
ഇന്നലെ ഞാൻ ഓൾഗയുടെ തടവിലായിരുന്നു. എന്നെ കട്ടിലിൽ കിടത്തി ബൈസ്റ്റാൻഡർ രോഗിക്ക് കൂട്ടിരിക്കുന്നത് പോലെ കസേര വലിച്ചിട്ട് അടുത്തിരുന്നു.
ഞാനൊന്ന് എണീക്കാൻ ശ്രമിച്ചപ്പോ കസേര തള്ളിക്കളഞ്ഞ് കട്ടിലിൽ എൻ്റടുത്തായി ഇരിപ്പ്. ഇനി തടവിലിടാനുള്ള കാരണം....
പതിവ് വട്ടുപരിപാടികൾ ഇന്നലെ ഇത്തിരി കൂടുതലായിരുന്നു. ഓൾഗ സംസാരിക്കുന്നത് ഇറ്റാലിയനിലയണെങ്കിലും ആ ഭാഷ എനിക്കാണ് കൂടുതൽ മനസിലാകുന്നത്.
കോമെ ഫാച്ച്യോ ?... ( എങ്ങനെ ചെയ്യും ക) എന്ന് മലയാളം ...ഇത് ഓൾഗയുടെ പതിവ് മന്ത്രമാണ്. എങ്ങനെ ചെയ്യും എന്ന് ചോദിക്കുമ്പോ എന്താണ് ചെയ്യേണ്ടത് എന്ന് .... അതെനിക്കറിയില്ല നീ കണ്ടുപിടിക്കണം എന്നാണ് ഓൾഗയുടെ മറുപടി.
ഇന്നലെ രാവിലെ തുടങ്ങി കോമെ ഫാച്ച്യോ ചോദിച്ച് ആകുലപ്പെട്ടിരിപ്പാരുന്നു. ഉച്ചഭക്ഷണം കഴിഞ്ഞപ്പോ ദേഷ്യം തൊടങ്ങി. മൂത്ത മോള് ബഹളം കേട്ട് മോളീന്ന് എറങ്ങി വന്നു. എന്താ വേണ്ടെന്ന് ചോദിച്ചപ്പോ ഓൾഗ സ്ഥിരം പല്ലവി. കൂട്ടത്തി പറഞ്ഞു.
" മിയ പീക്കൊളീനി..... (എൻ്റെ കുഞ്ഞുങ്ങള് ......) മോൾക്ക് മനസിലായില്ല. ഞാൻ പറഞ്ഞു അവളോട്..... കുഞ്ഞായ നിങ്ങളെയാണ് അന്വേഷിക്കുന്നത്.
ആദ്യം അവള് മയത്തിലൊക്കെ പറഞ്ഞെങ്കിലും അത്ര ക്ഷമയില്ലാത്തോണ്ട്
" നിങ്ങടെ കുഞ്ഞുങ്ങളൊക്കെ വൽതായി ചാവാറായി." ന്നും പറഞ്ഞ് അവള് ചാടിപ്പെടഞ്ഞ് പോയി. നമ്മടെ വിസ്മയേടെ ഒരു ബോഡി ലാഗ്വേജാ അവൾക്ക്. വിസ്മയ ചിരിക്കുന്നോണ്ട് ക്യൂട്ടായി തോന്നും. പക്ഷേ ഇവള് ചിരിക്കൂല . ഭയങ്കര ഗൗരവം ആണ് എപ്പഴും. ഓൾഗേ ടെ അല്ലേ മോള് .....
ഓൾഗേം ഞാനും പിന്നേം ഈ കോമെ ഫാച്ച്യോ കളി തൊടർന്നു. എനിക്ക് അടാറ് ക്ഷമയുണ്ടെന്നാണ് ഇവരുടെ തെറ്റിദ്ധാരണ.
ഒരു ദിവസം ഈ ക്ഷമയ്ക്ക് 40 യൂറോയാണ്
വില എന്നുള്ളതിനാൽ ഞാൻ ക്ഷമയോട് ക്ഷമയാണ് എങ്കിലും മനുഷനല്ലേ .....!
ക്ഷമ നശിച്ച ഒരവസരത്തിൽ ഞാനിവന്ന് എറങ്ങിപ്പോകും എന്ന് പറഞ്ഞു പോയതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന ത്തെ ഈ തടവ്.
ചെലപ്പോ "നീയിവിടെ ഒരു മിനിറ്റ് നിക്കരുത്.
ഇപ്പൊ എറങ്ങിക്കോണം എൻ്റെ വീട്ടീന്ന്" എന്നും പറയാറുണ്ട്. എല്ലാം ഓൾഗയുടെ
തോന്നലനുസരിച്ചിരിക്കും.
പണ്ട് മനോരമ പത്രത്തിൽ പദപ്രശ്‌നം പൂരിപ്പിക്കാൻ വരാറുണ്ട്. ഈ ബാലരമ പോലുള്ള ഏതോ ദ്വൈവാരികകളിലും വരാറുണ്ടോ?
എന്തായാലും ഇത് പൂരിപ്പിച്ചയക്കാനുള്ള സ്റ്റാമ്പും കവറും വാങ്ങാനുള്ള പത്രാസൊന്നും എൻ്റെ അപ്പനുണ്ടാർന്നില്ല അതോണ്ട് ഞാനത് ശ്രദ്ധിക്കാറുമില്ല
അത് വലിയ ചതിയായിപ്പോയി. ഓൾഗയോട് ഏറ്റുമുട്ടാൻ എനിക്കാ കളി പരിശീലിച്ചേ പറ്റൂ. കാരണം ഓൾഗ അത്തരം ഒരു കളിക്കാരിയായിരുന്നോ എന്നെനിക്ക് സംശയമുണ്ട്. ചില വാക്കുകൾ പൊട്ടും പൊടീം പറഞ്ഞ് ബാക്കി പൂരിപ്പിക്കാൻ പറയണമെങ്കിൽ ......
ഇന്നലെ രാത്രി ഒരു മണിക്കാണ് ഞാൻ സ്വതന്ത്രയായത്.