
ഫൊക്കാനയുടെ 2026-2028 ഭരണസമിതി തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പ് സംഘടനാ പ്രവര്‍ത്തനത്തിലെ അനുഭവസമ്പത്തും ദീര്‍ഘകാല സേവനപാരമ്പര്യവും ദൂരക്കാഴ്ചയുമാണ് കരുത്താക്കുന്നത്. വ്യക്തികേന്ദ്രീകൃത നേതൃത്വത്തിനുപകരം കൂട്ടായ പ്രവര്‍ത്തനത്തെയും യുവജന പങ്കാളിത്തത്തെയും സാങ്കേതികവിദ്യയുടെ പ്രയോജനപ്പെടുത്തലിനെയും മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനരേഖയാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. ഫൊക്കാനയെ വെറും ആഘോഷങ്ങളുടെ വേദിയല്ല, സമൂഹത്തിന് പ്രയോജനപ്പെടുന്ന ശക്തമായ സേവനസംഘടനയാക്കി മാറ്റണമെന്ന വ്യക്തമായ ലക്ഷ്യമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന് അടിത്തറ. കേരളവുമായി കൂടുതല്‍ സജീവമായ ബന്ധം, യുവജന ശാക്തീകരണം, സാമൂഹിക പ്രതിബദ്ധത, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ ഇടപെടല്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്രമായ വികസന അജണ്ടയാണ് 'ടീം ഇന്റഗ്രിറ്റി' അവതരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. സംഘടനയുടെ ഭാവിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും പ്രവര്‍ത്തന പദ്ധതികളും ഇമലയാളിയുമായി ഫിലിപ്പോസ് ഫിലിപ്പ് പങ്കുവയ്ക്കുന്നു.

? ഫൊക്കാനയുടെ പ്രസിഡന്റായി മത്സരിക്കാനുള്ള തീരുമാനത്തിനു പിന്നില്‍...
* കഴിഞ്ഞ 35 വര്‍ഷമായി ഫൊക്കാനയില്‍ ഞാന്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. 1989-ല്‍ അമേരിക്കയിലെത്തിയ സമയം തൊട്ട് പ്രാദേശിക സംഘടനയില്‍ തുടങ്ങിയ പ്രവര്‍ത്തനം 1992-ല്‍ ഫൊക്കാനയുടെ വാഷിങ്ടണില്‍ നടന്ന ആദ്യത്തെ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിന് വഴി തെളിച്ചു. ഇടയ്ക്ക് ഒന്നോ രണ്ടോ കണ്‍വന്‍ഷനുകള്‍ ഒഴിച്ചാല്‍ ഫൊക്കാനയുടെ എല്ലാ കണ്‍വന്‍ഷനുകളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനം ജീവശ്വാസമായി ഏറ്റെടുത്തുകൊണ്ട് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവരുന്നു. ഇതിനിടെ ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറിയായും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായും ചുമതല വഹിച്ചു. 2018 മുതല്‍ 2025 വരെയുള്ള കാലഘട്ടത്തില്‍ ഫൊക്കാനയ്‌ക്കെതിരെ ഏഴ് കേസുകള്‍ വന്നു. ഏഴ് കൊല്ലത്തോളം ആ കേസുകളെ നേരിട്ട് ഫൊക്കാനയുടെ സല്‍പ്പേര് നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ഫൊക്കാനയെ സ്‌നേഹിക്കുന്ന ഒരു വ്യക്തി എന്ന നിലയിലും വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തിന്റെ പേരിലും ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ സാധിച്ചു എന്ന് കരുതിക്കൊണ്ടാണ് ഇക്കുറി പ്രസിഡന്റായി മത്സരിക്കാന്‍ തീരുമാനിച്ചത്.
? എന്താണ് മനസ്സിലുള്ള പ്ലാനും പദ്ധതികളും...
* ഒരുപാടുണ്ട്. രണ്ടു വര്‍ഷം കൂടുമ്പോഴുള്ള ഒരു 'കണ്‍വന്‍ഷന്‍ സംഘടന' എന്നതിനപ്പുറം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വ്യക്തമായ കാഴ്ചപ്പാടോടെയും കാലാനുസൃതമായ മാറ്റങ്ങളിലൂടെയും അതിവേഗം വളരുന്ന ഒരു സന്നദ്ധ സംഘടനയായി ഫൊക്കാനയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. തീര്‍ച്ചയായും കണ്‍വന്‍ഷന്‍ എന്നു പറയുന്നത് വളരെ സന്തോഷം നല്‍കുന്ന കൂട്ടായ്മയുടെ ഒരു ആവേശോത്സവമാണ്. എന്നാല്‍ പ്രവര്‍ത്തന പദ്ധതികളുടെ തുടര്‍ച്ചയ്ക്കുള്ള ഒരു സംഘടനാ സംവിധാനം സംജാതമാകണം. സ്ത്രീകളുടെയും കുട്ടികളുടെയും യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും ആവശ്യങ്ങളിലും ആഗ്രഹങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. നിലവിലുള്ള നല്ല പദ്ധതികളെല്ലാം തന്നെ നമ്മള്‍ മുന്നോട്ടു കൊണ്ടു പോകും.
? അത് എന്തൊക്കെയാണ്...
* ഭാഷയ്‌ക്കൊരു ഡോളര്‍, നാട്ടില്‍ ചെയ്യുന്ന ഭവന നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ചാരിറ്റി പദ്ധതികള്‍ എല്ലാം ജനപക്ഷ മുഖത്തോടുകൂടി തുടരും. നിലവിലെ ഭരണസമിതി മോഹിനിയാട്ടവും ചെണ്ടമേളവും ഒരു ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡാക്കാനായി ശ്രമിക്കുമ്പോള്‍, ഫൊക്കാനയെ എപ്രകാരം ഗിന്നസ് വേള്‍ഡ് റെക്കാര്‍ഡിന് അര്‍ഹമാക്കാം എന്നാണ് വ്യക്തിപരമായി ഞാന്‍ ചിന്തിക്കുന്നത്.
? അത് എപ്രകാരം സാധ്യമാക്കാം...
* ഇതൊരു അതിശയോക്തി അല്ല. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ കാതലായ മാറ്റം വരുത്തുന്നതിലൂടെ നമുക്കത് നേടിയെടുക്കാവുന്നതേയുള്ളു. അതിനായി ചില പ്രോജക്ടുകള്‍ ഞങ്ങളുടെ ടീം വിഭാവനം ചെയ്യുന്നുണ്ട്. അമേരിക്കന്‍ മലയാളി സമൂഹത്തിലെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നൂറ് പ്രഗത്ഭരെ കണ്ടെത്തി അവരുടെ സേവനത്തിനെ ആദരിക്കുന്നതാണ്. പിന്നെ 'മലയാളി കണക്ട്' എന്ന ഒരു ആപ്പ് തയ്യാറാക്കും. ഇപ്പോള്‍ ഫൊക്കാനയുടെയും ഇതര സംഘടനകളുടെയും പുറത്ത് നിരവധി മലയാളികള്‍ ഉണ്ട്. അവരെയെല്ലാം ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഒരുമിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
? കൂടാതെ...
* യുവജനങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ കാല്‍വയ്പ്പുകള്‍ നടത്തുന്നതിനാവശ്യമായ ഒരു ഗൈഡന്‍സ് എന്ന നിലയില്‍ സിവിക് അക്കാഡമി തുടങ്ങാന്‍ പ്ലാനുണ്ട്. ഞങ്ങള്‍ 'ടീം ഇന്റഗ്രിറ്റി' പുറത്തിറക്കിയ മാനിഫെസ്റ്റോയില്‍, അധികാരം ലഭിച്ചാല്‍ ഉറപ്പായും നടപ്പാക്കുന്ന പദ്ധതികളെ പറ്റി വിശദീകരിച്ചിട്ടുണ്ട്. അംഗസംഘടനകളുടെയും അതിന്റെ പ്രസഡന്റുമാരുടെയുമൊക്കെ ഫീഡ് ബാക്ക് എടുത്ത് ഫൊക്കാനയുടെ അലകും പിടിയും മാറ്റി ഒരു സേവന സംഘടനയാക്കി പുനരവതരിപ്പിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഒപ്പം നമ്മുടെ പൈതൃകവും സംസ്‌കാരവും തിളക്കത്തോടെ നിലനിര്‍ത്താനുള്ള ചുവടുവയ്പ്പുകളും ഉണ്ടാവും.
? വിഭാവനം ചെയ്യുന്ന പരിപാടികള്‍ നടപ്പാക്കാനുള്ള പ്രേരകശക്തി...
* യുവജനങ്ങള്‍ ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരുടെ ഒരു ടീമാണ് ഞങ്ങളുടേത്. എക്‌സിക്യൂട്ടീവ് കമ്മറ്റിക്ക് പുറമേ നാഷണല്‍ കമ്മറ്റിയിലേക്കും മറ്റും മത്സരിക്കാന്‍ യുവാക്കളുടെ നീണ്ട നിരയുണ്ട്. ഇവരൊക്കെ വിജയിച്ചു കഴിഞ്ഞാല്‍ നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഫൊക്കാനയെ മാറ്റിയെടുക്കാന്‍ ആവും.
? കേരളത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍...
* നിലവിലുള്ള മെഡിക്കല്‍ കാര്‍ഡ് നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ്. നിലവില്‍ കേരളത്തിലെ ആറ് ആശുപത്രികളുമായാണ് ടൈ അപ്പ് എങ്കില്‍ ഞങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ എല്ലാം ജില്ലകളിലെയും ഒരു ഹോസ്പിറ്റല്‍ എന്ന നിലയില്‍ പദ്ധതി വ്യാപിപ്പിക്കനാണ് ലക്ഷ്യമിടുന്നത്. ചിറ്റാറില്‍, നിലവിലുള്ള ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ സംഭാവന ചെയ്ത സ്ഥലത്ത് 14-ല്‍ അധികം വീടുകളുള്ള നിര്‍ദ്ദിഷ്ട ഭവനപദ്ധതി നടപ്പിലാക്കും. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിന് കേരള സര്‍ക്കാരിന്റെ ബന്ധപ്പെട്ട അധികൃതരുടെ അനുമതികള്‍ ലഭിക്കേണ്ടതുണ്ട്. അതുപോലെ തന്നെ കേരള സര്‍ക്കാരിന്റെ തൂഫാന്‍ പദ്ധതിയുമായി സഹകരിച്ചുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലും കോളേജുകളിലും ലഹരിക്കെതിരായ ബോധവത്ക്കരണ സെമിനാറുകള്‍ നടത്താനും ഉദ്ദേശിക്കുന്നു. ഭരണ സമിതി നിലവില്‍ വന്ന ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.
? ഫൊക്കാനയ്ക്ക് ഒരു ആസ്ഥാന മന്ദിരം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാനിടയുണ്ടോ...
* നല്ല സ്വപ്നമാണെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുള്ള ഒരു പദ്ധതിയാണിത്. കാരണം ഓരോ തവണയും ഫൊക്കാനയുടെ പ്രസിഡന്റായി എത്തുന്നവര്‍ ഓരോ സംസ്ഥാനത്തു നിന്ന് ഉള്ളവരാണ്. ഉദാഹരണത്തിന് വാഷിങ്ടണില്‍ നമ്മള്‍ കെട്ടിടം പണിതാല്‍ പ്രസിഡന്റ് ന്യൂയോര്‍ക്കില്‍ നിന്നുള്ള ആളാണെങ്കില്‍ ആ ഓഫീസ് വെറുതെ കിടക്കുന്നതായിരിക്കും അവസ്ഥ. അത് നോക്കി നടത്താന്‍ ആളില്ലാതെ വരും. മുന്‍ കാലങ്ങളില്‍ ഇതു സംബന്ധിച്ച ആലോചനകള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം നടക്കാതെ പോവുകയായിരുന്നു. നിലവില്‍ ഫൊക്കാന പ്രസിഡന്റുമാരുടെ വീടുകള്‍ തന്നെയാണ് , സംഘടനയുടെ ഓഫീസ് ആയി പ്രവര്‍ത്തിക്കുന്നത്.
? ഫൊക്കാനയുടെ ഭാവി ഇനി പുതിയ തലമുറയിലാണ്. അവരെ എത്രത്തോളം വിശ്വാസത്തില്‍ എടുക്കാന്‍ സാധിച്ചു…
* മുമ്പ് സൂചിപ്പിച്ച മലയാളി കണക്ട് എന്ന ആപ്പ് പ്രധാനമായും ജെന്‍സിയേയും ആല്‍ഫയെയുമൊക്കെ ഉദ്ദേശിച്ചുള്ളതാണ്. എ.ഐ പ്ലാറ്റ്‌ഫോമുകളിലൂടെ അവരെ നമുക്ക് ആകര്‍ഷിക്കാനാവും. അവര്‍ക്കു വേണ്ടിയുള്ള തൊഴില്‍ അവസരങ്ങള്‍, കരിയര്‍ മൊബിലിറ്റി, സിവിക് റെസ്‌പോണ്‍സിബിലിറ്റി എന്നിവയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവും. പിന്നെ, യുവാക്കളെയും കുട്ടികളെയും ഏറെ ആകര്‍ഷിക്കുന്ന സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസിനും വലിയ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള മുന്നേറ്റങ്ങളും ഞങ്ങള്‍ വിഭാവനം ചെയ്യുന്നുണ്ട്. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ യൂത്തിന് വലിയ താത്പര്യമുണ്ട്.
? ഫൊക്കാനയിലേക്കുള്ള യുവജനങ്ങളുടെ കടന്നുവരവിനെ എങ്ങനെ വിലയിരുത്താം...
* വലിയൊരു പ്രാതിനിധ്യം ഉണ്ടെന്ന് എനിക്ക് അവകാശപ്പെടാന്‍ പറ്റില്ല. സംഘടനാ പ്രവര്‍ത്തനത്തിനായി സ്വയം മുന്നോട്ട് വരുന്നവര്‍ വളരെ ചെറിയ ശതമാനം മാത്രമാണ്. എന്നാല്‍ യൂത്തുമായി നിരന്തരം ബന്ധപ്പെടുന്നവരാണ് നമ്മുടെ ടീമിലുള്ളത്. അദ്ധ്യാപകരും, എ.ഐയെ കുറിച്ച് പുസ്തകം എഴുതിയവരും നമ്മുടെ ടീമിലുണ്ട്. അവരുടെയൊക്കെ കഴിവും സാമര്‍ത്ഥ്യവും യൂത്തിനെ ആകര്‍ഷിക്കാന്‍ നമ്മള്‍ പരമാവധി പ്രയോജനപ്പെടുത്തും.
? ഭാഷയ്ക്ക് ഒരു ഡോളര്‍ പദ്ധതിയുടെ പുരോഗതി...
* ഭംഗിയായി മുന്നോട്ട് പോകുന്നു. 1992 മുതല്‍ നോണ്‍ സ്റ്റോപ്പായി തുടരുകയാണ് ഭാഷയ്ക്ക് ഒരു ഡോളര്‍. എല്ലാ കൊല്ലവും കേരള സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല എന്നിവയില്‍ നിന്നുള്ള ഏറ്റവും മികച്ച പി.എച്ച്.ഡി പ്രബന്ധത്തിന് 50,000 രൂപ രണ്ടു വര്‍ഷം കൂടുമ്പോള്‍ നമ്മള്‍ കൊടുക്കുന്നുണ്ട്. അതിന്റെ തിരഞ്ഞെടുപ്പ് തന്നെ സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. സര്‍വകലാശാല നേരിട്ടാണ് അത് നടത്തുന്നത്. പദ്ധതി വിപുലീകരിക്കമമെന്നാണ് എന്റെ അഭിപ്രായം.
? ഫൊക്കാനയ്‌ക്കെതിരെ കേസോ വിമത ശബ്ദമോ ഇപ്പോള്‍ ഉയരുന്നുണ്ടോ...
* 2024 -ഓടൂകൂടി കേസുകള്‍ എല്ലാം അവസാനിപ്പിച്ചു. ഏഴ് കൊല്ലം കേസ് നടത്തി. ഒരു ലക്ഷത്തോളം ഡോളര്‍ ചിലവായി. ഫൊക്കാനയ്ക്ക് സാമ്പത്തിക ഞെരുക്കം ഉള്ളതിനാല്‍ പലരും സ്വന്തം പോക്കറ്റില്‍ നിന്നാണ് കേസ് നടത്തിപ്പിനുള്ള പണം ചെലവാക്കിയത്. എല്ലാ കേസുകളിലും നമ്മള്‍ വിജയിച്ചു. ലിറ്റിഗേഷന്‍ ഫ്രീ ആയുള്ള ഒരു സംഘടനയായി ഫൊക്കാന മുന്നോട്ടു പോകണമെന്ന ആഗ്രഹത്താലാണ് കേസ് അവസാനിപ്പിച്ചത്. എന്നാല്‍, ഫൊക്കാനയെ വെല്ലുവിളിച്ച് ആരെങ്കിലും രംഗത്ത് വന്നാല്‍ നമ്മള്‍ അതിനെ ശക്തമായി തന്നെ പ്രതിരോധിക്കും. ഫൊക്കാനയുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കുകയുമില്ല.
? ഫൊക്കാനയെ പുതിയ കാലത്തിലേക്ക് നയിക്കാനുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് എന്താണ് ജനങ്ങളോട് പറയുവാനുള്ളത്...
* തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമേരിക്കയിലും കാനഡയിലും സഞ്ചരിക്കുകയും വിവിധ സംഘടനാ പ്രതിനിധികളുമായും ആശയവിനിമയം നടത്തുകയും ചെയ്തു. അവരില്‍ നിന്നുള്ള ഫീഡ് ബാക്ക് അനുസരിച്ച് ഒരു മികച്ച വിജയമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. മുഴുവന്‍ ടീം അംഗങ്ങളും വിജയിക്കും എന്ന ശുഭാപ്തിവിശ്വാസമുണ്ട്. കാരണം, പറയുന്നത് പ്രവര്‍ത്തിക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ട് അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെന്ന നിലയ്ക്ക് അവരുടെ പിന്തുണ എനിക്കും ടീം ഇന്റഗ്രിറ്റിക്കും ഉണ്ടാവും എന്നുറപ്പുണ്ട്. ഫൊക്കാന കുടുംബാംഗങ്ങളുടെ സ്‌നേഹത്തിന് പ്രത്യേകമായ നന്ദി ഈ അവസരത്തില്‍ ഞാന്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു.
***
ഫൊക്കാനയുടെ പാരമ്പര്യത്തെ ആദരിച്ചുകൊണ്ട് കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുകയെന്നതാണ് ഫിലിപ്പോസ് ഫിലിപ്പിന്റെ പ്രഖ്യാപിത ലക്ഷ്യം. യുവജനങ്ങളുടെ ഊര്‍ജവും സാങ്കേതികവിദ്യയുടെ സാധ്യതകളും സാമൂഹിക സേവനത്തിന്റെ മൂല്യങ്ങളും സമന്വയിപ്പിച്ചുള്ള ഒരു സംഘടനാ നവീകരണമാണ് അദ്ദേഹം വിഭാവനം ചെയ്യുന്നത്. വാഗ്ദാനങ്ങളില്‍ ഒതുങ്ങാതെ നടപ്പാക്കാവുന്ന പദ്ധതികളാണ് തന്റെ മുന്‍ഗണനയെന്നും, അംഗസംഘടനകളുടെ അഭിപ്രായങ്ങളെ മാനിച്ച് കൂട്ടായ നേതൃത്വത്തിലൂടെ ഫൊക്കാനയെ കൂടുതല്‍ കരുത്തുറ്റതും ജനകീയവുമായ ഒരു സംഘടനയാക്കി വളര്‍ത്താനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സേവനവും സുതാര്യതയും പ്രവര്‍ത്തന മികവും മുഖമുദ്രയാക്കുന്ന ഒരു പുതിയ അധ്യായം ഫൊക്കാനയില്‍ തുറക്കുമെന്ന ആത്മവിശ്വാസത്തോടെയാണ് ടീം ഇന്റഗ്രിറ്റി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.