
പ്രണയസാഫല്യത്തിനായി യുഗാവസാനം വരെ കാത്തിരിക്കേണ്ടി വരിക. പുതുയുഗത്തിൽ ഒരു പുനർജ്ജന്മം നേടി പ്രിയപ്പെട്ടവനെ കണ്ടുമുട്ടുക. ഇത് ശൂർപ്പണഖയുടെ കഥ. ശൂർപ്പം (മുറം) പോലെ നഖമുള്ളവളത്രെ ശൂർപ്പണഖ.
രജോഗുണപ്രധാനമായ ബ്രഹ്മാവിനെ സംബന്ധിക്കുന്ന ബ്രഹ്മപുരാണം ബ്രഹ്മാണ്ഡപുരാണം., ബ്രഹ്മവൈവര്‍ത്ത പുരാണം, മാര്‍ക്കണ്ഡേയ പുരാണം. വാമനപുരാണം. ഭവിഷ്യപുരാണം സത്വഗുണപ്രധാനമായ വിഷ്ണുവിന് പ്രാധ്യാന്യം നൽകുന്ന വിഷ്ണുപുരാണം ഭാഗവതപുരാണം, നാരദപുരാണം, ഗരുഡപുരാണം, വരാഹപുരാണം. പത്മപുരാണം, തമോഗുണപ്രധാനമായ ശിവന് പ്രാധ്യാന്യം നൽകുന്ന വായുപുരാണം ലിംഗപുരാണം, അഗ്നിപുരാണം, , സ്‌കന്ദപുരാണം, കൂര്‍മപുരാണം, മത്സ്യപുരാണം ഇങ്ങനെ പതിനെട്ട് പുരാണങ്ങൾ ഉണ്ട്. മനുഷ്യര്‍, ദേവന്മാര്‍, അസുരന്മാർ, രാജാക്കന്മാർ, മഹാത്മാക്കൾ, മുനിമാർ തുടങ്ങിയവരുടെ പ്രാചീനകഥകൾ, വർണ്ണിച്ചിരിക്കുന്ന വൈദിക പരമ്പരയിലെ ഗ്രന്ഥങ്ങളാണ് പുരാണങ്ങള്‍. ബ്രഹ്മവൈർത്ത പുരാണത്തിലാണ് ശൂർപ്പണഖയുടെ പ്രണയം പൂവണിഞ്ഞ കഥ പറയുന്നത്.
രാമായണത്തിന്റെ കഥാഗതി തിരിച്ചുവിട്ടവരിൽ രണ്ടുപേരാണ് ശൂർപ്പണഖയും കൈകേയിയും കൈകേയിക്ക് ദുർബുദ്ധി ഉപദേശിച്ച് കൊടുത്ത അവരുടെ ദാസിയാണ് മന്ഥര. അവർ വിരൂപയും (ത്രിവക്ര) ഏഷണിക്കാരിയുമായിരുന്നു സ്വന്തം മകനായ ഭരതന് രാജപദവിയും രാമന് വനവാസവും ആവശ്യപ്പെടാൻ അവർ കൈകേയിയെ നിർബന്ധിച്ചു. രാമന്റെ പട്ടാഭിഷേകത്തിനു വിഘ്‌നം നേരിട്ടു. രാമായണകഥ തന്നെ അതുമൂലം രൂപപ്പെട്ടു.
സഹോദരനായ രാവണൻ തന്റെ ഭർത്താവിനെ കൊന്നുകളഞ്ഞതിൽ വിഷാദമൂകയായി കഴിഞ്ഞ ശൂർപ്പണഖയെ നാത്തൂനായ മണ്ഡോദരി ഉപദേശിക്കുന്നു കാമചാരിണിയായ നിനക്ക് എവിടെയെല്ലാം പോയി അനുരൂപനായ ഒരു ഭർത്താവിനെ കണ്ടുപിടിച്ചുകൂടെ. ശൂർപ്പണഖ തന്റെ പ്രയാണം ആരംഭിക്കുന്നു. അവൾ എത്തുന്നത് പ്രകൃതിസൗന്ദര്യം നിറഞ്ഞു നിന്ന പഞ്ചവടിയിലാണ്. ഗോദാവരി നദീതീരത്തുള്ള ഒരു വനപ്രദേശമാണ് പഞ്ചവടി. വാൽമീകി രാമായണത്തിലെ ആരണ്യകാണ്ഡത്തിലാണ് ഇതിന്റെ വിവരണമുള്ളത്. അഞ്ച് ആൽമരങ്ങൾ നിന്ന സ്ഥലമായതിനാലാണ് ഇതിന് പഞ്ചവടി എന്ന് പേര് വന്നത്. ശ്രീരാമൻ, സീത, ലക്ഷ്മണൻ എന്നിവർ വന വാസ കാലത്ത് താമസിച്ച പ്രധാനപ്പെട്ട ഒരു സ്ഥലമാണിത്. രാവണന്‍ സീതയെ അപഹരിക്കുന്നത് ഇവിടെ നിന്നാണ്. ഇവിടെവച്ചാണ് ലക്ഷ്മണന്‍ രാവണ സഹോദരിയായ ശൂര്‍പ്പണഖയുടെ മൂക്കും മുലയും ഛേദിച്ചത്. ഇന്ന് പഞ്ചവടി അറിയപ്പെടുന്നത് നാസിക്ക് എന്നാണു. മൂക്ക് എന്നര്‍ത്ഥം വരുന്ന നാസിക എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് നാസിക് എന്ന സ്ഥലപ്പേരിന്റെ ഉൽപ്പത്തി.
അഗസ്ത്യമുനിയുടെ അനുഗ്രഹം വാങ്ങി തിരിച്ചുപോകുമ്പോൾ മുനി ശ്രീരാമനോട് പറഞ്ഞു. "ഇവിടെ നിന്ന് രണ്ടു യോജന അപ്പുറത്തായി പഞ്ചവടി എന്നൊരു സ്ഥലമുണ്ട്. പഴങ്ങളും കിഴങ്ങുകളും ഇഷ്ടംപോലെ കിട്ടും. തൊട്ടുതന്നെ ജലാശയവുമുണ്ട്. സീതയെ സന്തോഷിപ്പിക്കാൻ മാൻ കൂട്ടങ്ങളുമുണ്ട്. മുനി അപ്പോൾ അറിഞ്ഞില്ല അതിലൊരു മാനായി ചമഞ്ഞെത്തുന്ന രാക്ഷസൻ സീതയുടെ ജീവിതം തന്നെ കീഴ്മേൽ മറിക്കുമെന്നു.മുനിയുടെ നിർദ്ദേശപ്രകാരം അവിടെ ആശ്രമം പണിത് രാമൻ പഞ്ചവടിയിൽ താമസം തുടങ്ങി. അവിടേക്ക് എത്തുന്ന ശൂർപ്പണഖ രാമായണം കഥയുടെ ഗതി മാറ്റുന്നു
അധ്യാത്മരാമായണത്തിൽ എഴുത്തച്ഛൻ ശൂർപ്പണഖയെ അവതരിപ്പിക്കുന്നത് " കാമരൂപിണി, കണ്ടാൽ, കാമിനി വിമോഹിനി " എന്നാണു. കുടവയറുള്ളവൾ, കോങ്കണ്ണുള്ളവൾ, ചെമ്പൻ മുടിയുള്ളവൾ, ഭീകരമായ ശബ്ദമുള്ളവൾ, പ്രായം കൂടിയതായി തോന്നിക്കുന്നവൾ, വിരൂപയായ രാക്ഷസി എന്നിങ്ങനെയാണ് വാല്മീകി മഹർഷി ശൂർപ്പണഖയുടെ രൂപം വിവരിച്ചിരിക്കുന്നത്
അവൾ ശ്രീരാമചന്ദ്രന്റെ കാൽപ്പാടുകളിലെ പാദസൗന്ദര്യം കണ്ടു മോഹിതയായി, കൗതുകത്തോടെ രാമാശ്രമത്തിനകത്തേക്ക് ചെന്നു.രാമന്റെ സൗന്ദര്യത്തെപ്പറ്റി വാല്മീകി ഇങ്ങനെ പറഞ്ഞിരിക്കുന്നു. തേജസ്സുള്ള മുഖവും, നീണ്ട കൈകകളും, താമരയിതൾപോലുള്ള വലിയ കണ്ണുകളും, ആനയുടേതുപോലെയുള്ള ഗംഭീരമേറിയ നടത്തവും, കേശഭാരത്താൽ അലങ്കരിക്കപ്പെട്ടവനും, മൃദുവായ ശരീരപ്രകൃതിയുള്ളവനും, അതിശക്തനും, രാജലക്ഷണങ്ങൾ തികഞ്ഞവനും, നീലത്താമര പൂവിനെപോലെ കടുനീലനിറമുള്ള ശരീരകാന്തിയുള്ളവനും, കാമദേവനെപോലെ ശോഭിക്കുന്നവനും, ഇന്ദ്രനുതുല്യനുമായ രാമനെക്കണ്ട നിശാചരി കാമപരവശയായി എന്നാണു. എഴുത്തച്ഛൻ ഇങ്ങനെ വിവരിക്കുന്നു -ഭാനുമണ്ഡലസഹസ്രോജ്ജലം,(ആയിരം സൂര്യന്മാരുടെ പ്രഭയോടെ) ....മാനസഭവസമം മാധവം മധുഹരം" (കാമദേവനെപോലെ സുന്ദരനും മനോഹരവുമായ രൂപത്തിൽ) സീതയോടൊപ്പം ഇരിക്കുന്ന രാമനെ കണ്ട് "മീനകേതനബാണപീഡിതയായാളേറ്റം (കാമാർത്തയായി) ഇന്ദിരാവരനോട് മന്ദമായ് ഉരചെയ്തു എന്നാണു.
ശൂർപ്പണഖ പ്രഥമദർശനത്തിൽ തന്നെ സുന്ദരനായ രാമനിൽ മോഹിതയാകുന്നു. രാമനോട് അവളിൽ ഒരു വൈവാഹികസ്നേഹം ഉടലെടുക്കുന്നു. (Conjugal love) രാമനില്ലാതെ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയിൽ അവൾ എത്തിച്ചേരുന്നു
കാമപീഡിതയെങ്കിലും കാമചാപല്യങ്ങൾ കാണിക്കാതേ അവൾ രാമനെ തന്റെ മനോഗതം മടികൂടാതെ അറിയിച്ചു. "എന്നോടുകൂടെപ്പോന്നു രമിച്ചുകൊള്ളേണം നീ, നിന്നെയും പിരിഞ്ഞു പോവാൻ മമ ശക്തി പോരാ...എന്നെ നീ പരിഗ്രഹിച്ചീടേണം, മടിയാതെ.” സീത കൂടെയുണ്ട്, നീ എന്റെ അനിയൻ ലക്ഷ്മണനോട് പറയു എന്ന രാഘവവാക്യം കേട്ട് അവൾ ലക്ഷ്മണനെ സമീപിച്ചു . ലക്ഷ്മണനും രാമനും കൂടി ശൂർപ്പണഖയെ അങ്ങോട്ടും ഇങ്ങോട്ടും വിട്ട് കളിപ്പിക്കുന്നു. നാലാം തവണയും തന്റെ പ്രണയം നിഷ്കരുണം നിഷേധിയ്ക്കപ്പെട്ടപ്പോൾ, അവൾ നിരാശയിലേക്കാഴുന്നു. ആ നിരാശയിൽ നിന്നും ഉടലെടുത്ത ആത്മരോഷം, അവളുടെ സാമാന്യബുദ്ധിയെ തന്നെ ഒരു വേള ഇല്ലാതാക്കുന്നു. ലക്ഷ്മണനും കൈവിട്ടപ്പോൾ കാമവും, ആശാഭംഗവും, കോപവും മൂലം അവളുടെ ലളിത രൂപം വിട്ടു പർവതംപോലെശരീരവും ദംഷ്ട്രയും കാണിച്ച് സീതയെ ഉപദ്രവിക്കാൻ തുനിഞ്ഞപ്പോൾ ലക്ഷ്മണൻ അവളുടെ നാസികയും കുചങ്ങളും അരിഞ്ഞുകളഞ്ഞു. വേദനകൊണ്ട് ലോകം മുഴുവൻ മാറ്റൊലികൊള്ളുമാറ് അലമുറയിട്ടുകൊണ്ട് അവൾ അവിടെ നിന്നും പോയി. സഹോദരൻ ഖരനോട് വിവരം പറയുന്നു,
ഒരു പ്രണയാഭ്യർത്ഥന ചെയ്തുവെന്ന കാരണത്താൽ അതിൽ നിന്നുളവായ കോപം കൊണ്ട് ഒരു സ്ത്രീയുടെ മൂക്കും മുലയും അരിയുക അധർമം തന്നെയാണ് ഖരനും കൂട്ടരും രാമനുമായി യുദ്ധം ചെയ്യുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ഇതിൽ ക്രുദ്ധയായ ശൂർപ്പണഖ പിന്നീട് ലങ്കയിലെത്തി രാവണനോട് നടന്ന കാര്യങ്ങൾ പറയുകയും സീതയുടെ സൗന്ദര്യത്തെക്കുറിച്ച് വർണ്ണിക്കുകയും ചെയ്യുന്നു. രാമനോടുള്ള പ്രതികാരവും സീതയോടുള്ള മോഹവും കാരണം രാവണൻ സീതയെ തട്ടിക്കൊണ്ടുപോകാൻ തീരുമാനിക്കുന്നു
ശൂർപ്പണഖയോട് വായനക്കാർക്ക് അനുകമ്പ തോന്നാവുന്നതാണ്. ഇഷ്ടപെട്ട പുരുഷനോട് പ്രേമം അറിയിക്കുന്നു. അയാൾ ഏകപത്നി വൃതകാരനും അനിയൻ സ്വന്തമായി അഭിപ്രായമില്ലാത്തവാനുമാണെന്നു രാക്ഷസിയാണെങ്കിലും ആ സ്ത്രീ അറിഞ്ഞില്ലല്ലോ. ഒരു പക്ഷെ ത്രേതായുഗത്തിൽ നീതി അങ്ങനെയായിരിക്കാമെന്ന്‌നമുക്ക് അനുമാനിക്കാം. എല്ലാ പുരാണകഥകളും ചോദ്യം ചെയ്യപ്പെടുന്നത് ഇന്നത്തെ നീതിയും നിയമവും വച്ചാണ്. അത് മുഴുവൻ ശരിയാകണമെന്നില്ല.
ബ്രഹ്മവൈവർത്ത പുരാണപ്രകാരം,. കോസല രാജകുമാരന്റെയും സഹോദരന്റെയും ക്രൂരതക്കിരയായെങ്കിലും വിഷാദമൂകയായ ശൂർപ്പണഖ രാമൻ പതിയായി വരാൻ വേണ്ടി രാജസ്ഥാനിലെ പുഷ്കര തടാകക്കരയിൽ. ശ്രീരാമനെ അടുത്ത ജന്മത്തിൽ ഭർത്താവായി നേടുക എന്ന ലക്ഷ്യത്തോടെ പതിനായിരം വർഷം കഠിനമായ തപസ്സ് അനുഷ്ഠിച്ചു. അവളുടെ തപസ്സിൽ പ്രസാദിച്ച ബ്രഹ്മാവ് അടുത്ത ജന്മത്തിൽ ശ്രീരാമന്റെ അവതാരമായ ശ്രീകൃഷ്ണന്റെ പ്രിയപ്പെട്ടവളായി (കുബ്ജയായി) ജനിക്കുമെന്ന് വരം നൽകി. ദ്വാപരയുഗത്തിൽ മഥുരയിലെ ഒരു സുഗന്ധലേപന കച്ചവടക്കാരിയായി ശൂർപ്പണഖ വീണ്ടും ജനിച്ചത്രേ. സുന്ദരമായ മുഖത്തോടു കൂടി പിറന്ന അവളുടെ പേര് അന്നു കുബ്ജയെന്നായിരുന്നു. ദേഹത്തു 3 വളവുകളുള്ള കുബ്ജ കൂനിക്കൂടി നടന്നു. അവളെ ആരും ഗൗനിച്ചില്ല.
കംസനെ വധിക്കാനെത്തിയ ശ്രീകൃഷ്ണനും ബലരാമനും കുബ്ജയെ കണ്ടുമുട്ടുന്നു. പഞ്ചവടിയിലും സഹോദരന്മാരായ രാമനെയും ലക്ഷ്മണനെയും കാണുന്ന പോലെ തന്നെ. കണ്ണന് അവൾ തന്റെ കയ്യിലെ ചന്ദനലേപം നീട്ടി. കൃഷ്ണൻ അത് അദ്ദേഹത്തിന്റെ നെറ്റിയിൽ തൊട്ടുകൊള്ളുക എന്ന് പറഞ്ഞു.എന്നാൽ മൂന്ന് വളവുകളുള്ള കുബ്ജയുടെ കൈകൾ കൃഷ്ണന്റെ നെറ്റിയിലേക്ക് എത്തുകയില്ലായിരുന്നു. കൃഷ്ണൻ തന്റെ തള്ളവിരൽ അവളുടെ പാദങ്ങളിൽ വച്ച് രണ്ടു വിരലുകൾ കൊണ്ട് അവളുടെ മുഖം ഉയർത്തി. വളവുകൾ നിവർന്നു കുബ്ജ സുന്ദരിയായി. അപ്പോഴാണ് അവൾ അവളുടെ പൂർവ്വജന്മം അറിയുന്നത്. അന്ന് അവൾ ഒരു യുദ്ധത്തിന് കാരണകാരിയായി. എന്നാൽ ഇന്ന് ഭഗവൻ അവളുടെ കറകൾ മായ്ച്ച് കളഞ്ഞിരിക്കുന്നു. അവൾ ഭഗവാനിലുള്ള വിശ്വാസത്തിൽ സന്തുഷ്ടയായി. ശ്രീരാമന്റെ അടുത്ത അവതാരമായ ശ്രീകൃഷ്ണൻ മഥുരയിൽ വെച്ച് കുബ്ജയുടെ കൂനു നിവർത്തി അവളെ സുന്ദരിയാക്കി അനുഗ്രഹിച്ചു. രാമായണത്തിലെ മന്ഥരയാണ് കുബ്ജയായി ദ്വാപരയുഗത്തിൽ ജനിച്ചതെന്നും ചില കഥകളിൽ കാണുന്നുണ്ട്
ശുഭം