
തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിലും പ്രളയത്തിലും ഇതുവരെ 26 പേർ മരണപ്പെട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുരന്തത്തിൽ 11 പേർക്ക് പരിക്കേൽക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. നിലവിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 27,048 പേർ കഴിയുന്നുണ്ട്. പ്രകൃതിവിപത്തിൽ 1,882 ഹെക്ടറിലെ കൃഷി നശിക്കുകയും 23,537 കർഷകർക്ക് കനത്ത ആഘാതമുണ്ടാവുകയും ചെയ്തു. പ്രാഥമിക വിലയിരുത്തൽ പ്രകാരം 66.44 കോടി രൂപയുടെ ഭൗതിക നഷ്ടമാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്.
ദുരന്തബാധിതർക്കായി വലിയ ആശ്വാസ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം ധനസഹായം നൽകും. വീടുകളിൽ വെള്ളം കയറിയവർക്ക് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ 10,000 രൂപയും മരിച്ചവരുടെ സംസ്കാരച്ചടങ്ങുകൾക്കായി 10,000 രൂപയും ഉടനടി ലഭ്യമാക്കും. വീട് പൂർണ്ണമായി തകർന്നവർക്ക് നൽകിയിരുന്ന ധനസഹായം 4 ലക്ഷത്തിൽ നിന്ന് 6 ലക്ഷമായും, വീടും സ്ഥലവും ഒരുപോലെ നഷ്ടപ്പെട്ടവർക്ക് നൽകിയിരുന്ന സഹായം 10 ലക്ഷത്തിൽ നിന്ന് 12 ലക്ഷം രൂപയായും ഉയർത്തി.
കണ്ണൂർ ചെറുപുഴയിൽ പ്രളയത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നതിനിടെ വീരമൃത്യു വരിച്ച ദുരന്ത രക്ഷാപ്രവർത്തക പരിശീലകൻ തിരുവനന്തപുരം കല്ലിയൂർ സ്വദേശി ആർ. രാജേഷിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. രാജേഷിന്റെ സംസ്കാരം ഔദ്യോഗിക സംസ്ഥാന ബഹുമതികളോടെ നടത്തുമെന്നും, അദ്ദേഹത്തിന്റെ അപൂർണ്ണമായി കിടക്കുന്ന വീടിന്റെ നിർമ്മാണം സർക്കാർ ഏറ്റെടുത്ത് പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ, 2024-ൽ തൃശൂരിൽ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട സഹായം ലഭിക്കാനുള്ള 248 കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് തുക അനുവദിക്കാൻ തീരുമാനമായി.
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഈ വർഷത്തെ വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായ 2,025.15 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ സർക്കാർ കുടിശ്ശികയാക്കിയ പദ്ധതികൾ പൂർത്തിയാക്കുന്നതിനായി മുനിസിപ്പാലിറ്റികൾക്ക് 136 കോടി രൂപയും കോർപ്പറേഷനുകൾക്ക് 188 കോടി രൂപയും അധികമായി നൽകും. സ്കൂൾ പാചകത്തൊഴിലാളികളുടെ വേതന കുടിശ്ശിക തീർക്കാൻ 44 കോടി രൂപ അനുവദിച്ചതായും വർധിപ്പിച്ച തുക അടുത്ത രണ്ടു ദിവസത്തിനുള്ളിൽ തൊഴിലാളികളുടെ അക്കൗണ്ടുകളിൽ നേരിട്ടെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്റ്റേറ്റ് പോലീസ് കംപ്ലൈന്റ്സ് അതോറിറ്റി അധ്യക്ഷനായി റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രനെ നിയമിച്ചതായും വാർത്താസമ്മേളനത്തിൽ അറിയിച്ചു.