
പനാജി : 2013 ൽ ജൂനിയർ മാധ്യമപ്രവർത്തകയെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാലിന് പത്ത് വർഷം തടവുശിക്ഷ വിധിച്ചു. ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച ആണ് ശിക്ഷ വിധിച്ചത്. നേരത്തെ തേജ്പാലിനെ വെറുതെവിട്ടിരുന്ന വിചാരണക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി കുറ്റക്കാരനായി കണ്ടെത്തിയത്.
2013 നവംബറിൽ ഗോവയിൽ നടന്ന തിങ്ക് ഫെസ്റ്റ് പരിപാടിക്കിടെ ഹോട്ടൽ ലിഫ്റ്റിൽ വെച്ച് ജൂനിയർ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് തരുൺ തേജ്പാലിനെതിരെയുള്ള കേസ്. 2013 നവംബർ 30 ന് ഈ കേസിൽ തേജ്പാലിനെ ഗോവ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഐ പി സി സെക്ഷൻ 354, 354 എ, 354 ബി, 341, 342, 376 ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ബലാത്സംഗം, ലൈംഗിക അതിക്രമം, അനധികൃതമായി തടഞ്ഞുവെക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
എന്നാൽ, ലൈംഗിക അതിക്രമത്തിന് ഇരയായ ഒരാൾ സാധാരണയായി പ്രകടിപ്പിക്കുന്ന തരത്തിലുള്ള സ്വഭാവരീതികളൊന്നും പരാതിക്കാരി കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2021-ൽ ഗോവയിലെ സെഷൻസ് കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി തരുൺ തേജ്പാലിനെ വെറുതെ വിട്ടത്.
എന്നാൽ ഈ വിധിക്കെതിരെ ഗോവ സർക്കാർ ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.