
പ്രവാചകൻ മന്ത്രിക്കുന്നു
മരിച്ചു കൊണ്ടിരിക്കുന്നഈ ഭൂമിയിൽ
ഞാൻ ദൈവത്തിന്റെ
അവസാനത്തെ പ്രതിനിധിയാണെന്ന്.
വാസ്തവത്തിൽ
ചെയ്ത കുറ്റം എന്തെന്നറിയാത്ത
ഒരു പ്രതി മാത്രമാണ് ഈയുള്ളവൻ.
പ്രവാചകൻ അരുളുന്നു
പ്രതിക്കുള്ളിൽ
ഒരു നിധിയുണ്ടെന്ന്.
ഒരു വേള അത് തേടി കണ്ടെത്താനാകാത്തതാകാം
ഇവൻ ചെയ്ത കുറ്റം.
ഭ്രൂണാവസ്ഥയിൽ
ഈ കുറ്റത്തിന്റെ വിശദാംശങ്ങൾ
ഇവന്റെ സ്നായുക്കളിൽ
ആലേഖനം ചെയ്തിരുന്നുവത്രെ!
ശിക്ഷ മരണമാണെന്നതുറപ്പ്;
എത്ര വട്ടം മരിക്കേണ്ടി വരും
എന്ന വസ്തുത അറിയാൻ
അന്തിമവിധിന്യായം വരെ
കാത്തിരിക്കേണ്ടി വരും.
അല്ലെങ്കിൽ മരിക്കും മുമ്പ്
സ്വയം ഇല്ലാതാകുന്ന മാന്ത്രികവിദ്യ
അഭ്യസിക്കേണ്ടി വരും.
2
പുറത്തിനു
വിപരീതമല്ലാത്ത
ഒരു അകത്താകാം
അകവും പുറവും
പരസ്പരം
പൊരുതിക്കൊണ്ട്
പാർക്കുന്നത്.
പുറമുണ്ടെങ്കിൽ
അവിടെ ചൊറിച്ചിലുണ്ടെങ്കിൽ,
ചൊറിഞ്ഞു തരാൻ
കഥകളിക്കാരനായ ഒരു സ്രഷ്ടാവിന്റെ
പൊയ്നഖവും കാണും.
അകമുണ്ടെങ്കിൽ
അവിടെ അലിവുണ്ടെങ്കിൽ
അലിഞ്ഞില്ലാതാകാൻ
ഒരു ഹൃദയവും കാണും
അനന്തതയുടെ
അനന്തതയിൽ!
3
വിഡ്ഢികൾ ദന്തഗോപുരത്തിലിരുന്ന്
കപടധ്യാനം ചെയ്യട്ടെ
നരകത്തിലെ ആനന്ദതരംഗങ്ങളിൽ
സ്നാനപ്പെട്ട് ഞാൻ
ഈ നിമിഷമൊന്ന്
അമ്പരന്നു നിൽക്കട്ടെ!
എന്റെ ചിമ്മിയ ഇമകൾക്ക് പിറകെ
ഒളിച്ചിരിക്കുന്നതെന്താണ്?
മുഖരഹിതനായ സ്രഷ്ടാവിന്റെ
തുറന്ന കണ്ണുകൾ!
സ്രഷ്ടാവിന്റെ വിശുദ്ധ കമ്പനത്തിന്റെ
ഗാനം ഞാൻ കേൾക്കാതെ
കേൾക്കട്ടെ!
ശൂന്യതയുടെ പളുങ്ക് കൂജയിൽ നിന്നും
സ്രഷ്ടാവ് പകർന്നു തരുന്ന
വീഞ്ഞുതുള്ളികൾക്കായി
ഞാനൊരു ചില്ലു ചഷകമാകട്ടെ!