Image

'കാലത്തിന്റെ ചുവരെഴുത്തുകള്‍' ശ്രേഷ്ഠ ബാവ പ്രകാശനം ചെയ്തു.

വര്‍ഗീസ് പാലമലയില്‍ Published on 06 August, 2026
'കാലത്തിന്റെ ചുവരെഴുത്തുകള്‍'   ശ്രേഷ്ഠ ബാവ പ്രകാശനം ചെയ്തു.

ന്യൂജേഴ്‌സി: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ വച്ച് റവ.ഫാദര്‍ കുറിയാക്കോസ് പുതുപ്പാടി രചിച്ച കാലത്തിന്റെ 'ചുവരെഴുത്തുകള്‍' എന്ന പുസ്തകം ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ പ്രകാശനം ചെയ്തു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്താക്ക് ആദ്യപ്രതി നല്‍കിക്കൊണ്ടായിരുന്നു പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.


ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളേയും ആത്മീയ സത്യങ്ങളേയും ക്രൈസ്തവ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ വായിച്ചെടുക്കുന്ന ചിന്തകളുടെ സമാഹാരമാണ് 'കാലത്തിന്റെ ചുവരെഴുത്തുകള്‍' എന്ന് ശ്രേഷ്ഠ ബാവ തന്റെ പ്രകാശന സന്ദേശത്തില്‍ പറഞ്ഞു. കാലം മനുഷ്യ ജീവിതത്തില്‍ എഴുതിച്ചേര്‍ക്കുന്ന സന്തോഷവും ദുഃഖവും, കണ്ണീരും പ്രത്യാശയും, മുറിവുകളും, സൗഖ്യവും, ക്ഷമയും സ്‌നേഹവും ഈ ഗ്രന്ഥത്തിലെ ലേഖനങ്ങളുടെ പ്രധാന പ്രമേയങ്ങളാണ്.


മനുഷ്യ ജീവിതത്തിലെ സാധാരണ അനുഭവങ്ങളെ വിശുദ്ധ വേദപുസ്തകത്തിന്റേയും, ക്രൈസ്തവ ആത്മീയതയുടേയും പശ്ചാത്തലത്തില്‍ അവതരിപ്പിക്കാനുള്ള ആത്മാര്‍ത്ഥ ശ്രമമാണ് ഈ കൃതി.


ഇനി ധാരാളം ആത്മീയ ഗ്രന്ഥങ്ങള്‍ രചിക്കാന്‍ ഗ്രന്ഥകാരന് ദൈവം കൃപ നല്‍കട്ടെയെന്ന് ശ്രേഷ്ഠ ബാവ തന്റെ ആശംസപ്രസംഗത്തില്‍ പറഞ്ഞു. തദവസരത്തില്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ. പോള്‍ തോട്ടക്കാട്ട്, ജോയിന്റെ സെക്രട്ടറി റവ.ഫാ. ബെല്‍സണ്‍ കുര്യാക്കോസ്, ട്രഷറര്‍ സിമി ജോസഫ്, ജോയിന്റ് ട്രഷറര്‍ ബോബി കുര്യാക്കോസ്, റവ.ഫാ.ജേക്കബ് ജോസഫ് പി.എച്ച്.ഡി., ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, വന്ദ്യ കോറെപ്പിസ്‌ക്കോപ്പമാര്‍, വൈദീകര്‍, ശെമ്മാശ്ശന്മാര്‍, വിശ്വാസികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

'കാലത്തിന്റെ ചുവരെഴുത്തുകള്‍'   ശ്രേഷ്ഠ ബാവ പ്രകാശനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക