Image

വിചാരവേദിയുടെ രണ്ട് പതിറ്റാണ്ട്; കെ.സി.എ.എന്‍.എ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ 9-ന്

Published on 07 August, 2026
വിചാരവേദിയുടെ രണ്ട് പതിറ്റാണ്ട്; കെ.സി.എ.എന്‍.എ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ 9-ന്

ന്യൂയോര്‍ക്ക്: കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.എ.എന്‍.എ) സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിച്ചാരവേദിയുടെ ഇരുപതാം വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നു. ഭാഷ, സാഹിത്യം, സംസ്‌കാരം, സാമൂഹിക ചിന്ത എന്നിവയ്ക്ക് വേദിയൊരുക്കിക്കൊണ്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന വിച്ചാരവേദിയുടെ ഇരുപതാം വാര്‍ഷികാഘോഷം ആഗസ്റ്റ് 9 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ക്വീന്‍സ് വില്ലേജിലെ കെ.സിഎഎന്‍എ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും.

പ്രശസ്ത നോവലിസ്റ്റ് റ്റി.ഡി രാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റും കോളമിസ്റ്റുമായ ജോണ്‍ മുണ്ടക്കയം ആണ് ഗസ്റ്റ് സ്പീക്കര്‍. വിചാരവേദി കോ-ഓര്‍ഡിനേറ്റര്‍ സാംസി കൊടുമണ്‍, രചയിതാവ് കോരസണ്‍ വര്‍ഗീസ് ഉള്‍പ്പെടെ  സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും പ്രമുഖ പ്രഭാഷകരും പങ്കെടുക്കുന്ന ചടങ്ങ് സാഹിത്യചര്‍ച്ചകള്‍ക്കും ആശയസംവാദങ്ങള്‍ക്കും സാംസ്‌കാരിക കൂട്ടായ്മയ്ക്കും വേദിയാകും. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയ്ക്കും പുതിയ തലമുറയില്‍ വായനയും ചിന്തയും വളര്‍ത്തുന്നതിനും വിച്ചാരവേദി നല്‍കിയ സംഭാവനകള്‍ ചടങ്ങില്‍ അനുസ്മരിക്കും.

അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ ശ്രദ്ധേയമായ ഇടം നേടിയ വിച്ചാരവേദിയുടെ രണ്ട് പതിറ്റാണ്ട് നീണ്ട യാത്രയും കെ.സി.എന്‍.എയുടെ അരനൂറ്റാണ്ട് പിന്നിട്ട സാംസ്‌കാരിക പാരമ്പര്യവും ഒരേ വേദിയില്‍ ആഘോഷിക്കപ്പെടുന്നതാണ് പരിപാടിയുടെ പ്രത്യേകത. സാഹിത്യവും സംസ്‌കാരവും സമൂഹബോധവും സമന്വയിപ്പിച്ച് മുന്നേറിയ കെ.സി.എന്‍.എയുടെ പ്രവര്‍ത്തന പാരമ്പര്യത്തിന്റെ തുടര്‍ച്ചയായാണ് വിച്ചാരവേദിയുടെ പ്രവര്‍ത്തനങ്ങളെയും വിലയിരുത്തുന്നത്.

അമ്പത് വര്‍ഷത്തെ കെ.സി.എ.എന്‍.എയുടെ സാംസ്‌കാരിക പൈതൃകത്തിനൊപ്പം വിചാരവേദിയുടെ ഇരുപത് വര്‍ഷത്തെ ബൗദ്ധിക യാത്രയും അടയാളപ്പെടുത്തുന്ന ഈ സംഗമം അമേരിക്കന്‍ മലയാളി സമൂഹത്തിന് ഓര്‍മിക്കാവുന്ന സാംസ്‌കാരിക വിരുന്നായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കെ.സി.എന്‍.എ അംഗങ്ങള്‍, കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരെയും സംഘാടകര്‍ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക