
അവൾക്ക്
പ്രായം കൂടി വരുന്നത്
എനിക്കറിയാം
എന്നാലും
ഓരോ കൂടിക്കാഴ്ചയിലും
ഞാൻ പറയും
നമ്മൾ
എത്ര ചെറുപ്പമാണെന്ന്
നര മറച്ചു പിടയ്ക്കാൻ പാകത്തിൽ
കറുത്ത മുടികളുള്ളതിനാൽ
ചെറുപ്പമായിത്തന്നെ
പരിതപിക്കും
ചിന്തയിലെരിടം ചികഞ്ഞ്
നീലാകാശത്ത് സമുദ്രം വരയ്ക്കും
ഉരുകിത്തീരുന്ന വിയർപ്പിൽ
ഭൂമിയെ മുക്കിയെടുക്കും
നോക്കത്താ ദൂരത്ത്
കാഴ്ചയെ കണ്ണടയിലാക്കും
കുശലാന്വേഷണം
കഴിഞ്ഞു മടങ്ങുമ്പോൾ
തിരിഞ്ഞ് നോക്കും
സത്യത്തിൽ
ആ നോട്ടത്തോളം
ചെറുപ്പമാണ് ഞങ്ങൾ
എന്നിട്ടും
ചിലർ പറയും
മുതുക്കൻ്റെയൊരു പ്രണയം
ഞാൻ
ചെറുപ്പമായപ്പഴേക്കും
അവൾ
ചെറുപ്പമാകാത്തതാണിപ്പോൾ
ഞങ്ങടെ പ്രണയം.