Image

മലയാള സാഹിത്യത്തിന് കൂടുകൂട്ടാൻ ഒരിടമായി ഫൊക്കാന 2026 - കോരസൺ (ഫൊക്കാന സാഹിത്യ സമ്മേളന ചെയർമാൻ)

Published on 10 August, 2026
മലയാള സാഹിത്യത്തിന് കൂടുകൂട്ടാൻ ഒരിടമായി ഫൊക്കാന 2026 - കോരസൺ  (ഫൊക്കാന സാഹിത്യ സമ്മേളന ചെയർമാൻ)

സാഹിത്യ സമ്മേളനം പ്രവാസി മലയാളത്തിന്റെ പുതിയ ആത്മവിശ്വാസത്തിന്റെ പ്രഖ്യാപനമായി

പെൻസിൽവേനിയ: ഫൊക്കാന 2026 കൺവെൻഷൻ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കിയതിന്റെ ചരിത്രനേട്ടത്തിനൊപ്പം, മലയാള സാഹിത്യത്തിന്റെ കാര്യത്തിലും പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചു. കൺവെൻഷന്റെ രണ്ടാം ദിവസം പകൽ മുഴുവൻ മുഖ്യവേദി മലയാള സാഹിത്യത്തിനായി മാറ്റിവെച്ച് നടത്തിയ സാഹിത്യ സമ്മേളനം, വടക്കേ അമേരിക്കൻ മലയാള സാഹിത്യത്തിന്റെ വളർച്ചയെയും അതിന്റെ പുതിയ ദിശകളെയും അടയാളപ്പെടുത്തിയ ശ്രദ്ധേയമായ സാംസ്കാരിക സംഗമമായി.

അകക്കാമ്പുള്ള പ്രഭാഷണങ്ങളും പ്രമുഖ സാഹിത്യകാരന്മാരുടെ സാന്നിധ്യവും ഗൗരവമുള്ള സംവാദങ്ങളും സമ്മേളനത്തെ ശ്രദ്ധേയമാക്കി. പതിവ് കൺവെൻഷൻ പരിപാടികൾക്കിടയിൽ സാഹിത്യ സമ്മേളനം കാണാൻ എത്തിയ പലരും, “ഒന്ന് കേട്ടുനോക്കാം” എന്ന ചിന്തയിൽ വേദിയിലെത്തിയ ശേഷം മുഴുവൻ സമയവും അവിടെ തന്നെ തുടരുകയായിരുന്നു. പ്രവാസലോകത്ത് മലയാള സാഹിത്യത്തിനുള്ള വായനയും താൽപര്യവും ഇപ്പോഴും ശക്തമാണെന്നതിന്റെ തെളിവായി നിറഞ്ഞ സദസ്സ് മാറി.

ഏഴാം കടലിനക്കരയിലും മേളങ്ങൾക്കും ആഘോഷങ്ങൾക്കും അപ്പുറം നഷ്ടപ്പെട്ടുപോകുന്ന എന്തിനെയോ തിരിച്ചറിയാനുള്ള ശ്രമമായിരുന്നു സമ്മേളനം. മലയാളം ശ്രേഷ്ഠമായ ഭാഷയാണെന്നും പുതിയ തലമുറ അതിനെ ഏറ്റെടുക്കുമെന്നും ഉള്ള ആത്മവിശ്വാസത്തോടൊപ്പം, “ഒരു ഭാഷ നിലനിന്നില്ലെങ്കിലും ലോകത്തിന് ഒന്നും സംഭവിക്കില്ല” എന്ന ശക്തമായ പ്രതിവാദവും സമ്മേളനത്തിൽ ഉയർന്നു. ഭാഷയെ സ്നേഹിക്കുന്നതോടൊപ്പം അതിനെ വിമർശനാത്മകമായി പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും ഈ സംവാദങ്ങൾ മുന്നോട്ടുവച്ചു.

മലയാള സിനിമയുടെ ചരിത്രത്തിൽ നാഴികക്കല്ലുകൾ സൃഷ്ടിച്ച, ഇന്ത്യയുടെ അഭിമാനമായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്തത് ചടങ്ങിന് അപൂർവമായ പ്രൗഢി നൽകി. അദ്ദേഹത്തിന്റെ സാന്നിധ്യം സാഹിത്യ വേദിയിൽ ഒരു പിതൃസാന്നിധ്യത്തിന്റെ അനുഭവം സൃഷ്ടിച്ചു. സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് സന്തോഷമുള്ള ഓർമ്മയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ശാന്തവും ആഴമുള്ളതുമായ വാക്കുകൾ ശ്രവിക്കാൻ സാഹിത്യപ്രേമികൾ വലിയ തോതിൽ വേദിയിലെത്തി.

“മലയാളം എങ്ങനെ മലയാളമായി?”

“അതിരുകൾ കടന്ന മലയാളം” എന്ന പൊതുചിന്തയിൽ നിന്ന് ഭാഷയുടെ രൂപീകരണത്തിലേക്കും വളർച്ചയിലേക്കും സഞ്ചരിച്ച ആദ്യ സെമിനാർ, ഇ. വി. മോഹൻകുമാർ നയിച്ചു. “മലയാളം എങ്ങനെ മലയാളമായി?” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ച ഭാഷയുടെ ചരിത്രവും അതിന്റെ പരിണാമവും പുതിയ കാഴ്ചപ്പാടുകളിൽ അവതരിപ്പിച്ചു.

വിവിധ കാലഘട്ടങ്ങളിൽ എവിടെനിന്നൊക്കെയോ വന്നുചേർന്ന വാക്കുകളും ആശയങ്ങളും മലയാളത്തെ എങ്ങനെ നവീകരിച്ചു എന്നത് മോഹൻകുമാർ വിശദീകരിച്ചു. പുറത്തുനിന്നെത്തുന്ന പ്രവാഹങ്ങളെ ഉൾക്കൊണ്ട് സ്വയം സമ്പന്നമാകുന്ന ഒരു പുഴയെപ്പോലെയാണ് മലയാളഭാഷയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടർന്നുള്ള പ്രതികരണത്തിൽ ഡോ. പ്രമീള ദേവി ഭാഷയുടെ ഒഴുക്കിനും ഓർമ്മയ്ക്കുമിടയിലെ ബന്ധം ചർച്ച ചെയ്തു. ഒഴുകിപ്പോയ ജലം തിരികെയെത്താത്ത പുഴയായി മാറിയാലും, കാലം നനച്ചുപോയ കരകളിൽ പുതിയ വൃക്ഷങ്ങളായി ഭാഷയും സംസ്കാരവും പുനർജനിക്കുമെന്ന പ്രതീക്ഷ അവർ പങ്കുവച്ചു.

മാധ്യമത്തിനിടയിലും ഉണരുന്ന സാഹിത്യകാരൻ

“ഒരു സാഹിത്യകാരനായി അറിയപ്പെടാൻ ആഗ്രഹിക്കുമ്പോഴും മാധ്യമപ്രവർത്തകനായി നിലനിൽക്കുമ്പോഴും, തന്നിലെ സാഹിത്യകാരൻ ഉണരുന്ന നിമിഷങ്ങളാണ് ഇത്തരം സാഹിത്യ സമ്മേളനങ്ങൾ,” എന്ന് പി. പി. ജെയിംസ് അഭിപ്രായപ്പെട്ടു.

“ഫ്രാൻസിസ് ഇട്ടിക്കോര” ഉൾപ്പെടെയുള്ള കൃതികളിലൂടെ മലയാള സാഹിത്യത്തിൽ വേറിട്ട ഇടം നേടിയ ടി. ഡി. രാമകൃഷ്ണൻ, മലയാള മനോരമയുടെ പേജുകളിലൂടെ അന്വേഷണാത്മക പത്രപ്രവർത്തനത്തിന് ശ്രദ്ധേയമായ സംഭാവന നൽകിയ ജോൺ മുണ്ടക്കയം എന്നിവരും സാഹിത്യവും മാധ്യമവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് പുതിയ തലങ്ങൾ നൽകി.

രണ്ടാം സെമിനാറിൽ ടി. ഡി. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അതിർത്തികൾ ഭേദിച്ച മലയാളഭാഷ ലോകസാഹിത്യത്തെ കൂടുതൽ സമ്പന്നമാക്കാൻ പുതിയ വഴിത്തിരിവുകളും കാഴ്ചപ്പാടുകളും പുതിയ മസ്സും സൃഷ്ടിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു സംസ്കാരത്തിന്റെ കാമ്പും അതിന്റെ നിലനിൽപ്പിന്റെ ശക്തിയും ഭാഷയുടെ സാന്നിധ്യത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോ. പ്രമീള ദേവി, ജെയിംസ് കുരീക്കാട്ടിൽ, വേണുഗോപാൽ കക്കോടൻ, ഫിലിപ്പ് തോമസ്, അബ്ദുൽ പുന്നയൂർക്കുളം എന്നിവർ പ്രതികരണങ്ങൾ അവതരിപ്പിച്ചു.

കവി ജെ.സി.ജെ അവതരിപ്പിച്ച ചൊൽക്കാഴ്ചയോടെയാണ് സാഹിത്യ സമ്മേളനത്തിന് തുടക്കമായത്. സമ്മേളനത്തിന്റെ ചെയർമാൻ കോരസൺ വർഗീസും കോ-ചെയർമാൻ കെ. കെ. ജോൺസണും വിവിധ സെഷനുകൾ നിയന്ത്രിച്ചു.

അമേരിക്കൻ മലയാള സാഹിത്യത്തിന് ആദരം

സാഹിത്യ സമ്മേളനത്തിലെ അവാർഡ് ദാന ചടങ്ങും ശ്രദ്ധേയമായി. നോർത്ത് അമേരിക്കൻ മലയാള സാഹിത്യത്തിന് സമഗ്രവും ശ്രേഷ്ഠവുമായ സംഭാവനകൾ നൽകിയ ഡോ. എ. കെ. ബി. പിള്ളക്കുള്ള ഫൊക്കാന സമഗ്രസംഭാവന പുരസ്‌കാരം, അമേരിക്കൻ മലയാള സാഹിത്യത്തിന്റെ ചരിത്രകാരനും ശ്രദ്ധേയനായ എഴുത്തുകാരനുമായ ജോർജ് മണ്ണീക്കരോട്ടിനുള്ള ഫൊക്കാന സമഗ്രസംഭാവന പുരസ്‌കാരം (മരണാനന്തരം) സമർപ്പിച്ചു.
അമേരിക്കൻ മലയാള സമൂഹത്തിനും മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അവർ നൽകിയ ദീർഘകാലവും വിലമതിക്കാനാവാത്തതുമായ സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പുരസ്കാരം.

ഇത്തവണ വിവിധ വിഭാഗങ്ങളിലായി അമേരിക്കൻ മലയാളി എഴുത്തുകാരുടെ നിരവധി കൃതികളാണ് അവാർഡ് നിർണയത്തിനായി ലഭിച്ചത്. പല കൃതികളും ഒന്നിനൊന്ന് മികച്ചതായിരുന്നതിനാൽ അന്തിമ തിരഞ്ഞെടുപ്പ് ഏറെ പ്രയാസകരമായിരുന്നുവെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു.

“ഒരു അവാർഡ് എഴുത്തുജീവിതത്തിലെ ഒരു ഘട്ടം മാത്രമാണ്; അതോടൊപ്പം അത് ഒരു വലിയ ഉത്തരവാദിത്തവുമാണ്. ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടില്ല എന്നതുകൊണ്ട് ഒരു പുസ്തകം മോശമാണെന്ന് കരുതരുത്. അമേരിക്കൻ മലയാള എഴുത്ത് അറിയാതെ തന്നെ ഉയർന്ന തലത്തിലേക്ക് കടന്നുകഴിഞ്ഞു. ഇവിടെയുള്ള എഴുത്തുകൂട്ടങ്ങളും വായനാക്കൂട്ടങ്ങളും അതിന് പ്രധാന നിമിത്തങ്ങളായി മാറിയിട്ടുണ്ട്,” അവാർഡ് കമ്മിറ്റി ചെയർമാൻ കോരസൺ വർഗീസ് പറഞ്ഞു.

“അമേരിക്കയിൽ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത സാഹിത്യ സംഗമം”

“ഇതുപോലൊരു സാഹിത്യ-സാംസ്കാരിക പ്രതിഭാസംഗമം അമേരിക്കയിൽ അടുത്ത കാലത്തൊന്നും നടന്നിട്ടുള്ളതായി തോന്നുന്നില്ല” എന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ വിലയിരുത്തലുകൾ സമ്മേളനത്തിന്റെ സംഘാടകർക്ക് ലഭിച്ച അംഗീകാരമായി കമ്മിറ്റി വിലയിരുത്തി.

മലയാള സാഹിത്യത്തിനായി ഒരു പകൽ മുഴുവൻ ഫൊക്കാനയുടെ മുഖ്യവേദി തുറന്നുകൊടുത്തത് തന്നെ ഈ സമ്മേളനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി. ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവരുടെ സാഹിത്യത്തോടുള്ള ആഴത്തിലുള്ള അഭിനിവേശത്തിന്റെയും പ്രതിബദ്ധതയുടെയും തെളിവാണ് ഈ വേദിയെന്ന് സംഘാടകർ പറഞ്ഞു.

ആഘോഷങ്ങളുടെ ആരവങ്ങൾക്കിടയിൽ ഭാഷയ്ക്കായി ഒരു പകൽ മാറ്റിവെച്ച ഫൊക്കാന 2026, പ്രവാസി മലയാളത്തിന്റെ സാംസ്കാരിക ഭാവിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട ഒരു വേദിയായി മാറി. മലയാളം അതിരുകൾ കടക്കുമ്പോൾ അതിന്റെ വേരുകൾ കൂടുതൽ ആഴത്തിലാകുമോ, അതോ പുതിയ തലമുറയുടെ കൈകളിൽ അതിന് പുതിയൊരു രൂപം കൈവരുമോ എന്ന ചോദ്യത്തിന് ഉത്തരം തേടിയ സമ്മേളനം കൂടിയായിരുന്നു ഇത്.

ഫൊക്കാന 2026-ലെ സാഹിത്യ സമ്മേളനം ഒരു പരിപാടി മാത്രമായിരുന്നില്ല; ഏഴാം കടലിനക്കരയിലും മലയാളം ഇപ്പോഴും ചിന്തിക്കുകയും ചോദ്യം ചെയ്യുകയും സ്വയം പുതുക്കുകയും ചെയ്യുന്ന ഒരു ജീവിക്കുന്ന ഭാഷയാണെന്ന പ്രഖ്യാപനം കൂടിയായിരുന്നു.
 

മലയാള സാഹിത്യത്തിന് കൂടുകൂട്ടാൻ ഒരിടമായി ഫൊക്കാന 2026 - കോരസൺ  (ഫൊക്കാന സാഹിത്യ സമ്മേളന ചെയർമാൻ)
Join WhatsApp News
തരകൻ പുഞ്ചിരിക്കൽ 2026-08-10 17:38:24
എനിക്ക് എൻറെ പുസ്തകത്തിന് അവാർഡ് കിട്ടിയേ കിട്ടിയേ.. എന്നും പറഞ്ഞ് ചിലർ ഇവിടെയെല്ലാം ഫോട്ടോയും പടവും വെച്ച് കൂവികൊണ്ട് നടക്കുന്നുണ്ട്. ഇനിയും എനിക്കും എൻറെ കൃതിക്കും കൂടുതൽ വായനക്കാരും കൂടുതൽ അവാർഡുകളും കിട്ടാനും സാധ്യതയുണ്ട് അതിനാൽ നിങ്ങളെല്ലാവരും എൻറെ ബുക്കിനെ പറ്റി എല്ലാ വേദിയിലും എന്നെ അഭിനന്ദിക്കണം, . എന്റെ ബുക്കിനെ പറ്റി ചർച്ച ചെയ്യണം എന്നും പറഞ്ഞ് സ്ഥിരമായി നടക്കാൻ ഇറങ്ങിയിട്ടുണ്ട്. മറ്റു ചിലർക്കാണെങ്കിൽ അവാർഡുകളുടെ ബാഹുല്യം കൊണ്ട് ആ അവാർഡുകൾ നിരത്തിവെക്കാൻ സ്വന്തം ഭവനത്തിൽ ഒരു ഇടം ഇല്ലാത്തതുകൊണ്ട് അയൽക്കാരുടെ പരാതികളിൽ ചാക്കിൽ ആക്കി കെട്ടി വെച്ചിരിക്കുകയാണ്. ചിലരാണെങ്കിൽ അത് തണുപ്പുകാലത്ത് കൂട്ടിയിട്ട് വിറകുമാരി കത്തിച്ച് തണുപ്പ് മാറ്റിക്കൊണ്ടിരിക്കുന്നു. . ഇത് ദയവായി ചിരി അരങ്ങിൽ അവതരിപ്പിക്കാൻ വേണ്ടി എഴുതി എന്ന് മാത്രം. ക്ഷമിക്കണം.
Jayan Varghese 2026-08-10 20:48:51
ചിരിയരങ്ങിൽ അവതരിപ്പിക്കാൻ വേണ്ടി ഈ തമാശക്കഥ എഴുതിയ ഹാസ സാമ്രാട്ടിന് മുഖം മൂടി മാറ്റി സ്വന്തം മുഖമെങ്കിലും നേരെ കാണിച്ചു നിൽക്കാമായിരുന്നു. ബാർബർ ഷാപ്പിൽ കയറി കട്ടിങ്ങും ഷേവിങ്ങും തിന്നാൻ ചോദിച്ചത് ഇദ്ദേഹത്തിന്റെ കുടുംബക്കാരിൽ ആരെങ്കിലും ആയിരിക്കും എന്ന് കരുതുന്നു. അതുകൊണ്ടാണല്ലോ പുളിക്കുന്ന മുന്തിരിങ്ങ വേണ്ടെന്നു വച്ച് തിരിഞ്ഞു നടക്കുമ്പോളും ചിരിയരങ് നിലവാരത്തിലുള്ള ഈ തമാഷ പറഞ്ഞു ഫൊക്കാനയെ ആകെ ചിരിപ്പിക്കുന്നത് ? ഒന്നേ പറയാനുള്ളു: “ എന്നേം ഇങ്ങാനെ ചിരിപൊയ്ക്കല്ലേ കൊച്ചു മൂത്തലാളീ “ എന്ന്. ജയൻ വർഗീസ്.
ചെറിയ തൊമ്മൻ 2026-08-10 21:23:48
എഴുത്തുകാരെ ഇത്രയധികം പുച്ഛത്തോടെ പരിഹാസത്തോടെ കാണുന്ന ഒരു സമൂഹം ഈ അമേരിക്കൻ മലയാളി സമൂഹം തന്നെയാകും. ഈ കളിയാക്കൽ, അവഹേളനം തീർച്ചയായും അമേരിക്കൻ മലയാളി എഴുത്തുകാരെ ദ്രോഹിച്ചിട്ടുണ്ട്. നാട്ടിലുള്ള എഴുത്തുകാർക്ക് പ്രസാധകർക്ക് ഈ മലയാളി എഴുത്തുകാർ കറവ പശുവിനെപോലെയാണ്. ഇവരുടെ കയ്യിൽ ഡോളറുണ്ട്. അത് തന്നെ കാരണം. ഈ എഴുത്തുകാർ ഇവിടെ വന്നത് ഭൂരിഭാഗവും ഭാര്യയുടെ സഹോദരിയുടെ സഹായത്താലാണ്. ഇവിടെ വരുന്ന ഉദ്ദേശ്യം നാല് കാശുണ്ടാക്കലാണ്. ചരിത്രം പരിശോധിക്കു ഇവർ കുടിയേറിയപ്പോൾ അവർ പള്ളിയിൽ ആള് കളിക്കാനാണ് നോക്കിയത് പിന്നെ അയല്പക്കത്തെ മത്തായിയും, രാജുമോനും, പിള്ളേച്ചന്മാരുമൊക്കെ എന്തൊക്കയോ കുത്തിക്കുറിക്കുന്നു . അപ്പോൾ പിന്നെ എനിക്കും ആയിക്കൂടെ എന്ന തോന്നൽ. പിന്നെ എഴുത്തുകാരുടെ പ്രവാഹമായി. എല്ലാവരും എഴുത്തുകാർ. എല്ലാവരും ഗ്രന്ഥകാരന്മാർ.അതിനിടയിൽ ചിലർ കാശു കൊടുത്ത് അവാർഡുകൾ വാങ്ങി. പിന്നെ പറയാനോ പുകിൽ... അമേരിക്കൻ മലയാള സമൂഹം സാഹിത്യകളരിയായി. പക്ഷെ അവരെ അധിക്ഷേപിച്ച മറ്റുള്ളവർ ചെയ്തത് ഇത്തിരി കടന്ന കയ്യായി പോയി. ഇത്തിരി ഭേദമായി എഴുതുന്ന ആളുകളും കള്ളനാണയങ്ങളിൽ പ്പെട്ടുപോയി . വാസ്തവത്തിൽ ഇവരൊക്കെ പാവങ്ങളാണ്. കഴിവില്ലെങ്കിലും ആരുടെയൊക്കെ സഹായം തേടി എഴുത്തുകാർ എന്ന ലേബലിൽ വിലസുക. പക്ഷെ അവരുടെ കഷ്ടകാലം. ഇവരിൽ തന്നെ കരിങ്കാലികൾ ഒറ്റുകൊടുത്ത്, നാട്ടിൽ പോയി പ്രസംഗിച്ചു അമേരിക്കൻ മലയാളി എഴുത്തുകാർക്ക് എഴുത്തറിയില്ല. എന്നാലും ഇടക്ക് കരിമരുന്ന് ചീറ്റുന്നപോലെ ചിലർ പൊന്തി വരുന്നുണ്ട്. ശ്രീ ജയൻ വർഗീസ് നല്ല എഴുത്തുകാരനാണ്. അദ്ദേഹത്തിന് ന്യുയോർക്ക് യൂണിവേഴ്സിറ്റിയുടെ അംഗീകാരം കിട്ടി. പിന്നെയും കുറച്ചുപേർ കൂടി ഉണ്ടാകും. മലവെള്ളം പോലെ കഴിവില്ലാത്തവരുടെ വെള്ളച്ചാട്ടത്തിൽ കുറച്ചുനല്ല എഴുത്തുകാർ വെറുതെ മാക്രികളായി അപ്രത്യക്ഷരാകും. കാരണം സമൂഹം ഇവരെ ആരെയും അംഗീകരിക്കുന്നില്ല.
വലിയ തോമ്മൻ 2026-08-11 00:27:38
ഇപ്രാവശ്യം ചീറ്റിപ്പോയ പാളിപ്പോയ ചിരി അരങ്ങിൽ മുകളിലത്തെ സാഹിത്യ തമാശകൾ അവതരിപ്പിച്ചിരുന്നെങ്കിൽ ഒരുപക്ഷേ രക്ഷപ്പെടുമായിരുന്നു. കഴിഞ്ഞ കാലങ്ങളിലെ എന്നപോലെ ഇപ്രാവശ്യവും ചിരിയങ്ങ് ഒരു കൂട്ട ബഡായി ബംഗ്ലാവ്, ബംഗ്ലാദേശി കൂട്ട കരച്ചിൽ രംഗമായി മാറി എന്നാണ് കേട്ടത്. ചെറിയ തൊമ്മനും തരകൻ പുഞ്ചിരിക്കലും ഒക്കെ ആ ചിരിയങ്ങ വേദിയിൽ കയറി പടക്കം പൊട്ടിക്കേണ്ടതായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക