Image

ഈണങ്ങളുടെ പരിചാരകന്മാര്‍ (എന്‍റെ സംഗീത വഴികള്‍ -14 : എസ് രാജേന്ദ്രബാബു)

Published on 05 August, 2026
ഈണങ്ങളുടെ പരിചാരകന്മാര്‍ (എന്‍റെ സംഗീത വഴികള്‍ -14 : എസ് രാജേന്ദ്രബാബു)

ഒരു സിനിമാ തിയേറ്ററിനോളം വലിപ്പമുള്ള റെക്കോഡിംഗ് സ്റ്റുഡിയോയില്‍ സംഗീത വിഭാഗത്തിന്‍റെ മൊത്തം നിയന്ത്രണം വഹിക്കുന്ന സംഗീതസഹസംവിധായകരുടെ സേവനം വളരെ പ്രധാനപ്പെട്ടതാണ്.

 

ഗാനമേളകളില്‍ പാടിയും ഹാര്‍മ്മോണിയവും അക്കോഡിയനും വായിച്ചും അമച്വര്‍
നാടകങ്ങള്‍ക്ക് സംഗീതമൊരുക്കിയും കൊല്ലത്തും പരിസരത്തും വിലസിനടന്ന ഞാന്‍
1975-ലാണ് ആദ്യമായി ഒരു റെക്കോഡിംഗ് നേരിട്ട് കാണുന്നത്. മദിരാശിയിലെ
എവിഎം ആര്‍ആര്‍ തിയേറ്ററിലേക്ക് എന്‍റെ ഗുരുനാഥന്‍ കണ്ണൂര്‍ രാജനോടൊപ്പം
കടന്നു ചെന്നപ്പോള്‍ വാദ്യകലാകാരള്‍കുാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കകിക്കൊണ്ട്
ഓടിനടക്കുന്ന ഒരു കുറിയ മനുഷ്യനെ അത്ഭുതത്തോടെ ഞാന്‍ നോക്കിനിന്നു.
'അതാണ് ആര്‍കെ ശേഖര്‍,"കണ്ണൂര്‍ രാജന്‍ കാതില്‍ പറഞ്ഞു.  ഐ വി 
ശശിയുടെ ആദ്യചിത്രമായ ഉത്സവത്തിന്‍റെ റീറെക്കോഡിംഗ് (പശ്ചാത്തല സംഗീത
നിര്‍വഹണം) നടക്കുകയാണവിടെ. ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ എടി
ഉമ്മറിനെ തിയേറ്ററില്‍ കാണാനില്ല. ഒരു സംഗീത സഹസംവിധായകന്‍റെ വിലയും
നിലയും നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞ എന്‍റെ ആദ്യത്തെ അനുഭവം
ആയിരക്കണക്കിനു നിത്യഹരിത ഗാനങ്ങള്‍ നാം ഓര്‍മ്മച്ചെപ്പുകളില്‍ സൂക്ഷിച്ചു
വച്ചിരിക്കുന്നത് അവ നമ്മളില്‍ ചെലുത്തിയ അപാരസ്വാധീനം കൊാണല്ലോ. ആദ്യ
ശബ്ദചിത്രമായ ബാലന്‍  (1938) മുതല്‍ തന്നെ ചലച്ചിത്ര ഗാനങ്ങളുടെ ചരിത്രവും
ആരംഭിക്കുന്നുവെങ്കിലും നീലക്കുയില്‍ (1954) മുതലാണ് അവ പരക്കെ
ശ്രദ്ധിക്കപ്പെട്ടത്. 

ആര്‍ കെ ശേഖര്‍ 

കെ രാഘവന്‍ ചിട്ടപ്പെടുത്തിയ "എല്ലാരും ചൊല്ലണ് എല്ലാരും
ചൊല്ലണ്", "കായലരികത്തു വലയെറിഞ്ഞപ്പോള്‍" തുടങ്ങിയ ഗാനങ്ങള്‍
ഒരിക്കലെങ്കിലും മൂളാത്ത മലയാളി ഉണ്ടാവില്ല .. തുടര്‍ന്ന് എംഎസ് ബാബുരാജ്, വി
ദക്ഷിണാമൂര്‍ത്തി, ജി ദേവരാജന്‍, എംഎസ് വിശ്വനാഥന്‍, ബിഎ ചിദംബരനാഥ്
തുടങ്ങിയ സംഗീത സംവിധായകര്‍ മലയാള സംഗീതത്തിന്‍റെ പൂക്കാലം
തീര്‍ക്കുകയായിരുന്നു. എംകെ അര്‍ജുനന്‍, എംജി രാധാകൃഷ്ണന്‍, വിദ്യാധരന്‍,
രഘുകുമാര്‍, ജോണ്‍സണ്‍, രവീന്ദ്രന്‍, ഒൗസേപ്പച്ചന്‍, രമേഷ് നാരായണ്‍, എം
ജയചന്ദ്രന്‍, മോഹന്‍ സിത്താര തുടങ്ങിയവര്‍ വിവിധ കാലയളവിലായി ആ
വസന്തകാലത്തിന്‍റെ പരിമളം നിലനിര്‍ത്തി. സലില്‍ ചൗധരി, നൗഷാദ്, ശ്യാം, രവി
ബോംബെ, ഇളയരാജ, എസ്പി വെങ്കടേഷ്, വിദ്യാസാഗര്‍ തുടങ്ങിയ ഇതരഭാഷാ
സംഗീതജ്ഞര്‍ മലയാള സംഗീതത്തിന് വ്യത്യസ്തമായ നിറക്കൂട്ടുകള്‍ പകര്‍ന്നു.
തമിഴിലും, തെലുങ്കിലും ഒന്നാംനിര സംഗീത സംവിധായകനായിരുന്ന കെവി
മഹാദേവന്‍റെ സഹായിയായി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച പുകഴേന്തി എന്ന
തിരുവനന്തപുരത്തുകാരന്‍ വേലപ്പന്‍ നായര്‍ പന്ത്രണ്ടു  മലയാള ചിത്രങ്ങള്‍ക്ക് സംഗീതം
പകര്‍ന്നിട്ടുണ്ട്. അവയിലെ മിക്ക ഗാനങ്ങളും നമ്മുടെ നിത്യഹരിത ഗാനങ്ങളില്‍ ഇടം
പിടിച്ചവയാണ് (അപാരസുന്ദര നീലാകാശം, ഗോപുരമുകളില്‍ വാസന്തചന്ദ്രന്‍, സ്വന്തം
ഹൃദയത്തിനുള്ളറയില്‍...). സ്കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്ന കാലം മുതല്‍
മലയാളത്തിലെ മിക്ക സംഗീതസംവിധായകര്‍ക്കും വാദ്യോപകരണങ്ങള്‍ 
വായിക്കുകയും പില്‍ക്കാലത്ത് കണ്ണൂര്‍ രാജന്‍, രവീന്ദ്രന്‍, ഔസേപ്പച്ചന്‍
തുടങ്ങിയവരുടെ സഹായിയായി പ്രവര്‍ത്തിക്കുകയും ചെയ്ത വിദ്യാസാഗര്‍ സ്വതന്ത്ര
സംഗീതസംവിധായകനായി വളര്‍ന്ന് മലയാളത്തിനു നല്‍കിയ സംഭാവനകളും
വിലപ്പെട്ടതാണ്.

പുകഴേന്തി 

ഓരോ ഗാനവും ആസ്വദിക്കുമ്പോള്‍ അതു പാടിയ ഗായകന്‍ അല്ലെങ്കില്‍ ഗായിക,
രചയിതാവ്, സംഗീത സംവിധായകന്‍ എന്നിവരെയും നാം ഓര്‍ക്കാറുണ്ട്. എന്നാല്‍
ഓരോ ഗാനത്തിനും പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഗീത സഹസംവിധായകരെ നാം
ഓര്‍ക്കാറില്ല. ഒരു സിനിമാ തിയേറ്ററിനോളം വലിപ്പമുള്ള റെക്കോഡിംഗ് സ്റ്റുഡിയോയില്‍
സംഗീത വിഭാഗത്തിന്‍റെ മൊത്തം നിയന്ത്രണം വഹിക്കുന്ന സംഗീത
സഹസംവിധായകരുടെ സേവനം വളരെ പ്രധാനപ്പെട്ടതാണ്. സംഗീത സംവിധായകന്‍
ഹാര്‍മ്മോണിയത്തിലൂടെ വിരലോടിച്ച് ഈണം നല്‍കുന്ന ഗാനത്തിന് അനുയോജ്യമായ
സംഗീതോപകരണങ്ങള്‍ തെരഞ്ഞെടുത്ത് വാദ്യവിന്യാസം നിര്‍വഹിച്ച് പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഈവിഭാഗമാണ്. "സംഗീത സംവിധായകര്‍ക്ക് തങ്ങളുടെ ഗാനങ്ങള്‍ സ്വന്തം
മക്കളെപ്പോലെയാണ്. പക്ഷേ അവരെ നല്ല ഉടുപ്പണിയിച്ച്, പൊട്ടുകുത്തി, പൗഡറിട്ട്
ആകര്‍ഷണീയമാക്കുന്നത് സംഗീത സഹസംവിധായകരാകും. കുഞ്ഞിന്‍റെ
പോറ്റമ്മയെപ്പോലെയാണവര്‍,"വിമൂകശോക സ്മൃതികളുണര്‍ത്തി വീണ്ടും പൗര്‍ണമി
വന്നു"(മുത്ത്),"കുളികഴിഞ്ഞു കോടിമാറ്റിയ ശിശിരകാല ചന്ദ്രികേ"(മുള്‍ക്കിരീടം)
എന്നീ ഗാനങ്ങളിലൂടെ മലയാളി എക്കാലവും ഓര്‍ക്കുന്ന സംഗീത സംവിധായകന്‍
പ്രതാപ് സിംഗ് അഭിപ്രായപ്പെടുന്നു. ഈ ഗാനങ്ങളുടെ "പോറ്റമ്മ" ജോണ്‍സണ്‍
ആയിരുന്നു.

ഗുണസിംഗ് 

സംഗീത സംവിധായകര്‍ക്ക് സംഗീത സഹസംവിധായകരുടെ സഹായം കൂടിയേ തീരൂ.
കേരളത്തില്‍ നിന്ന് പുകഴേന്തി തമിഴകത്ത് കെവി മഹാദേവന്‍റെ സംഗീത
സഹസംവിധായകനായി തിളങ്ങിയപ്പോള്‍ തമിഴകത്തു നിന്ന് ആര്‍കെ ശേഖര്‍
മലയാളത്തില്‍ നിറഞ്ഞു നിന്നു. കെ രാഘവന്‍, എംഎസ് ബാബുരാജ്, വി
ദക്ഷിണാമൂര്‍ത്തി, അര്‍ജുനന്‍ മാസ്റ്റര്‍, എടി ഉമ്മര്‍ തുടങ്ങി നിരവധി സംഗീത
സംവിധായകര്‍ക്ക് സഹസംവിധായകനായി പ്രവര്‍ത്തിച്ച പ്രതിഭാശാലിയാണ് ആര്‍കെ
ശേഖര്‍. ഒരേദിവസം രണ്ടും മൂന്നും തിയേറ്ററുകളിലെ റെക്കോഡിംഗിന് ഓടിനടന്ന്
മേല്‍നോട്ടം വഹിക്കേണ്ടി വന്നിട്ടുണ്ട് ഈ കലാകാരന്. ഗാനങ്ങളുടെയും
സിനിമയുടെയും പശ്ചാത്തല സംഗീതം ഒരുക്കാന്‍ അദ്ദേഹം പാലിക്കുന്ന ഔചിത്യം
അസൂയാവഹമായിരുന്നു. സംഗീത സംവിധായകന്‍റെ ശൈലിക്കനുസൃതമായി അദ്ദേഹം
പശ്ചാത്തല സംഗീതം നെയ്തെടുത്തു. ദേവരാജന്‍ മാസ്റ്റര്‍ ഇതില്‍ വിഭിന്നനായിരുന്നു.
അദ്ദേഹത്തിന്‍റെ ഗാനങ്ങളുടെയും സിനിമയുടെയും പശ്ചാത്തല സംഗീതം ഒരുക്കാന്‍
ഒരിക്കലും സഹായിയെ ആശ്രയിച്ചിരുന്നില്ല. എന്‍റെ സംഗീതം പൂര്‍ണമായും സ്വയം
ചിട്ടപ്പെടുത്തുന്നതാണ് എനിക്കിഷ്ടം. അതിന്‍റെ ഫലം ഗുണമായാലും ദോഷമായാലും
എന്‍റെ പേരില്‍ തന്നെ ഇരുന്നോട്ടെڈ ഒരവസരത്തില്‍ അദ്ദേഹം ഇതിനെപ്പറ്റി എന്നോടു
പറഞ്ഞു. ആര്‍കെ ശേഖറെ ഒഴിവാക്കേണ്ടി വന്ന സാഹചര്യവും അദ്ദേഹം വ്യക്തമാക്കി:
ഞാന്‍ ചിട്ടപ്പെടുത്തുന്ന പശ്ചാത്തല സംഗീതം വാദ്യകലാകാരന്മാര്‍ക്ക് പകര്‍ന്നു
കൊടുത്ത് അവര്‍ക്കു റിഹേഴ്സല്‍ നല്‍കി സജ്ജമാക്കുക മാത്രമായിരുന്നു ആര്‍കെ
ശേഖറിന്‍റെ ജോലി. ഞാന്‍ നല്‍കിയ നൊട്ടേഷനില്‍ ഒരിക്കല്‍ എന്‍റെ
അനുവാദമില്ലാതെ മാറ്റം വരുത്തിയ കാരണത്താലാണ് ശേഖറെ ടീമില്‍ നിന്ന് നീക്കം
ചെയ്തത്. ചില മലയാള ചിത്രങ്ങള്‍ക്ക് ആര്‍കെ ശേഖര്‍ സ്വതന്ത്രമായും സംഗീതം
നല്‍കി. അവയിലെ പല ഗാനങ്ങളും ഇന്നും മലയാളി നെഞ്ചേറ്റുന്നവയാണ്.
(ചൊട്ടമുതല്‍ ചുടല വരെ, അഞ്ജനക്കുന്നില്‍ തിരിപെറുക്കാന്‍ പോകും, മനസ്സു
മനസ്സിന്‍റെ കാതില്‍ രഹസ്യങ്ങള്‍, സന്ധ്യാരാഗം മാഞ്ഞുകഴിഞ്ഞു, ഉഷസ്സോ സന്ധ്യയോ
സുന്ദരി, താമരപ്പൂ നാണിച്ചു, ആഷാഢമാസം ആത്മാവില്‍ മോഹം) എആര്‍ റഹ്മാന്‍റെ
പിതാവ് എന്ന നിലയിലാണ് പുതുതലമുറ മഹാനായ ആ കലാകാരനെ ഇന്ന്
തിരിച്ചറിയുന്നത്.

ജോണ്‍സന്‍ 

പുല്ലാങ്കുഴല്‍ വിദഗ്ധനായ ഗുണസിംഗ് പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലെ വിവിധ
സംഗീത സംവിധായകരുടെ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചു. മലയാളത്തില്‍ എടി ഉമ്മര്‍,
കണ്ണൂര്‍ രാജന്‍ തുടങ്ങിയവരുടെ സഹായിയായാണ് അദ്ദേഹം അധികവും
സഹകരിച്ചിട്ടുള്ളത്. പരിമിതമായ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച് അത്ഭുതകരമായി
ഓര്‍ക്കസ്ട്രേഷന്‍ ചെയ്യാനുള്ള ഗുണസിംഗിന്‍റെ കഴിവ് പ്രശംസനീയമായിരുന്നു. കണ്ണൂര്‍
രാജന്‍റെ നീയൊരു വസന്തം, ഒരു സ്വപ്നത്തിന്‍ പവിഴദ്വീപില്‍, എന്തിനെന്നെ വിളിച്ചു നീ
വീണ്ടും തുടങ്ങിയ ഗാനങ്ങള്‍ക്ക് മൂന്നോ നാലോ വാദ്യോപകരണങ്ങള്‍ മാത്രം
ഉപയോഗിച്ച് ഗുണസിംഗ് സംഗീതത്തിന്‍റെ ഇന്ദ്രജാലം സൃഷ്ടിച്ചത് നേരിട്ടനുഭവിക്കാന്‍
എനിക്ക് സാധിച്ചിട്ടുണ്ട്. സ്വാമി എന്ന ഹിന്ദി ചിത്രത്തിലെ ഈണവും
പശ്ചാത്തലസംഗീതവും അവളുടെ രാവുകള്‍ക്കായി റെക്കോഡ് പ്ലെയറിന്‍റെ
സഹായത്തോടെ സമര്‍ത്ഥമായി വിളക്കിച്ചേര്‍ത്ത് രാഗേന്ദു കിരണങ്ങള്‍, ഉണ്ണി ആരാരിരോ എന്നീ ഗാനങ്ങള്‍ എടി ഉമ്മറിനു വേണ്ടി ഒരുക്കിയത് ഗുണസിംഗാണ്. ഉമ്മറിന്‍റെ പേരില്‍ പുറത്തു വന്നിട്ടുള്ള പല ഗാനങ്ങള്‍ക്കും ഈണം നല്‍കിയതു തന്നെ ഗുണസിംഗ് ആണെന്നത് അക്കാലത്ത്
കോടമ്പാക്കത്തെ അരമന രഹസ്യം

കല്യാണ്‍

ഗുണസിംഗിനെ ലഭിച്ചില്ലെങ്കില്‍ മാത്രമേ സംഗീത സംവിധായകര്‍ മറ്റൊരു പുല്ലാങ്കുഴല്‍
വാദകനെ അന്വേഷിച്ചിരുന്നുള്ളു. അത്ര മനോഹരമാണ് അദ്ദേഹത്തിന്‍റെ പുല്ലാങ്കുഴല്‍
വാദനം. നിരവധി ചിത്രങ്ങള്‍ക്ക് ഗുണസിംഗ് സ്വതന്ത്രമായി സംഗീത സംവിധാനം
നിര്‍വഹിച്ചിട്ടുണ്ട്. 1982-ല്‍ പുറത്തിറങ്ങിയ പടയോട്ടം മലയാളത്തില്‍ ഏറ്റവുമധികം
വാദ്യോപകരണങ്ങള്‍ ഉപയോഗിച്ച ചിത്രമാണ്. ഗുണസിംഗായിരുന്നു പടയോട്ടത്തിന്‍റെ
സംഗീത സംവിധായകന്‍. അതിന്‍റെ റെക്കോഡിംഗിന് നൂറിലധികം വാദ്യകലാകാരന്മാര്‍
എവിഎം സി തിയേറ്ററില്‍ തിങ്ങിനിറഞ്ഞിരിക്കുന്നതു കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്!
പശ്ചാത്തല സംഗീതത്തിന് ആദ്യമായി സംസ്ഥാന അവാര്‍ഡ് നേടിയ ചിത്രം കൂടിയായി
പടയോട്ടം. കണ്ണൂര്‍ രാജന്‍റെ മിസ്റ്റര്‍ സുന്ദരി എന്ന ചിത്രത്തില്‍ ഏറ്റവും കുറച്ച്
ഉപകരണങ്ങള്‍ ഉപയോഗിച്ചും (തബലയും ഗിറ്റാറും മാത്രം) പടയോട്ടത്തില്‍
ഏറ്റവുമധികം ഉപകരണങ്ങള്‍ ഉപയോഗിച്ചും (നൂറ്റിമുപ്പതോളം) ഗുണസിംഗ് എന്ന
സംഗീതകാരന്‍ അപൂര്‍വ വ്യക്തിത്വത്തിന് ഉടമയായത് അധികമാരും അറിയാത്ത
മലയാള സംഗീത ചരിത്രം.

രാജാമണി 

സംഗീത സഹസംവിധായകരായി രംഗപ്രവേശം ചെയ്ത ശേഷം പില്‍ക്കാലത്ത് സംഗീത
സംവിധായകരായി തിളങ്ങിയവര്‍ മലയാളത്തില്‍ പലരുമുണ്ട്. എംഎസ് വിശ്വനാഥന്‍റെ
പ്രമുഖ വയലിനിസ്റ്റായിരുന്ന സാമുവേല്‍ ജോസഫ് പിന്നീട് സലില്‍ ചൗധരിയുടെ
ഓര്‍ക്കസ്ട്ര കണ്ടക്ടറായി നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. യേശുദാസ് സംഗീത
സംവിധാനം നിര്‍വഹിച്ച അഴകുള്ള സെലീന എന്ന ചിത്രത്തിന്‍റെ സംഗീത
സഹസംവിധായകനും അദ്ദേഹമായിരുന്നു. പിന്നീട് മാന്യശ്രീ വിശ്വാമിത്രന്‍ എന്ന
ചിത്രത്തിലൂടെ ശ്യാം എന്ന പേരില്‍ വര്‍ഷങ്ങളോളം മലയാള സംഗീത സംവിധാന
രംഗത്ത് തിളങ്ങി. (സാമുവേല്‍ ജോസഫിനെ എംഎസ് വിശ്വനാഥന്‍ സാം എന്നു
ചുരുക്കി വിളിച്ചതാണ് പിന്നീട് ശ്യാം ആയത്. തന്‍റെ നാവിലൊതുങ്ങാത്ത
പേരുകളൊക്കെ സൗകര്യപൂര്‍വം അദ്ദേഹം മാറ്റാറുണ്ടായിരുന്നു. ജോസഫ് ക്രിസ്റ്റഫര്‍
എന്ന വയലിനിസ്റ്റിനെ അദ്ദേഹം ജോസഫ് കൃഷ്ണയാക്കി. ജോസഫ് കൃഷ്ണ
പില്‍ക്കാലത്ത് സംഗീത സംവിധായകനായി. യേശുദാസിനൊപ്പം പുല്ലാങ്കുഴല്‍
വായിച്ചിരുന്ന വിസി ജോര്‍ജ് കുറച്ചുകാലം എം എസ്  വി യുടെ ടീമില്‍ പ്രവര്‍ത്തിച്ചിരുന്നു.
അവിടത്തെ പ്രധാന പുല്ലാങ്കുഴല്‍ വാദകന്‍റെ പേര് നഞ്ചപ്പ. വിസി ജോര്‍ജിന്‍റെ പേര്
ഓര്‍ത്തു വയ്ക്കാനൊന്നും എം എസ് വി മെനക്കെട്ടില്ല. പകരം മറ്റൊരു പേരിട്ടു - കുഞ്ചപ്പ!)
1983-ല്‍ ആരുഢം, 1984-ല്‍ കാണാമറയത്ത് എന്നീ ചിത്രങ്ങള്‍ക്ക് ശ്യാമിന് മികച്ച
സംഗീത സംവിധായകന്‍റെ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ഗാനസംവിധാനത്തിലും
പശ്ചാത്തല സംഗീത സംവിധാനത്തിലും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു
കാണാമറയത്ത്. എന്നാല്‍ ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കിയത് ഗുണസിംഗ്
ആയിരുന്നെന്നത് അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു യാഥാര്‍ത്ഥ്യം.
നിരവധി ചിത്രങ്ങള്‍ക്ക് ശ്യാമിന്‍റെ സഹായിയായി പ്രവര്‍ത്തിച്ച കലാകാരനാണ് എസ്പി
വെങ്കടേഷ്. മാന്‍ഡ്വലിന്‍ വായിച്ചിരുന്ന വെങ്കടേഷ് ശ്യാമിന്‍റെ സഹായിയായി
പരിഗണിക്കപ്പെട്ടത് വഴിത്തിരിവായി. ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുപോലെ
വിദഗ്ധമായി കൈകാര്യം ചെയ്തിരുന്ന ശ്യാമിന് വെങ്കടേഷ് മ്യൂസിക് കണ്ടക്ടര്‍
മാത്രമായിരുന്നു. പക്ഷേ ആ പരിശീലനം പില്‍ക്കാലത്ത് എടി ഉമ്മര്‍, രവീന്ദ്രന്‍
എന്നിവരുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ വെങ്കടേഷിനു തുണയായി. ഒരു സ്വതന്ത്ര
സംഗീത സംവിധായകനായി വളരാന്‍ പിന്നീട് അധികമൊന്നും കാത്തിരിക്കേണ്ടി
വന്നില്ല വെങ്കടേഷിന്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്‍റെ മകന്‍
ആണ് അദ്ദേഹം സംഗീതം നല്‍കിയ ആദ്യചിത്രം. മോഹന്‍ലാലിന് സൂപ്പര്‍താര പദവി നേടിക്കൊടുത്ത ചിത്രം കൂടിയാണ്

നടെഷ് ശങ്കര്‍


രാജാവിന്‍റെ മകന്‍. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ക്ക് വെങ്കടേഷ് സംഗീതമൊരുക്കി. ഒരു
ട്രെയിന്‍ അപകടത്തില്‍ പരുക്കേറ്റ് ജോണ്‍സണ്‍ കുറച്ചുകാലം രംഗത്തു നിന്നു
വിട്ടുനില്‍ക്കേണ്ടി വന്ന സാഹചര്യമാണ് വെങ്കടേഷിന് അനുകൂലമായത്.
ആര്‍കെ ശേഖറിന്‍റെ അഭാവത്തില്‍ ദേവരാജന്‍ മാസ്റ്റര്‍ കണ്ടെത്തിയ സംഗീത
പ്രതിഭയാണ് ജോണ്‍സണ്‍. വോയിസ് ഓഫ് ട്രിച്ചൂര്‍ എന്ന സംഗീതസംഘത്തിന്‍റെ
നേതൃത്വം വഹിച്ചിരുന്ന ജോണ്‍സനെ ഗായകന്‍ ജയചന്ദ്രനാണ് മാസ്റ്റര്‍ക്കു
പരിചയപ്പെടുത്തിയത്. റെക്കോഡിംഗ് സ്റ്റുഡിയോയില്‍ കൃത്യതയോടെയും
അച്ചടക്കത്തോടെയും സംഗീതത്തിന്‍റെ സൂക്ഷ്മാംശങ്ങള്‍ വിശദമായി പരിശോധിച്ച്
വാദ്യോപകരണങ്ങള്‍ ഉന്നതനിലവാരത്തില്‍ വിന്യസിപ്പിക്കാനും റെക്കോഡ്
ചെയ്യാനുമുള്ള പരിശീലനം മാസ്റ്ററില്‍ നിന്ന് ജോണ്‍സണ്‍ അതിവേഗം സ്വായത്തമാക്കി.
വാദ്യോപകരണങ്ങളുടെ അമിതോപയോഗം നിയന്ത്രിച്ച് പാശ്ചാത്യസംഗീതത്തിന്‍റെ
സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി മലയാളത്തിന്‍റെ
അഭിരുചിക്കിണങ്ങുംവിധം ഒരു നൂതനശൈലി വാര്‍ത്തെടുത്തതാണ് മലയാള
സംഗീതത്തിന് ജോണ്‍സണ്‍ നല്‍കിയ മഹത്തായ സംഭാവന. എംകെ അര്‍ജുനന്‍,
എംജി രാധാകൃഷ്ണന്‍, എടി ഉമ്മര്‍, വിദ്യാധരന്‍ തുടങ്ങിയ സംഗീത സംവിധായകരുടെ
സഹായിയായി പ്രവര്‍ത്തിച്ച് ജോണ്‍സണ്‍ തന്‍റെ നൂതനശൈലി
പരിപോഷിപ്പിച്ചെടുത്തു. ഒരു സ്വതന്ത്ര സംഗീത സംവിധായകനായി വളരാന്‍ ഈ
അനുഭവങ്ങള്‍ ജോണ്‍സന് ധാരാളമായിരുന്നു. മുന്നൂറിലധികം ചിത്രങ്ങള്‍ക്ക് സംഗീത
സംവിധാനം നിര്‍വഹിച്ച് തന്‍റെ മുഖമുദ്രയുള്ള നൂറുകണക്കിനു ഗാനങ്ങള്‍ എക്കാലവും
ഓര്‍ക്കാന്‍ മലയാളിക്കു സമ്മാനിച്ചു കൊണ്ടാണ് ജോണ്‍സണ്‍ നമ്മെ വിട്ടുപിരിഞ്ഞത്.
കൂടെവിടെ എന്ന ചിത്രത്തിന്‍റെ സംഗീതം ശ്രദ്ധിച്ച സംവിധായകന്‍ ഭാരതിരാജ
"മലയാളത്തിന്‍റെ ഇളയരാജയാണ് ജോണ്‍സണ്‍ڈ എന്ന് വിശേഷിപ്പിച്ചത് ജോണ്‍സണ്‍
കാട്ടിയ മികവിന്‍റെ അംഗീകാരമായി.

ശ്യാം 

ആദ്യകാല സംഗീത സംവിധായകനായ ബിഎ ചിദംബരനാഥിന്‍റെ മകന്‍ രാജാമണിയെ
സംഗീതരംഗത്തക്കു കൈപിടിച്ചുയര്‍ത്തിയത് ജോണ്‍സണ്‍ ആണ്. ഗുരുവായൂരില്‍
ജോണ്‍സണ്‍ അവതരിപ്പിച്ച ഒരു ഗാനമേളയില്‍ തബല ബാലനോടൊപ്പം ഡോലക്ക്
വായിച്ചുകൊണ്ടാണ് രാജാമണി ജോണ്‍സന്‍റെ ടീമില്‍ എത്തുന്നത്. മദിരാശിയില്‍
തിരിച്ചെത്തിയ ജോണ്‍സണ്‍ തന്‍റെ എല്ലാ കമ്പോസിംഗിനും റെക്കോഡിംഗിനും
രാജാമണിയെ കൂടെനിര്‍ത്തി സംഗീതം സ്വരപ്പെടുത്താനും ഓര്‍ക്കസ്ട്ര കണ്ടക്ട്
ചെയ്യാനും പരിശീലിപ്പിച്ചു. വിശ്രമിക്കാന്‍ സമയമില്ലാതെ രാജാമണി ജോണ്‍സനോടൊപ്പം
വളര്‍ന്നു. പില്‍ക്കാലത്ത് ചുരുക്കം ചില ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ ഒരുക്കിയെങ്കിലും
പശ്ചാത്തല സംഗീത വിദഗ്ധന്‍ എന്ന പേരിലാണ് രാജാമണി ഏറ്റവും പ്രശസ്തനായത്.
മോഹന്‍രൂപ് 1985-ല്‍ സംവിധാനം ചെയ്ത നുള്ളിനോവിക്കാതെയാണ്
രാജാമണിയുടെ ആദ്യചിത്രമായി പറയപ്പെടുന്നതെങ്കിലും 1983-ല്‍ പുറത്തുവന്ന
ഗ്രാമത്തുക്കിളികള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മണിരാജ എന്ന പേരില്‍
അദ്ദേഹം സ്വതന്ത്ര സംഗീതസംവിധായകനായത്. ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതില്‍
പൊതുവേ വിമുഖനായിരുന്ന രാജാമണിയെ ഈണങ്ങള്‍ ചിട്ടപ്പെടുത്താന്‍ സഹായിച്ച
നടേഷ് ശങ്കര്‍ പില്‍ക്കാലത്ത് ആന്ദോളനം, അഥീന ഭക്തജനങ്ങളുടെ ശ്രദ്ധക്ക് തുടങ്ങി
നിരവധി ചിത്രങ്ങള്‍ക്കു വേണ്ടി മനോഹരങ്ങളായ ഗാനങ്ങള്‍ ഒരുക്കി സംഗീത
സംവിധായകനായി.

വിദ്യാസാഗര്‍ 

ദേവരാജന്‍ മാസ്റ്റര്‍, അര്‍ജുനന്‍ മാസ്റ്റര്‍, ശ്യാം, കണ്ണൂര്‍ രാജന്‍, എടി ഉമ്മര്‍ തുടങ്ങിയ
സംഗീത സംവിധായകര്‍ക്ക് കാനൂണ്‍, വൈബ്രോഫോണ്‍ തുടങ്ങിയ
വാദ്യോപകരണങ്ങള്‍ വായിച്ചിരുന്ന രാമചന്ദ്ര റാവുവിന്‍റെ മകന്‍ ബോബി കുട്ടിക്കാലം
മുതല്‍ അച്ഛനോടൊപ്പം സ്റ്റുഡിയോ സന്ദര്‍ശിക്കുക പതിവായിരുന്നു. രാമചന്ദ്ര
റാവുവിനു പങ്കെടുക്കാന്‍ കഴിയാതെ വന്ന റെക്കോഡിംഗിന് മകന്‍ ബോബി പകരക്കാരനായി വായിച്ച് വാദ്യോപകരണ രംഗത്ത് സജീവമായി. തുടര്‍ന്ന് കണ്ണൂര്‍ രാജന്‍, രവീന്ദ്രന്‍, ഔസേപ്പച്ചന്‍
തുടങ്ങിയവരുടെ സഹായിയായും പ്രവര്‍ത്തിച്ചു തുടങ്ങി. സ്റ്റുഡിയോയില്‍
ചുറുചുറുക്കോടെ ഓടിനടന്നു പണിയെടുക്കുന്ന ബോബിയെ എല്ലാവരും ഇഷ്ടപ്പെട്ടു.
മമ്മൂട്ടിയുടെ ശ്രദ്ധയില്‍ പെട്ടതോടെ ബോബിയുടെ നല്ലകാലം തെളിഞ്ഞു.
സംവിധായകന്‍ കമലിന്‍റെ അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ
ശുപാര്‍ശപ്രകാരം ബോബി സംഗീത സംവിധായകനായി. പിന്നീട് തിരിഞ്ഞു നോക്കാന്‍
സമയമില്ലാതെ മലയാളത്തിലും തമിഴിലും തെലുങ്കിലും അങ്ങനെ ബോബി
വിദ്യാസാഗര്‍ എന്ന പേരില്‍ തിരക്കുള്ള സംഗീത സംവിധായകനായി.

വെങ്കിടെശ്  


എംജി രാധാകൃഷ്ണന്‍, രവീന്ദ്രന്‍, പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് തുടങ്ങിയ നിരവധി
സംഗീത സംവിധായകരുടെ സഹായിയായി പ്രവര്‍ത്തിക്കുമ്പോഴും സംഗീത
സംവിധാനത്തില്‍ സ്വന്തം പാത കണ്ടെത്തിയ കലാകാരനാണ് മോഹന്‍ സിത്താര.
എഴുപതുകളുടെ തുടക്കത്തില്‍ യേശുദാസ് തിരുവനന്തപുരത്ത് നടത്തിയിരുന്ന
തരംഗനിസരി എന്ന സംഗീത വിദ്യാലയത്തില്‍ അധ്യാപകനായി ചേര്‍ന്ന മോഹന്‍
കൊല്ലത്ത് ഞാന്‍ നേതൃത്വം നല്‍കിയിരുന്ന പ്രവീണ മ്യൂസിക് ക്ലബ് എന്ന ഗാനമേള
സംഘത്തില്‍ വയലിനിസ്റ്റ് ആയിരുന്നു. എംജി രാധാകൃഷ്ണന്‍റെ സഹായികളായിരുന്ന
ബേണി-ഇഗ്നേഷ്യസും പില്‍ക്കാലത്ത് സംഗീതസംവിധായകരായി. പ്രിയദര്‍ശന്‍റെ
തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലെ സംഗീതത്തിന് ബേണി-ഇഗ്നേഷ്യസ് മികച്ച
സംഗീതസംവിധായകരുടെ സംസ്ഥാന അവാര്‍ഡ് നേടി. എന്നാല്‍ അവയിലെ
ഗാനങ്ങള്‍ ഹിന്ദിയില്‍ നിന്ന് കടംകൊണ്ടതാണെന്നും മൗലികത ഇല്ലാത്തതിനാല്‍
അവാര്‍ഡിന് അര്‍ഹമല്ലെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധസൂചകമായി തനിക്കു ലഭിച്ച
എല്ലാ സംസ്ഥാന അവാര്‍ഡുകളും ദേവരാജന്‍ മാസ്റ്റര്‍ സാംസ്കാരിക വകുപ്പിനെ
തിരികെ ഏല്‍പിച്ചത് വാര്‍ത്തയായിരുന്നു. സംഗീത സഹസംവിധായക വേഷം
ഉപേക്ഷിച്ച് സ്വതന്ത്രസംഗീത സംവിധായകരാകാതെ ദശാബ്ദങ്ങളായി അതേ രംഗത്ത്
തുടര്‍ന്ന പ്രഭാകര്‍ (ദേവരാജന്‍ മാഷ്. ഇളയരാജ), പുരുഷോത്തം (ഇളയരാജ), സമ്പത്ത്
സെല്‍വ (കണ്ണൂര്‍ രാജന്‍, രവീന്ദ്രന്‍), കല്യാണ്‍ (സലില്‍ ചൗധരി, രവി ബോംബെ),
ജയശേഖര്‍ (കണ്ണൂര്‍ രാജന്‍, എടി ഉമ്മര്‍, ഇളയരാജ), ചിട്ടിപ്രകാശ് (ജോണ്‍സണ്‍,
രാജാമണി, ജെറി അമല്‍ദേവ്) തുടങ്ങിയ സംഗീത സഹസംവിധായകരെ നമുക്ക്
ഇവിടെ നന്ദിപൂര്‍വം ഓര്‍ക്കേണ്ടതുണ്ട്.

Join WhatsApp News
Raju V 2026-08-06 17:06:52
സംഗീതവഴിയിലെ അറിവുകൾ, അനുഭവങ്ങൾ പകർന്നു തന്നതിന് നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക