Image

സേവനത്തിന്റെ കൈയൊപ്പ്… ഫൊക്കാനയുടെ നാളെയിലേക്കൊരു വനിതാ നേതൃത്വം

– മീട്ടു റഹ്മത്ത് കലാം Published on 05 August, 2026
സേവനത്തിന്റെ കൈയൊപ്പ്… ഫൊക്കാനയുടെ നാളെയിലേക്കൊരു വനിതാ നേതൃത്വം

ഫൊക്കാനയുടെ ചരിത്രത്തിൽ 22 വർഷത്തെ സമർപ്പണത്തിന്റെ പേരാണ് ലീല മാരേട്ട്; ഇനി തീരുമാനം പ്രതിനിധികളുടെ കൈകളിൽ

ചിലർ സ്ഥാനങ്ങൾ തേടി സംഘടനകളിലെത്തും… ചിലർ സ്ഥാനങ്ങൾക്കപ്പുറം സംഘടനയുടെ ആത്മാവായി മാറും. വർഷങ്ങളുടെ സേവനവും ത്യാഗവും അനുഭവങ്ങളും ചേർത്ത് ഒരു പ്രസ്ഥാനത്തെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്നവർ അപൂർവമാണ്. അത്തരമൊരു പേരാണ് ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥിയായ ലീല മാരേട്ട് .

ഓഗസ്റ്റ് 7-ന് നടക്കുന്ന ഫൊക്കാന തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ, തികഞ്ഞ ആത്മവിശ്വാസത്തോടെ അവർ സംസാരിക്കുന്നത് ഒരു സ്ഥാനത്തെക്കുറിച്ചല്ല; ഒരു സേവന ദൗത്യത്തെക്കുറിച്ചാണ്.

"പ്രസിഡന്റായാലും ഇല്ലെങ്കിലും ഞാൻ ജനങ്ങൾക്കൊപ്പം ഉണ്ടായിരുന്നു; ഇനി പ്രസിഡന്റ് ആകാൻ കഴിഞ്ഞാൽ അതേ സേവനം കൂടുതൽ ശക്തമായി നടത്താനാണ് എന്റെ ആഗ്രഹം" – ലീല മാരേട്ടിന്റെ ഈ വാക്കുകൾ അവരുടെ രാഷ്ട്രീയ പ്രഖ്യാപനം മാത്രമല്ല, ഇരുപത്തിരണ്ട് വർഷത്തെ പ്രവർത്തനത്തിന്റെ സംഗ്രഹംകൂടിയാണ്.

ഫൊക്കാനയുടെ വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചുകൊണ്ട് സംഘടനയുടെ വളർച്ചയിലും പ്രതിസന്ധികളിലും ഒരുപോലെ സജീവമായിരുന്ന വ്യക്തിയാണ് അവർ. വിജയവും പരാജയവും ഒരുപോലെ നേരിട്ടിട്ടും പിന്നോട്ടു പോകാതെ വീണ്ടും വീണ്ടും രംഗത്തിറങ്ങാൻ പ്രചോദനമായത്, ഫൊക്കാനയോടുള്ള ആത്മബന്ധവും പ്രവാസി സമൂഹത്തോടുള്ള ഉത്തരവാദിത്തബോധവും കൊണ്ടാണെന്ന് അവർ പറയുന്നു.

"ജനസേവനം എന്റെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്"
ലീല മാരേട്ടിന്റെ ജീവിതകഥയിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെടുന്ന വാക്ക് 'സേവനം' എന്നതാണ്.

കുടുംബത്തിൽ നിന്ന് പകർന്നു കിട്ടിയ സാമൂഹിക പ്രതിബദ്ധതയാണ് ഇന്നും തനിക്ക് വഴികാട്ടിയെന്ന് അവർ വിശ്വസിക്കുന്നു. സ്വന്തം കുടുംബത്തിന്റെ കാര്യങ്ങൾക്കപ്പുറം പൊതുസമൂഹത്തിനുവേണ്ടി പ്രവർത്തിച്ച അച്ഛന്റെയും കുടുംബാംഗങ്ങളുടെയും മാതൃകയാണ് തന്റെ ജീവിതദിശ നിർണയിച്ചതെന്നും അവർ വ്യക്തമാക്കുന്നു.

അമേരിക്കയിലെ കോൺസുലേറ്റുകളുമായും വിവിധ ഭരണകൂട സംവിധാനങ്ങളുമായും വർഷങ്ങളായി രൂപപ്പെട്ട ബന്ധങ്ങൾ ഉപയോഗപ്പെടുത്തി ഒട്ടേറെ പ്രവാസി മലയാളികൾക്ക് സഹായമെത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും, സംഘടനാപദവി ഇല്ലാതിരുന്നപ്പോഴും അത് തുടർന്നിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ആദ്യ നൂറ് ദിവസത്തെ പ്രവർത്തനരേഖ
തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ അധികാരമേറ്റ് ആദ്യ നൂറ് ദിവസത്തിനുള്ളിൽ നടപ്പാക്കാൻ ആഗ്രഹിക്കുന്ന പദ്ധതികളെക്കുറിച്ചും ലീല മാരേട്ടിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.

സജിമോൻ ആന്റണിയുടെ സാരഥ്യത്തിൽ ആരംഭിച്ച ഹെൽത്ത് ക്ലിനിക് പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തി ന്യൂയോർക്കിലും ആരോഗ്യസേവന കേന്ദ്രം ആരംഭിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അമേരിക്ക സന്ദർശിക്കുന്ന പ്രായമായ മാതാപിതാക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്ത സാഹചര്യത്തിൽ ഇത്തരം ഹെൽത്ത് ക്ലിനിക്കുകൾ വലിയ ആശ്വാസമാകുമെന്നാണ് അവരുടെ വിലയിരുത്തൽ.

അതോടൊപ്പം, ഫൊക്കാന വില്ലേജ് പദ്ധതിക്ക് പുതിയ ജീവൻ നൽകാനും അവർ ആഗ്രഹിക്കുന്നു.നിലവിലെ ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ദാനം ചെയ്ത സ്ഥലത്ത് ഭവനപദ്ധതി യാഥാർഥ്യമാക്കാൻ സ്പോൺസർമാരെ കണ്ടെത്തുകയും സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുകയും ചെയ്യുക മുൻഗണനയാകുമെന്ന് അവർ വ്യക്തമാക്കുന്നു.ഒഐസിസി ( ഓവർസീസ് ഇന്ത്യ കോൺഗ്രസ് കമ്മിറ്റി,യുഎസ്എ) പ്രതിനിധി ആയതുകൊണ്ടുതന്നെ കേരളത്തിലെ യുഡിഎഫ് സർക്കാരുമായി അടുത്ത ബന്ധമാണെന്നും സർക്കാർ തലത്തിൽ ഒസിഐ കാർഡ് ഉടമകളുടെ സ്വത്ത് ഉൾപ്പെടെയുള്ള അവകാശങ്ങൾക്ക് വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു.

യുവതലമുറയെ മുഖ്യധാരയിലേക്ക്
ലീല മാരേട്ടിന്റെ ഭാവികാഴ്ചപ്പാടിൽ ഏറ്റവും ശ്രദ്ധേയമായത് യുവജനങ്ങളെ അമേരിക്കൻ മുഖ്യധാരാ രാഷ്ട്രീയത്തിലേക്കും സാമൂഹിക നേതൃത്വത്തിലേക്കും കൊണ്ടുവരാനുള്ള പദ്ധതിയാണ്.

ഹൈസ്കൂൾ പഠനം പൂർത്തിയാക്കി കോളേജുകളിലേക്ക് പോകുന്ന വിദ്യാർഥികൾക്കായി രാഷ്ട്രീയ ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കുക, അമേരിക്കൻ സെനറ്റർമാരെയും കോൺഗ്രസ്മാന്മാരെയും പങ്കെടുപ്പിച്ച് നേതൃപരിശീലന പരിപാടികൾ നടത്തുക, കൂടുതൽ മലയാളികളെ വോട്ടർ രജിസ്ട്രേഷനിലേക്ക് ആകർഷിക്കുക തുടങ്ങിയ ആശയങ്ങളാണ് അവർ മുന്നോട്ടുവയ്ക്കുന്നത്.

വനിതാ ശാക്തീകരണത്തിന് പുതിയ അധ്യായം

ഫൊക്കാനയുടെ ആദ്യ വനിതാ ചെയർപേഴ്സൺ എന്ന നിലയിൽ പ്രവർത്തിച്ച അനുഭവം ലീല മാരേട്ടിന്റെ അഭിമാനകരമായ നേട്ടമാണ്.

വനിതകൾക്കായി ആരോഗ്യ സെമിനാറുകൾ, ഓർഗൻ ഡൊണേഷൻ രജിസ്ട്രി, കുക്കിംഗ്-ബേക്കിങ് മത്സരങ്ങൾ, ഫ്ലവർ അറേഞ്ച്മെന്റ്, വിവിധ സംസ്ഥാനങ്ങളിലെ വനിതാ യൂണിറ്റുകളുടെ ശാക്തീകരണം തുടങ്ങി നിരവധി പദ്ധതികൾ മുമ്പ് നടപ്പാക്കിയ അനുഭവം ചൂണ്ടിക്കാട്ടി, ഇത്തവണ കൂടുതൽ സ്ത്രീകളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് തന്റെ ലക്ഷ്യമെന്ന് അവർ പറയുന്നു.

അവരുടെ പാനലിന്റെ പ്രധാന സന്ദേശം തന്നെ "Empowerment" ആണെന്ന് അവർ ആവർത്തിക്കുന്നു.

സ്കോളർഷിപ്പും സാമൂഹിക ഉത്തരവാദിത്തവും
പ്രവാസി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതികൾ പുനരുജ്ജീവിപ്പിക്കാനും ഹൈസ്കൂൾ പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് പ്രോത്സാഹന പദ്ധതികൾ കൊണ്ടുവരാനുമാണ് ലീല മാരേട്ടിന്റെ ആഗ്രഹം.

കായികമത്സരങ്ങൾ, ടാലന്റ് മത്സരങ്ങൾ, സീനിയർ സിറ്റിസൺ പരിപാടികൾ, യോഗാ ക്യാമ്പുകൾ എന്നിവയിലൂടെ എല്ലാ പ്രായവിഭാഗങ്ങളെയും ഫൊക്കാനയുമായി കൂടുതൽ അടുപ്പിക്കണമെന്നും അവർ വിശ്വസിക്കുന്നു.

തിരഞ്ഞെടുപ്പിന് ശേഷം ഐക്യം
തിരഞ്ഞെടുപ്പ് അവസാനിച്ചാൽ എതിരാളികളും സ്വന്തം ടീമിന്റെ ഭാഗമാകണമെന്നാണ് ലീല മാരേട്ടിന്റെ നിലപാട്.

"എല്ലാവരുടെയും കഴിവുകൾ ഫൊക്കാനയുടെ വളർച്ചയ്ക്കായി ഉപയോഗപ്പെടുത്തണം. തിരഞ്ഞെടുപ്പോടെ മത്സരം അവസാനിക്കണം; അതിനുശേഷം തുടങ്ങേണ്ടത് കൂട്ടായ പ്രവർത്തനമാണ്" എന്ന സന്ദേശമാണ് അവർ പങ്കുവെക്കുന്നത്.

അവരുടെ ലക്ഷ്യം ഫൊക്കാനയെ കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയും പുതിയ അംഗസംഘടനകളെ കൂട്ടിച്ചേർത്ത് സംഘടനയുടെ ശക്തി വർധിപ്പിക്കുകയുമാണ്.

ഫൊക്കാനയ്‌ക്കെതിരെ കേസ് നൽകി എന്ന പേരിൽ തനിക്കെതിരെ നടക്കുന്ന പ്രചാരണത്തിനും അവർക്ക് കൃത്യമായ ഉത്തരമുണ്ട്. താൻ കേസ് നൽകിയത് ഫൊക്കാനയ്‌ക്കെതിരെ അല്ല,സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി സൂമിലൂടെ വോട്ടിങ് നടത്തിയതുപോലുള്ള കാര്യങ്ങൾക്കാണെന്നുമാണ് വിശദീകരണം. തെറ്റ് കണ്ടാൽ ശബ്ദം ഉയർത്തുകയും ന്യായത്തിന് വേണ്ടി ഏതറ്റം വരെയും പോകുന്നതുമാണ് ശീലമെന്നും അവർ ആവർത്തിക്കുന്നു.

വോട്ടർമാരോടുള്ള അഭ്യർഥന
ഇരുപത്തിരണ്ട് വർഷത്തെ തുടർച്ചയായ പ്രവർത്തനവും നിരവധി സംഘടനാ ചുമതലകളും പിന്നിട്ടിട്ടും പ്രസിഡന്റ് പദവി ഇതുവരെ ലഭിച്ചിട്ടില്ലെന്ന കാര്യം ലീല മാരേട്ട് വികാരപൂർവം ഓർക്കുന്നു.

"പരാജയങ്ങൾ ഉണ്ടായിട്ടും ഞാൻ പിന്മാറിയില്ല. കാരണം എനിക്ക് ഒരു പദവിയല്ല വേണ്ടത്; സേവിക്കാനുള്ള അവസരമാണ്. ഈ പ്രാവശ്യമെങ്കിലും ആ അവസരം പ്രതിനിധികൾ എനിക്ക് നൽകുമെന്ന് ഞാൻ വിശ്വസിക്കുന്നു" എന്ന അഭ്യർഥനയോടെയാണ് അവർ വോട്ടർമാരെ സമീപിക്കുന്നത്.

ഓഗസ്റ്റ് 7-ന് ഫൊക്കാനയുടെ പുതിയ ചരിത്രം എഴുതപ്പെടും. ആ ചരിത്രത്തിന്റെ അടുത്ത അധ്യായത്തിൽ സേവനത്തിന്റെ നീണ്ട അനുഭവവും വനിതാ നേതൃത്വത്തിന്റെ പുതിയ പ്രതീക്ഷയും ജനകീയ പ്രവർത്തനത്തിന്റെ ആത്മാവും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ തിരഞ്ഞെടുക്കേണ്ട ഉത്തരവാദിത്വം ഇനി പ്രതിനിധികളുടേതാണ്.

ഫൊക്കാനയുടെ ഭാവി മുൻനിർത്തിയുള്ള ഓരോ വോട്ടും നിർണായകമായ  തീരുമാനമാണ്. ആ തീരുമാനത്തിൽ അനുഭവത്തിനും ആത്മാർഥതയ്ക്കും സേവനപാരമ്പര്യത്തിനും വില കൽപ്പിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ടാണ് ലീല മാരേട്ട് തന്റെ പ്രചാരണത്തിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക