
ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ജൂലൈ 19ന് (ഇന്ത്യന്‍ സമയം ജൂലൈ 20നു പുലര്‍ച്ചെ) സമാപിച്ചതാണ്. മറുപടിയില്ലാത്ത ഒരു ഗോളിന് അര്‍ജന്റീനയെ തോല്‍പിച്ച് സ്‌പെയിന്‍ ലോകകപ്പ് നേടി. വിവിധ രാജ്യങ്ങളിലെ കളിക്കാരില്‍ പലരും അതത് ക്ലബുകള്‍ക്കൊപ്പം പരിശീലനം തുടങ്ങി. ട്രാന്‍സ്ഫര്‍ ചര്‍ച്ചകളും പുതിയ കരാറുകളും മുന്നോട്ട്. പക്ഷേ, ന്യൂജേഴിസിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ കലാശക്കളി കഴിഞ്ഞ് മൂന്നാം ആഴ്ചയിലെത്തിയിട്ടും വിവാദങ്ങള്‍ ബാക്കി.
അര്‍ജന്റീനയ്ക്കായി ഫിഫയും റഫറിയും(വാര്‍ ഉള്‍പ്പെടെ) പക്ഷപാതപരമായ സമീപനം കാഴ്ചവച്ചെന്ന ആരോപണം ഒരു വശത്ത്. കപ്പ് നിലനിര്‍ത്താന്‍ കഴിയാത്ത അര്‍ജന്റീനയുടെ കളിക്കാര്‍ സ്പാനിഷ് താരങ്ങളെ കായികമായി നേരിട്ടതിന്റെ നാണക്കേട് മറുവശത്ത്. പക്ഷേ, ഇവയെല്ലാം നിഷ്പ്രഭമാക്കി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോയ്ക്ക് എതിരായ പ്രതിഷേധം തുടരുകയാണ്.
യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പുമായുള്ള ഇന്‍ഫാന്റിനോയുടെ സൗഹൃദം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. സമാധാനത്തിനുള്ള നൊബേല്‍ പ്രൈസ് ആഗ്രഹിച്ച ട്രമ്പിന് ഫിഫയുടെ പ്രഥമ സമാധാന പുരസ്‌കാരം സമ്മാനിച്ചത് ഇന്‍ഫാന്റിനോയുടെ ഏകപക്ഷീയ തീരുമാനമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. അതിനെതിരെ പല യൂറോപ്യന്‍ രാജ്യങ്ങളും രംഗത്തു വന്നു.
ലോകകപ്പ് നടത്തിപ്പില്‍ ഉള്‍പ്പെടെ സ്വകാര്യ പങ്കാളിത്തം അഥവാ നിക്ഷേപം കൊണ്ടുവരാനുള്ള ഇന്‍ഫന്റിനോയുടെ തീരുമാനം ചോദ്യചെയ്യപ്പെട്ടു. ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസ്(എഫ്.എഫ്.ഇ.) എന്നൊരു ഉപ കമ്പനി രൂപവല്‍ക്കരിക്കാനായിരുന്നു ഇന്‍ഫന്റിനോയുടെ നീക്കം. അംഗരാജ്യങ്ങള്‍ക്ക് രണ്ടുകോടി ഡോളര്‍ വീതം നല്‍കുമെന്ന വാഗ്ദാനം ഇതിനൊപ്പം വന്നു. ഒപ്പം വാര്‍ഷിക ഗ്രാന്റ് 80 ലക്ഷം ഡോളറില്‍ നിന്ന് രണ്ടുകോടി ഡോളര്‍ ആകുമെന്നും പ്രഖ്യാപിച്ചു. ഇതോടെ ഫിഫയിലെ 211 അംഗരാജ്യങ്ങളില്‍ ഭൂരിപക്ഷവും തനിക്കൊപ്പം നില്‍ക്കുമെന്നാണ് ഇന്‍ഫന്റിനോ കരുതിയത്.
സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ ഇന്‍ഫന്റിനോയ്ക്ക് പ്രായം 56. അടുത്ത വര്‍ഷം നടക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജയിച്ച് മൂന്നാമതൊരു തവണകൂടി അധികാരത്തിലെത്താമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടന-യുവേഫ-എതിര്‍പ്പുമായി രംഗത്തുവന്നു. പദ്ധതി പിന്‍വലിച്ച് ഫിഫ ഡയറക്ടര്‍ ബോര്‍ഡ് യോഗം ക്ഷമാപണം നടത്തി. മൊറോക്കോയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗം പക്ഷേ, ഇന്‍ഫന്റിനോയെ പിന്തുണച്ചതോടെ രാജി ഒഴിവായി. എന്നാല്‍ ലോകകപ്പ് ബഹിഷ്‌കരണം യുവേഫ ഇനിയും പിന്‍വലിച്ചിട്ടില്ല.
ആഫ്രിക്കന്‍ രാജ്യങ്ങളും അര്‍ജന്റീനയുമൊക്കെ ഇന്‍ഫന്റിനോയെ പിന്തുണച്ചിട്ടുണ്ട്. ഇതിനിടെ ഇന്‍ഫന്റിനോ യു.എസ്. പ്രസിഡന്റ് ട്രമ്പിന്റെ പിന്തുണ തേടിയെന്ന വാര്‍ത്തയും പ്രചരിച്ചു. പിന്നീട് ഇത് നിഷേധിക്കപ്പെട്ടെങ്കിലും സംശയങ്ങള്‍ ബാക്കിയാണ്. 2027 മാര്‍ച്ച് 15ന് മൊറോക്കോയില്‍ നടക്കുന്ന എഴുപത്തേഴാമത് ഫിഫ കോണ്‍ഗ്രസിലാണ് തിരഞ്ഞെടുപ്പ്. 211 അംഗങ്ങളില്‍ 106 പേര്‍ വോട്ട് ചെയ്താല്‍ ഇന്‍ഫന്റിനോയ്ക്ക് തുടരാം. നാലു വര്‍ഷം വീതമുളള മൂന്നു ടേം ആണ് ഫിഫ പ്രസിഡന്റിന് അനുവദിക്കുന്നത്. എന്നാല്‍, തുടക്കത്തിൽ ഹവലാഞ്ചിനെ പുറത്താക്കിയതിന്റെ തുടര്‍ച്ചയായി ഇന്‍ഫന്റിനോ പ്രസിഡന്റായതാണ്.അത് ഒരു ടേം ആയി കൂട്ടാത്തതിനാൽ മത്സരിക്കാൻ തടസമില്ല.