
മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ഡിസ്‌നിയില്‍ നടക്കേണ്ടിയിരുന്ന ഷോ മാറ്റിവച്ചു. മോഹന്‍ലാലിന് ഓസ്‌ട്രേലിയന്‍ വിസ കിട്ടാത്തതിനാലാണ് ഷോ മാറ്റിവയ്‌ക്കേണ്ടി വന്നത്.
മോഹന്‍ലാലിന് മാത്രമാണ് വിസ ലഭിക്കാതിരുന്നത്. കെ.എസ്. ചിത്രയും മനോജ് കെ. ജയനും അടങ്ങുന്ന മറ്റു താരങ്ങള്‍ ഓസ്‌ട്രേലിയയിലെത്തിയിരുന്നു. വിസ ലഭിക്കുമെന്ന വിശ്വാസത്തില്‍ മോഹന്‍ലാല്‍ സിംഗപൂര്‍ വരെ എത്തിയിരുന്നു. എന്നാല്‍ എല്ലാ രീതിയിലും പരിശ്രമിച്ചിട്ടും താരത്തിന് വിസ ലഭിച്ചില്ല. അതിനാല്‍ ഷോ കാന്‍സല്‍ ചെയ്യുകയായിരുന്നു. പകരം സിംഗപൂരില്‍ നിന്നും മോഹന്‍ലാല്‍ ന്യൂസിലാന്‍ഡിലേയ്ക്ക് പോകും. ചിത്ര ഉള്‍പ്പെടുന്ന സംഘവും ന്യൂസിലാന്‍ഡില്‍ എത്തും. തുടര്‍ന്ന് അവിടെ ഷോ നടത്തും.
സംഭവത്തില്‍ വൈകാരിമായി ക്ഷമ ചോദിച്ച് മോഹന്‍ലാല്‍ വീഡിയോ സന്ദേശം അയച്ചു. വിസ കിട്ടിയില്ലെന്നും എങ്ങനെയാണ് അത് സംഭവിച്ചതെന്ന് അറിയില്ലെന്നും വീഡിയോ സന്ദേശത്തില്‍ മോഹന്‍ലാല്‍ പറയുന്നുണ്ട്.
'സാങ്കേതിക പിഴവാണോ അതോ ക്ലറിക്കല്‍ മിസ്റ്റേക്കാണോ എന്താണെന്ന് ഞാന്‍ അതിന്റെ കൂടുതല്‍ കാര്യങ്ങളിലേയ്ക്ക് പോകുന്നില്ല. എന്റെ കുറ്റമായി തന്നെ ഞാന്‍ അത് നിങ്ങളോട് പറയുന്നു. എനിക്ക് വരാന്‍ പറ്റുന്നില്ല. ഞാന്‍ ഒഴിച്ച് എല്ലാവരും അവിടെയുണ്ട്. എനിക്കറിയില്ല എന്ത് പറയണമെന്ന്. ഞാന്‍ ക്ഷമ ചോദിക്കുന്നു' എന്നാണ് വീഡിയോ സന്ദേശത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്.