Image

അമേരിക്കൻ കഥക്കൂട്ടം (കഥ) എഡിറ്റർ - ബെന്നി കുര്യൻ (പുസ്തക പരിചയം - 21: തയ്യാറാക്കിയത് - ബാജി ഓടംവേലി, ഡാലസ്)

Published on 10 August, 2026
അമേരിക്കൻ കഥക്കൂട്ടം (കഥ) എഡിറ്റർ - ബെന്നി കുര്യൻ (പുസ്തക പരിചയം - 21: തയ്യാറാക്കിയത് - ബാജി ഓടംവേലി, ഡാലസ്)

അമേരിക്കയിൽ കുടിയേറിയ മലയാളി എഴുത്തുകാരിൽ ഈ നാട് വരഞ്ഞിട്ട അനുഭവങ്ങളുടെ നേരെഴുത്താണ് അമേരിക്കൻ കഥക്കൂട്ടം എന്ന ഈ പുസ്തകം. അമേരിക്കൻ മലയാളി എഴുത്തുകാരായ 65 പേരുടെ തിരഞ്ഞെടുത്ത  ഓരോ കഥകളുടെ സമാഹാരമാണിത്. മലയാളനാട്ടിൽ നിന്ന് വളരെ ദൂരെയായിരിക്കുമ്പോഴും ഭാഷയെ മനസ്സിലിട്ട് താലോലിക്കുന്ന അമേരിക്കൻ മലയാളിയുടെ സർഗ്ഗസിദ്ധിയുടെ സാക്ഷ്യപത്രമാണ് ഇതിലെ ഓരോ രചനയും.
അമേരിക്കൻ മലയാളി ഡയസ്പോറ സാഹിത്യം വളരെ പ്രാധാന്യമുള്ളതാണ്, കാനഡയും അമേരിക്കൻ ഐക്യനാടുകളും ഉൾപ്പെടുന്ന വടക്കെ അമേരിക്കൻ ഉപഭൂഖണ്ഡത്തെയാണ് പരാമർശിക്കുന്നത്. ഇതിലെ കഥകൾ അമേരിക്കൻ പശ്ചാത്തലത്തിൽ എഴുതിയിട്ടുള്ളതാണ്. മാതൃദേശം വിട്ട് പുറം ലോകത്തേക്ക് ചേക്കേറിയവർക്ക് അനേകം കഥകൾ പറയാനുണ്ടെന്ന് ഈ സമാഹാരം തെളിയിക്കുന്നു. അവരുടെ അനുഭവങ്ങളുടെ തീച്ചൂളയിൽ കാച്ചി പരുവം വരുത്തിയ കഥകളാണിത്. 

ഗ്രീൻ ബുക്സിൻ്റെ കൃഷ്ണദാസ് സാറുമായുള്ള ചർച്ചയിൽ ഒരിക്കൽ  'അമേരിക്കൻ മലയാളി എഴുത്തുകാരുടെ പ്രവാസാനുഭവങ്ങൾ ചുരുക്കമായേ കാണാറുള്ളല്ലോ' എന്ന സംശയം പ്രകടിപ്പിച്ചു. 'അമേരിക്കൻ ജീവിതം തുടിക്കുന്ന അനേകം കഥകൾ ഉണ്ടല്ലോ' എന്ന് ബെന്നി കുര്യൻ മറുപടി കൊടുത്തു. അങ്ങനെയെങ്കിൽ അതൊക്കെയൊന്ന് തിരഞ്ഞു പിടിച്ച് തരിക എന്ന ആവശ്യത്തിൽ നിന്നുമാണ് ഈ സമാഹാരം ഉണ്ടാകുന്നത്. പക്ഷേ ഇതിൻ്റെ പുസ്തകരൂപം കാണും മുൻപേ കൃഷ്ണദാസ് സാർ നമ്മെ വിട്ട് പോയി.

അറുപത്തിയഞ്ച് കൂട്ടം വിഭവങ്ങളൂമായി വായനക്കാർക്ക് ഈ പുസ്തകത്തിലൂടെ വിഭവസമൃദ്ധമായ ഒരു വിരുന്നൊരുക്കിയിരിക്കുകയാണ്. കലവറയിലെ വിഭവങ്ങളിൽ മാക് ഡൊണാൾസിലെ ബിഗ് മാക്, സബ് വേയിലെ സ്പൈസി ഇറ്റാലിയൻ സാൻവിച്, പി. എഫ്. ചാങ്ങിലെ കുങ്ങ് പോ ചിക്കൻ, ഡോമിനോ പിസ്സയിലെ ഡബിൾ ചീസ് ബർഗർ, ചിപോറ്റലെയിലെ കർണീറ്റസ് ബുരിറ്റോ, ഒപ്പം മുഗൾ റെസ്റ്റോറൻ്റിലെ തന്തൂരി ചിക്കനും, അന്നപൂർണ്ണയിലെ ബീഫ് ഉലത്തിയതും ഉണ്ട്. കൂടെ ഊതി കുടിക്കാനായി സ്റ്റാർ ബക്സിലെ കപ്പിച്ചുനോ മതിയാകുമല്ലോ? വിഭവങ്ങൾ പാകം ചെയ്തുതന്ന് ഈ വിരുന്നിനെ രുചികരമാക്കിയത് അറുപത്തിയഞ്ച് അമേരിക്കൻ മലയാളി എഴുത്തുകാരാണ്. 
മലയാളിയുടെ ജീവിതത്തിലൂടെ കടന്നു പോയത് മാത്രമല്ല ഹൃദയത്തിൽ സ്പർശിച്ച പല അമേരിക്കൻ സംഭവങ്ങളും ചിത്രീകരിക്കുന്ന കഥകളാണ് മിക്കതും. ഇളം തലമുറയിലെ മൂന്ന് മലയാളി എഴുത്തുകരുടെ ഇംഗ്ളീഷ് കഥകളും ഈ സമാഹാരത്തിൽ ഇടം പിടിച്ചിട്ടുണ്ട്. ഓരോ എഴുത്തുകാരും അമേരിക്കൻ പരിതസ്ഥിതിയിൽ താൻ കണ്ടതും അനുഭവിച്ചതുമായ സന്ദർഭങ്ങൾ സർഗാത്മകമായി വായനക്കാരനു മുന്നിൽ പറഞ്ഞുവെച്ചിരിക്കുന്നു. 
അമേരിക്കയിലെ മലയാളികൾക്ക് ഒരു കത്ത് എന്ന സുഗതകുമാരിയുടെ കവിതയും, ചെറിയാൻ കെ. ചെറിയാൻ, എസ്. രമേശൻ, പ്രൊഫ. റോസി തമ്പി, ജയൻ കെ. സി എന്നിവരുടെ കവിതയും ആമുഖമായി ചേർത്തിട്ടുണ്ട്.
എഴുത്തുകാരുടെ പേരിൻ്റെ ആകാരാദി ക്രമത്തിലാണ് കഥകൾ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

മനസ്സുകളുടെ തീർത്ഥാടനം (ജോയൻ കുമരകം), ഗേൾ ഫ്രണ്ട്സ് (അനിത പണിക്കർ), ഊബർ (എസ്. അനിലാൽ), ഒപ്പിഡൈക്കയിലെ എണ്ണക്കിണറുകൾ (അനീഷ് ചാക്കോ), ഇറ്റാലിയൻ അയൽക്കാരൻ (അബ്ദൂൾ പുന്നയൂർക്കുളം), മൊണ്ടാനയിൽ നിന്ന് ഒരു വിലാപം (അശ്വതി എം. മാത്യു), അസൈൻമെൻ്റ് ( അശോകൻ വേങ്ങശ്ശേരി), ഭാഷ ഇല്ലാത്ത ലോകം (ഉമാ സജി, ന്യൂയോർക്ക്), സിമിത്തേരിക്കപ്പുറം, കാട്ടിൽ മരത്തിനു കീഴെ (എതിരൻ കതിരവൻ), ജാതകരഹസ്യം (എബ്രഹാം തെക്കേമുറി), കീ വെസ്റ്റിൽ നിന്നോടൊപ്പം (കവിത അംബികാദേവി), അതിരയുടെ ലൈസൻസ് (കുഞ്ഞൂസ്), കറുത്ത സ്നോ (കോശി തലയ്‌ക്കൽ), വാനപ്രസ്ഥം (ജയന്ത് കാമിച്ചേരിൽ), ഇന്നാണ് ഫിലിപ്പിൻ്റെ മരണം (ജീന രാജേഷ്), ഒരിക്കൽ ഒരിടത്ത് (ജെയിൻ ജോസഫ്) ഭൂമിയുടെ ഉപ്പ് (ജേക്കബ് തോമസ്), ഓണച്ചിരി: അളിയൻ്റെ പടവലങ്ങ (ജോസ് ചെരിപ്പുറം), അവാർഡ് ദാനവും ആനുവൽ ഡിന്നറും (ജോൺ ഇളമത), പോടാ പയ്യനെ, പോ... (ഫാദർജി), പാരസൈഡ് (ഡോ. ജോർജ് മരങ്ങോലി), ഇൻഡ്സ് ഡെയ്റ്റിങ് (പ്രൊഫ. ഡോ. ജോയ് ടി. കുഞ്ഞാപ്പു), ന്യായവിധി (ജോൺ മാത്യു), ഒരു രാത്രിയുടെ കഥ ( ജോസഫ് എബ്രഹാം), ലൂക്കായുടെ അമേരിക്കൻ പൗരത്വം (ജെയിംസ് കുരീക്കാട്ടിൽ), മെക്സിക്കൻ മതിൽ (തമ്പി ആൻ്റണി), കാലം സാക്ഷി (ത്രേസ്യാമ്മ തോമസ്), പാക്കിപ്രിൻസസ് (നിർമ്മല), ആമേൻ (നീനാ പനയ്‌ക്കൽ). ജാക്ക്പോട്ട് (കെ. വി. പ്രവീൺ), സുലതം (പ്രസീത സജി), റൊമേറോ (പ്രിയ ഉണ്ണികൃഷ്ണൻ), കന്യാവ്രതത്തിൻ്റെ കാവൽക്കാരൻ (പ്രിയ ജോസഫ്), എനിക്ക് നിന്നെ പേടിയാണ് (പി. ടി. പൗലോസ്), കുറ്റബോധം (ബാബു പാറയ്‌ക്കൽ), മഞ്ഞൊഴിയാത്ത വീട് (ബിജോ ജോസ് ചെമ്മാന്ത്ര), വീണ്ടുമൊരു കടൽത്തീരത്തേക്ക് (ബെന്നി കുര്യൻ), ബീന (മീനു എലിസബത്ത്), കട്ടുറുമ്പിൻ്റെ കടിയും എറുമ്പു നേ-താക്കളുടെ കടിപിടിയും (മണ്ണിക്കരോട്ട്), പിയറ്റെ (മനോഹർ തോമസ്), പാപനാശിനിയുടെ തീരത്ത് പ്രാർത്ഥനയോടെ (മാലിനി), നെടുവീർപ്പുകൾ (മനോ ജേക്കബ്, കണക്ടിക്കട്ട്), എന്നെന്നും സ്നേഹിക്കാൻ (മത്തായി ചാക്കോ), സോഫി (മുരളി ജെ. നായർ), ഉണ്ണിയും അമ്മയും (മായാ ബാനർജി, കാനഡ), അനാഥരുടേ നിലവിളി (രതീ ദേവി), കൊളോണിയൽ കസിൻസ് (രാജേഷ് ആർ. വർമ്മ), അളിയാ, ഞാനും അച്ചനായി (രാജു മൈലപ്ര), നീണ്ട തണ്ടോടുകൂടിയ ചുവന്ന പനിനീർപ്പൂവ് (ലൈല അലക്സ്), എനിക്കും അവാർഡ് കിട്ടി (വർഗീസ് എബ്രഹാം, ഡെൻവർ), മോറിസ് മൈനർ (ഷാജു ജോൺ), പൊന്നരഞ്ഞാണം (ഷാജൻ ആനിത്തോട്ടം), എ. ട്രൂ സ്റ്റോറി (എം. പി. ഷീല), ഒഴിഞ്ഞ കൂട് (സരോജ വർഗീസ്), സ്ഥാവരജംഗമ സ്വത്തുക്കൾ (ഡോ. സലീമ ഹമീദ്), പോപ്പറില്ലോ (സി. എം. സി), പ്രോസർപീന (സുരേഷ് നെല്ലിക്കോട്), ദീനാമ്മയുടെ പൂച്ച (സാംസി കൊടുമൺ), ഗ്രീക്ക് യോഗർട്ട് (സാംജീവ്), (ക്)നോളഡ്ജ് (റഫീഖ് തറയിൽ), വേനലിൽ ഒരു മഴ (റീനി മമ്പലം), അഞ്ചു തലമുറകൾക്കകലെ നിന്നു എൻ്റെ കൊച്ചുമകനൊരു കത്ത് (ഡോ. റോയി പി. തോമസ് ഷിക്കാഗോ), THe Haunted House of a Eerie Street (Christal Kuriakose), Addicted to Love (Tom Mathews), Atlas of Unknowns (knopf) (Tania James) എന്നീ 65 കഥകളാണ് സമാഹാരത്തിലുള്ളത്. 

ഇതിലെ ഓരോ കഥയും അമേരിക്കൻ മലയാള കഥാലോകത്തിൻ്റെ ഒരു വ്യത്യസ്ഥമായ ചിത്രം വായനക്കാർക്ക് മുന്നിൽ വരച്ചിടും എന്നതിൽ തർക്കമില്ല. ഡയസ്പോറ സാഹിത്യം മലയാള മണ്ണിൽ വേരോടുന്നതേയുള്ളൂ. കഥകളുടെ സ്വർണ്ണഖനികളാൽ സമൃദ്ധമാണ് കുടിയേറ്റ ഭൂമിയിലെ എഴുത്തുകാർ. അവരുടെ തൂലികയിൽ ഇനിയും എത്രയോ നല്ല കഥകൾ പിറക്കാനിരിക്കുന്നു. 

ഇതൊരു ചെറിയ അംശം മാത്രമേ ആകുന്നുള്ളു. ഈ 65 പേർ മാത്രമല്ല അമേരിക്കയിൽ കഥയെഴുതുന്നത്, എങ്കിലും എത്രയും പേരെ കണ്ടെത്തുവാനും അവരെ ഒന്നിച്ച് അണിനിരത്താനും കഴിഞ്ഞത് വലിയ ശ്രമകരമായ ജോലിയായിരുന്നു. അതിനായ് സമയം കണ്ടത്തിയ ബെന്നി കുര്യനെ മനസ്സുകൊണ്ട് അനുമോദിക്കുന്നു. അമേരിക്കയിലെ എഴുത്തുകാർക്ക് ഈ കൃതി ഒരു പ്രചോദനം മാത്രമല്ല, കേരളീയർക്ക് ഒരു പക്ഷേ അവർ സങ്കല്പിച്ചു വച്ചിരുന്നതിനു വിരുദ്ധമായ ഒരു അമേരിക്കൻ ലോകവും ജീവിതവും മനസ്സിലാക്കിക്കൊടുക്കാൻ ഈ ഉദ്യമം ഒരു അഭിവാജ്യ ഘടകമായി നിലനിൽക്കും. 

ഒരു കൈക്കുമ്പിൽ നിറയെ ഇലഞ്ഞിപ്പൂക്കളുമായിവരാൻ പറഞ്ഞുവിട്ടിട്ട്, അത് കോർത്ത് മാലയാക്കുന്നതിനു മുൻപ് ഒരു വാക്ക് മിണ്ടാതെ ഇത്ര പെട്ടെന്ന് കടന്നു പോയ ഗ്രീൻ ബുക്സിൻ്റെ മുൻ മാനേജിങ്ങ് ഡയറക്ടർ ആയിരുന്ന സുഹൃത്ത്, കൃഷ്ണദാസ് വൽസൻ എന്ന  കൃഷ്ണദാസ് സാറിനാണ് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. ദുബായ്പ്പുഴയും (പ്രാവസക്കുറിപ്പുകൾ), കടലിരമ്പവും (നോവൽ) മറ്റും എഴുതിയ, അക്ഷരങ്ങളെയും പുസ്തകങ്ങളെയും വളരെ സ്നേഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു കൃഷ്ണദാസ്. 
ഓസ്റ്റിനിലുള്ള യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ അസ്സി. പ്രൊഫ. ഡോ. ദർശന മനയത്ത് ശശിയാണ് 'പ്രവാസിയുടെ തൂലിക ചലിക്കുമ്പോൾ' എന്ന പേരിൽ അവതാരിക എഴുതിയിരിക്കുന്നത്. സൂക്ഷ്മമായി തിരഞ്ഞെടുത്ത ഈ കഥകൾ വായനക്കാർക്ക് പുതിയ അനുഭവമാകുമെന്നും അവരിൽ നവചിന്ത ഉണർത്തുമെന്നു ഉള്ളതിൽ സംശയമില്ല.
 ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന 460 പേജുകളുള്ള ഈ പുസ്ത്കത്തിൻ്റെ വില 450 രൂപയാണ്.

ബെന്നി കുര്യൻ (ബെന്നി നെച്ചൂർ)

എറണാകുളം ജില്ലയിലെ നെച്ചൂരിൽ ജനനം. തിരുവനന്തപുരം കെൾട്രോണിൽ ജോലിയിലിരിക്കെ ഉപരിപഠനാർത്ഥം അമേരിക്കയിലെത്തി. ഇലട്രോണിക്സ് എൻജിനിയറിങ്ങിൽ ബിരുദവും, കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ബുരുദവും നേടി. ഇപ്പോൾ ന്യൂജേഴ്സിയിൽ കുടുംബസമേതം താമസിക്കുന്നു. 
ബെന്നി നെച്ചൂർ എന്ന പേരിൽ കഥകളും കവിതകളും ലേഖനങ്ങളും അച്ചടി - ഓൺലൈൻ മാധ്യമങ്ങളിൽ എഴുതുന്നു. ഐ. ടി. മേഖലയിൽ സ്വന്തം സ്ഥാപനം നടത്തുന്നു. അമേരിക്കയിലെ വിവിധ സംഘടനകളിലും സാമൂഹ്യരംഗത്തും സജീവമാണ്.
പുല്ലാന്തറയിലെ ചുഴികൾ (അനുഭവം), പുല്ലാന്തറയിലെ രംഗമഞ്ചങ്ങൾ (നാടകം) അമേരിക്കൻ കഥക്കൂട്ടം (എഡിറ്റർ) തുടങ്ങിയവ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു. 
ഭാര്യ :- വിജി, മക്കൾ :- ഡാനി, കൃസ് തൽ 
email :- nechoor@gmail.com
 

Join WhatsApp News
ചാക്കോ കുടുംബിരിയിൽ 2026-08-10 06:20:35
അടുത്ത കാലത്തായി ബാജിഓടമ്പേലി ഒത്തിരി വർഷത്തെ പഴക്കമുള്ള പഴഞ്ചൻ പുസ്തകങ്ങൾ പുകപ്പുരയിൽ നിന്ന് പൊക്കിയെടുത്ത് പരിചയപ്പെടുത്തുന്നതിൽ നന്ദി. ഒരു എളിയ നിർദ്ദേശവും മുന്നോട്ടു വെക്കട്ടെ. പുസ്തകത്തെ പറ്റിയുള്ള ഒരു എക്സാറ്റ് റീപ്രൊഡക്ഷൻ നല്ലതുതന്നെ. പക്ഷേ അതിലും നല്ലതല്ലേ ഒരു ചെറിയ നിരൂപണം, ഒരു ചെറിയ വിമർശനം, ആ പുസ്തകത്തിൻറെ ഗുണഗണനങ്ങൾ, എന്തുകൊണ്ട് ആ പുസ്തകം പരിചയപ്പെടുത്തുന്നു കാര്യകാരണസഹിതം യുക്തിയോടെ വിവരിക്കുന്നതല്ലേ കൂടുതൽ നല്ലത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക