
ന്യൂജേഴ്‌സി: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, സാഹിത്യ, മാധ്യമ, കലാ, ജീവകാരുണ്യ മേഖലകളിൽ അസാമാന്യ സംഭാവനകൾ നൽകിയ പന്ത്രണ്ട് പ്രതിഭകളെ ആദരിച്ചുകൊണ്ട് നാമം എക്സലൻസ് അവാർഡുകൾ 2026 ന്യൂജേഴ്‌സിയിലെ റോയൽ ആൽബർട്സ് പാലസിൽ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു.
പരിഷ്കൃത സമൂഹത്തിൽ മാതൃകാ വ്യക്തിത്വങ്ങൾക്ക് നൽകുന്ന അംഗീകാരങ്ങൾ ധാർമ്മികവും സാംസ്‌കാരികവുമായ മൂല്യങ്ങളുടെ വളർച്ചയ്ക്ക് കരുത്തേകുമെന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പുരസ്‌കാരസമർപ്പണം. സമൂഹത്തിന് പ്രചോദനമാകുന്ന വ്യക്തികളുടെ സേവനവും നേട്ടങ്ങളും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യവും ചടങ്ങിലൂടെ നാമം മുന്നോട്ടുവച്ചു.
നാമം സ്ഥാപകനും പാട്രണുമായ മാധവൻ ബി. നായർ, പ്രസിഡൻ്റ് പ്രദീപ് മേനോൻ, സെക്രട്ടറി ബിന്ദു സത്യ, ട്രഷറർ സിറിയക് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടകസമിതി അവാർഡ് നിശയെ ആദരവിൻ്റെയും ആഘോഷത്തിന്റെയും അവിസ്മരണീയ വേദിയാക്കി മാറ്റി.

പന്ത്രണ്ട് വിശിഷ്ട്‌ട പുരസ്‌കാരജേതാക്കൾ
പ്രശസ്ത കാൻസർ രോഗവിദഗ്‌ധനും ആരോഗ്യരംഗത്തെ പ്രമുഖ വ്യക്തിത്വവുമായ ഡോ. എം. വി. പിള്ളയ്ക്ക് നാമം ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് സമ്മാനിച്ചു.
മാധ്യമരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പത്മശ്രീ ഹസ്‌മുഖ് ആർ. ഷാ, സാമൂഹിക നേതൃത്വത്തിനും സാമൂഹികപ്രഭാവമുള്ള പ്രവർത്തനങ്ങൾക്കും ഡോ. സജിമോൻ ആന്റണി,
സാഹിത്യരംഗത്തെ സംഭാവനകൾക്ക് ഡോ. മാത്യു കെ. ഐസക്, വിദ്യാഭ്യാസരംഗത്തെ മികവിന് ഡോ. നന്ദിനി മേനോൻ, അസാധാരണ പ്രതിഭയ്ക്കും സാമൂഹികപ്രചോദനത്തിനും സ്‌പർശ് ഷാ, സംരംഭകത്വ മികവിന് കിഷോർ വാരിയത്ത്, പൊതുസേവനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കേണൽ വീരേന്ദ്ര തവാതിയ, സാമൂഹിക-പൈതൃക സേവനങ്ങൾക്ക് പണ്ഡിറ്റ് ശ്രീ രഘു ശങ്കരമഞ്ചി എന്നിവരെ നാമം എക്സലൻസ് അവാർഡുകൾ നൽകി ആദരിച്ചു.
മാധ്യമ-കലാരംഗങ്ങളിൽ ദീർഘകാലം നൽകിയ ശ്രദ്ധേയ സംഭാവനകൾ പരിഗണിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ജോർജ് ജോസഫ്, ദൃശ്യമാധ്യമരംഗത്തെ പ്രമുഖൻ സുനിൽ ട്രൈസ്റ്റാർ, അന്തർദേശീയ പ്രശസ്‌തനായ മൃദംഗവിദ്വാൻ ഗുരു ടി. എസ്. നന്ദകുമാർ എന്നിവർക്ക് നാമം സ്പെഷ്യൽ ജൂറി സൈറ്റേഷൻ ഓഫ് എക്‌സലൻസ് സമ്മാനിച്ചു.

വിശിഷ്‌ടാതിഥികളുടെ സാന്നിധ്യം
ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത കോൺസൽ സെവാങ് ഗ്യാൽത്സൻ, ഐ.എഫ്.എസ്., തിരുവനന്തപുരം മേയർ വി. വി. രാജേഷ്, പി ശ്രീകുമാർ മുതിർന്ന മധ്യമ പ്രവർത്തകൻ എന്നിവർ വിശിഷ്‌ടാതിഥികളായി പങ്കെടുത്ത് പുരസ്കാരജേതാക്കളെ ആദരിച്ചു.
പുരസ്കാരജേതാക്കളുടെ നേട്ടങ്ങൾ പ്രവാസി ഇന്ത്യൻ സമൂഹത്തിനാകെ അഭിമാനകരമാണെന്നും, ഇത്തരത്തിലുള്ള അംഗീകാരങ്ങൾ സമൂഹസേവനത്തിലും സാംസ്കാരികപ്രവർത്തനങ്ങളിലും കൂടുതൽ ആളുകൾക്ക് പ്രചോദനമാകുമെന്നും വിശിഷ്ടാതിഥികൾ അഭിപ്രായപ്പെട്ടു.
നാമം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോ. ലതാ നായർ, അഭിജിത് ഷിരോദ്‌കർ, ഷീലാ ജോസഫ്, ഹരികൃഷ്‌ണൻ രാജ്മോഹൻ, ജോർജ് നടവയൽ, ഡോ. ആശാ മേനോൻ, മാലിനി നായർ, പ്രിയ സുബ്രഹ്മണ്യം, ഡോ. തങ്കമണി എന്നിവരും മറ്റു പ്രവർത്തകരും ചേർന്ന്
പുരസ്കാരജേതാക്കളെ ബഹുമതിപട്ടങ്ങളും മെഡലുകളും പ്രശസ്തിപത്രങ്ങളും പുരസ്കാരഫലകങ്ങളും നൽകി ആദരിച്ചു.
നാമം ഭാരവാഹികളുടെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും ഏകോപിതമായ പ്രവർത്തനം ചടങ്ങിൻ്റെ വിജയത്തിന് നിർണായകമായി.

സംഗീതവും നൃത്തവും നിറഞ്ഞ സായാഹ്നം
സംഗീതം, നൃത്തം, മനോഹരമായ ദീപാലങ്കാരങ്ങൾ, ദൃശ്യാവിഷ്‌കാരങ്ങൾ, കലാപരിപാടികൾ, അത്താഴവിരുന്ന് എന്നിവ അവാർഡ് സായാഹ്നത്തെ വർണാഭവും ആസ്വാദ്യകരവുമാക്കി. താൾസൂത്ര ബാൻഡിൻ്റെ അതി മനോഹരമായ പ്രകടനം കാണികളെ പിടിച്ചു ഇരുത്തി. സോണാലി വ്യാസ് ഡാൻസ് കമ്പനിയുടെ നാല് ഡാൻസ് പ്രകടനം ചടങ്ങിനെ മികവ് ഉറ്റതാക്കി.
പ്രമുഖ സംഘടനാ നേതാക്കൾ, കലാ-സാഹിത്യ-സാമൂഹിക പ്രവർത്തകർ, മാധ്യമപ്രതിനിധികൾ, വ്യവസായ പ്രമുഖർ, പുരസ്‌കാരജേതാക്കളുടെ കുടുംബാംഗങ്ങൾ, നാമം അംഗങ്ങൾ എന്നിവരുടെ സാന്നിധ്യം സമ്മേളനത്തിന് കൂടുതൽ ഗാംഭീര്യം പകർന്നു.
ഇന്ത്യൻ പ്രവാസലോകത്തിലെ ശ്രദ്ധേയരായ വ്യക്തിത്വങ്ങളെയും അവരുടെ ജീവിതയാത്രകളെയും പരിചയപ്പെടുത്തുന്ന നാമം കോഫി ടേബിൾ ബുക്കിന്റെ പ്രകാശനവും ചടങ്ങിന്റെ ഭാഗമായി നടന്നു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നാല്പതോളം ഇന്ത്യൻ വംശജരുടെ ജീവിതവും സംഭാവനകളും ഉൾക്കൊള്ളുന്ന പ്രസിദ്ധീകരണം സദസ്സിന്റെ പ്രത്യേക ശ്രദ്ധ നേടി.

നിഷ്പക്ഷമായ പുരസ്‌കാരനിർണയം
ഡോ. പദ്‌മജ പ്രേം അധ്യക്ഷയായും അനിൽ പിള്ള, ഡോ. ലതാ നായർ എന്നിവർ അംഗങ്ങളുമായിരുന്ന സ്വതന്ത്ര അവാർഡ് ജൂറിയാണ് കർശനവും നിഷ്‌പക്ഷവുമായ മാനദണ്ഡങ്ങൾ പിന്തുടർന്ന് പുരസ്‌കാരജേതാക്കളെ തിരഞ്ഞെടുത്തത്.
ഓരോ മേഖലയിലും വ്യക്തികൾ നൽകിയ ദീർഘകാല സംഭാവനകൾ, സമൂഹത്തിൽ സൃഷ്ടിച്ച സ്വാധീനം, പ്രവർത്തനങ്ങളിലെ സത്യസന്ധത, നേതൃത്വശേഷി, പുതുതലമുറയ്ക്ക് നൽകുന്ന പ്രചോദനം എന്നിവയാണ് പുരസ്‌കാരനിർണയത്തിൽ പ്രധാനമായി പരിഗണിച്ചത്.
ഡോ. എം. വി. പിള്ള: വൈദ്യശാസ്ത്ര മികവിൻ്റെ പ്രകാശഗോപുരം
നാമം ലൈഫ് ടം അച്ചീവ്മെന്റ് അവാർഡ് നേടിയ ഡോ. എം. വി. പിള്ള, വൈദ്യശാസ്ത്ര മികവിന്റെയും കാൻസർ രോഗചികിത്സാ-ഗവേഷണരംഗങ്ങളിലെ ദീർഘകാല സേവനത്തിന്റെയും പ്രതീകമാണ്.
വൈദ്യശാസ്ത്രജ്ഞൻ, ഗവേഷകൻ, അധ്യാപകൻ, ആരോഗ്യബോധവത്കരണ പ്രവർത്തകൻ എന്നീ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഇന്ത്യയിലും അമേരിക്കയിലും അനേകർക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. ആരോഗ്യരംഗത്തെ ശാസ്ത്രീയ അറിവ് സാധാരണക്കാരിലേക്കെത്തിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ പരിശ്രമങ്ങളും ശ്രദ്ധേയമാണ്.
ഡോ. സജിമോൻ ആൻ്റണി: സാമൂഹികപ്രതിബദ്ധതയുടെ നേതൃത്വം
സാമൂഹിക നേതൃത്വത്തിനുള്ള പുരസ്‌കാരം നേടിയ ഡോ. സജിമോൻ ആന്റണി, കാലഹരണപ്പെട്ട രീതികളോട് വിട്ടുവീഴ്‌ച ചെയ്യാതെ നവീന ആശയങ്ങളിലൂടെ സമൂഹത്തിന് പുതിയ വഴികൾ തുറന്നുകൊടുക്കുന്ന നേതാവാണ്.

ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്കയുടെ ദേശീയ പ്രസിഡന്റായ അദ്ദേഹം പ്രളയദുരിതാശ്വാസം, ആരോഗ്യസഹായം, ഭക്ഷ്യസുരക്ഷ, സാമൂഹികക്ഷേമം തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകി. പ്രവാസി മലയാളി സമൂഹത്തെ സേവനപ്രവർത്തനങ്ങളിലൂടെ ഏകോപിപ്പിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.
ഡോ. മാത്യു കെ. ഐസക്: സാഹിത്യത്തിലെ വേറിട്ട ശബ്ദം
സാഹിത്യ പുരസ്‌കാരം നേടിയ ഡോ. മാത്യു കെ. ഐസക്. എഴുത്തുകാരൻ, വിദ്യാഭ്യാസപ്രവർത്തകൻ, ചിന്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്.
2026-ലെ പുലിറ്റ്സർ പുരസ്‌കാരപരിഗണനയ്ക്കായി സമർപ്പിക്കപ്പെട്ടതായി അറിയിക്കപ്പെട്ട അദ്ദേഹത്തിന്റെ 'റീബോൺ ചെയിൻസ്' എന്ന നോവൽ മനുഷ്യജീവിതത്തിലെ സംഘർഷങ്ങളും പ്രതീക്ഷകളും അതിജീവനവും ആവിഷ്‌കരിക്കുന്ന കൃതിയാണ്. അദ്ദേഹത്തിന്റെ രചനകൾ സാഹിത്യരംഗത്ത് വേറിട്ട ശബ്ദമായി നിലകൊള്ളുന്നു.
കിഷോർ വാരിയത്ത്: സംരംഭകത്വത്തിന്റെ വിജയമാതൃക
സംരംഭകത്വത്തിനുള്ള പുരസ്‌കാരം നേടിയ കിഷോർ വാരിയത്ത്, അന്തർദേശീയതലത്തിൽ സാന്നിധ്യമറിയിച്ച വ്യവസായ സംരംഭകനാണ്.
വിവിധ ബിസിനസ് മേഖലകളിൽ വിജയകരമായ സംരംഭങ്ങൾ സ്ഥാപിക്കുകയും നിരവധി പ്രൊഫഷണലുകൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്‌ടിക്കുകയും ചെയ്ത അദ്ദേഹം. യുവസംരംഭകർക്ക് പ്രചോദനമായ വ്യക്തിത്വമാണ്. കായികം, വിനോദം, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിലുള്ള അദ്ദേഹത്തിൻ്റെ സംരംഭക പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്.
പത്മശ്രീ ഹസ്‌മുഖ് ആർ. ഷാ: പ്രവാസി മാധ്യമരംഗത്തിന്റെ അതികായൻ
മാധ്യമരംഗത്തെ പുരസ്‌കാരം നേടിയ പത്മശ്രീ ഹസ്‌മുഖ് ആർ. ഷാ, ദക്ഷിണേഷ്യൻ പ്രവാസി സമൂഹത്തിന്റെ മാധ്യമഭൂപടത്തിൽ നിർണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ്.
ടിവി ഏഷ്യയുടെ സ്ഥാപകനായ അദ്ദേഹം 1990-കളുടെ തുടക്കം മുതൽ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ വാർത്തകളും കലാ-സാംസ്‌കാരിക പരിപാടികളും പൊതുജനങ്ങളിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. മാധ്യമപ്രവർത്തനം സാമൂഹിക ഉത്തരവാദിത്വത്തോടെയും സമൂഹസേവനത്തോടെയും ബന്ധിപ്പിച്ച അദ്ദേഹത്തിന്റെ ദീർഘകാല പ്രവർത്തനങ്ങൾ പ്രവാസി ചരിത്രത്തിന്റെ ഭാഗമാണ്.
കേണൽ വീരേന്ദ്ര തവാതിയ: പൊതുസേവനത്തിൻ്റെയും കാരുണ്യത്തിന്റെയും മാതൃക
പൊതുസേവനത്തിനും ജീവകാരുണ്യപ്രവർത്തനങ്ങൾക്കുമുള്ള പുരസ്ക്‌കാരം നേടിയ കേണൽ വീരേന്ദ്ര തവാതിയ, സൈനികസേവനത്തിനുശേഷവും സമൂഹത്തിനായി ജീവിതം സമർപ്പിച്ച വ്യക്തിയാണ്.
ദശാബ്ദങ്ങളായി തുടർന്നുവരുന്ന അദ്ദേഹത്തിൻ്റെ സുതാര്യവും നിസ്വാർഥവുമായ സേവനപ്രവർത്തനങ്ങൾ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി. സൈനികർ, കർഷകർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവരെ സഹായിക്കുന്ന വിവിധ പദ്ധതികളിലും അദ്ദേഹം സജീവമാണ്.
പണ്ഡിറ്റ് ശ്രീ രഘു ശങ്കരമഞ്ചി: പൈതൃകത്തിൻറെയും ആത്മീയതയുടെയും മാർഗദർശി സാമൂഹിക-പൈതൃക സേവനത്തിനുള്ള പുരസ്‌കാരം നേടിയ പണ്ഡിറ്റ് ശ്രീ രഘു ശങ്കരമഞ്ചി, വേദപണ്ഡിതനും ആത്മീയാചാര്യനും സാമൂഹിക മാർഗദർശിയുമാണ്.
രണ്ടു പതിറ്റാണ്ടിലേറെയായി ക്ഷേത്രപ്രവർത്തനങ്ങളും ആത്മീയബോധവത്കരണവും യുവജനങ്ങൾക്കായുള്ള സാംസ്‌കാരിക വിദ്യാഭ്യാസവും ജീവിതവ്രതമാക്കിയ അദ്ദേഹം, ഇന്ത്യൻ പൈതൃകവും മൂല്യങ്ങളും അമേരിക്കയിലെ പുതിയ തലമുറയ്ക്ക് പകർന്നുനൽകുന്നതിൽ നിർണായക പങ്കുവഹിക്കുന്നു.
ഡോ. നന്ദിനി മേനോൻ: വിദ്യാഭ്യാസത്തിലെ നവോത്ഥാന നേതൃത്വം
വിദ്യാഭ്യാസരംഗത്തെ പുരസ്‌കാരം നേടിയ ഡോ. നന്ദിനി മേനോൻ, അക്കാദമിക മികവ്, വിദ്യാഭ്യാസ നവീകരണം, സുസ്ഥിരവികസനം, സംരംഭക നേതൃത്വം എന്നീ മേഖലകളിൽ ശ്രദ്ധേയമായ കരിയർ കെട്ടിപ്പടുത്ത വ്യക്തിയാണ്.
വിദ്യാർത്ഥികളുടെ ബൗദ്ധികവും മാനസികവും സാമൂഹികവുമായ സമഗ്രവളർച്ചയ്ക്ക് പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസരീതികൾ നടപ്പാക്കുന്നതിലും പുതിയ തലമുറയെ ഉത്തരവാദിത്വമുള്ള ആഗോള പൗരന്മാരാക്കി വളർത്തുന്നതിലും അവർ നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.

സ്‌പർശ് ഷാ: അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും ശബ്ദം
അസാധാരണ പ്രതിഭയ്ക്കും സാമൂഹികപ്രചോദനത്തിനുമുള്ള പുരസ്‌കാരം നേടിയ സ്‌പർശ് ഷാ, ജീവിതത്തിലെ കടുത്ത വെല്ലുവിളികളെ അതിജീവിച്ച് ലോകശ്രദ്ധ നേടിയ ഗായകനും പ്രചോദനപ്രഭാഷകനുമാണ്.
ഓസ്റ്റിയോജെനസിസ് ഇംപർഫെക്‌ട എന്ന അപൂർവ ശാരീരികാവസ്ഥയുമായി ജീവിക്കുന്ന സ്‌പർശ് നൂറ്റിയമ്പതിലധികം അസ്ഥിഭംഗങ്ങളെ അതിജീവിച്ചാണ് സംഗീതലോകത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചത്. ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടത്തിനുടമയായ അദ്ദേഹം നിരവധി രാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിക്കുകയും ലോകമെമ്പാടുമുള്ളയുവജനങ്ങൾക്ക് ആത്മവിശ്വാസത്തിൻ്റെയും പ്രതീക്ഷയുടെയും സന്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
ജോർജ് ജോസഫ്: പ്രവാസി മാധ്യമപ്രവർത്തനത്തിലെ വിശ്വസ്ത സാന്നിധ്യം
സ്പെഷ്യൽ ജൂറി സൈറ്റേഷൻ ഓഫ് എക്‌സലൻസ് നേടിയ മുതിർന്ന മാധ്യമപ്രവർത്തകൻ ജോർജ് ജോസഫ്, അമേരിക്കൻ മലയാളികളുടെ വാർത്താലോകത്തെ വിശ്വസ്ത സാന്നിധ്യമാണ്.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സ്ഥാപക പ്രസിഡൻ്റായ അദ്ദേഹം അച്ചടി, ഓൺലൈൻ മാധ്യമരംഗങ്ങളിൽ ദീർഘകാലം പ്രവർത്തിച്ചു. ഇ-മലയാളി ഉൾപ്പെടെയുള്ള മാധ്യമസംരംഭങ്ങളിലൂടെ പ്രവാസി സമൂഹത്തിൻ്റെ വാർത്തകളും പ്രശ്‌നങ്ങളും നേട്ടങ്ങളും ഉത്തരവാദിത്വത്തോടെ പൊതുസമൂഹത്തിലെത്തിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
സുനിൽ ട്രൈസ്റ്റാർ: ദൃശ്യമാധ്യമചരിത്രത്തിൻ്റെ സൂക്ഷിപ്പുകാരൻ
സ്പെഷ്യൽ ജൂറി സൈറ്റേഷൻ നേടിയ സുനിൽ ട്രൈസ്റ്റാർ, അമേരിക്കയിലെ മലയാള ദൃശ്യമാധ്യമപ്രവർത്തനത്തിലും ഡിജിറ്റൽ ജേണലിസത്തിലും മുൻഗാമിയായ വ്യക്തിത്വമാണ്.
മൂന്നു പതിറ്റാണ്ടിലേറെയായി ടെലിവിഷൻ, അച്ചടി, ഓൺലൈൻ വാർത്താമാധ്യമങ്ങൾ, ഓഡിയോ-വിഷ്വൽ നിർമ്മാണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ച അദ്ദേഹം ഏഷ്യാനെറ്റിന്റെ അമേരിക്കയിലെ പ്രാരംഭ പ്രവർത്തനങ്ങളിലും നിർണായക പങ്കുവഹിച്ചു.
ഇ-മലയാളി, പ്രവാസി ചാനൽ, ഇന്ത്യ ലൈഫ് ആൻഡ് ടൈംസ് എന്നിവയുൾപ്പെടെയുള്ള മാധ്യമസംരംഭങ്ങളുമായി ബന്ധപ്പെട്ട അദ്ദേഹത്തിൻ്റെ ദീർഘകാല പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. സുനിൽ ട്രൈസ്റ്റാറിൻ്റെ വിപുലമായ വീഡിയോ ശേഖരം അമേരിക്കൻ മലയാളി സമൂഹത്തിന്റെ സാമൂഹിക-സാംസ്‌കാരിക ചരിത്രത്തിൻ്റെ വിലപ്പെട്ട ദൃശ്യരേഖ കൂടിയാണ്.
ഗുരു ടി. എസ്. നന്ദകുമാർ: കർണാടകസംഗീതത്തിൻ്റെ സാംസ്‌കാരിക അംബാസഡർ
സ്പെഷ്യൽ ജൂറി സൈറ്റേഷൻ നേടിയ ഗുരു ടി. എസ്. നന്ദകുമാർ, അന്തർദേശീയ പ്രശസ്തനായ മൃദംഗവിദ്വാനും അധ്യാപകനും സാംസ്‌കാരിക അംബാസഡറുമാണ്.
സംഗീത നാടക അക്കാദമി പുരസ്‌കാരജേതാവായ അദ്ദേഹം അഞ്ചു പതിറ്റാണ്ടിലേറെയായി കർണാടകസംഗീതത്തിൻ്റെയും താളവാദ്യകലകളുടെയും സമ്പന്നമായ പാരമ്പര്യം സംരക്ഷിക്കുന്നതിനും ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക് പകർന്നുനൽകുന്നതിനുമായി പ്രവർത്തിച്ചുവരുന്നു.
ടി.എസ്.എൻ. പെർക്കസിവ് ആർട്‌സ് സെൻ്ററിലൂടെ നിരവധി ശിഷ്യരെ വളർത്തിയ അദ്ദേഹം ഇന്ത്യൻ ശാസ്ത്രീയസംഗീതത്തെയും മൃദംഗകലയും ആഗോളവേദികളിൽ കൂടുതൽ പരിചിതമാക്കുന്നതിൽ നിർണായക സംഭാവന നൽകി.
സമൂഹത്തിന് പ്രചോദനമായ ആദരസന്ധ്യ
മികവുറ്റ വ്യക്തികളെ ആദരിക്കുന്നതിനൊപ്പം സമൂഹത്തോടുള്ള ഉത്തരവാദിത്വവും സേവനസന്നദ്ധതയും സാംസ്‌കാരിക പ്രതിബദ്ധതയും പുതിയ തലമുറയ്ക്ക് പകർന്നുനൽകുന്ന വേദിയായി നാമം എക്സലൻസ് അവാർഡുകൾ മാറി. മാസ്റ്റർ ഓഫ് സെർമോണിസ് ആയി ശബരിനാഥ് നായർ, റോഷി ജോർജ്, നിതിൻ വ്യാസ് എന്നിവർ പ്രവർത്തിച്ചു.
അറിവും കലയും കാരുണ്യവും നേതൃത്വവും അധ്വാനവും കൊണ്ട് സമൂഹത്തിൽ പ്രകാശം പരത്തിയ പന്ത്രണ്ട് അതുല്യ വ്യക്തിത്വങ്ങൾ ഒരേ വേദിയിൽ ആദരിക്കപ്പെട്ടപ്പോൾ, നാമം
എക്സലൻസ് അവാർഡ് സായാഹ്നം പ്രവാസി ഇന്ത്യൻ സമൂഹത്തിൻ്റെ ചരിത്രത്തിലെ അഭിമാനകരമായ ഒരു അധ്യായമായി മാറി.