
ചരിത്രം ചിലപ്പോൾ എഴുതപ്പെടും... ചിലപ്പോൾ അത് സൃഷ്ടിക്കപ്പെടും. പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടിൽ മണിക്കൂറുകൾക്കകം ചരിത്രത്തിന്റെ അത്തരമൊരു അധ്യായം പിറക്കും.
നാലു പതിറ്റാണ്ടിലേറെ ചരിത്രം ചുമലിലേറ്റി, മലയാളി സമൂഹത്തെ ഒരൊറ്റ കുടക്കീഴിൽ ചേർത്തുനിർത്തുന്ന മഹാപ്രസ്ഥാനമാണ് ഫൊക്കാന. 1983-ൽ അന്തരിച്ച മുൻ രാഷ്ട്രപതി കെ. ആർ. നാരായണൻ, അംബാസഡർ ടി. പി. ശ്രീനിവാസൻ, ഡോ.എം.അനിരുദ്ധൻ തുടങ്ങിയ ദീർഘദർശികൾ തുടക്കംകുറിച്ച ഈ സംഘടന ഇന്ന് ലോകത്തിലെ ഏറ്റവും പഴക്കമേറിയതും ഏറ്റവും വലിയതുമായ മലയാളി ഫെഡറൽ അംബ്രല്ല ഓർഗനൈസേഷനായി തലയെടുപ്പോടെ നിൽക്കുന്നു.
ലോക മലയാളികളുടെ കണ്ണുകൾ ഫൊക്കാന കൺവൻഷനിൽ ഒളുപ്പിച്ചുവച്ചിരിക്കുന്ന ബിഗ് സർപ്രൈസുകൾ ഉറ്റുനോക്കുകയാണ്. പ്രതീക്ഷകളും സ്വപ്നങ്ങളും നിറഞ്ഞ ആ വേദിയുടെ പിന്നിൽ അസാധ്യമെന്ന് ലോകം കരുതുന്നതിനെ സാധ്യമാക്കി മാറ്റണമെന്ന് വാശിയുള്ള ഒരാളുടെ കയ്യൊപ്പുണ്ട്. അതെ, ഫൊക്കാനയുടെ പ്രസിഡന്റ് സജിമോൻ ആന്റണിയുടെ 'ബ്രെയിൻ ചൈൽഡ്' എന്ന് വിശേഷിപ്പിക്കാവുന്ന മാമാങ്കത്തിനാണ് ഓഗസ്റ്റ് 6 ന് തിരശീല ഉയരുന്നത്.,
ഫൊക്കാനയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച പ്രസിഡന്റ് സജിമോൻ ആന്റണി. 'ഡ്രീം ടീം - ഡ്രീം പ്രോജക്ട്സ്' എന്ന മുദ്രാവാക്യം വെറും തിരഞ്ഞെടുപ്പ് വാഗ്ദാനമായി അവശേഷിക്കാതെ പ്രവർത്തനങ്ങളിലൂടെ യാഥാർത്ഥ്യമാക്കിയ നേതൃത്വം. പ്രവാസികളുടെ പ്രശ്നങ്ങളിൽ സർക്കാരുകളോട് ശക്തമായി ഇടപെട്ട ഭരണാധികാരി. സേവന പദ്ധതികളിലൂടെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തിൽ സ്പർശമായി മാറിയ സംഘാടകൻ. അതിലുപരി, ലോകചരിത്രം കുറിക്കാൻ ഒരുങ്ങുന്ന ഈ കൺവെൻഷന്റെ മുഖ്യശില്പി.
ലോക റെക്കോർഡുകൾ ലക്ഷ്യമിടുന്ന മോഹിനിയാട്ടവും ചെണ്ടമേളവും, ആയിരക്കണക്കിന് കലാകാരന്മാരുടെ സംഗമം, കുടുംബങ്ങളെയും യുവതലമുറയെയും ഒരുപോലെ ചേർത്തുപിടിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ, പുതിയ ആശയങ്ങളും ആഗോള കാഴ്ചപ്പാടുകളുമായി മുന്നേറുകയാണ് ഫൊക്കാന. ചരിത്രത്തിന്റെ താളിൽ തങ്കലിപികളിൽ എഴുതാൻ പ്രൗഢഗംഭീരമായ കൺവൻഷൻ ഒരുക്കുന്നതിന് തോളോടുതോൾ ചേർന്നു നിൽക്കുന്ന ഭരണസമിതി അംഗങ്ങൾ,നാഷണൽ കമ്മിറ്റി,വിവിധ അംഗ സംഘടനകൾ,വിവിധ കമ്മിറ്റികൾ,ഫോറങ്ങൾ, മുൻകാല നേതാക്കൾ എന്നിങ്ങനെ ഒട്ടേറെപ്പേരുടെ നിസ്വാർത്ഥമായ അധ്വാനത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട് ഫൊക്കാന പ്രസിഡന്റ് ഇ-മലയാളിയോട് സംസാരിക്കുന്നു...
പ്രസിഡന്റായി ചുമതലയേറ്റതുമുതൽ ഇന്നുവരെ നീളുന്ന ഈ രണ്ടുവർഷത്തെ യാത്രയെ എങ്ങനെയാണ് വിലയിരുത്തുന്നത്?
വളരെ അഭിമാനത്തോടെയാണ് ഈ യാത്രയെ ഞാൻ ഓർക്കുന്നത്.
അത് എന്റെ വ്യക്തിപരമായ വിലയിരുത്തലല്ല. ഫൊക്കാനയ്ക്കൊപ്പം പ്രവർത്തിച്ചവരും, പുറത്തുനിന്ന് ഈ സംഘടനയെ നിരീക്ഷിച്ചവരും ഒരുപോലെ നല്ലതുപറയുമ്പോൾ സന്തോഷം തോന്നുന്നു. വ്യക്തിപരമായ അംഗീകാരമെന്ന നിലയ്ക്കല്ല. ഈ സംഘടനയിലൂടെ സമൂഹത്തിന് എന്തെങ്കിലും നൽകാൻ കഴിഞ്ഞുവെന്ന ആത്മസംതൃപ്തിയാണ് അതിന് പിന്നിൽ.
ഫൊക്കാനയെ വെറും ഓണാഘോഷങ്ങളും സാംസ്കാരിക പരിപാടികളും നടത്തുന്ന സംഘടനയായി മാത്രം കാണാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ അവകാശങ്ങൾക്കും ആശങ്കകൾക്കും വേണ്ടി സംസ്ഥാന-കേന്ദ്ര സർക്കാരുകളുമായും അമേരിക്കൻ ഭരണകൂടവുമായും ഫലപ്രദമായി സംവദിക്കുന്ന ശക്തമായ ഒരു പ്രവാസി വേദിയാക്കി മാറ്റുക എന്നതായിരുന്നു ലക്ഷ്യം.
അതിന്റെ ഫലമാണ് പ്രവാസി ഭവനനികുതി വിഷയത്തിൽ കേരള സർക്കാരുമായി നടത്തിയ ഇടപെടലുകൾ. എൻ.ആർ.ഐ.കളുടെ നികുതി വിവേചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാൻ രാജ്യത്തെ എം.പിമാർക്ക് കത്തയച്ച് ദേശീയതലത്തിൽ ചർച്ചയാക്കാൻ ഫൊക്കാനയ്ക്ക് സാധിച്ചു.

അതോടൊപ്പം, ഫൊക്കാനയുടെ പ്രവർത്തനങ്ങളെ കേരളത്തിൽ മാത്രം ഒതുക്കിയില്ല. നമ്മുടെ മാതൃഭൂമിയോടുള്ള സ്നേഹം നിലനിർത്തിക്കൊണ്ട് തന്നെ അമേരിക്കയിലെയും കാനഡയിലെയും മലയാളികളുടെ ജീവിതനിലവാരം ഉയർത്തുന്ന പദ്ധതികൾക്കും തുല്യപ്രാധാന്യം നൽകി.
ഫൊക്കാന മെഡിക്കൽ കാർഡിലൂടെ കേരളത്തിലെ പ്രമുഖ ആശുപത്രികളിൽ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ചികിത്സാ ആനുകൂല്യങ്ങൾ ലഭിച്ചു. ഫൊക്കാന പ്രിവിലേജ് കാർഡിലൂടെ വിമാനത്താവളങ്ങളിൽ പ്രവാസികൾക്ക് നേരിട്ട് സാമ്പത്തിക ആനുകൂല്യം ലഭിക്കുന്ന സംവിധാനം ഒരുക്കി. ഫൊക്കാന ഹെൽത്ത് ക്ലിനിക്കും നിരവധി കുടുംബങ്ങൾക്ക് വലിയ ആശ്വാസമായി.
ലഹരിക്കെതിരായ പ്രചാരണങ്ങൾ, ഭവനപദ്ധതികൾ, വിദ്യാഭ്യാസ സഹായങ്ങൾ, പ്രവാസികളുടെ ആരോഗ്യ-നിയമ ബോധവൽക്കരണ സെമിനാറുകൾ തുടങ്ങി എണ്ണിപ്പറയാനാകാത്തത്ര പദ്ധതികളാണ് ഈ രണ്ടുവർഷത്തിനിടെ യാഥാർത്ഥ്യമായത്.
ഞാൻ എന്നും വിശ്വസിക്കുന്നത് ഒരു കാര്യമാണ് — ഫൊക്കാന മറ്റാരുമായും മത്സരിക്കുന്ന സംഘടനയല്ല. ഫൊക്കാനയ്ക്ക് സമാനമായി മത്സരിക്കാനുള്ളത് ഫൊക്കാന തന്നെയാണ്. മറ്റെല്ലാ സംഘടനകളുമായും സഹകരിച്ച്, സമൂഹത്തിന്റെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
'ഡ്രീം ടീം – ഡ്രീം പ്രോജക്ട്സ്' എന്ന ആശയവുമായാണ് അധികാരത്തിലെത്തിയത്. ആ സ്വപ്നങ്ങൾ എത്രത്തോളം യാഥാർഥ്യമായി?
പ്രഖ്യാപിച്ച ഓരോ പദ്ധതിയും പട്ടികയാക്കി മുന്നോട്ടുപോയവരാണ് ഞങ്ങൾ. പറഞ്ഞത് ചെയ്യുകയും ചെയ്തതിനെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ നയം.
ഫൊക്കാന മെഡിക്കൽ കാർഡ്, ഫൊക്കാന പ്രിവിലേജ് കാർഡ്, ഹെൽത്ത് ക്ലിനിക്ക്, സ്വിം കേരള സ്വിം പദ്ധതി, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, ഭവനപദ്ധതികൾ, പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ, ഇമിഗ്രേഷൻ ബോധവൽക്കരണ സെമിനാറുകൾ—ഇവയൊന്നും വെറും പ്രഖ്യാപനങ്ങളായിരുന്നില്ല. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് നേരിട്ട് പ്രയോജനം ലഭിച്ച പദ്ധതികളായിരുന്നു.
ഈ കൺവൻഷനിൽ തന്നെ മറ്റൊരു സ്വപ്ന പദ്ധതിയായ ഫൊക്കാനയുടെ പുതിയ സേവന സംവിധാനവും അവതരിപ്പിക്കാനാണ് ഞങ്ങളുടെ തീരുമാനം.
കൽഹാരി കൺവൻഷനെ ഇത്രയും പ്രത്യേകമാക്കുന്നത് എന്താണ്?
ഇത് ഫൊക്കാനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷൻ മാത്രമല്ല; പ്രവാസി മലയാളികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടായ്മയാകുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്.
എട്ടുമാസം മുമ്പുതന്നെ താമസസൗകര്യങ്ങൾ മുഴുവൻ ബുക്ക് ആയത് തന്നെ അതിന്റെ തെളിവാണ്. ആയിരക്കണക്കിന് പ്രതിനിധികൾ, രണ്ടായിരത്തോളം കലാകാരന്മാർ, നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ—ഇത്രയും വലിയ ഒരു ഒരുക്കം പ്രവാസി ചരിത്രത്തിൽ അപൂർവമാണ്.
ഇവിടെ വെറും പരിപാടികളല്ല നടക്കുന്നത്; ലോക മലയാളികളുടെ ആത്മവിശ്വാസമാണ് ആഘോഷിക്കപ്പെടുന്നത്. മൂന്ന് പത്മാ പുരസ്‌കാര ജേതാക്കൾ ( പത്മവിഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ,പത്മശ്രീ മട്ടന്നൂർ, പത്മശ്രീ എം.എ. യൂസഫലി) എത്തിച്ചേരുന്നത് ഒരു അപൂർവ്വതയാണ്. പ്രശസ്ത ചലച്ചിത്രതാരം നവ്യ നായരുടേയും നാദിര്ഷയുടെയും നേതൃത്വത്തിൽ നൃത്തം-സംഗീതം-മിമിക്രി എന്നിങ്ങനെ എല്ലാവിധ പ്രേക്ഷകരുടെയും അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
വലിയ സ്വപ്‌നങ്ങൾ കാണാനും അത് സാധ്യമാക്കാനും വരും തലമുറയ്ക്ക് ഇതിലൂടെ പ്രചോദനം ലഭിക്കും.
രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡ് ശ്രമങ്ങൾ ലോകശ്രദ്ധ നേടുകയാണ്. അതിനെക്കുറിച്ച് പറയാമോ?
തീർച്ചയായും. ലോകത്തിലെ ഏറ്റവും വലിയ ചെണ്ടമേളവും ലോകത്തിലെ ഏറ്റവും വലിയ മോഹിനിയാട്ടവും കൺവൻഷൻ വേദിയിൽ അവതരിപ്പിക്കാനാണ് ഞങ്ങൾ ഒരുങ്ങുന്നത്.
ഇത് ഒരാളുടെ നേട്ടമല്ല. നിരവധി ഗുരുക്കന്മാരുടെയും സംഘാടകരുടെയും നൂറുകണക്കിന് കലാകാരന്മാരുടെയും മാസങ്ങളായുള്ള പരിശ്രമത്തിന്റെ ഫലമാണ്.
ചെണ്ടമേളത്തിന്റെ ചീഫ് കോർഡിനേറ്റർ മനോജ് വട്ടപ്പള്ളിയാണ്. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരോടൊപ്പം കലാമണ്ഡലം ശിവദാസ് ആശാനും, കലാനിലയം കലാധരൻ ആശാനും ഉൾപ്പെടെ നിരവധി പ്രമുഖ ഗുരുക്കന്മാർ ഈ മഹാസംരംഭത്തിന്റെ ഭാഗമാകും.
അതുപോലെ മോഹിനിയാട്ടത്തിലും വിവിധ നൃത്തവിദ്യാലയങ്ങളും അധ്യാപകരും ഒരുമിച്ചാണ് ഈ ചരിത്രശ്രമത്തിന് നേതൃത്വം നൽകുന്നത്.
ഈ റെക്കോർഡിന്റെ ഉടമസ്ഥാവകാശം ഒരാൾക്കല്ല; ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനാണ്.
കൺവെൻഷന്റെ ഉദ്ഘാടനദിനത്തിൽ തന്നെ വ്യത്യസ്തമായ ചില സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്ന് കേട്ടു. അതിനെക്കുറിച്ച് വിശദമാക്കാമോ?
ഫൊക്കാന വെറും ആഘോഷങ്ങളുടെ വേദിയല്ല; സമൂഹത്തിന് പ്രത്യാശയും പ്രചോദനവും പകരുന്ന സന്ദേശങ്ങളുടെ വേദി കൂടിയാണ്.
അതുകൊണ്ടുതന്നെയാണ് കൺവൻഷന്റെ ഉദ്ഘാടനദിനം സാമൂഹിക പ്രതിബദ്ധതയുടെ ശക്തമായ സന്ദേശത്തോടെ ആരംഭിക്കാൻ ഞങ്ങൾ തീരുമാനിച്ചത്. പ്രശസ്ത മാന്ത്രികനും സാമൂഹിക പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് നയിക്കുന്ന പ്രത്യേക പരിപാടി ആദ്യദിനത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
ഈ പരിപാടിയിലൂടെ ലോക മലയാളികളിലേക്ക് എത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്ന സന്ദേശം വളരെ വ്യക്തമാണ്—ഭിന്നശേഷിക്കാർ മാറ്റിനിർത്തപ്പെടേണ്ടവരല്ല;അവരുടെ വേറിട്ട കഴിവുകൾക്ക് വേദിയൊരുങ്ങണം. ഓരോ വ്യക്തിയെയും സമൂഹം തുല്യ ബഹുമാനത്തോടെയും സ്നേഹത്തോടെയും സ്വീകരിക്കണമെന്നാണ് ഫൊക്കാന വിശ്വസിക്കുന്നത്. ആ വിശ്വാസത്തിന്റെ പ്രതിധ്വനിയാകാനാണ് ഉദ്ഘാടന വേദിയിൽ ഗോപിനാഥ് മുതുകാടിന്റെയും അദ്ദേഹത്തിന്റെ മുഴുവൻ സംഘത്തിന്റെയും പ്രത്യേക പരിപാടി ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടനദിനം അതോടെ അവസാനിക്കുന്നില്ല. കലയുടെ പ്രൗഢിയും ഭംഗിയും നിറച്ച മറ്റൊരു ദൃശ്യവിരുന്നും അന്ന് അരങ്ങേറും. പ്രശസ്ത നർത്തകനായ സുഹൈബ് കുക്കുവും, നർത്തകിയായ ഭാര്യ ദീപാ പോളും അവരുടെ സംഘവും ചേർന്ന് അവതരിപ്പിക്കുന്ന 101 കലാകാരന്മാർ അണിനിരക്കുന്ന ഭംഗിയാർന്ന ഉദ്ഘാടന നൃത്താവിഷ്കാരം കൺവൻഷന് വർണാഭമായ തുടക്കം കുറിക്കും. ഓപ്പണിങ് ഡാൻസിന് അത്രയേറെ നർത്തകരെ ഉൾപ്പെടുത്തുന്നത് അത്ഭുതമായി തോന്നാം.
'Big and Beautiful' എന്ന ആശയമാണ് ഞങ്ങളുടെ കൺവെൻഷന്റെ മുഖമുദ്ര. അതുകൊണ്ടുതന്നെ ഉദ്ഘാടനവും അതിന്റെ ഗാംഭീര്യത്തിനൊത്ത രീതിയിൽ ലോക മലയാളികളുടെ മനസ്സിൽ മായാത്ത ഓർമ്മയായി മാറുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
വനിതകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തത്തിന് ഈ കൺവൻഷനിൽ പ്രത്യേക പ്രാധാന്യമുണ്ടോ?
തീർച്ചയായും.
ഫൊക്കാന സ്ത്രീ-പുരുഷ സമത്വത്തിൽ വിശ്വസിക്കുന്ന സംഘടനയാണ്.
വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ രേവതി പിള്ളയും സംഘവും മികച്ച പ്രവർത്തനങ്ങളാണ് നടത്തിയത്. സ്കോളർഷിപ്പുകൾ, വനിതാ നേതൃത്വ പരിപാടികൾ, സെമിനാറുകൾ, സാമൂഹിക ഇടപെടലുകൾ എന്നിവ ശ്രദ്ധേയമാണ്.
മിസ് ഫൊക്കാന, മലയാളി മങ്ക, അമേരിക്ക ഗോട്ട് ടാലന്റ്, യുവജന കലാപരിപാടികൾ—ഇവയൊക്കെ പുതിയ തലമുറയ്ക്ക് വേദി ഒരുക്കുന്നതിന്റെ ഭാഗമാണ്.
ഏറ്റവും വലിയ പിന്തുണ?
കുടുംബത്തിന്റെ പിന്തുണ വലിയ ശക്തിതന്നെയാണ്. വീട്ടിൽ നിന്ന് ലഭിക്കുന്ന പ്രോത്സാഹനമാണ് പൊതുപ്രവർത്തനത്തിൽ കൂടുതൽ സമയം ചെലവിടാൻ സഹായിക്കുന്നത്. നഴ്‌സ് എജ്യുക്കേറ്ററായ ഭാര്യ ഷീനയും മൂന്ന് മക്കളും കുടുംബത്തിന്റെ എക്സ്റ്റെൻഷനായി തന്നെയാണ് ഫൊക്കാനയെ കാണുന്നത്.
അതോടൊപ്പം ഫൊക്കാനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷണൽ കമ്മിറ്റി, കൺവെൻഷൻ കമ്മിറ്റി, വിവിധ വൈസ് പ്രസിഡന്റുമാർ, ചെയർമാൻമാർ, അംഗസംഘടനകളുടെ നേതാക്കൾ, നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ—ഇവരൊക്കെ നൽകുന്ന പിന്തുണ വിലമതിക്കാനാവില്ല.
അടുത്ത നേതൃത്വത്തിന് കൈമാറാൻ ആഗ്രഹിക്കുന്ന ഏറ്റവും വലിയ പാരമ്പര്യം എന്താണ്?
ഐക്യം.
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വിജയിയും പരാജിതനും ഇല്ല; എല്ലാവരും ഫൊക്കാന പ്രവർത്തകരാണ് എന്ന സംസ്കാരം ശക്തിപ്പെടുത്താനാണ് ഞങ്ങളുടെ ടീം ശ്രമിച്ചത്.
നിയമപോരാട്ടങ്ങളില്ലാത്ത, എല്ലാവരെയും ചേർത്തുപിടിക്കുന്ന, കുടുംബാന്തരീക്ഷമുള്ള ഒരു സംഘടനയായി ഫൊക്കാനയെ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞത് ഈ ഭരണസമിതിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്.
അടുത്ത നേതൃത്വം ഫൊക്കാനയെ അതിലും ഉയരങ്ങളിലെത്തിക്കണമെന്നാണ് ആഗ്രഹം.
ലോകമെമ്പാടുമുള്ള മലയാളികൾക്കുള്ള സന്ദേശം?
ഫൊക്കാന ഒരു പേരല്ല; അത് ഒരു ബന്ധമാണ്.
പദവികൾ അവസാനിക്കും. പക്ഷേ സേവനം അവസാനിക്കില്ല.
നാളെ ഞാൻ പ്രസിഡന്റ് ആയിരിക്കില്ല. എന്നാൽ ഫൊക്കാന പ്രവർത്തകനെന്ന നിലയിൽ എന്റെ യാത്ര തുടരും.എന്റെ ഏറ്റവും വലിയ സ്വപ്നം ഫൊക്കാനയുടെ ആഗോള വ്യാപനമാണ്. അമേരിക്ക ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള രാജ്യങ്ങളിലൊന്നാണ്. ആ ശക്തമായ ജനാധിപത്യത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ഫൊക്കാനയ്ക്കും അതിനൊത്ത ആഗോള ദർശനം വേണം. അതുകൊണ്ടാണ് ഫൊക്കാനയെ അമേരിക്കയിൽ മാത്രം ഒതുക്കാതെ, യുണൈറ്റഡ് കിംഗ്ഡം, ഗൾഫ് രാജ്യങ്ങൾ, ദുബായ്, യൂറോപ്പ്, ഓസ്ട്രേലിയ, ഏഷ്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സമൂഹങ്ങളുമായി ഔദ്യോഗികമായി ബന്ധിപ്പിക്കുന്ന ഒരു 'ഗ്ലോബൽ ഫൊക്കാന' എന്ന ആശയം ഞങ്ങൾ മുന്നോട്ടുവച്ചത്. ഈ നിർദേശം ഫൊക്കാനയുടെ വിവിധ കമ്മിറ്റികൾ ഏകകണ്ഠമായി അംഗീകരിച്ചിട്ടുണ്ട്. ഇനി ഭരണഘടനാപരമായി പ്രാബല്യത്തിൽ വരുന്നതിന് പുതിയ ജനറൽ ബോഡിയുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. അത് പാസാകുമെന്ന ആത്മവിശ്വാസമുണ്ട്. അങ്ങനെ സംഭവിച്ചാൽ ഫൊക്കാനയുടെ പ്രവർത്തനപരിധി കൂടുതൽ വിപുലമാകുകയും ലോക മലയാളികളുടെ യഥാർത്ഥ ആഗോള അംബ്രല്ല സംഘടനയായി അത് വളരുകയും ചെയ്യും.
ലോകത്തിന്റെ ഏത് കോണിലായാലും മലയാളികൾ ഒന്നിക്കുന്നിടത്ത് ഫൊക്കാനയുടെ പതാക ഉയരട്ടെ. ആ പതാകയുടെ നിഴലിൽ ഐക്യവും സേവനവും മനുഷ്യസ്നേഹവും തലമുറകളിലേക്ക് കൈമാറപ്പെടട്ടെ.
അതോടൊപ്പം മറ്റൊരു സുപ്രധാന ആശയവും ഞങ്ങൾ മുന്നോട്ടുവയ്ക്കുകയാണ്. ഫൊക്കാന ഇനി പ്രാദേശിക അസോസിയേഷനുകളുടെ മാത്രം കൂട്ടായ്മയായി തുടരേണ്ടതില്ല. നമ്മുടെ സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകുന്ന എൻജിനീയറിംഗ് അസോസിയേഷനുകൾ, നഴ്സിംഗ് സംഘടനകൾ, മെഡിക്കൽ അസോസിയേഷനുകൾ, മറ്റ് പ്രൊഫഷണൽ സംഘടനകൾ എന്നിവയ്ക്കും ഫൊക്കാനയുടെ കുടക്കീഴിൽ സ്ഥാനം നൽകാനുള്ള ഭരണഘടനാ ഭേദഗതികളും ജനറൽ ബോഡിയുടെ പരിഗണനയിലുണ്ട്.