Image

ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയുമായി ചർച്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ

Published on 08 August, 2026
ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയുമായി ചർച്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ

 എറണാകുളം: വിവിധ മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോറുമായി മുഖ്യമന്ത്രി വി ഡി സതീശൻ ചർച്ചകൾ നടത്തി .

ഉന്നത വിദ്യാഭ്യാസം, വിനോദസഞ്ചാരം, സംസ്‌കാരം, നിക്ഷേപം, സമുദ്ര വികസനം തുടങ്ങിയ പരസ്‌പര താൽപ്പര്യമുള്ള മേഖലകളിൽ കേരളവും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് മുഖ്യമന്ത്രിയും അമേരിക്കന്‍ സ്ഥാനപതിയുമായി കൊച്ചിയിൽ നടന്നത്. ചീഫ് സെക്രട്ടറിയും മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.

കേരളത്തിലെയും അമേരിക്കയിലെയും സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള കൂടുതൽ പങ്കാളിത്തത്തിനുള്ള സാധ്യതകൾ മുഖ്യമന്ത്രി വി ഡി സതീശൻ കൂടിക്കാഴ്‌ചയിൽ ചൂണ്ടിക്കാട്ടി. സംയുക്ത ഗവേഷണം, അക്കാദമിക് കൈമാറ്റങ്ങൾ, നവീനാശയ പങ്കാളിത്തങ്ങൾ, സാംസ്‌കാരിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങളും ചർച്ചയായി.

ഇതാദ്യമായാണ് താൻ കേരളം സന്ദർശിക്കുന്നതെന്നും സംസ്ഥാനത്തിൻ്റെ പ്രകൃതി ഭംഗി, സമ്പന്നമായ സാംസ്‌കാരിക പൈതൃകം, അന്താരാഷ്ട്ര ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള വലിയ സാധ്യതകൾ എന്നിവ തന്നെ ആകർഷിച്ചതായും സെർജിയോ ഗോർ പറഞ്ഞു. വെൽനസ്, ആയുർവേദ വിനോദ സഞ്ചാര മേഖലകളിലെ കേരളത്തിൻ്റെ കരുത്ത് ഉപയോഗപ്പെടുത്തി കൂടുതൽ അമേരിക്കൻ സന്ദർശകരെ ആകർഷിക്കാനുള്ള സാധ്യത അദ്ദേഹം ചൂണ്ടിക്കാട്ടി. 

'സിസ്റ്റർ സിറ്റികൾ' എന്ന ആശയത്തെക്കുറിച്ചും അംബാസഡർ പരാമർശിച്ചു. സാംസ്‌കാരിക, വിദ്യാഭ്യാസ, സാമ്പത്തിക, ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ അടുപ്പിക്കാൻ കേരളത്തിലെയും അമേരിക്കയിലെയും നഗരങ്ങൾ തമ്മിൽ അത്തരം പങ്കാളിത്തങ്ങൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

തുറമുഖങ്ങൾ, ലോജിസ്റ്റിക്‌സ്, തുറമുഖാധിഷ്‌ഠിത വികസനം എന്നിവയിൽ അന്താരാഷ്ട്ര നിക്ഷേപത്തിനുള്ള കേരളത്തിൻ്റെ വർധിച്ചുവരുന്ന സാധ്യത മുഖ്യമന്ത്രി ചർച്ചയിൽ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം എന്നിവയുമായി ബന്ധപ്പെട്ട അവസരങ്ങൾ, സമുദ്ര ലോജിസ്റ്റിക്‌സ്, കപ്പൽ നിർമാണം, കപ്പൽ അറ്റകുറ്റപ്പണികൾ, ഗ്രീൻ ബങ്കറിംഗ്, അനുബന്ധ വ്യവസായങ്ങൾ എന്നിവയും ചർച്ചയായി. അമേരിക്കൻ കമ്പനികളും കേരളവും തമ്മിൽ കൂടുതൽ ഇടപെടൽ സുഗമമാക്കുന്നതിലും കൂടുതൽ അമേരിക്കൻ ബിസിനസുകളെ സംസ്ഥാനത്തെ നിക്ഷേപ അവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിലും തനിക്ക് താൽപ്പര്യമുണ്ടെന്ന് അംബാസഡർ അറിയിച്ചു.

അമേരിക്കയിലെ മലയാളി സമൂഹവുമായും ബിസിനസ് ശൃംഖലകളുമായും ഉള്ള ഇടപെടൽ കൂടുതൽ ആഴത്തിലാക്കാനുള്ള വഴികളും യോഗം പരിഗണിച്ചു. ഈ പശ്ചാത്തലത്തിൽ, നിക്ഷേപ അന്വേഷണങ്ങൾ സുഗമാക്കുന്നതിനും സാധ്യതയുള്ള നിക്ഷേപകരെയും കമ്പനികളെയും കേരളത്തിലെ അവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിനും മലയാളി പ്രവാസികളുമായും വിശാലമായ അമേരിക്കൻ ബിസിനസ് സമൂഹവുമായും ഇടപെടൽ ശക്തിപ്പെടുത്തുന്നതിനുമായി അമേരിക്കയിൽ ഒരു 'ഇൻവെസ്റ്റ് ഡെസ്‌ക്' സ്ഥാപിക്കുന്നത് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക