Image

വളയൊച്ചകൾ (കഥ: സുധീര്‍ പണിക്കവീട്ടില്‍)

Published on 10 August, 2026
വളയൊച്ചകൾ (കഥ: സുധീര്‍ പണിക്കവീട്ടില്‍)

കാലത്തിന്റെ കലണ്ടറുകൾ ശീഘ്രം മാറിക്കൊണ്ടിരുന്നു. ശ്രീ കല്യാണകൃഷ്ണയ്യരും ഭാര്യ സ്വർണ്ണാമ്പാളും ന്യുയോർക്കിൽ താമസമായിട്ട് ഇപ്പോൾ ആറുമാസവും ഏഴു ദിവസവും
ആയിരിക്കുന്നു. അവസാനത്തെ ഏഴു ദിവസങ്ങളിലായി   ജനങ്ങൾ ബഹുമാനപൂർവ്വം  സ്വാമി എന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു അത്ഭുതം സംഭവിച്ചുകൊണ്ടിരുന്നു. 

രാവിൻെറ ഏകാന്തതയിൽ രാസക്രീഡക്കൊരുങ്ങിയെത്തുന്ന ഒരു വശ്യസുന്ദരി. ലജ്‌ജകൊണ്ട് അരുണാഭമാകുന്ന അവളുടെ സുന്ദരമായ മുഖം. കൊലുസ്സിട്ട പാദങ്ങൾ മെല്ലെ ചവുട്ടി സ്നേഹനിർഭരമായ മന്ദഹാസത്തിൻറ പൈമ്പാൽ ചുരത്തുന്ന ചുണ്ടുകളുമായി രാത്രിതോറും അവൾ വരുന്നു. ഒരു വളകിലുക്കത്തോടെ വാതിലടക്കുന്നു. പ്രേമപൂജക്ക് രാഗലോലയായി എത്തുന്ന രാധയാണോ അവൾ, താൻ രാധാകൃഷ്ണനാണോ എന്നൊക്കെ സ്വാമി സംശയിച്ചു.
ആയിരം അഭിലാഷങ്ങൾ തെളിയിക്കുന്ന കാർത്തികവിളക്കുകളുമായി അവൾ വരുമ്പോൾ എന്നും കൂടെ ഉറങ്ങുന്ന സ്വർണ്ണാംബാൾ എവിടെ? സ്വാമിയെ ആശയക്കുഴപ്പത്തിലാക്കിയ സംഗതി അതായിരുന്നു.
പതിവായി സ്വാമിക്ക് നേരമ്പോക്കും അമ്പരപ്പും സമ്മാനിച്ച ഏഴുരാത്രികൾ കടന്നുപോയി. എട്ടാംദിവസം രാവിലെ സ്വാമി പ്രഭാതഭക്ഷണത്തിനിരുന്നു. സ്വർണ്ണാംബാൾ പതിവുപോലെ ചൂടുള്ള ദോശ ചുടുന്നതനുസരിച്ച് സ്വാമിയുടെ പ്ലെയ്റ്റിൽ ഇട്ടുകൊണ്ടിരുന്നു. ഒപ്പം അവരുടെ കൈത്തണ്ടയിൽ നിറഞ്ഞു കിടന്നിരുന്ന സ്വർണ്ണവളകൾ കിലുങ്ങി. സ്വാമിയുടെ മനസ്സിലും കിലുക്കമുണ്ടായി.
ദോശ തിന്നുന്നതിനിടയിൽ സ്വാമി ആലോചിച്ചു, ഒരു കഥാരൂപത്തിൽ പറഞ്ഞാൽ സ്വർണ്ണാംമ്പാളിനു കേൾക്കാൻ താൽപ്പര്യം കാണുകയില്ലെങ്കിലും പ്രശ്‌നങ്ങളുടെ ഗൗരവം കണക്കിലെടുക്കുമ്പോൾ അതേതരമുള്ളു. ഏത്
കാര്യവും സ്വാമിക്ക് കലാരൂപത്തിൽ പ്രകടിപ്പിക്കാൻ അവതരിപ്പിക്കാൻ അനിതരസാധാരണമായ കഴിവുണ്ടായിരുന്നു. സ്വാമി മനസ്സിൽ രൂപപ്പെടുത്തിയ പ്രമേയം ഇങ്ങനെ അവതരിപ്പിച്ചു.
“ഇത്രയും വളകൾ ഇടേണ്ട. വളയൂരിയ കൈത്തണ്ടയുടെ നഗ്നത കാണാൻ വെറുതെ ഒരു മോഹം, അത് പറയുമ്പോൾ സ്വാമിക്ക് ഒരു പരിഭ്രമവും ആ പരിഭ്രമത്തിൽ പരന്ന ഒരു ശതമാനം ചിരിയുമുണ്ടായിരുന്നു.
സ്വാമിയുടെ ശുംഗാരത്തിൽ സ്വർണ്ണാംമ്പാളിനു വലിയ ഭാവഭേദമൊന്നുമുണ്ടായില്ല. കാരണം സ്വാമിക്ക് ഇതേമാതിരി കിറുക്ക് പതിവാണെന്നവർക്കറിയാം. കാരണം സ്വാമി ഒരു കവിയും കഥാകാരനുമാണു. അതൊക്കെ സ്വാമിക്ക് CPS. വട്ടുള്ളതുകൊണ്ടാണെന്നാണു അവരുടെ വിശ്വാസം. എന്നാലും സ്നേഹമയിയായ അവർ സ്വാമിയുടെ താളത്തിനു തുള്ളാൻ എപ്പോഴും തയ്യാറുമാണു്. സ്വർണ്ണാംമ്പാളിനു സംശയം ഒന്നും തോന്നുന്നില്ലെന്ന് മനസ്സിലായപ്പോൾ സ്വാമി അവരെ വളയൂരാൻ നിർബന്ധിച്ചു. സ്വാമിക്ക് നിർബന്ധമാണെന്നറിഞ്ഞപ്പോൾ അവർ എതിരു പറഞ്ഞില്ല. അവർ വള മുഴുവൻ ഊരിവച്ച് ഉത്സാഹവതിയായി ചോദിച്ചു. “എപ്പടി”
ഉള്ളിൽ കള്ളത്തരം ഒളിപ്പിച്ചുവച്ച് സംസാരിച്ച സ്വാമിക്ക് ഭാര്യയുടെ നിഷ്കളങ്കത കണ്ട് കുറ്റബോധം തോന്നി. സ്വതവേ രഹസ്യങ്ങൾ എളുപ്പത്തിൽ ചോരുന്ന ദുർബലമായ മനസ്സുള്ള സ്വാമി വികാരധീനനായി. സത്യം തുറന്ന് പറയണമെന്ന് മനസ്സാക്ഷി അദ്ദേഹത്തെ നിർബന്ധിച്ചു.
“സ്വർണ്ണാംമ്പാൾ.. അങ്ങനെ വിളിച്ചിട്ട് സ്വാമി നിശ്ശബ്ദനായി. അന്നേവരെ സ്വാമിയുടെ മുഖത്ത് നിഴലിക്കാത്ത ഒരു തരം പരിഭ്രമം കണ്ട് സ്വർണ്ണാംമ്പാൾ ഭയപ്പെട്ടു.
“എന്നാച്ച്, ശീഘ്രം ചൊല്ലുങ്കോ"..
ഒരു കൊച്ചുകുട്ടിയെപോലെ ഒറ്റയടിക്ക് സ്വാമി പറഞ്ഞു,
ഞാൻ പതിവായി കത്രീനാമ്മയെ സ്വ‌പനം കാണുന്നു. കഴിഞ്ഞ ഏഴു രാത്രികളിലായി.
സ്വർണ്ണാംമ്പാൾ അത്കേട്ട് പൊട്ടിച്ചിരിച്ചു. അവർക്ക് ചിരിയടക്കാൻ കഴിയാതെ വീണ്ടും വീണ്ടും ചിരിച്ചു,

സ്വാമിക്ക് വൈക്ലബ്യം കൂടി. ശങ്കിച്ച് ശങ്കിച്ച് സ്വാമി പറഞ്ഞു, വെറും സ്വ‌പനമല്ല സ്വർണ്ണാംമ്പാൾ. സ്വർണ്ണാംമ്പാളിൻ്റെ ചിരി മാഞ്ഞ്പോയി.
അവർ ആകാംക്ഷഭരിതയായി. സ്വാമിയുടെ അയൽപക്കത്ത് താമസിക്കുന്ന ഒരു കുടുംബിനിയാണു കത്രീനാമ്മ. കത്രീനാമ്മയാണു് അയൽപക്കത്ത് താമസിക്കുന്നതെന്നാണു് സ്വാമി പറയാറുള്ളത്. കാരണം കത്രീനാമ്മയുടെ പണത്തിൻറ കൂമ്പാരത്തിൽ കയറിയിരുന്നിട്ട് താഴേക്ക് ഭർത്താവ് വരാറില്ലത്രെ.
താമസം മാറിയതിൻറ പിറ്റെ ദിവസം കല്യാണക്രുഷ്‌ണയ്യർ വീടിനു നിന്ന് കത്രീനാമ്മ പുറത്തേക്ക് വന്നപ്പോൾ വേലിക്കരികിൽ കിളക്കുകയായിരുന്നു. പച്ചക്കറികൾ നട്ടു വളർത്തുകയും വളമിടുകയുമൊക്കെ ചെയ്യുകയാണു്. സൗന്ദര്യമുള്ളതൊക്കെ കാണുമ്പോൾ മിഴിച്ച് നിൽക്കുന്ന കല്യാണക്രുഷ്‌ണയ്യരുടെ നയനങ്ങൾ കത്രീനാമ്മയെ നോക്കി ഉടക്കി നിന്നു. അയാൾ വേലിക്കരികിലേക്ക് ചെന്നുപറഞ്ഞു.
“ഞാൻ കല്യാണക്രുഷ്‌ണയ്യർ, എന്നെ സ്വാമി എന്നു വിളിക്കാം. ഭാര്യ സ്വർണ്ണാംമ്പാൾ. വീടിനുള്ളിലേക്ക് ചൂണ്ടിയിട്ട്, അകത്തുണ്ട്. ഞങ്ങൾ ഇന്നലെ ഇങ്ങോട്ട് താമസം മാറ്റി.
“പേരെന്താണു” സ്വാമി ചോദിച്ചു.
"കത്രീനാമ്മ”
ഒരു മൗനത്തിൻറ 20 അവിടെ വീണുപോയി. അപ്പോൾ രണ്ടുപേരും പരസ്പരം നോക്കിനിന്നു, കൗതകത്തോടെ. സ്വാമിയുടെ ചന്ദനക്കുറിയും, പുതച്ചിരുന്ന മേൽമുണ്ടിൻെറ മറവിലൂടെ കാണുന്ന പൂണൂലും രോമാവ്രതമായ മാറിൽ മിന്നിയിരുന്ന പൊന്നുമാലയും കത്രീനാമ്മ ശ്രദ്ധിച്ചു.
കല്യാണക്രുഷ്‌ണയ്യർ വീടിനു പുറത്ത് ഒരു ചാറ്റർ ബോക്സാണു. സ്വർണ്ണാംമ്പാളിനാണെങ്കിൽ അധികം സംസാരിക്കുന്നത് ഇഷ്‌ടമല്ല. അത്കൊണ്ട് പലപ്പോഴും അദ്ദേഹം മറ്റുള്ളവരെ ബോറടിപ്പിച്ചുപോന്നു. ഭവിഷ്യത്തുകളെക്കുറിച്ചാലോചിക്കാതെ യാതൊരു നിയന്ത്രണവുമില്ലാത്ത നിലക്കാത്ത സംസാരം. എവിടെ എന്തുപറയണമെന്നറിയാത്ത ഒരു ശുദ്ധാത്മാവു്.

പ്രഭാത രശ്മികളേറ്റ് നിൽക്കുന്ന ഒരു വിടർന്ന പുഷ്‌പം പോലെ കത്രീനാമ്മയെ സ്വാമി നോക്കികണ്ടു. വിയർപ്പൊഴുക്കുന്ന ഗ്രാമസുന്ദരി.. പച്ചക്കറിത്തോട്ടത്തിൽ അദ്ധ്വാനത്തിൻറ
സ്വാമി പെട്ടെന്ന് കയറി കത്രീനാമ്മയെ പ്രശംസിച്ചു.
നിങ്ങൾ സിനിമാതാരം ഷീലയെപ്പോലിരിക്കുന്നു.
മുപ്പതുകളുടെ ഒടുവിൽ മൂന്ന് പെറ്റിട്ട് മുതുക്കിയായി എന്ന് സ്വയം ധരിച്ചിരുന്ന കത്രീനാമ്മ അതുകേട്ട് ഒന്നു ഞെട്ടി. സൗന്ദര്യത്തിന്റെ നിഴലാട്ടം വിട്ടു മാറാത്ത അവരുടെ ശരീരം ഒന്നുവെട്ടിത്തിളങ്ങി. കോളേജിൽ പഠിച്ചിരുന്നപ്പാൾ പൂവ്വാലന്മാർ പുറകെ നടന്നുപറയുന്നത് കേട്ടതിനുശേഷം ഇതാ ഇപ്പോൾ വീണ്ടും കേട്ട സുഖമുള്ള വാചകത്തിൽ അവർ തരിച്ചുനിന്നു. സ്വാമിയുടെ വാചകങ്ങൾ ഓരോ പൂമാല പോലെ ഒന്നൊന്നായി കത്രിനാമ്മ കൈനീട്ടി വാങ്ങി. പൊൻവെയിൽ തട്ടിതിളങ്ങുന്ന കത്രീനാമ്മയുടെ മുഖത്ത് മുഖക്കുരുക്കൾ സമുദ്ധമായി വളരുന്നത് സ്വാമി ശ്രദ്ധിച്ചു. സ്വാമി അലക്ഷ്യമായി പറഞ്ഞു. "കൊച്ചുതക്കാളിപ്പഴങ്ങൾ കവിളത്തും മുളക്കുന്നല്ലോ? അത്കേട്ട് കത്രീനാമ്മ പൊട്ടിച്ചിരിച്ചു. ആ ചിരികേട്ട് അവരുടെ അടുക്കളവാതിലിന്റെ പാതിതുറന്ന് ഒരു രൂപം പ്രത്യക്ഷപ്പെട്ടു. കൂളിംഗ് ഗ്ലാസ്സും അരക്കയ്യൻ ബനിയനും ഷോട്ട്സും ധരിച്ച നീണ്ട് മെലിഞ്ഞ രൂപം. വാതിൽ തുറന്ന ശബ്ദം കേട്ട് കത്രീനാമ്മ തിരിഞ്ഞുനോക്കി. ഒരു ആംഗ്യത്തോടെ സ്വാമിയെ ചൂണ്ടിക്കാട്ടി അവർ പറഞ്ഞു. “നമ്മുടെ നെയ്ബർ സ്വാമി. പേരു്..?
“കല്യാണ ക്രുഷ്‌ണയ്യർ" സ്വാമി പൂരിപ്പിച്ചു.
നീണ്ട് മെലിഞ്ഞ രൂപത്തെ കാണിച്ച് കത്രീനാമ്മ പറഞ്ഞു. “എന്റെ ഹസ് കറിയാച്ചൻ"
ഒരാളെകൂടി സംസാരിക്കാൻ കൂട്ടിനുകിട്ടിയെന്ന സന്തോഷത്തോടെ സ്വാമി സാഗതപ്രസംഗം ആരംഭിച്ചു,
“സുപ്രഭാതം മി.കറിയാച്ചൻ, ഇറങ്കി വാങ്കോ.. നൈസ് ടു മീറ്റ് യു..

കറിയാച്ചൻ ഇറങ്ങി വന്നില്ല. അയാൾ അയാളുടെ നരച്ച മീശക്ക് താഴെ ഒരു നരച്ച ചിരി പാസ്സാക്കിയിട്ട് കത്രീനാമ്മയോട് പറഞ്ഞു. എടീ കടയിൽ പോയിട്ടു
ഒരു കുഞ്ഞിന്റെ മുഖത്ത് ഭീതിനിഴലിക്കുന്നത്പോലെ കത്രീനാമ്മയുടെ മുഖത്തും ഭീതിപരക്കുന്നത് സ്വാമി കണ്ടു. എളുപ്പമാവട്ടെ എന്ന് ക്രൂരമായി പറഞ്ഞുകൊണ്ട് സ്വാമിയെ ശ്രദ്ധിക്കാതെ അയാൾ വീട്ടിനുള്ളിലേക്ക് കയറിപ്പോയി. സ്വാമിയോട് വിടവാങ്ങി കത്രീനാമ്മയും വീടിനുള്ളിലേക്ക് നടന്നു. കത്രീനാമ്മ നടന്നു നീങ്ങുന്നത് സ്വാമി സുസൂക്ഷ്‌മം വീക്ഷിച്ചു.
താരുണ്യത്തിൻറ ലക്ഷണങ്ങൾ അഞ്ചര അടി ഉയരം. ചുരുണ്ട കാർകൂന്തൽ. ഗോതമ്പിന്റെ നിറം. അൽപ്പം ഇറുകിയ നൈറ്റി ഉടയാത്ത പ്രതിബിംബിപ്പിക്കുന്നു. മുട്ടോളമെത്തുന്ന നീണ്ടകൈകൾ . ഒരു കൈനിറയെ സ്വർണ്ണവളകൾ. വീടിനുള്ളിലേക്ക് കയറുമ്പോൾ കത്രീനാമ്മ ഒന്നുതിരിഞ്ഞ് നോക്കി. ഏതോ നിർവൃതി സമ്മാനിച്ച ഒരു സംത്രുപ്തി അപ്പോൾ ആ മുഖത്ത് തിളങ്ങി. ആശ്വാസത്തിൻറ സുഖശീതളമായ ഛായയിൽ അവരുടെ കുറുനിരകൾ കുണുങ്ങി നിന്നു.
സ്വാമി ഒരു മൂളിപ്പാട്ടും لهวร വീടിനുള്ളിലേക്ക് കയറിചെല്ലുമ്പോൾ സ്വർണ്ണാംബാൾ പരിപ്പുവട ഉണ്ടാക്കുകയായിരുന്നു. ചൂടുള്ള പരിപ്പുവട ഊതി തിന്ന് എണ്ണപുരണ്ട കൈ സ്വർണ്ണാംബാളിൻറ ചേലാഗ്രത്തിൽ തുടച്ച് അവിടെതന്നെ ശങ്കിച്ചുനിന്നു. വീണ്ടും ചൂടുള്ളപരിപ്പുവട കയ്യിലെടുത്ത് അവിടെ തന്നെയിട്ട് കൈ ഊതി തണുപ്പിച്ചു,
"ചൂടാറിനതുക്കപ്രം ശാപ്പിടലാമേ, എതുക്കു കൈ ചുട്ടുക്കറീങ്ക?"
അതുകേൾക്കാത്ത മട്ടിൽ കൈവിരൽഞ്ഞൊടിച്ച് ഓരോ രാഗങ്ങൾ മുളി മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. എന്നിട്ട് ആരോടെന്നില്ലാതെ പറഞ്ഞു.
"അവൾ മികവും അഴകാന പെണ്ണു്.
"യാരു്”
“നമ്മുടെ നെയ്‌ബർ മലയാളികളാണു്. ഏതോ ക്രുസ്ത്യൻഫാമിലി. മൂന്നു കുഴതൈകൾ, എല്ലാം ടീനേജ്. ആ സ്ത്രീ വളരെ ബ്യൂട്ടിഫുൾ. പക്ഷെ കണവൻ മുശ്ശടൻ. ഷേയ്ക്‌ഫിയർ നാടകത്തിലെ ക്യാരക്ട‌ർമാതിരി. “ലീൻ ഏൻറ് മിക്ക് വളരെ ബ്യൂട്ടിഫുൾ പള്ളിയ കണാന്

ഹങ്കറി ലൂക്കിംഗ്" എന്നാലും അവൻ ലക്കി ഗൈ..
അതിനുശേഷം കത്രീനാമ്മ സ്വാമി കുടുംബത്തെ അനവധിതവണ സന്ദർശിച്ചു. സ്വാമിയോട് സംസാരിച്ചില്ലെങ്കിൽ എന്തോ മറന്നമാതിരി എന്ന് അഭിപ്രായപ്പെട്ടു.
"അവൾ അഴകാന പെണ്ണുതാൻ" എന്ന് സ്വർണ്ണാംമ്പാളും സമ്മതിച്ചതാണു. ആ കത്രീനാമ്മയെയാണു സ്വാമി സ്വപ്നം കാണുന്നത്. സാധാരണ സ്വ‌പ്നമല്ലത്രെ. സ്വർണ്ണാംമ്പാൾ ഉത്കണ്ഠയോടെ ചോദിച്ചപ്പോൾ സ്വാമി വിവരിച്ചു.
"നാൻ മെത്തയിലെ, ചാഞ്ചു പടുത്തുക്കൊണ്ടിരുക്കേൻ." പതിനെട്ടരമുഴം കാഞ്ചിപുരം ചേലചുറ്റി, മുടിയിൽ മല്ലികൈ മലർചൂടി കൈനിറയെ വളകളും കഴുത്തിൽനിറയെ സ്വർണ്ണമാലകളും അണിഞ്ഞ് ഒരു കള്ളനാണത്തോടെ കത്രീനാമ്മ മുറിയിൽ കടന്നുവരുന്നു. വാതിലടച്ച് തഴുതിടാൻ അവൾ കൈകൾ ഉയർത്തുമ്പോൾ വളകൾകിലുങ്ങുന്നു. ആ ശബ്ദം കേട്ട് ഞാൻ ഉണരുന്നു. എന്നെ ഉണർത്തുന്നത് നിൻറെ വളകളുടെ കിലുക്കമോ അതോ സ്വപ്നത്തിൽ വരുന്ന കത്രീനാമ്മയുടെ വളകളുടെ കിലുക്കമോ എന്നറിയാനാണു നിന്നോട് വളയൂരാൻ പറഞ്ഞത്.
സ്വർണ്ണാംമ്പാളിന്റെ മുഖത്ത് വിഷാദം പടർന്നു. അവൾ നിശ്ശബ്ദയായി താടിക്ക് കൈകൊടുത്ത് ആത്മഗതം ചെയ്തു. സ്വപ്നത്തിലാണെങ്കിലും എന്തിനാണു കത്രീനാമ്മ പതിനെട്ടരമുഴം ചേലചുറ്റിയത്? എന്തിനാണു് അവൾക്ക് നാണം വന്നത്. ഒരു പക്ഷെ സ്വാമിയുടെ വാരിയെല്ലുകൊണ്ടാണോ ദൈവം അവളെ സ്രുഷ്ടിച്ചത്? സ്വർണ്ണാംമ്പാൾ നിശ്ശബ്ദയായിരുന്നപ്പോൾ സ്വാമിക്ക് വെപ്രാളമായി. സ്വാമി പറഞ്ഞു കത്രീനാമ്മ വളരെ നൈസ് സ്ത്രീ. അവർ എഡുക്കേറ്റഡും ആണു. വിവരം അവരോട് പറഞ്ഞ് നമുക്കൊക്കെ ചിരിക്കാം. ഒരു പക്ഷെ എന്തെങ്കിലും ദോഷം കൊണ്ടാണു ഈ സ്വപ്നദർശമെങ്കിൽ അത് തീരുകയും ചെയ്യും.
സ്വർണ്ണാംമ്പാൾ ആദ്യം വിസ്സമ്മതിച്ചെങ്കിലും പിന്നെ സമ്മതം മൂളി. സ്വാമി വേലിക്കരികിലേക്ക് അയലത്തെ സുന്ദരിയെ തേടിചെന്നു. കത്രീനാമ്മ ദിവസത്തിൽ ഒരു നേരമെങ്കിലും പച്ചക്കറിതോട്ടത്തിൽ പണിയെടുക്കുക പതിവായിരുന്നു. ചന്ദനത്തിന്റേയും കർപ്പൂരത്തിന്റേയും പരത്തികൊണ്ട് സ്വാമി അടുത്തുവന്നപ്പോൾ എന്തോ കത്രീനാമ്മക്ക് നാണം വന്നു. സ്വാമി മനസ്സിൽ ആലോചിച്ചു. സ്വ‌പനത്തിൽ കണ്ട അതേഭാവം. സുഗന്ധംനോക്കി. കണ്ട എന്തുണ്ട് സ്വാമി വിശേഷങ്ങൾ? കത്രീനാമ്മ ചോദിച്ചു. സ്വാമി നാലുപാടും വാസനഅടക്ക നല്ലപോലെ ചവച്ചുകൊണ്ട് താൻ സ്വപ്നത്തെക്കുറിച്ച് വിശദീകരിച്ചു. അത്കേട്ട് മല്ലീശ്വരന്റെ അമ്പ്കൊണ്ട പോലെ കത്രീനാമ്മ നിന്നു, ഒരു പതിനേഴ്‌കാരിയെപ്പോലെ അവർ നിലത്ത് കളം വരച്ചു. ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത് മുന്നിൽ കാത്ത് നിന്ന പൂവ്വമ്പൻ പള്ളിനായാട്ട്.... ചുറ്റും കിളികൾ ചിലച്ചു, അല്ല പാടി.. പൂക്കൾ അവരുടെ വാസന കാറ്റിനു കൈമാറി. സുര്യൻ ഒന്ന് കണ്ണു ചിമ്മി. ഇവിടെ ഒരു പെണ്ണിൻറെ മനസ്സിൽ ലഡു പൊട്ടുന്നു.
കത്രീനാമ്മ എന്തു ചിന്തിക്കുന്നു എന്ന് ചിന്തിക്കാതെ അതൊന്നും മനസ്സിലാക്കാതെ സ്വാമി വാസനഅടക്ക ചവച്ചുകൊണ്ടിരുന്നു. എന്തോ ഓർത്തിട്ടെന്നപോലെ സ്വാമി ചോദിച്ചു. ജീവിതം തന്നെ ഒരു മായയാകുമ്പോൾ സ്വപനങ്ങളും വിചിത്രങ്ങളാകുന്നു. കത്രീനാമ്മക്ക് അത്ഭുതം തോന്നുന്നില്ലേ?

സമീപനത്തിൽ പക്ഷെ കത്രീനാമ്മ എന്ന സ്ത്രീയിലെ വികാരത്തിനു ചൂട് പിടിക്കയായിരുന്നു. മക്കളെ പ്രസവിക്കാനും, ഡോളറുണ്ടാക്കാനും അടുക്കളപ്പണിക്കും വേണ്ടി തന്നെ ഉപയോഗിക്കുന്ന ഭർത്താവിൻറെ പരുപരുക്കൻ കെട്ടുപോയ, ആറിത്തണുത്ത അവരുടെ താരുണ്യം, അതിൻറെ ലഹരി, സ്വാമിയുടെ നിഷ്ക്കളങ്കമായ ആകർഷണീയമായ പുരുഷത്വത്തിൻറ ഊഷമാവിൽ വീണ്ടും ആളിപടരാൻ തുടങ്ങി. ഒരു ദുർബ്ബലനിമിഷം അവിടെ ഉരുണ്ട് കൂടി. സ്ത്രീയുടെ ചാരിത്ര്യശുദ്ധിക്ക് ഉത്തരവാദി പുരുഷനാണു് അല്ലാതെ സ്ത്രീയല്ല. അവൾ അതുകാത്ത് സൂക്ഷിക്കുന്നത് പുരുഷൻ അവളെ അയാളുടെ സ്വന്തമായി കാണുമ്പോഴാണു്. ഇവിടെ കത്രീനാമ്മ അവരുടെ ഭർത്താവിൻറ ഒരു ഉപകരണം മാത്രമാണു്. ഒരു ഉപകരണം അതിനു പ്രവർത്തിക്കാനുള്ള ഊർജ്ജം അതിനിഷ്‌ടമുള്ളേടത്ത് നിന്ന് സംഭരിക്കുന്നതിൽ എന്തു തെറ്റെന്ന് കത്രീനാമ്മ ആലോചിച്ചു. വിലക്കപ്പെട്ടകനി തിന്നാൻ കൊതിച്ച ഹവ്വയെപ്പോലെ കത്രീനാമ്മ സ്വന്തം വീട്ടിലേക്ക് ഒന്ന് ഒളിഞ്ഞ് നോക്കി ഒട്ടും ലജ്ജയില്ലാതെ എന്നാൽ ഒത്തിരി ഒത്തിരി മോഹത്തോടെ പറഞ്ഞു..

"സ്വാമിക്കു അങ്ങനെ കാണാൻ ആശയാണെങ്കിൽ എനിക്കങ്ങനെ വരാൻ സമ്മതമാണു്."
ഓർക്കാപ്പുറത്ത് കേട്ട കത്രീനാമ്മയുടെ മറുപടി സ്വാമിയെ പരിഭ്രമിപ്പിച്ചു. അദേഹം തിരിഞ്ഞുനോക്കിയപ്പോൾ കറപ്പിച്ചെഴുതിയ മിഴികളുമായി സ്വർണ്ണാംബാൾ ജനലിലൂടെ തറപ്പിച്ച് നോക്കുന്നു.

മറുപടി ഒന്നും പറയാനാവാതെ സ്വാമി വീട്ടിനുള്ളിലേക്ക് കയറിപോകുന്നത് കത്രീനാമ്മ നോക്കിനിന്നു. കോഴിക്കോടൻ അലുവ നുണയുന്ന പോലെ, ചുണ്ടിൽനിറയെ സ്വാമിക്കു വേണ്ടി കരുതിയ ചുംബനങ്ങൾ ഒലിപ്പിച്ച്കൊണ്ടു്... പരിസരം അതുകണ്ട് തരിച്ച് നിന്നു. ഭൂമിയിലെ മനുഷ്യൻ ജീവിതം എത്ര വിചിത്രമെന്ന് അന്നേരം നടക്കാനിറങ്ങിയ ദൈവം ആലോചിച്ച് കാണും.
ശുഭം

Join WhatsApp News
വായനക്കാരൻ 2026-08-10 10:55:15
ഈ നൂറ്റാണ്ടിലെ അമേരിക്കൻ സാഹിത്യകാരൻ അവാർഡിന് യോഗ്യൻ. ഇനിയുമുണ്ടോ ഇതുപോലുള്ള അസ്ത്രങ്ങൾ ആവനാഴിയിൽ ? വായനക്കാരൻ
Girish Chandra Nair 2026-08-10 14:53:17
വായനക്കാരാ പക്ഷെ ഫൊക്കാനക്ക് ഇത് കാണാൻ ഉയരം പോരായിരുന്നു കുറച്ചുകൂടി ഉയരം വയ്ക്കുമ്പോൾ ദൂര ദൃശ്യങ്ങൾ എളുപ്പമാകും. ഇനി വായനക്കാരൻ കളിയാക്കിയതാണെങ്കിലും ഒന്നിനും കൈനീട്ടാത്ത. പുറത്തിറങ്ങാത്ത സുധീറിനെ ബാധിക്കയില്ലെന്നു അയാളെ കുറെ കൊല്ലമായി അറിയുന്ന എനിക്കറിയാം. ഇന്നുകാലത്ത് മനസ്സിലാകാത്ത കഥകളല്ലേ മികച്ചതായി കരുതുന്നത്. എന്തായാലും ഇ മലയാളിയുടെ സാഹിത്യ വിഭാഗത്തിൽ എല്ലാത്തരം രചനകളും ഉണ്ട്. രാത്രി ഉറങ്ങുമ്പോൾ വളയൊച്ചകൾ കേൾക്കുന്നെങ്കിൽ അത് അയല്പക്കകാരിയുടേതും ആകാം അല്ലെ?
Samuel 2026-08-10 15:39:51
Beautiful story. Congratulations Sudhir. Samgeev
Santhosh Pillai 2026-08-10 23:33:57
"കറപ്പിച്ചെഴുതിയ മിഴികളും, കയ്യിൽ കറിക്കത്തിയും, മേൽപ്പോട്ടു കേറ്റിക്കുത്തിയ ചേലയുമായി സ്വർണ്ണാംബാൾ വാതിൽ പടിയിൽ കാത്തുനിൽക്കുന്നു," എന്നാവും അന്ത്യം എന്നുഞാൻ കരുതി. സുധിർജിയുടെ വിവരണ വൈഭവം അപാരം തന്നെ!
Rahimabi 2026-08-12 06:15:08
അനന്തരം കത്രീന “ ആനക്കൊടുത്താലും ആശ കൊടുക്കരുത് എന്നു കൂടി പറഞ്ഞ് കാണും “ 😀 കഥയായത് കൊണ്ട് കൊള്ളാം 👏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക