...'' എന്ന മറുപടിയില്‍ ഒതുക്കരുത്. പാര്‍ട്ടിയുടെ പേരുപയോഗിച്ച് വ്യക്തിപരമായ സ്വാധീനം വളര്‍ത്തുന്നവരെയും, സോഷ്യല്‍ മീഡിയയില്‍ 'സൈബര്‍ പോരാളികള്‍' എന്ന പേരില്‍ സംഘടിതമായി ആക്രമണ-ഭീഷണി രാഷ്ട്രീയം നടത്തുന്നവരെയും പാര്‍ട്ടി തിരിച്ചറിയേണ്ടതുണ്ട്.
മുന്‍ ഡി.വൈ.എഫ്.ഐ നേതാവ് മനു തോമസ് ഉന്നയിച്ച വിമര്‍ശനങ്ങളും ഇതുമായി ബന്ധപ്പെട്ട് ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടതാണ്. ചില 'അതിതീവ്ര സൈബര്‍ വിപ്ലവകാരികള്‍' പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റുന്നുവെന്ന അദ്ദേഹത്തിന്റെ ആരോപണം രാഷ്ട്രീയ നേതൃത്വത്തിന് അവഗണിക്കാനാവാത്ത മുന്നറിയിപ്പാണ്. ഒരു പാര്‍ട്ടിയുടെ ആശയങ്ങള്‍ സംരക്ഷിക്കേണ്ടത് സൈബര്‍ ഗുണ്ടകളെയല്ല; ജനങ്ങളുടെ വിശ്വാസത്തെയാണ്. പാര്‍ട്ടിയുടെ ആശയങ്ങളെ വിമര്‍ശിക്കുന്നവരെ കൂട്ടമായി ആക്രമിക്കുകയും, പാര്‍ട്ടിയുമായി ബന്ധമുള്ളവരെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉയരുമ്പോള്‍ സംഘടിതമായി പ്രതിരോധിക്കുകയും ചെയ്യുന്ന ഒരു സോഷ്യല്‍ മീഡിയ സംസ്‌കാരം വളരുന്നുണ്ടെങ്കില്‍, അതിനെ രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് വിളിക്കാന്‍ കഴിയില്ല. അത് പാര്‍ട്ടിയുടെ ജനാധിപത്യ സ്വഭാവത്തിന് തന്നെ ഭീഷണിയാണ്.
സി.പി.എമ്മിന് ഈ വിഷയത്തില്‍ ഏറ്റവും വലിയ വെല്ലുവിളി ഒരു വ്യക്തിയെ സംരക്ഷിക്കുകയോ തള്ളിപ്പറയുകയോ ചെയ്യുന്നതല്ല. ഗുണ്ടായിസത്തിന് രാഷ്ട്രീയ സംരക്ഷണമില്ലെന്ന് തെളിയിക്കുകയാണ്. അതിനായി പാര്‍ട്ടിക്ക് വ്യക്തമായ നിലപാട് വേണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ രാഷ്ട്രീയമായി ഉയര്‍ത്തിക്കൊണ്ടുവരുന്ന രീതികള്‍ അവസാനിപ്പിക്കണം. പാര്‍ട്ടി അംഗത്വവും രാഷ്ട്രീയ സ്വാധീനവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. സൈബര്‍ ആക്രമണങ്ങളും ഭീഷണികളും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അംഗീകരിക്കരുത്. പൊലീസിനെതിരായ ഭീഷണികളെ രാഷ്ട്രീയ പ്രതികാരമെന്ന പേരില്‍ ന്യായീകരിക്കരുത്. പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ക്കെതിരായ ക്രിമിനല്‍ ആരോപണങ്ങളില്‍ സ്വതന്ത്രമായ അന്വേഷണം നടക്കാന്‍ അനുവദിക്കണം. കുറ്റം തെളിഞ്ഞാല്‍ രാഷ്ട്രീയ പരിഗണനകളില്ലാതെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന നിലപാട് പരസ്യമായി പ്രഖ്യാപിക്കണം. ഇതാണ് യഥാര്‍ത്ഥ രാഷ്ട്രീയ ശുദ്ധീകരണം.
രാഷ്ട്രീയത്തിന്റെ പേരില്‍ വളര്‍ന്ന ഒരു സൈബര്‍ സംസ്‌കാരം എപ്പോഴാണ് ഗുണ്ടാ സംസ്‌കാരമായി മാറുന്നത്..? എന്ന ചോദ്യത്തിനും ഉത്തരം കിട്ടേണ്ടിയിരിക്കുന്നു.