Image

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം (വീഡിയോ)

Published on 07 August, 2026
തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം (വീഡിയോ)

 

ഹൂസ്റ്റൺ: തിരുവനന്തപുരം നഗരവും ടെക്സസിലെ മിസോറി സിറ്റിയും തമ്മിൽ സഹോദരനഗര ബന്ധം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകൾക്ക് തുടക്കമായി. 

 

തിരുവനന്തപുരം മേയർ വി.വി. രാജേഷും മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടും ഇതുസംബന്ധിച്ച് ചർച്ച നടത്തി.

 

ഹൂസ്റ്റൺ മെട്രോപൊളിറ്റൻ മേഖലയിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നാണ് മിസോറി സിറ്റി. മികച്ച നഗരാസൂത്രണം, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, ഗുണമേന്മയുള്ള പൊതുസേവനങ്ങൾ, വൈവിധ്യമാർന്ന ജനസമൂഹം എന്നിവ കൊണ്ട് ശ്രദ്ധേയമായ നഗരമാണിത്. ടെക്സസിലെ പ്രധാന സാമ്പത്തിക മേഖലകളിലൊന്നായ ഹൂസ്റ്റണുമായി അടുത്ത ബന്ധമുള്ള മിസോറി സിറ്റി ആരോഗ്യരംഗം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, വ്യാപാരം തുടങ്ങിയ മേഖലകളിലും വളർച്ച കൈവരിച്ചുവരുന്ന നഗരമാണ്.

മലയാളി സമൂഹത്തിന്റെ സജീവ സാന്നിധ്യമുള്ള മിസോറി സിറ്റി അമേരിക്കയിലെ പ്രവാസി മലയാളികളുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ്. നഗരഭരണ രംഗത്തും പൊതുപ്രവർത്തന മേഖലയിലും മലയാളി സമൂഹത്തിന്റെ പങ്കാളിത്തം ശ്രദ്ധേയമാണ്. മേയർ റോബിൻ ഇലക്കാട്ടിന്റെ നേതൃത്വത്തിൽ നഗരവികസനത്തിനും സമൂഹ പങ്കാളിത്തത്തിനും നൽകിയ പ്രാധാന്യം ചർച്ചയിൽ പ്രതിഫലിച്ചു.

ഇരുനഗരങ്ങളുടെയും വികസനത്തിനും ജനക്ഷേമത്തിനും സഹായകമായ വിവിധ സഹകരണ സാധ്യതകളാണ് കൂടിക്കാഴ്ചയിൽ വിശദമായി വിലയിരുത്തിയത്. അടിസ്ഥാന സൗകര്യ വികസനം, പൊതുസേവനങ്ങൾ, നിക്ഷേപ-വ്യാപാര അവസരങ്ങൾ, തദ്ദേശഭരണം, സമൂഹ പങ്കാളിത്തം എന്നിവ പ്രധാന ചർച്ചാവിഷയങ്ങളായി.

നിർമിതബുദ്ധി (AI) മേഖലയിലും തിരുവനന്തപുരം–മിസോറി സിറ്റി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു. നഗരവികസനം, സാങ്കേതികവിദ്യ, പൊതുസേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ, സ്മാർട്ട് സിറ്റി ആശയങ്ങൾ, നിക്ഷേപ അവസരങ്ങൾ തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

മാലിന്യ സംസ്കരണത്തിലും പുനരുപയോഗത്തിലും മിസോറി സിറ്റി കൈവരിച്ച പുരോഗതിയെക്കുറിച്ച് മേയർ റോബിൻ ഇലക്കാട്ട് വിശദീകരിച്ചു. ആധുനിക മാലിന്യ സംസ്കരണ സംവിധാനങ്ങൾ, പുനരുപയോഗ പദ്ധതികൾ, നഗര ശുചിത്വ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. മാലിന്യ സംസ്കരണ കമ്പനിയുടെ പ്രതിനിധികളും നഗര ഭരണകൂടത്തിലെ അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു.

നഗരത്തിലെ തെരുവുനായ്ക്കളുടെ സംരക്ഷണത്തിനായി സ്വീകരിച്ച നടപടികളെക്കുറിച്ചും റോബിൻ ഇലക്കാട്ട് വിവരിച്ചു. നഗരത്തിലെ മൃഗസംരക്ഷണ കേന്ദ്രങ്ങളും (ഷെൽട്ടർ കേന്ദ്രങ്ങൾ) മേയർ വി.വി. രാജേഷ് സന്ദർശിച്ചു. മൃഗസംരക്ഷണ രംഗത്ത് മിസോറി സിറ്റി നടപ്പാക്കുന്ന പ്രവർത്തനങ്ങൾ അദ്ദേഹം നേരിട്ട് വിലയിരുത്തി.

മിസോറി സിറ്റിയിൽനിന്നുള്ള ഒരു ഔദ്യോഗിക പ്രതിനിധി സംഘം തിരുവനന്തപുരത്ത് സന്ദർശനം നടത്തും. നഗരവികസനം, സാങ്കേതികവിദ്യ, മാലിന്യ സംസ്കരണം, പൊതുസേവനങ്ങൾ തുടങ്ങിയ മേഖലകളിൽ അനുഭവങ്ങൾ പങ്കുവെക്കുന്നതിനുള്ള അവസരമാകും ഈ സന്ദർശനം.

അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി സ്റ്റാഫോർഡ് മേയർ കെൻ മാത്യുവുമായും തിരുവനന്തപുരം മേയർ വി.വി. രാജേഷ് കൂടിക്കാഴ്ച നടത്തി. നഗരഭരണം, പൊതുസേവനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, നഗരാസൂത്രണം തുടങ്ങിയ മേഖലകളിലെ സഹകരണ സാധ്യതകൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

തിരുവനന്തപുരം നഗരവും അമേരിക്കയിലെ പ്രധാന നഗരങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നഗരവികസനത്തിലെ മികച്ച മാതൃകകൾ പരസ്പരം പങ്കുവെക്കുന്നതിനും പുതിയ സഹകരണ അവസരങ്ങൾ കണ്ടെത്തുന്നതിനും ഈ കൂടിക്കാഴ്ചകൾ സഹായകമാകുമെന്ന് മേയർ വി.വി. രാജേഷ് പറഞ്ഞു.

Join WhatsApp News
സുഭാഷ് ജോസഫ് 2026-08-07 22:04:31
തിരുവനന്തപുരത്തെ ഈ ബിജെപി mayor Missori സിറ്റിയിലെ മലയാളി മേയർ സാറിനെ കണ്ടതോടെ ഏതാണ്ടൊക്കെ നേടിയെടുത്ത വലിയ ഭാവവും വലിയ ന്യൂസുമാണ് കേരളത്തിൽ എങ്ങും, അതുപോലെ ഏതാണ്ടൊക്കെ നേടിയ തോതിൽ മറുനാടൻ Sajan തുടങ്ങിയവർ ന്യൂസ് ഫ്ലാഷ് ചെയ്തു കൊണ്ടിരിക്കുന്നു. This is just nothing. Missouri city is a viilage in USA. ഇതിനുമുമ്പും ഇത്തരം കേരള സിറ്റി അമേരിക്കൻ സിറ്റി സിസ്റ്റർ സിറ്റി വാർത്തകൾ ചുമ്മാ ഒരു സ്വയം പ്രമോഷൻ ആയിട്ട് പലരും കൊടുത്തിട്ടുണ്ട്. അതിലപ്പുറം ഇത് ഒട്ടും തന്നെ ഒന്നുമില്ല. ഈ കേരള ബിജെപി മേയറും, അമേരിക്കയിലെ ബിജെപി സപ്പോർട്ടേഴ്സും ചേർന്ന് കുറച്ചു ഫോട്ടോയും വാർത്തയും തട്ടിവിടുന്നു അത്രതന്നെ. പക്ഷേ തിരുവനന്തപുര ബിജെപി മേയറും, ബിജെപിക്കാരും മറ്റും ഈ മിസോറി സിറ്റിയിൽ നിന്നും മറ്റും പഠിക്കേണ്ട മുഖ്യവിഷയം, ഇവിടെ അമേരിക്കയിൽ ഏതാണ്ടൊക്കെ തുല്യനീതി, തുല്യ അവസരം, ഒരു ഇന്ത്യക്കാരൻ പോലും ഇവിടെ തയ്യാറാക്കാൻ സാധിക്കുന്നു എന്നുള്ളതാണ്. ഇവിടെ എല്ലാ മതക്കാരെയും തുല്യനിലയിൽ കാണുന്നു. എന്നാൽ ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ അവിടെ ന്യൂനപക്ഷങ്ങൾക്ക് രക്ഷയില്ലാത്ത ഒരു അവസ്ഥ ആയിക്കൊണ്ടിരിക്കുകയാണ്. ഇവിടെ ക്രിസ്ത്യാനികൾക്ക് എന്നപോലെ ഹിന്ദുക്കൾക്കും എല്ലാ മതക്കാർക്കും, തുല്യ അവസരം അങ്ങോട്ടും ഇങ്ങോട്ടും കൺവേർട്ട് ചെയ്യാം. യാതൊരു പ്രശ്നവുമില്ല. അതൊക്കെ ഈ ബിജെപി തിരുവനന്തപുരം mayor ഒന്ന് പഠിച്ചിട്ട് പോകുന്നത് നല്ലതാണ്. അത് കേന്ദ്രത്തിലെ വലിയ നേതാക്കന്മാരോടും ഒന്ന് പറയുക. അമേരിക്കയിലെ മിസോറി സിറ്റി എന്ന സ്ഥലത്ത് നിന്ന് ഇതൊക്കെ കുറച്ച് മനസ്സിലാക്കിയത് ആണെന്ന് കൂടി പറയുക. മേലെ കൊടുത്തിരിക്കുന്ന വാർത്തകൾ ഒക്കെ വായിക്കുമ്പോൾ പ്രിയ എഴുത്തുകാരൻ പ്രിയ ചിന്തകരെ നിങ്ങളൊക്കെ വിശദമായിട്ട് ഇത്തരം കാര്യങ്ങളെപ്പറ്റി ധാരാളം ലേഖനങ്ങൾ എഴുതുക പ്രസംഗിക്കുക. ഒരു സെക്കുലർ ഡെമോക്രസി ആണ് നമുക്ക് ഇന്ത്യയിലും വേണ്ടത്. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയല്ലോ?. അതുപോലെ ഫോമ കൺവെൻഷനിലും തിരുവനന്തപുരം വരാത്തത് എന്തുകൊണ്ടാണ്?. പക്ഷേ ആരാണ്ടൊക്കെ കേരളത്തെ ആരോഗ്യ രംഗത്തെ മുടിച്ച തോറ്റ ഒരു പഴയ ആരോഗ്യ മന്ത്രിയെയും പൊക്കിക്കൊണ്ട് ഇതിനെ നടക്കുന്നത് കണ്ടു. അവര് ഫോമയിലും ചിരിച്ചു ഉല്ലസിച്ച് നടക്കുന്നത് കണ്ടു. ഇതൊക്കെ തന്നെയാണ് അമേരിക്കയുടെ മഹത്വം അമേരിക്കയിൽ നിന്ന് എല്ലാവരും കണ്ടുപഠിക്കേണ്ടത്?.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക