Image

വേരുകൾ വെന്തുരുകുന്ന ഭൂപടത്തിൽ (കഥ: അഷ്റഫ് കാളത്തോട്)

Published on 10 August, 2026
വേരുകൾ വെന്തുരുകുന്ന ഭൂപടത്തിൽ (കഥ: അഷ്റഫ് കാളത്തോട്)

കാലം അതിന്റെ അദൃശ്യമായ കൈകൾ കൊണ്ട് ചരിത്രത്തിന്റെ ഭൂപടത്തിൽ കരിനിഴലുകൾ വരയ്ക്കുകയായിരുന്നു. നടന്നു പോകുന്ന വഴികളിൽ ചോരയും തൂക്കുമരങ്ങളും നിഴൽ വീഴ്ത്തിയതുപോലെ, ചാക്കുന്നതാണീ ഇട്ടിക്കോരയുടെ നിഗൂഢമായ ലാഭക്കണക്കുകൾ മനുഷ്യരുടെ ജീവനെ അക്കങ്ങളാക്കി മാറ്റിയതുപോലെ, ജല്ലിക്കട്ടിലെ മൃഗത്തിനെപ്പോലെ അനിയന്ത്രിതമായ അക്രമവാസന തെരുവുകളിൽ അഴിഞ്ഞാടുകയായിരുന്നു.

അങ്ങ് ദൂരെയുള്ള തീരങ്ങളിൽ ആത്മാക്കൾ കാറ്റോട് സംസാരിച്ചിരുന്നതുതന്നെ വടക്കേ ഇന്ത്യയിലെ അവസ്ഥകളായിരുന്നു, മണിപ്പൂരിന്റെ പുകഞ്ഞ മലനിരകളിൽ തങ്ങളുടെ വേരുകൾ വെന്തുരുകുന്നത് കണ്ട് മനുഷ്യർ നിശബ്ദരായി നിലവിളിച്ചു. പ്രവാസജീവിതത്തിലെ മനുഷ്യരുടെ വറ്റിവരണ്ട മരുഭൂമിയിലെ ദാഹം പോലെ, ഒരു തുള്ളി ജീവനുവേണ്ടി താഴ്‌വരകളിൽ പാവപ്പെട്ട മനുഷ്യർ പ്രാർത്ഥനയോടെ ആകാശത്തേക്ക് കൈകളുയർത്തി. ഒരു നിമിഷം കൊണ്ട് ആവാസവ്യവസ്ഥകൾ ചാരമായി മാറിയപ്പോൾ, പ്രാർത്ഥനകൾ കേൾക്കേണ്ട ദൈവങ്ങൾ സിംഹാസനങ്ങളിൽ നിന്ന് മയങ്ങുകയായിരുന്നു.

ഒരിടത്ത് മനുഷ്യർ മനുഷ്യരെ വർഗ്ഗീയതയുടെയും വംശീയതയുടെയും പേരിൽ വെട്ടിപ്പരുക്കേൽപ്പിച്ച് ഇല്ലാതാക്കുമ്പോൾ, മറ്റൊരിടത്ത് പ്രകൃതി തന്നെ മനുഷ്യന്റെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയായി മാറി മരണത്തിന്റെ താണ്ഡവമാടുകയായിരുന്നു.

വയനാട് കാഴ്ചകളിൽ മയങ്ങി വിസ്മയം കൊണ്ട ഒരു കാലത്തിൽ നിന്നും തൊണ്ടയിടറിയ വേദനയുടെ ദുരിതങ്ങളുടെ മഴപ്പെയ്ത്തിലേക്ക് എങ്ങനെ നോക്കും..? പച്ചപ്പ് പുതച്ച മലനിരകളും തണുത്തുറഞ്ഞ കാറ്റും പെയ്യാൻ മടിക്കുന്ന മേഘങ്ങളും അതിരിട്ടിരുന്ന ആ താഴ്‌വര, പെട്ടെന്നൊരു രാത്രിയിൽ മരണത്തിന്റെ ചെളിക്കളമായി മാറി. മുണ്ടക്കൈയിലെയും ചൂണ്ടൽക്കടവുകളിലെയും പുഞ്ചിരിമട്ടത്തിലെയും മനുഷ്യർ ഉറങ്ങാൻ കിടന്നത് സ്വന്തം വീടുകളിലായിരുന്നു; പക്ഷേ ഉണർന്നത്, അല്ലെങ്കിൽ ഉണരാതെ പോയത് ഉരുൾപൊട്ടിയൊഴുകിയ ചളിയുടെയും പാറക്കല്ലുകളുടെയും കനത്ത മൂടുപടത്തിനടിയിലായിരുന്നു.

മനുഷ്യർ ഒരുകാലത്ത് പുഴകളിൽ നിന്ന് മണൽ ചേറ്റിയെടുത്തിരുന്ന ആ തെളിഞ്ഞ കാലം ഓർമ്മകളിലേക്ക് ഓടിയെത്തി. അന്ന് നാട്ടിൻപുറങ്ങളിൽ പുഴകളിൽ നിന്നും ചേറ്റിയെടുത്ത ആ മണൽ തരികൾ കൊണ്ടാണ് വീടുകൾ പടുത്തുയർത്തിയിരുന്നത്. അന്ന് പുഴകൾ സ്വതന്ത്രമായി ഒഴുകുകയും, തങ്ങളുടെ അടിത്തട്ടിൽ വെള്ളത്തെ നെഞ്ചിലേറ്റാൻ ഇടം സൂക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ വികസനത്തിന്റെ പുതിയ ആർത്തികളിൽ പുഴകളിൽ നിന്ന് മണൽ വാരുന്നത് പെട്ടെന്ന് നിർത്തിവെക്കപ്പെട്ടു; പുഴകളുടെ അടിത്തട്ടിൽ ചെളിയും എക്കലും നിറഞ്ഞു. മഴ പെയ്തിറങ്ങുമ്പോൾ അമർന്നുറങ്ങാൻ പുഴയുടെ വയറ്റിൽ ആഴമില്ലാതായി, ഇടമില്ലാതായി! പേറ്റുനോവിൽ പുഴക്കരഞ്ഞപ്പോഴും അംഗത്തന്മാർ കനിഞ്ഞില്ല, പുഴ അതിസാരം കൊണ്ട് ക്ഷോഭിച്ചു!

സ്വന്തം കുഞ്ഞുങ്ങൾക്ക് കിടക്കാൻ ഇടമില്ലാതെ വന്നപ്പോൾ കോപിഷ്ടയായ പ്രകൃതി തട്ടിക്കളിച്ചത് വികസനത്തിന്റെ പേരിൽ വ്യാജമണൽ കൊണ്ടും പാറപ്പൊടി കൊണ്ടും പടുത്തുയർത്തിയ മനുഷ്യന്റെ ആഡംബര സൗധങ്ങളിലായിരുന്നു! പ്രകൃതിയെ വെട്ടിപ്പിടിക്കാനും, മലകളെ തുരക്കാനും, വികസനത്തിന്റെ വ്യാജ അഹങ്കാരങ്ങളിൽ കാടുകളെ വെട്ടിപ്പിളർക്കാനും ഇറങ്ങിത്തിരിച്ച മനുഷ്യന്റെ ആർത്തിക്ക് പ്രകൃതി നൽകിയ ഭയാനകമായ മറുപടിയായിരുന്നു അത്. പുഴകൾ വഴിമാറിയൊഴുകി, ഗ്രാമങ്ങൾ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമായി. വ്യാജമണലിൽ കെട്ടിപ്പൊക്കിയ കോൺക്രീറ്റ് കൊട്ടാരങ്ങൾ തച്ചുടച്ച് പ്രകൃതി അതിൻ്റെ രോഷം തീർത്തു. ഒരു തലമുറ വളർത്തിയെടുത്ത സകലതും, ആധാരങ്ങളും, കളിക്കോപ്പുകളും, കെട്ടിപ്പുണർന്ന ഓർമ്മകളും അടക്കം ചാലിയാറിലൂടെ അഴുകിയ ഉടലുകളായി ഒഴുകിനടന്നു. സ്വന്തം മക്കളുടെ, അച്ഛനമ്മമാരുടെ, പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ പോലും കഴിയാതെ, ചോരയും മണ്ണും പുരണ്ട കൈകളോടെ മനുഷ്യർ തെരുവിൽ അലഞ്ഞു.

പക്ഷേ, ദുരന്ത ഭൂമിയിലെ ആ ഭയാനകമായ വിലാപങ്ങൾ പോലും ദൂരെയൊരു ശീതളമുറിയിലിരുന്ന കവിയുടെ ചെവികളിലെത്തിയില്ല. അയാൾ തന്റെ ചാരുകസേരയിൽ ഞെളിഞ്ഞിരുന്ന് പട്ടിന്റെ കനത്ത പുതപ്പിലേക്ക് കൂടുതൽ ചുരുണ്ടുകൂടി. ആ പുതപ്പിന്റെ മടക്കുകൾക്കുള്ളിൽ, ഭരണകൂടത്തണൽ കൊതിക്കുന്ന പ്രച്ഛന്നമായ വർഗ്ഗീയതയും അഴുകിയ കാപട്യവും വിയർപ്പുകണങ്ങൾ പോലെ തിങ്ങിനിന്നു. മേശപ്പുറത്തിരുന്ന വെള്ളിപ്പാത്രത്തിൽ നിന്ന് ബീഫ് കഷ്ണങ്ങൾ ഓരോന്നായി ആർത്തിയോടെ വായിലേക്കിടുമ്പോഴും, തെരുവിൽ അത് കഴിക്കുന്ന സാധാരണക്കാരന് നേരെ വിഷം തുപ്പാൻ അയാളുടെ നാവിലെ വസൂരിവിത്തുകൾ തുടിച്ചു.

അയാളുടെ മേശപ്പുറത്ത് വ്യാജചരിത്രങ്ങൾ കുത്തിനിറച്ച ഏടുകൾ ചിതറിക്കിടപ്പുണ്ടായിരുന്നു. കേവലം ഏതാനും വോട്ടുകൾക്കും അധികാരപ്പങ്കാളിത്തത്തിനും വേണ്ടി അയാൾ താൻ നിർമ്മിച്ചെടുത്ത വ്യാജസൂത്രങ്ങൾ താളുകളിലേക്ക് പകർത്തി "1947-ന്റെ പുലരിയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി തങ്ങളുടെ സർവ്വസ്വത്തുക്കളും സഭകൾക്ക് വിട്ടുനൽകുകയായിരുന്നു..." അയാൾ പേന അമർത്തിപ്പിടിച്ചു. അധിനിവേശത്തിന്റെ കറകളെ വെളുപ്പിച്ചെടുക്കുന്ന ആ വരികളിൽ അയാളുടെ അഹങ്കാരം പതഞ്ഞുപൊന്തി "ഇംഗ്ലീഷുകാരും ക്രിസ്ത്യാനികളും തന്ന വെളിച്ചമില്ലായിരുന്നെങ്കിൽ ഈ നാട് ഇന്നും ഇരുട്ടിൽ തുടരുമായിരുന്നു..."

പെട്ടെന്ന്, ആ മുറിയിലെ കാലത്തിന്റെ സ്പന്ദനം നിലച്ചു. ജാലകങ്ങൾക്കപ്പുറത്തുനിന്ന് ആഴമേറിയ ഒരു തണുപ്പും ഒപ്പം ചുട്ടുപൊള്ളുന്നൊരു കാറ്റും ഒരുമിച്ച് ഇരച്ചുകയറി. ആത്മാക്കളുടെ ഒരു മഹാനദി ആ മുറിയിലൂടെ ഒഴുകാൻ തുടങ്ങി! ചാരുകസേരയുടെ ആട്ടത്തിന് വേഗത കുറഞ്ഞു. അതിനെ തുടർന്ന് മനുഷ്യന്റെ അഹങ്കാരത്താലും അധിനിവേശത്താലും പ്രകൃതിയുടെ വികൃതികളാലും ഇല്ലാതാക്കപ്പെട്ട ദശലക്ഷക്കണക്കിന് മനുഷ്യാത്മാക്കളുടെ തീക്ഷ്ണമായ വിചാരണയായിരുന്നു!

ചുവരിലെ ചിത്രപടങ്ങൾ കരിഞ്ഞു വീഴാൻ തുടങ്ങി. അഗ്നിജ്വാലകൾക്കിടയിൽ നിന്ന് വസ്തുതകളുടെ മൂർച്ചയുള്ള രൂപങ്ങൾ അയാളെ അഭിമുഖീകരിച്ചു.

ആദ്യം ഉയർന്നത് ഭരണഘടനയുടെയും ചരിത്രസത്യങ്ങളുടെയും അചഞ്ചലമായ ശബ്ദമായിരുന്നു. 1858-ലെ 'ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്' പ്രകാരം കമ്പനിയുടെ സർവ്വ സ്വത്തുക്കളും ബ്രിട്ടീഷ് കിരീടത്തിന് കീഴിലായതും, 1874-ൽ കമ്പനി എന്ന സ്ഥാപനം പിരിച്ചുവിട്ടതും, 1947-ലെ 'ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്' പ്രകാരം ഭരണകൂട സ്വത്തുക്കൾ സ്വതന്ത്ര ഇന്ത്യയുടെയും പാകിസ്താന്റെയും ഗവൺമെന്റുകളിലേക്ക് മാത്രമാണ് സംക്രമിച്ചതെന്നുമുള്ള യാഥാർത്ഥ്യങ്ങൾ അയാളുടെ കസേരയുടെ കാലുകളെ തകർത്തു. 1927-ലെ 'ഇന്ത്യൻ ചർച്ച് ആക്ട്' വഴി രൂപീകരിച്ച സ്വതന്ത്ര ട്രസ്റ്റുകളാണ് സഭാ സ്വത്തുക്കൾ പരിപാലിച്ചതെന്ന സത്യം അയാളുടെ നുണക്കൊട്ടാരത്തിനുമേൽ പെയ്തിറങ്ങിയ പ്രളയമായി.

എന്നാൽ, ആ വിചാരണ അവിടെ അവസാനിച്ചില്ല. വിചാരധാരകൾ പോലെ അതും ചിലന്തി വലകെട്ടി ഈച്ചകളെ മാടിവിളിച്ചു!

1943-ൽ ബംഗാളിന്റെ വിശക്കുന്ന മണ്ണിൽ, കൊളോണിയൽ ഭരണാധികാരികളുടെ വംശീയ നയങ്ങളിൽ പട്ടിണി കിടന്ന്, വഴിയോരങ്ങളിൽ ജീവനറ്റ ശരീരങ്ങളായി വീണുപോയ നാല്പത് ലക്ഷം മനുഷ്യരുടെ ദീനരോദനം ആ മുറിയെ പ്രകമ്പനം കൊള്ളിച്ചു.

തുടർന്ന്, ബാബറി മസ്ജിദിന്റെ തകർന്നുവീണ മണ്ണിൽ നിന്ന് ഉയർന്ന പൊടിപടലങ്ങളും, ഗുജറാത്തിലെ റെയിൽവേ കോച്ചുകളിൽ കരിഞ്ഞുപോയ മനുഷ്യരുടെ വിലാപങ്ങളും, തെരുവുകളിൽ ഒഴുകിയ ചോരച്ചാലുകളും കവിയുടെ ചുവടുകൾക്ക് കീഴിൽ തിളച്ചുമറിഞ്ഞു. അധികാരത്തിന് വേണ്ടി വോട്ട് ചോരണങ്ങളും തെരഞ്ഞെടുപ്പ് അഴിമതികളും നടത്തുന്ന ഭരണവർഗ്ഗത്തിന്റെ നീചരൂപങ്ങളും, കശ്മീരിലെ താഴ്‌വരകളിൽ പൂട്ടിക്കെട്ടപ്പെട്ട മനുഷ്യരുടെ നിശബ്ദ രോഷവും ആ മുറിയിൽ പുകഞ്ഞു.

വർത്തമാനകാലത്തിന്റെ ദുരന്തങ്ങൾ അടുത്ത തരംഗമായി അടിച്ചുവീശി. ദൈവത്തിന്റെ പേരിൽ രാമക്ഷേത്രം പണിതുയർത്തി ഭക്തരുടെ അന്ധവിശ്വാസത്തെയും പണത്തെയും കൈയിട്ടുവാരുന്ന കൊള്ളക്കാർ, പെട്രോളിലും ഡീസലിലും വിലകൂട്ടി ജനങ്ങളെ ചൂഷണം ചെയ്യുന്നതിനൊപ്പം എഥനോൾ കലർത്തി വാഹനങ്ങളുടെ എഞ്ചിനുകൾ തകർത്ത് സാധാരണക്കാരന്റെ ജീവിതം അട്ടത്തുകെട്ടുന്ന ഭരണകൂട തന്ത്രങ്ങൾ...

വിദ്യാഭ്യാസത്തെ പാടേ തകർത്ത്, പാഠപുസ്തകങ്ങളിൽ നിന്ന് ശാസ്ത്രവും സത്യവും മായ്ച്ചുകളഞ്ഞ്, ചോദ്യം ചോദിക്കേണ്ട പരീക്ഷാ പേപ്പർ ചോർച്ചകളിലും തൊഴില്ലായ്മയിലും വലയുന്ന Gen Z തലമുറയെ തെരുവിലേക്ക് തള്ളിയിട്ട രാഷ്ട്രീയം...

ഒടുവിൽ, മണിപ്പൂരിൽ വംശീയതയുടെ തീയിൽ വെന്തുരുകിയ പാവപ്പെട്ട മനുഷ്യരുടെയും, വയനാട്ടിലെ മലവെള്ളപ്പാച്ചിലിൽ അടിഞ്ഞുപോയ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും, ഉടുതുണിയില്ലാതെ അപമാനിക്കപ്പെട്ട മനുഷ്യരുടെയും മണ്ണും ചോരയും പുരണ്ട കണ്ണുകൾ അയാളെ തുളച്ചുകയറി.

"നിങ്ങൾ സുഖശീതള മുറിയിലെ പുതപ്പിനുള്ളിൽ ഒളിച്ചിരുന്ന്, ബീഫും തിന്ന്, വംശീയത തുപ്പുമ്പോൾ..." ആത്മാക്കളുടെ ശബ്ദം കവിയുടെ കാതുകളിൽ ഇടിത്തീയായി പതിച്ചു, "അധികാരത്തിന് വേണ്ടി രാമന്റെ പേരിൽ പണം തട്ടുമ്പോഴും, ഇന്ധനത്തിൽ വിഷം കലർത്തി ജനങ്ങളെ കൊള്ളയടിക്കുമ്പോഴും, പുതിയ തലമുറയുടെ ഭാവി തകർത്ത് ചെറുപ്പക്കാരെ തെരുവിലേക്ക് തള്ളിയിടുമ്പോഴും, വയനാടിന്റെ കണ്ണീരിലും മണിപ്പൂരിന്റെ പുകയിലും വോട്ടുകച്ചവടം നടത്തുമ്പോഴും... ഓർക്കുക! ബംഗാളിലും, ബാബറിയിലും, ഗുജറാത്തിലും, കശ്മീരിലും, മണിപ്പൂരിലും, വയനാട്ടിലും ഇല്ലാതായ ഞങ്ങളുടെ ആത്മാക്കൾ നിങ്ങളുടെ വ്യാജ ചരിത്രങ്ങളെ വിചാരണ ചെയ്യുക തന്നെ ചെയ്യും!"

കവിയുടെ വിറയ്ക്കുന്ന വിരലുകളിൽ നിന്ന് പേന താഴേക്ക് പതിച്ചു. കരിഞ്ഞുണങ്ങിയ മഷിയുടെ പുക അതിൽ നിന്ന് ഉയർന്നു പൊന്തിയിരുന്നു. കട്ടിലിൽ കിടന്ന പട്ടിന്റെ കനത്ത പുതപ്പ് വലിച്ചെറിയാൻ അയാൾ അലറിവിളിച്ചുകൊണ്ട് ശ്രമിച്ചെങ്കിലും, ആ പട്ടുമടക്കുകളിൽ അപ്പോഴേക്കും സത്യത്തിന്റെ തീപ്പൊരികൾ ആളിക്കത്തിക്കഴിഞ്ഞിരുന്നു.

അത് കേവലം ഒരു കമ്പളിയായിരുന്നില്ല; തലമുറകളായി പടുത്തുയർത്തിയ അധികാരദാഹത്തിന്റെയും, വ്യാജ പ്രചാരണങ്ങളുടെയും, അഴുകിപ്പോയ കൊളോണിയൽ-വർഗ്ഗീയ അഹങ്കാരങ്ങളുടെയും ജീർണ്ണിച്ച അവശേഷിപ്പുകളായിരുന്നു ആ കനലുകളിലൂടെ അലിഞ്ഞൊഴുകിയത്. ചാരുകസേരയുടെ വശങ്ങളിലൂടെ കറുത്തു പുകയുന്ന ദ്രവം പോലെ അത് താഴേക്ക് പരന്നു.

പെട്ടെന്ന്, ആ അസഹ്യമായ പുകച്ചൂടിനെയും മരവിപ്പിക്കുന്ന കാറ്റിനെയും കീറിമുറിച്ചുകൊണ്ട് പുറത്തുനിന്ന് ഒരു ശബ്ദം ഉയർന്നു. അത് വിലാപമായിരുന്നില്ല, ഭയത്തിന്റെ ആക്രോശമായിരുന്നില്ല—വളരെ ശാന്തമായ, എന്നാൽ ഉറച്ച പ്രതിഷേധത്തിന്റെ താളമായിരുന്നു അത്!

സ്ട്രീറ്റ് ലൈറ്റുകളുടെ മഞ്ഞ വെളിച്ചവും, പുകഞ്ഞുയരുന്ന തെരുവിന്റെ കനലുകളും പശ്ചാത്തലമൊരുക്കിയ ആ രാത്രിയിൽ, ആയിരക്കണക്കിന് ചെറുപ്പക്കാർ ഒന്നായി നടന്നുനീങ്ങുകയായിരുന്നു. Gen Z-യുടെ പടയണി!

കയ്യിൽ പന്തങ്ങളോ മാരകായുധങ്ങളോ ഇല്ലാതെ, താളമിടാൻ ഒഴിഞ്ഞ പാട്ടകളും, പെരുമ്പറകളും, പഴയ ടിൻ ഡബ്ബകളും, തെരുവിൽ നിന്ന് കിട്ടിയ ലോഹക്കഷ്ണങ്ങളും ഏന്തി വന്ന ഒരു പാറ്റക്കൂട്ടം! അവരുടെ വിരലുകൾ പാട്ടകളിൽ പ്രഹരിച്ചപ്പോൾ ഉയർന്നത് കാലത്തിന്റെ പുതിയൊരു കൊട്ടായിരുന്നു, അധീശത്വത്തിന്റെ ചരിത്രങ്ങളെ ചവിട്ടിപ്പുറത്താക്കുന്ന വിപ്ലവത്തിന്റെ ബീറ്റ്!

അവരുടെ മുഖങ്ങളിൽ ക്രോധമില്ലായിരുന്നു, മറിച്ച് വ്യാജവാർത്തകളിലൂടെ തങ്ങളുടെ ഭാവി തകർത്ത ഭരണവർഗ്ഗത്തോടും വ്യാജചരിത്രകാരന്മാരോടുമുള്ള പ്രശാന്തമായ അമർഷവും തികഞ്ഞ ആത്മവിശ്വാസവുമായിരുന്നു. വിരൽത്തുമ്പിലെ സ്ക്രീനുകളിൽ നിന്ന് തെരുവിലേക്ക് ഇറങ്ങിയ ആ തലമുറ, പാറ്റക്കൂട്ടത്തിന്റെ താളത്തിനൊപ്പം ഉച്ചത്തിൽ പാടി:

"നിങ്ങൾ എഴുതിവെച്ച നുണയുടെ പുസ്തകം കത്തട്ടെ!
ഞങ്ങളുടെ നാളെകളെ വിറ്റവർ വീഴട്ടെ!
ചരിത്രം ഇനി തെരുവിന്റെ വരികളാണ്...
അധികാരപ്പുതപ്പുകൾ ഒടുങ്ങുന്ന നാളാണ്!"

ആ പാറ്റക്കൂട്ടത്തിന്റെ താളം തെരുവിൽ നിന്ന് ഉയർന്ന് കവിയുടെ അടച്ചിട്ട മുറിയുടെ ചുവരുകളെ പ്രകമ്പനം കൊള്ളിച്ചു. ചുവരുകൾ ഓരോന്നായി വിണ്ടു കീറി. ആകാശത്തുനിന്ന് പ്രകാശത്തിന്റെ ഒരു മഹാപ്രവാഹം ആ മുറിയിലേക്ക് ഇരച്ചുകയറി.

കവി ഭയത്തോടെ കണ്ണുകൾ അടച്ചു. പക്ഷേ, ആ വെളിച്ചത്തിൽ, ചരിത്രത്തിന്റെ ഉഗ്രജ്വാലയിൽ അയാളുടെ അക്ഷരങ്ങളും, വാട്സപ്പ് യൂണിവേഴ്സിറ്റിയുടെ വ്യാജ നിർമ്മിതികളും, ഭരണവർഗ്ഗം ജനങ്ങളെ പിഴിഞ്ഞൂറ്റിയ സകല ചൂഷണങ്ങളും എന്നെന്നേക്കുമായി വെണ്ണീറായി ചിതറിപ്പോകുകയായിരുന്നു!

പുകഞ്ഞടങ്ങിയ മണിപ്പൂരിന്റെ മലനിരകൾക്കും, ഉരുളിൽ ഉടഞ്ഞുപോയ വയനാടിന്റെ താഴ്‌വരകൾക്കും മീതെ, തങ്ങളുടെ ഭാവി തിരിച്ചുപിടിക്കാൻ ഉറച്ചുവീഴുന്ന അടിവെപ്പുകളോടെ ആ Gen Z പട മുന്നോട്ട് നീങ്ങി. വ്യാജചരിത്രങ്ങളുടെ കറുത്ത രാത്രി അവസാനിക്കുകയും, പാറ്റക്കൂട്ടത്തിന്റെ പുതിയ താളത്തിൽ സത്യത്തിന്റെ ഒരു പുലരി ഭൂപടത്തിൽ തെളിഞ്ഞു വരികയും ചെയ്തു!

--- തീർന്നു ---

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക