Image

റെയില്‍ ചക്രങ്ങള്‍ (കഥാസമാഹാരം)- ബാബു പാറയ്ക്കല്‍ ( തയ്യാറാക്കിയത്- ബാജി ഓടംവേലി, ഡാലസ് )

ബാജി ഓടംവേലി, ഡാലസ് Published on 06 August, 2026
റെയില്‍ ചക്രങ്ങള്‍ (കഥാസമാഹാരം)- ബാബു പാറയ്ക്കല്‍ ( തയ്യാറാക്കിയത്- ബാജി ഓടംവേലി, ഡാലസ് )

എഴുത്തില്‍ ഇപ്പോഴും സജീവമായ അമേരിക്കന്‍ മലയാളി എഴുത്തുകാരനായ ബാബു പാറയ്ക്കല്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്നു. കഥയും നോവലും യാത്രാവിവരണവുമായി നാലു പുസ്തകങ്ങള്‍ ഇതിനോടകം പ്രസിദ്ധീകരിച്ചു. 
ബാബു പാറയ്ക്കലിന്റെ കഥകളില്‍ സ്‌നേഹശൂന്യമായ കാലത്തേക്കുറിച്ചുള്ള ആധികളാണ് നിറയുന്നത്. മിക്ക കഥാപാത്രങ്ങളും തിരസ്‌കരിക്കപ്പെട്ടവരോ അര്‍ഹമായ എന്തെല്ലാമോ നഷ്ടപ്പെട്ടവരോ ആണ്. തന്റെ ജീവിതയാത്രയില്‍ പലയിടത്തു വച്ചും കാണേണ്ടി വന്ന, മനസ്സിനെ നൊമ്പരപ്പെടുത്തിയ ചില ജീവിതാനുഭവങ്ങളില്‍ ഭാവനയുടെ നിറച്ചാര്‍ത്തുകൂടി ചേര്‍ത്താണ് ഈ കഥകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. 


വര്‍ഷങ്ങള്‍ക്ക് മുന്‍പേ നാടുവിട്ട് പ്രവാസികള്‍ ആയവരുടെ മനസ്സിലൊരു നല്ല നാടുണ്ട്, ആ നാട് ഈ കഥകളില്‍ വായിച്ചെടുക്കാം. നിര്‍മ്മിത ബുദ്ധിയുടെ നാളുകളില്‍ നഷ്ടസ്മൃതികളില്‍ നിലനില്‍ക്കുന്ന ഗ്രാമപ്രദേശങ്ങള്‍ നാടു വിട്ടു പോയവരുടെ ഗൃഹാതുരത്വം മാത്രമായി അവശേഷിക്കുന്നു. പുറപ്പെട്ടു പോരുകയും എത്തിച്ചേരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ എക്കാലത്തും ഒരു കുടിയേറ്റക്കാരന്റെ പ്രതിസന്ധിയാണല്ലോ.


തങ്ങളുടെ ആദ്യത്തെ പെണ്‍കുഞ്ഞിന് നാലുമാസം മാത്രം പ്രായമുള്ളപ്പോള്‍ ഭാര്യ വീണ്ടും ഗര്‍ഭം ധരിച്ചത് ഭര്‍ത്താവിനെ ആശങ്കപ്പെടുത്തി. ഇത് മറ്റുള്ളവര്‍ അറിഞ്ഞാലുള്ള നാണക്കേടോര്‍ത്ത് അത് അലസിപ്പിക്കണം എന്നു ശഠിച്ച ഭര്‍ത്താവിനോട് അതു പറ്റില്ല എന്നു പറഞ്ഞ് ഗര്‍ഭം പരിപാലിക്കുകയാണ് കഥയിലെ ധീരയായ ഭാര്യ. അങ്ങനെയുണ്ടായ പെണ്‍കുഞ്ഞ് വളര്‍ന്ന് വിവാഹദിവസം പിതാവിനോടൊപ്പം 'ഫാദര്‍ഡോട്ടര്‍ ഡാന്‍സ് 'എന്ന ചടങ്ങിന്റെ ഭാഗമായി നൃത്തം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമത്തിന്റെ പരാജയവും, ഒരു ജീവനെ നശിപ്പിക്കാനുള്ള തന്റെ ചിന്തയേക്കുറിച്ചുള്ള പശ്ചാത്താപവുമാണ്  'കുറ്റബോധം' എന്ന കഥ.  


അലാസ്‌കായിലെ കൊച്ചിക്കന്‍ പ്രദേശത്തെ ഒരു നേറ്റീവ് ഇന്ത്യന്‍ ഗ്രാമത്തിന്റെ കഥയാണ് 'ടോട്ടെം പോളിന്റെ ദുഃഖം' അവിടുത്തെ നേറ്റീവ് ഇന്ത്യക്കാരുടെ സംസ്‌കാരത്തിന്റെ ചിഹ്നമാണ് ഇരുപത് അടിയോളം പൊക്കമുള്ള ടോട്ടോം പോള്‍ എന്നറിയപ്പെടുന്ന ഒറ്റത്തടിയില്‍ കൊത്തിയെടുത്ത് പല നിറങ്ങള്‍ നല്‍കി ആകര്‍ഷകമാക്കിയ ഈ സ്തൂപങ്ങള്‍. അതിന്റെ ഏറ്റവും മുകളില്‍ മൂന്ന് ഗരുഡനെ കൊത്തി വെച്ചിട്ടുണ്ട്. മൂന്നും മൂന്നു ദിശകളിലേക്കാണ് നോക്കിയിരിക്കുന്നത്. ഗ്രാമത്തിന്റെ മുഴുവന്‍ ദുഃഖവും പേറി കാത്തിരിക്കുന്ന ഗരുഡന്‍ കണ്ണൂകളുടെ കഥ വായനക്കാരുടെ കണ്ണൂകളെയും ഈറനണിയിക്കും.  


'വിടവാങ്ങല്‍' എന്ന കഥയിലെ കുഞ്ഞപ്പിച്ചേട്ടന്‍ ഗള്‍ഫ് നാട്ടില്‍ പതിനഞ്ചു വര്‍ഷം അതികഠിനമായ ജോലി ചെയ്തിട്ട് തിരിച്ചെത്തിയ ആളാണ്. തിരികെ വന്ന ശേഷം ജീവിക്കുവാനായി ഒരു മോര്‍ച്ചറിയിലെ പണിക്കാരനായി ജോലിക്കു കയറി. ഒരു എക്‌സ് ഗള്‍ഫുകാരന്‍ ഇങ്ങനെയൊരു ജോലി ചെയ്യുന്നത് അപൂര്‍വ്വമാണ്. മോര്‍ച്ചറിയിലെ അയാളുടെ ജോലിയുടെ വിശദാംശങ്ങള്‍ അത് കണ്ടിട്ടില്ലാത്തവര്‍ക്ക് ഒരു പുതിയ അറിവാകും. ഈ ലോകത്തിലെ എല്ലാ മനുഷ്യരും തുല്യരാകുന്നത്. മോര്‍ച്ചറിയിലെ ആ മേശമേല്‍ കിടക്കുമ്പോഴാണ്. തന്റെ ജോലിയില്‍ നിന്നും വിടവാങ്ങുന്ന ദിവസം ഒരാള്‍ക്കും അതിജീവിക്കാനാവാത്ത അവസ്ഥ കുഞ്ഞപ്പിച്ചേട്ടന്‍ സധൈര്യം നേരിടുന്നത് പറഞ്ഞാണ് കഥ അവസാനിപ്പിച്ചിരിക്കുന്നത്. 


പുസ്തകത്തിന്റെ പേരിലുള്ള 'റെയില്‍ ചക്രങ്ങള്‍' എന്ന കഥയിലെ പാലക്കാട്ടുകാരി പ്രതിഭാ വാര്യരും അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. റെയില്‍ ചക്രങ്ങള്‍ക്കു നിശ്ചയിച്ചിരിക്കുന്ന പാളങ്ങളില്‍ കൂടി മാത്രമേ സഞ്ചരിക്കാന്‍ അവകാശമുള്ളൂ. മൂന്നു പതിറ്റാണ്ടുകാലത്തെ ന്യൂയോര്‍ക്ക് മെട്രോയിലെ ഔദ്യോഗിക ജീവിതത്തിനു ശേഷം വിരമിച്ച ദിവസം ഓര്‍മ്മകളിലൂടെ സഞ്ചരിക്കുകയാണ് കഥാനായിക. കുഞ്ഞുന്നാളില്‍ത്തന്നെ വലിയൊരു റെയില്‍ ദുരന്തത്തില്‍ ദാരുണമായ അന്ത്യം സംഭവിച്ച പിതാവിന്റെ ഓര്‍മ്മകള്‍ അവളെ പിന്തുടരുന്നു.  പ്രതിഭാ വാര്യരുടെ കുടുംബത്തിന്റെ സര്‍വ്വ പ്രതീക്ഷകളും തകര്‍ത്തതും പിന്നീട് തന്റെ കുടുംബത്തെ കൈപിടിച്ചുയര്‍ത്തിയതും റെയില്‍ ചക്രങ്ങളാണ്. പുസ്തതകത്തിന്റെ കവര്‍പേജില്‍ കൊടുത്തിരിക്കുന്നത് പ്രതിഭാ വാര്യരുടെ രേഖാചിത്രമാണ്.

'പ്‌ളാസ്റ്റിക് സ്പൂണ്‍' എന്ന കഥ അമേരിക്ക എന്ന പറുദിസ തേടിയിറങ്ങിയ ഒരു മലയാളിയുടെ ജീവിതം പറയുകയാണ്. നേഴ്‌സായിരുന്ന ഭാര്യയുടെ ജീവിതം കോവിഡ് തട്ടിയെടുക്കുന്നതും, അതിനു ശേഷം ബുദ്ധിമുട്ടി മകനെ ഓമനിച്ചു വളര്‍ത്തുന്നതും അവന്‍  അച്ഛനെ ധിക്കരിക്കുന്നതും മറ്റും വായനക്കാര്‍ക്കു പോലും സഹിക്കാനാവില്ല. പ്രവാസിയുടെ സ്വത്വത്തെക്കുറിച്ചുള്ള ആധികളാണ് ഈ കഥയുടെ പ്രമേയം. ഈ കഥയുടെ അവസാനത്തിലെ തിരമാലയുടെയും അവ കൊണ്ടുവരുന്ന പ്‌ളാസ്റ്റിക് സ്പൂണിന്റെയും ചിത്രം അയാളുടെ ജീവിതത്തെത്തന്നെ പ്രതിനിധീകരിക്കുന്നു.  
'ഒരു കൊറോണാ അനുഭവം' എന്ന കഥയില്‍ മാത്രമല്ല, പ്‌ളാസ്റ്റിക് സ്പൂണ്‍, അനുജാ മാപ്പ്, തള്ളിക്കളഞ്ഞ കല്ല്, തുടങ്ങിയ കഥകളിലൊക്കെ കൊറോണാ എന്ന മഹാമാരി വില്ലന്‍ വേഷം കെട്ടിയാടുന്നുണ്ട്. കോവിഡ് എന്ന ഒറ്റ വാക്കിലൂടെ കഥയുടെ കാലം തിട്ടപ്പെടുത്താനാവും.

13 ആം തീയതിയും വെള്ളിയാഴ്ചയും ഒന്നിച്ചു വന്നാല്‍ എന്തോ അനര്‍ത്ഥം സംഭവിക്കും എന്ന അന്ധവിശ്വാസത്തിനെതിരെ 'ഫ്രൈഡേ ദി തേര്‍ട്ടീന്‍ത്' എന്ന കഥയിലൂടെ കഥാകാരന്‍ സമൂഹത്തിനു മുന്‍പില്‍ സത്യത്തിന്റെ കണ്ണാടി പിടിച്ചിരിക്കുകയാണ്. 

 

'മരിച്ചവര്‍ സംസാരിക്കുന്നു' എന്ന കഥ അമേരിക്കയിലെ ശവം കൊണ്ടുപോകുന്ന വാഹനം ഓടിക്കുന്ന മലയാളി ഡ്രൈവര്‍ ഷാജി പറയുന്നു. ഇത് മലയാളിക്ക് പറ്റിയ പണിയല്ലെന്ന് പലരും നേരിട്ട് പറയുകയും നെറ്റി ചുളിക്കുകയും ചെയ്യാറുണ്ട്. ഏതു ജോലിയും അന്തസ്സുള്ളതാണ്, ചെയ്യുന്ന ജോലിയില്‍ സംതൃപ്തി കണ്ടെത്തുന്നവനുമാത്രമേ ജീവിതത്തില്‍ വിജയിക്കാനാവൂ എന്നതാണ് ഗുണപാഠം. താന്‍ ഭയപ്പെട്ടത് ശവം കണ്ടല്ല. ജീവനുള്ള മനുഷ്യരാണ് തന്നെ ഭയപ്പെടുത്തിയതെന്നതാണ് ഷാജിയുടെ കഥ.

മിക്കവാറും കഥകള്‍ ഭൂതകാലത്തിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണ്. കടന്നു വന്ന വഴികള്‍, സങ്കടങ്ങള്‍, എത്തിപ്പെട്ട ജീവിതത്തിന് സുരക്ഷിതത്വം കൈവരുന്നു എന്നു തോന്നുന്ന സമയത്തുണ്ടാകുന്ന ആകസ്മികമായ പിരിവുകള്‍, സങ്കീര്‍ണ്ണമായ അവസ്ഥകളിലേക്കുള്ള പതനം. ഇവയൊക്കെയാണ് ഈ കഥകളുടെ പൊതുസ്വഭാവമെന്ന തന്റെ കണ്ടെത്തല്‍ അവതാരികയില്‍ ഇ. സന്തോഷ്‌കുമാര്‍ പറഞ്ഞിട്ടുണ്ട്. 'അതിജീവനത്തിന്റെ ഓര്‍മ്മകള്‍; ആധികളും' എന്ന പേരില്‍ ഇ. സന്തോഷ്‌കുമാര്‍ ആണ് അവതാരിക എഴുതിയിരിക്കുന്നത്. 
ഈ സമാഹരത്തില്‍ 18 കഥകളാണുള്ളത്. ഇതിലെ കഥകള്‍ക്ക് ആധാരമായ സംഭവം കഥാകാരന്റെ ആത്മാവിനെ തൊട്ടിട്ടുള്ളതാണ്, അതിനാല്‍ ഇത് വായനക്കാര്‍ക്കും പ്രിയമാകുമെന്നുറപ്പിക്കാം. മംഗളോദയം ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന 136 പേജുകളുള്ള ഈ പുസ്തകത്തിന്റെ വില 200 രൂപയാണ്. 


ബാബു പാറയ്ക്കല്‍  

ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ മേലേമല വലിയവീട്ടില്‍ പാറയ്ക്കല്‍ മത്തായി വറുഗീസിന്റെയും സാറാമ്മ വറുഗീസിന്റെയും മകന്‍. നാട്ടിലും ബോംബെയിലും ന്യൂയോര്‍ക്കിലുമായി വിദ്യാഭ്യാസം. ന്യൂയോര്‍ക്ക് മെട്രോയില്‍ ഉദ്യോഗസ്ഥനായിരുന്നു. ന്യൂയോര്‍ക്ക് ഫ്‌ളോറല്‍ പാര്‍ക്കില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു.

പതിനെട്ടാമത്തെ വയസ്സില്‍ മനോരാജ്യം വാരികയില്‍ ആദ്യത്തെ രചന പ്രസിദ്ധീകരിച്ചു കൊണ്ട് സാഹിത്യ രംഗത്ത് പ്രവേശിച്ചു. നിരവധി കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ സമകാലീന മാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇമലയാളിയില്‍ 'നടപ്പാതയില്‍ ഇന്ന്' എന്ന കോളം ചെയ്യുന്നു. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. വിവിധ സാഹിത്യ സാംസ്‌കാരിക സംഘടനകളില്‍ സജീവം. 


നിറങ്ങളില്‍ ജീവിക്കുന്നവര്‍ (നോവല്‍), മനസ്സില്‍ സൂക്ഷിച്ച കഥകള്‍ (കഥ), മഞ്ഞില്‍ വിരിഞ്ഞ റഷ്യ (യാത്രാ വിവരണം), റെയില്‍ ചക്രങ്ങള്‍ (കഥ) എന്നിവ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചു. വായനക്കാര്‍ക്ക് ഇനിയും ധാരാളം രചനകള്‍ ഈ തൂലികയില്‍ നിന്നും പ്രതീക്ഷിക്കാനാവും.     
ഭാര്യ :- ലൗലി , മകന്‍ :- ബോബി, email :- bparackel@aol.com
 

Join WhatsApp News
Ann 2026-08-06 08:42:26
Are you related to Kottayam Parakkal Family?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക