Image

എച്ച്-1 ബി, എല്‍-1 വിസ കാലാവധി നീട്ടല്‍ കൂടുതല്‍ ചെലവേറും; ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ആശങ്ക (എ.എസ് ശ്രീകുമാര്‍)

Published on 07 August, 2026
എച്ച്-1 ബി, എല്‍-1 വിസ കാലാവധി നീട്ടല്‍ കൂടുതല്‍ ചെലവേറും; ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് ആശങ്ക (എ.എസ് ശ്രീകുമാര്‍)

അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് വീണ്ടും ആശങ്ക ഉയര്‍ത്തി ട്രംപ് ഭരണകൂടത്തിന്റെ പുതിയ കുടിയേറ്റ നയനീക്കം. എച്ച്-1 ബി, എല്‍-1 വിസകളുടെ സാധാരണ കാലാവധി നീട്ടുന്നതിനും നിലവില്‍ ചില പ്രത്യേക വിസാ അപേക്ഷകള്‍ക്ക് മാത്രം ബാധകമായ അധിക ഫീസ് ഈടാക്കാണ് നീക്കം. നിര്‍ദേശം പ്രാബല്യത്തില്‍ വന്നാല്‍ അമേരിക്കയില്‍ ഇതിനകം ജോലി ചെയ്യുന്ന വിദേശ പ്രൊഫഷണലുകളുടെ വിസ പുതുക്കുന്നതിനുള്ള തൊഴിലുടമകളുടെ ചെലവ് ഗണ്യമായി ഉയരും.

പുതിയ എച്ച്-1 ബി വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫീസ് വര്‍ധനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് നിലവിലുള്ള വിസാ കാലാവധി നീട്ടുന്നതിനും അധിക സാമ്പത്തിക ബാധ്യത ഏര്‍പ്പെടുത്താനുള്ള നീക്കം. അമേരിക്കയിലെ എച്ച്-1 ബി വിസകളില്‍ ഏറ്റവും വലിയ പങ്ക് ഇന്ത്യക്കാര്‍ക്കായതിനാല്‍, നിര്‍ദേശത്തിന്റെ പ്രത്യാഘാതം ഏറ്റവുമധികം അനുഭവിക്കേണ്ടിവരുന്നത് ഇന്ത്യന്‍ പ്രൊഫഷണലുകളായിരിക്കുമെന്നാണ് വിലയിരുത്തല്‍.

നിലവിലെ വ്യവസ്ഥപ്രകാരം, ചില എച്ച്-1 ബി അപേക്ഷകള്‍ക്ക് 4,000 ഡോളറും എല്‍-1 അപേക്ഷകള്‍ക്ക് 4,500 ഡോളറും അധികമായി ഈടാക്കുന്നുണ്ട്. പുതിയ ജീവനക്കാരെ നിയമിക്കുന്നതിനോ ഒരു തൊഴിലുടമയില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറുന്നതിനോ സമര്‍പ്പിക്കുന്ന ചില അപേക്ഷകള്‍ക്കാണ് ഈ അധിക ഫീസ് പ്രധാനമായും ബാധകമായിരുന്നത്. എന്നാല്‍, പുതിയ നിര്‍ദേശം നടപ്പായാല്‍ ഇതിനകം അമേരിക്കയില്‍ ജോലി ചെയ്യുന്ന എച്ച്-1 ബി, എല്‍-1 വിസാ കാലാവധി സാധാരണ രീതിയില്‍ നീട്ടുന്നതിനും ഈ അധിക ഫീസ് ബാധകമാകും.

അതായത്, ഒരു ഇന്ത്യന്‍ ടെക് ജീവനക്കാരന്റെ എച്ച്-1 ബി വിസ പുതുക്കുമ്പോള്‍ അദ്ദേഹത്തിന് നേരിട്ട് പുതിയ വിസ എടുക്കുന്നതുപോലെയുള്ള അധിക ഫീസ് അടയ്‌ക്കേണ്ടിവരില്ലെങ്കിലും, അദ്ദേഹത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനിക്ക് കൂടുതല്‍ തുക ചെലവാക്കേണ്ടിവരും. ഈ അധിക ചെലവ് കമ്പനികളുടെ നിയമന-തുടര്‍ച്ചാ തീരുമാനങ്ങളെ സ്വാധീനിക്കുമോ എന്നതാണ് പ്രധാന ചോദ്യം. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, നിര്‍ദേശിക്കുന്ന അധിക ഫീസ് എച്ച്-1 ബി അല്ലെങ്കില്‍ എല്‍-1 വിസ ഉടമ നേരിട്ട് അടയ്‌ക്കേണ്ടതല്ല എന്നതാണ്. ബന്ധപ്പെട്ട തൊഴിലുടമയാണ് ഫീസ് അടയ്‌ക്കേണ്ടത്. എന്നിരുന്നാലും, ഇതിന്റെ പരോക്ഷ പ്രത്യാഘാതം ജീവനക്കാരിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്.

ഒരു കമ്പനിക്ക് വിദേശ ജീവനക്കാരനെ നിലനിര്‍ത്തുന്നതിനുള്ള ചെലവ് തുടര്‍ച്ചയായി ഉയര്‍ന്നാല്‍, പുതിയ നിയമനങ്ങളിലും വിസ പുതുക്കലുകളിലും കമ്പനികള്‍ കൂടുതല്‍ കര്‍ക്കശമായ സമീപനം സ്വീകരിച്ചേക്കാം. ചില സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ഷിപ്പ് കുറയ്ക്കുകയോ, ചില തസ്തികകള്‍ക്ക് അമേരിക്കന്‍ തൊഴിലാളികളെ മുന്‍ഗണന നല്‍കുകയോ, വിദേശ ജീവനക്കാരെ മറ്റു രാജ്യങ്ങളിലെ ഓഫീസുകളിലേക്ക് മാറ്റുകയോ ചെയ്യാനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ ഫീസ് തൊഴിലുടമ അടയ്ക്കുന്നതാണ്, അതിനാല്‍ ജീവനക്കാരനെ ബാധിക്കില്ല എന്ന നിഗമനം പൂര്‍ണമായും ശരിയാകണമെന്നില്ല.

എച്ച്-1 ബി, എല്‍-1 വിസകള്‍ക്കായി നിലവിലുള്ള ചില അധിക ഫീസുകളില്‍ ഒന്നാണ് '9/11 Response and Biometric Entry-Exit Fee.  2015-ല്‍ പബ്‌ളിക് ലോ 114-113 പ്രകാരം ഈ അധിക ഫീസ് വ്യവസ്ഥ കൊണ്ടുവന്നു. അമേരിക്കയുടെ അതിര്‍ത്തി സുരക്ഷ, ബയോമെട്രിക് സംവിധാനങ്ങള്‍, പ്രവേശന-പുറത്തിറക്കം നിരീക്ഷിക്കുന്ന സംവിധാനങ്ങള്‍ തുടങ്ങിയവയ്ക്ക് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ടതാണ് ഈ ഫീസ്. നിലവില്‍ ചില പ്രത്യേക എച്ച്-1 ബി, എല്‍-1 അപേക്ഷകള്‍ക്കാണ് ഫീസ് ബാധകമായിരുന്നത്. എന്നാല്‍ പുതിയ നിര്‍ദേശത്തിലൂടെ റൂട്ടീന്‍ എക്സ്റ്റന്‍ഷന്‍ അപേക്ഷകളിലേക്കും ഇതിന്റെ പരിധി വ്യാപിപ്പിക്കാനാണ് നീക്കം. അങ്ങനെ വന്നാല്‍, ഒരു ജീവനക്കാരന്റെ അമേരിക്കയിലെ തൊഴില്‍ തുടരുന്നതിനായി ഓരോ വിസാ പുതുക്കല്‍ ഘട്ടത്തിലും കമ്പനികള്‍ക്ക് അധിക സാമ്പത്തിക ബാധ്യത നേരിടേണ്ടിവരും.

ഇന്ത്യന്‍ പ്രൊഫഷണലുകളാണ് അമേരിക്കന്‍ ഒ1ആ സംവിധാനത്തിലെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒരുകൂട്ടം. സാങ്കേതികവിദ്യ, ഐ.ടി, എഞ്ചിനീയറിങ്, ഫിനാന്‍സ്, കണ്‍സള്‍ട്ടിങ്, ഹെല്‍ത്ത് കെയര്‍ തുടങ്ങിയ മേഖലകളില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകളാണ് എച്ച്-1 ബി വഴി അമേരിക്കയില്‍ ജോലി ചെയ്യുന്നത്. പ്രതിവര്‍ഷം അനുവദിക്കുന്ന ഏകദേശം 85,000 എച്ച്-1 ബി വിസകളില്‍ ഏകദേശം 70 ശതമാനത്തോളം ഇന്ത്യന്‍ പൗരന്മാര്‍ക്ക് ലഭിക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍, എച്ച്-1 ബി സംവിധാനത്തിലെ ചെറിയ മാറ്റം പോലും ഇന്ത്യന്‍ സമൂഹത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കും.

ഇവിടെ പ്രശ്‌നം പുതിയ വിസ ലഭിക്കുന്നവരില്‍ മാത്രം ഒതുങ്ങുന്നില്ല. ഇതിനകം അമേരിക്കയില്‍ ജോലി ചെയ്യുന്നവരുടെ വിസ പുതുക്കല്‍, തൊഴിലുടമ മാറ്റം, ഗ്രീന്‍ കാര്‍ഡ് പ്രക്രിയ, കുടുംബത്തിന്റെ അമേരിക്കയിലെ താമസം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം. എച്ച്-1 ബി വിസയുടെ ഏറ്റവും വലിയ പ്രത്യേകത, പല ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും ഇത് അമേരിക്കയിലെ സ്ഥിരതാമസത്തിലേക്കുള്ള വഴിയായിത്തീരുന്നതാണ്. എച്ച്-1 ബി സ്റ്റാറ്റസില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാര്‍ വര്‍ഷങ്ങളായി ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ബാക്ക് ലോഗ് വളരെ ദൈര്‍ഘ്യമേറിയതാണ്.

അതുകൊണ്ട്, എച്ച്-1 ബി വിസ പുതുക്കല്‍ ഒരു സാധാരണ ഭരണപരമായ നടപടി മാത്രമല്ല. ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതുവരെ അമേരിക്കയില്‍ നിയമപരമായി ജോലി തുടരാനുള്ള പ്രധാന ആശ്രയമാണ് പലര്‍ക്കും എച്ച്-1 ബി സ്റ്റാറ്റസ്. പുതുക്കല്‍ ചെലവ് വര്‍ധിക്കുകയും കമ്പനികള്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്താല്‍, വര്‍ഷങ്ങളായി ഗ്രീന്‍ കാര്‍ഡ് കാത്തിരിക്കുന്ന ഇന്ത്യന്‍ ജീവനക്കാരുടെ അവസ്ഥ കൂടുതല്‍ ഗുരുതരമാകുമെന്നാണ് മനസിലാക്കുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക