Image

ഓർമ്മയുടെ നാട്ടുവഴികൾ: 'ഠാ ഇല്ലാത്ത മുട്ടായികൾ' വായിക്കുമ്പോൾ ((രാജേഷ് എ.ആര്‍)

Published on 11 August, 2026
ഓർമ്മയുടെ നാട്ടുവഴികൾ: 'ഠാ ഇല്ലാത്ത മുട്ടായികൾ' വായിക്കുമ്പോൾ ((രാജേഷ് എ.ആര്‍)

ഓർമ്മകൾ ഒരിക്കലും വ്യക്തിപരമായ അനുഭവങ്ങളുടെ സ്വകാര്യ ശേഖരം മാത്രമല്ല. ഒരാൾ തന്റെ ബാല്യത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, അയാളോടൊപ്പം ഒരു ഗ്രാമവും അതിന്റെ ഭൂപ്രകൃതിയും മനുഷ്യരും സംസാരഭാഷയും ആചാരങ്ങളും ജീവിതരീതികളും കൂടി ഓർമ്മയുടെ വെളിച്ചത്തിലേക്ക് മടങ്ങിവരുന്നു. അതുകൊണ്ടുതന്നെ ആത്മസ്മരണകൾ പലപ്പോഴും ഒരാളുടെ ജീവിതകഥയെ അതിരുവിട്ട് ഒരു സമൂഹത്തിന്റെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമായി മാറുന്നു. വ്യക്തിയുടെ ഓർമ്മ സമൂഹത്തിന്റെ ഓർമ്മയുമായി ലയിക്കുന്ന ആ ഇടത്താണ് ആത്മസ്മരണകൾക്ക് സാഹിത്യപരമായ ആഴവും ചരിത്രപരമായ പ്രാധാന്യവും കൈവരുന്നത്.

ഫ്രഞ്ച് സാമൂഹ്യചിന്തകനായ മോറിസ് ഹാൽബ്വാക്സ് അവതരിപ്പിച്ച 'Collective Memory' അഥവാ 'കൂട്ടായ ഓർമ്മ' എന്ന ആശയം ഈ പ്രതിഭാസത്തെ ഏറ്റവും വ്യക്തമായി വിശദീകരിക്കുന്നു. ഓർമ്മ വ്യക്തിയുടെ മനസ്സിൽ മാത്രം സൂക്ഷിക്കപ്പെടുന്ന ഒന്നല്ല; സമൂഹത്തിന്റെ ജീവിതരീതികളിലും സ്ഥലങ്ങളിലും ഭാഷയിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും അത് ജീവിച്ചിരിക്കുകയും തലമുറകളിലൂടെ പകർന്നുപോവുകയും ചെയ്യുന്നു. ഒരു സമൂഹം പ്രകൃതിയോട് എങ്ങനെ സംവദിച്ചു, എന്തിനെ ഭയപ്പെട്ടു, എന്തിനെ ആഘോഷിച്ചു, എങ്ങനെയാണ് സ്നേഹിക്കുകയും ദുഃഖിക്കുകയും ചെയ്തിരുന്നത് എന്നതിന്റെ അടയാളങ്ങൾ പോലും ഈ കൂട്ടായ ഓർമ്മയുടെ ഭാഗമാണ്.

കേരളത്തിന്റെ ഓരോ ഗ്രാമവും ഇത്തരത്തിലുള്ള കൂട്ടായ ഓർമ്മകളുടെ കലവറയാണ്. കടലും കായലും പുഴയും മലയും വയലും ഇവിടെ വെറും ഭൂപ്രകൃതിയുടെ ഘടകങ്ങളല്ല; മനുഷ്യരുടെ ജീവിതത്തെയും ഭാവനയെയും വിശ്വാസങ്ങളെയും രൂപപ്പെടുത്തിയ സാംസ്കാരിക ഇടങ്ങളാണ്. ഓരോ നാട്ടിനും അതിന്റേതായ കഥകളുണ്ട്. ആ കഥകളിൽ മനുഷ്യർ മാത്രമല്ല, അവരെ ചുറ്റിപ്പറ്റിയ പ്രകൃതിയും തുല്യപ്രാധാന്യമുള്ള കഥാപാത്രമാണ്. മൺവഴികളും പാടങ്ങളും തോട്ടങ്ങളും കൈത്തോടുകളും മഴയും മഞ്ഞും കാറ്റും എല്ലാം മനുഷ്യജീവിതത്തോടൊപ്പം ശ്വസിക്കുന്ന സജീവസാന്നിധ്യങ്ങളായി അവിടെ നിലകൊള്ളുന്നു.

ഈ പശ്ചാത്തലത്തിൽ വായിക്കുമ്പോൾ അശ്വതി ശ്രീകാന്തിന്റെ 'ഠാ ഇല്ലാത്ത മുട്ടായികൾ' ബാല്യകാലസ്മരണകളുടെ ഒരു സമാഹാരം മാത്രമല്ല. അവർ ഓർത്തെടുക്കുന്ന വീടും ഗ്രാമവും അയൽക്കാരും ബന്ധങ്ങളും ചെറുചടങ്ങുകളും നാട്ടുഭാഷയും ചേർന്ന് ഒരു കാലഘട്ടത്തിന്റെ കൂട്ടായ ഓർമ്മയെ പുനർനിർമിക്കുന്നു. വ്യക്തിപരമായ അനുഭവങ്ങൾ സമൂഹത്തിന്റെ സാംസ്കാരിക സ്മൃതിയായി വികസിക്കുന്നതുകൊണ്ടുതന്നെ ഈ പുസ്തകം സാധാരണ ഗൃഹാതുരതയുടെ രേഖപ്പെടുത്തലിനെ അതിജീവിച്ച് കേരളത്തിന്റെ ഗ്രാമീണ ജീവിതത്തിന്റെ വിലപ്പെട്ട സാംസ്കാരിക രേഖയായി മാറുന്നു.

ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്തുള്ള 'തട്ടക്കൂഴ' എന്ന ഗ്രാമത്തിലാണ് അശ്വതി ശ്രീകാന്ത് ജനിച്ചു വളർന്നത്. പ്രാഥമിക വിദ്യാഭ്യാസം അവിടെത്തന്നെ പൂർത്തിയാക്കിയ അവർ പിന്നീട് പാലായിലെ അൽഫോൻസാ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. തുടർന്നു മംഗളം മാനേജ്മെന്റ് സ്റ്റഡിസിൽ നിന്നും എം ബി എ പഠനത്തിനു ശേഷം റേഡിയോ ജോക്കിയായി ജോലി ലഭിച്ചതോടെയാണ് ദുബായിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. സുരക്ഷിതമായ ജോലിയും മികച്ച ശമ്പളവും ജനപ്രീതിയും ലഭിച്ചെങ്കിലും ജന്മനാടുമായുള്ള വൈകാരികബന്ധം ഒരിക്കലും അറ്റുപോയില്ല. വിദേശജീവിതത്തിലെ ഒരവസരത്തിൽ പനിചൂടിൽ ഒരു മുറിയിൽ ഒറ്റപ്പെട്ടുകിടക്കുമ്പോൾ ബാല്യത്തിന്റെ ഓർമ്മകൾ പ്രളയജലംപോലെ അവരുടെ മനസ്സിലേക്ക് ഒഴുകിയെത്തി. ആ ഓർമ്മകളുടെ ഒഴുക്കിനെ എഴുത്താക്കി മാറ്റണമെന്ന തീരുമാനമാണ് പിന്നീട് 'ഠാ ഇല്ലാത്ത മുട്ടായികൾ' എന്ന പുസ്തകമായി രൂപംകൊണ്ടത്.

ജന്മനാടിനെ വിട്ടുപോകുമ്പോഴാണ് അതിന്റെ യഥാർഥ വില പലപ്പോഴും തിരിച്ചറിയുന്നത്. അശ്വതിയുടെ എഴുത്തിൽ ആ തിരിച്ചറിവ് ഓരോ പേജിലും മൃദുലമായി സ്പന്ദിക്കുന്നു. തട്ടക്കൂഴയിലെ സായാഹ്നങ്ങളിൽ ഇലയിൽ അരിമാവ് പരത്തി ശർക്കരയും തേങ്ങയും നിറച്ച് ആവിയിൽ വേവിച്ച അടയുടെ രുചി അവർ ഇന്നും സ്നേഹത്തോടെ ഓർക്കുന്നു. എന്നാൽ ആ പലഹാരത്തിന്റെ മധുരത്തെക്കാൾ ദീർഘായുസ്സുള്ളത് അവരുടെ ബാല്യത്തിന്റെ "മിഠായിക്കാലം" തന്നെയാണ്. രുചികളും മണങ്ങളും ശബ്ദങ്ങളും മുഖങ്ങളും ചേർന്നുണ്ടാകുന്ന ഓർമ്മകൾ എത്ര വർഷങ്ങൾ കഴിഞ്ഞാലും മനസ്സിൽ മങ്ങിപ്പോകുന്നില്ലെന്ന് ഈ പുസ്തകം തെളിയിക്കുന്നു.

ആ ഓർമ്മകളുടെ തുടക്കം കുഞ്ഞിപ്പെണ്ണിന്റെ കഥയിലാണ്. ചെന്നിനായകം തേച്ചിട്ടും അമ്മച്ചൂടിൽ ഒട്ടിച്ചേർന്ന് ഉറങ്ങാൻ കൊതിച്ചിരുന്ന കുഞ്ഞിപ്പെണ്ണിന്റെ ലോകം, കുഞ്ഞനുജന്റെ ജനനത്തോടെ പെട്ടെന്ന് മാറിമറിയുന്നു. സ്വന്തം ഇടം നഷ്ടപ്പെട്ട ആ കുഞ്ഞ് മുത്തശ്ശിയുടെ അരികിലേക്കാണ് ചേക്കേറുന്നത്. അവിടെ അവളെ കാത്തിരുന്നത് കഥകളുടെ മറ്റൊരു വിശാലലോകമായിരുന്നു.

മുത്തശ്ശിയുടെ രാത്രിക്കഥകളിൽ കുറുക്കനും കോഴിയും ആമയും മുയലും രാവണനും സീതയും എല്ലാം ജീവനുള്ള കഥാപാത്രങ്ങളായി അവളുടെ മുന്നിലെത്തുന്നു. മലയിറങ്ങിയും പാറവഴിയും പുഴവഴിയും പുൽവഴിയും തൊമ്മിച്ചേട്ടന്റെ പറമ്പും പിന്നിട്ട് മൺവഴിയിലൂടെ അവർ ഓരോ രാത്രിയും കുഞ്ഞിപ്പെണ്ണിന്റെ അടുത്തെത്തുന്നതുപോലെ തോന്നും. കഥ പറഞ്ഞ് മുത്തശ്ശി ഉറങ്ങിപ്പോയ ശേഷവും ആ കഥാപാത്രങ്ങൾ അവളുടെ മനസ്സിൽ നിന്ന് മാഞ്ഞുപോകുന്നില്ല.

പിന്നീട് കുറച്ചുകൂടി വളർന്നപ്പോൾ അവൾ ആ കഥാപാത്രങ്ങളെ തേടി കഥകളിലെ വഴികളിലൂടെ യാത്രതിരിക്കുന്നു. ആദ്യം ഓടിയും പിന്നെ നടന്നും ഒടുവിൽ ഇഴഞ്ഞും മലമുകളിലെത്തുന്ന അവൾ അവിടെ നിന്ന് തിരിഞ്ഞുനോക്കുമ്പോൾ ഏറ്റവും മനോഹരമായി കാണുന്നത് താൻ കയറിയ വഴിയല്ല; ആ വഴിയുടെ തുടക്കത്തിൽ നിന്നുകൊണ്ടിരിക്കുന്ന തന്നെക്കാൾ ഉയരം കുറഞ്ഞ കുഞ്ഞിപ്പെണ്ണിന്റെ മിഠായിക്കാലമാണ്. അനുചേച്ചിയുടെ കൈപിടിച്ച് മലകയറി ഒടുവിൽ തിരിച്ചിറങ്ങാൻ തനിക്കു വഴിയറില്ലല്ലോ എന്ന് അവൾ ഓർക്കുന്ന ഈ കഥാഭാഗം വായിച്ചുകഴിഞ്ഞാലും ഏറെനേരം മനസ്സിൽ തങ്ങിനിൽക്കും. സത്യത്തിൽ കയറിയാൽ പിന്നെ ആർക്കും ആ വഴിയിലൂടെ തിരിച്ചിറങ്ങാൻ കഴിയില്ലല്ലോ?. മനുഷ്യജീവിതത്തിലെ ഏറ്റവും വിലപ്പെട്ട സമ്പത്ത് പലപ്പോഴും നമ്മൾ പിന്നിട്ടുപോയ ബാല്യത്തിലാണെന്ന ലളിതവും ഗഹനവുമായ തിരിച്ചറിവിലേക്കാണ് അശ്വതി വായനക്കാരനെയും നയിക്കുന്നത്.

ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ ശക്തി അതിലെ കഥാപാത്രങ്ങളാണ്. അവർ വെറും സാഹിത്യസൃഷ്ടികളല്ല; നാം എവിടെയോ കണ്ടുമറന്ന മനുഷ്യരാണ്. പേരക്കമ്പുപോലെ മെലിഞ്ഞ കൈകളും ടീച്ചറമ്മയുടെ സ്നേഹത്തലോടലിൽ വലുതായിപ്പോയ തലയുമുള്ള ചെപ്പടി, വെള്ളാരം കണ്ണുകൾ തുറന്നുവെക്കുന്ന പൊങ്ങല്യത്തപ്പൻ, യുധിഷ്ഠിരനെ കൂട്ടാതെ സ്വർഗത്തിലേക്ക് യാത്രയായി ഒടുവിൽ വെള്ളപ്പഞ്ഞിപോലെയുള്ള മേഘങ്ങളിൽ ലയിച്ചുപോയ പൊറിഞ്ചു എന്ന നായ—ഇവരാരും വായന കഴിഞ്ഞാൽ മനസ്സിൽ നിന്ന് ഇറങ്ങിപ്പോകുന്നില്ല. ഓരോരുത്തരും ഒരു കാലത്തിന്റെ നിഷ്കളങ്കതയെയും ഗ്രാമീണ ജീവിതത്തിന്റെ മാനുഷികതയെയും പ്രതിനിധീകരിക്കുന്നവരാണ്.

ഈ കഥാപാത്രങ്ങളിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്ന് ചോദിച്ചാൽ ഉത്തരം പറയാൻ പ്രയാസമാണ്. കാരണം ഓരോരുത്തരും ഓരോ അനുഭവത്തിന്റെ പ്രതിനിധികളാണ്. അവരെ വായിക്കുമ്പോൾ നമ്മുടെ സ്വന്തം ഗ്രാമത്തിലെ മനുഷ്യരെയാണ് ഓർമ്മ വരുന്നത്. ബാല്യത്തിൽ ഒരിക്കൽ കണ്ടുമറന്ന മുഖങ്ങൾ, മറന്നുപോയ വിളിപ്പേരുകൾ, ജീവിതത്തിന്റെ തിരക്കിൽ നിന്ന് മാഞ്ഞുപോയ ബന്ധങ്ങൾ എല്ലാം വീണ്ടും സജീവമാകുന്നു. വായനക്കാരന്റെ ഓർമ്മകളെ ഉണർത്താനുള്ള ഈ കഴിവാണ് ഈ പുസ്തകത്തെ പ്രത്യേകമാക്കുന്നത്.

ഈ പുസ്തകം വായിക്കുമ്പോൾ ആദ്യം മനസ്സിൽ തെളിയുന്നത് അശ്വതിയുടെ ഗ്രാമമല്ല; നമ്മുടെ സ്വന്തം ഗ്രാമമാണ്. വീടിന്റെ പുറത്തേക്കിറങ്ങിയാൽ മൺവഴികളിലൂടെയും പാടങ്ങളിലൂടെയും തോട്ടങ്ങൾക്കിടയിലൂടെയും ഓടിനടന്ന ബാല്യം. മഞ്ഞുതുള്ളികൾ തൊട്ടും പൂക്കൾ പറിച്ചും സന്ധ്യവരെ അലഞ്ഞുനടന്ന സ്വാതന്ത്ര്യം. ഭാവിയെക്കുറിച്ചുള്ള ആശങ്കകളോ മത്സരങ്ങളോ ഇല്ലാതെ ജീവിച്ചിരുന്ന ദിവസങ്ങൾ. മനുഷ്യൻ ജീവിതത്തിലുടനീളം അന്വേഷിക്കുന്ന സമാധാനം ഒരുപക്ഷേ ആ ബാല്യത്തിലായിരിക്കാം ഉണ്ടായിരുന്നത് എന്ന തോന്നൽ ഈ പുസ്തകം വായിക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്നു.

എന്നാൽ അശ്വതി ബാല്യത്തെ റൊമാന്റിസൈസ് ചെയ്യുക മാത്രമല്ല ചെയ്യുന്നത്. ആ ഗ്രാമാന്തരീക്ഷത്തിന്റെ മറുവശവും അവർ വായനക്കാരന്റെ മുന്നിൽ തുറന്നിടുന്നു. ആൺകുട്ടികൾക്ക് അനുഭവിക്കേണ്ടിവരാത്ത ചില യാഥാർഥ്യങ്ങൾ പെൺകുട്ടികൾ വളരെ ചെറുപ്പത്തിൽ തന്നെ തിരിച്ചറിയേണ്ടിവരുന്നു. ഒരു പെൺകുട്ടിയുടെ ബാല്യത്തിന് സമൂഹം അദൃശ്യമായ അതിരുകൾ വരച്ചിട്ടിരുന്നു. അവളുടെ സഞ്ചാരങ്ങൾക്കും കളികൾക്കും സ്വപ്നങ്ങൾക്കും പറയാതെ പറഞ്ഞ നിയന്ത്രണങ്ങൾ. ആ സ്വപ്നലോകത്തിലേക്ക് യാഥാർഥ്യം കടന്നുകയറുന്ന ചില നിമിഷങ്ങളുണ്ട്. ബാല്യത്തിന്റെ നിഷ്കളങ്കതയെ മുറിവേൽപ്പിക്കുന്ന ആ അനുഭവങ്ങളിൽ നിന്ന് അവളെ രക്ഷിക്കാൻ ഒരു മാന്ത്രികപ്പരവതാനിക്കും കഴിയില്ല. അതുകൊണ്ടാണ് ഈ പുസ്തകത്തിലെ പെൺകുട്ടിയുടെ അനുഭവം ഒരു വ്യക്തിയുടെ ഓർമ്മയെ അതിജീവിച്ച് നമ്മുടെ സമൂഹത്തിന്റെ ചരിത്രമായി മാറുന്നത്.

ഈ ആത്മസ്മരണകളിലെ ഏറ്റവും ഹൃദയസ്പർശിയായ കഥാപാത്രങ്ങളിലൊരാളാണ് ചെറുകോടി. കീറിയ ഒറ്റമുണ്ടിൽ ശരീരം പൊതിഞ്ഞ് വഴിയോരങ്ങളിലും കൈത്തോടിന്റെ കരയിലും കുനിഞ്ഞിരിക്കുന്ന ആ സ്ത്രീ എനിക്ക് അപരിചിതയല്ല. എന്റെ കുട്ടിക്കാലത്തും ഇത്തരം എത്രയോ "ചെറുകോടിമാർ" ഉണ്ടായിരുന്നു. ഒരിക്കൽ "ഭ്രാന്ത്" എന്ന മുദ്ര പതിഞ്ഞാൽ പിന്നെ സ്വന്തം പേരുപോലും സമൂഹം അവരിൽ നിന്ന് അപഹരിക്കും. അതിനുശേഷം അവർ സാധാരണ മനുഷ്യരേക്കാൾ താഴ്ന്നവരായി കണക്കാക്കപ്പെടും. ആർക്കും അവരെ കളിയാക്കാം, കല്ലെറിയാം, അധിക്ഷേപിക്കാം. എന്നാൽ അവർ തിരിച്ചടിക്കാറില്ല. പ്രതിഷേധിച്ചാൽ അതിനും ക്രൂരമായ ശിക്ഷ കാത്തിരിക്കും. അവർ പുല്ലാണ് തിന്നുന്നതെന്നും തോട്ടിൽ നിന്ന് മീൻ പിടിച്ച് പച്ചയ്ക്ക് കഴിക്കുന്നുവെന്നുമുള്ള കഥകൾ പ്രചരിപ്പിച്ച് അവരെ മനുഷ്യസമൂഹത്തിൽ നിന്ന് കൂടുതൽ അകറ്റിനിർത്തിയ ഒരു കാലത്തിന്റെ ക്രൂരതയെയാണ് അശ്വതി വളരെ ലളിതമായി ഓർമ്മിപ്പിക്കുന്നത്. ഇവിടെ ഓർമ്മ വെറും ഗൃഹാതുരതയല്ല; അത് സമൂഹത്തോടുള്ള വിമർശനവുമാണ്.

അതുപോലെ തന്നെ ലെതർപേഴ്സുകളുടെ സുരക്ഷിതത്വത്തിൽ നിന്ന് നടുറോഡിലേക്ക് വലിച്ചെറിയപ്പെടുന്ന ചില്ലറത്തുട്ടുകൾ വാഹനങ്ങളുടെ മുരൾച്ചയെ ഭയക്കാതെ പതുക്കെ പെറുക്കിയെടുത്ത് ഭണ്ഡാരപ്പെട്ടിയിൽ നിക്ഷേപിക്കുന്ന ഇത്താക്കും മനസ്സിൽ മായാതെ നിൽക്കുന്ന കഥാപാത്രമാണ്. മറ്റുള്ളവരുടെ പ്രാർത്ഥന എന്താണെന്ന് തിരിച്ചറിയാൻ കഴിയുന്ന, മറ്റൊരാളുടെ വിഷമം വായിച്ചെടുക്കാൻ കഴിയുന്ന മനുഷ്യർ എല്ലാ നാട്ടിലും ഉണ്ടാകും. മറ്റുള്ളവരുടെ ജീവിതത്തിൽ വെളിച്ചം നിറയ്ക്കാൻ സ്വയം ഉരുകിത്തീരുന്ന ആ സാധാരണ മനുഷ്യരാണ് ഒരു സമൂഹത്തിന്റെ യഥാർഥ സമ്പത്ത്. അശ്വതിയുടെ എഴുത്ത് അവരെ മഹത്വവൽക്കരിക്കുന്നില്ല; പക്ഷേ അവർ അർഹിക്കുന്ന മനുഷ്യസ്‌നേഹത്തിന്റെ പ്രകാശത്തിൽ അവരെ നിർത്തുന്നു.

അശ്വതിയുടെ ഭാഷ ഈ പുസ്തകത്തിന്റെ മറ്റൊരു സവിശേഷതയാണ്. അത് അലങ്കാരങ്ങളുടെ ഭാരത്തിൽ തളരുന്ന ഭാഷയല്ല. നാട്ടുഭാഷയുടെ ചൂടും സംഭാഷണത്തിന്റെ സ്വാഭാവികതയും കവിതയുടെ മൃദുത്വവും ഒരുമിച്ചുചേരുന്ന ഒരു ഭാഷയാണ് അത്. അതുകൊണ്ടുതന്നെ ഓരോ അധ്യായവും വായനക്കാരനെ കഥ കേൾക്കുന്ന അനുഭവത്തിലേക്ക് കൊണ്ടുപോകുന്നു. എഴുത്തുകാരി വായനക്കാരനോട് സംസാരിക്കുകയാണ് എന്ന തോന്നലാണ് ഓരോ പേജും സമ്മാനിക്കുന്നത്.

അങ്ങനെ അശ്വതി കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ, എപ്പോഴോ നമ്മളെയും കൂട്ടി ഒരിക്കൽ പെട്ടെന്ന് വലുതായാൽ മതിയെന്ന് സ്വപ്നം കണ്ടിരുന്ന നമ്മുടെ സ്വന്തം മിഠായിക്കാലത്തേക്ക് കൈപിടിച്ചുകൊണ്ടുപോകുന്നു. ഒരു ഗ്രാമത്തിന്റെ പരിശുദ്ധതയും അതിനകത്ത് നഖം ഒളിപ്പിച്ചുനടക്കുന്ന ക്രൂരതയും ഒരുപോലെ അവർ കാണിച്ചുതരുന്നു. നന്മയും നൊമ്പരവും, സ്നേഹവും സാമൂഹിക അനീതിയും, പ്രകൃതിയുടെ വിശുദ്ധിയും മനുഷ്യന്റെ വൈരുധ്യങ്ങളും ഒരുമിച്ച് ചേർന്നതാണ് ആ ലോകം.

കഥയുടെ അവസാനത്തിലേക്ക് കടക്കുമ്പോൾ അശ്വതി നമ്മളെ ഒരു യാത്രയ്ക്ക് ക്ഷണിക്കുന്നു—മൺവഴിയിലൂടെ, തൊമ്മിച്ചേട്ടന്റെ പറമ്പുവഴി, പുൽവഴി, കരിയിലവഴി, പുഴവഴി, ഒടുവിൽ പാറവഴി കയറി ഒരു മലമുകളിലേക്ക്. അവിടെ നിന്ന് തിരിഞ്ഞുനോക്കുമ്പോൾ കാണുന്നത് തട്ടക്കൂഴ എന്ന ഗ്രാമം മാത്രമല്ല; നമ്മൾ ഓരോരുത്തരും ഉള്ളിൽ സൂക്ഷിച്ചുവെച്ചിരിക്കുന്ന സ്വന്തം ബാല്യത്തിന്റെ ഭൂപടമാണ്. ആ കാഴ്ചയാണ് 'ഠാ ഇല്ലാത്ത മുട്ടായികൾ' എന്ന പുസ്തകത്തിന്റെ ഏറ്റവും വലിയ വിജയം. അത് ഒരു എഴുത്തുകാരിയുടെ ഓർമ്മകളെ മാത്രം രേഖപ്പെടുത്തുന്നില്ല; വായനക്കാരന്റെ ഓർമ്മകളെയും ഉണർത്തുന്നു. അതുകൊണ്ടുതന്നെ ഈ പുസ്തകം വായിച്ചു തീരുമ്പോൾ നമ്മൾ അശ്വതിയുടെ ഗ്രാമത്തിൽ നിന്ന് മടങ്ങിവരുകയും വർഷങ്ങളായി മനസ്സിൽ അടച്ചുവെച്ചിരുന്ന സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യും.

Rajesh AR
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക